Sorry, you need to enable JavaScript to visit this website.

കാഴ്ചയുടെ കാണാപ്പുറങ്ങൾ

സേതുമാധവൻ മച്ചാട്

നമ്മുടെ മാധ്യമനിരൂപണ ശാഖയ്ക്ക് കതിർക്കനമുള്ള ഒരു റഫറൻസ് ഗ്രന്ഥം കൂടി ലഭിച്ചിരിക്കുന്നു. കെ. കുഞ്ഞിക്കൃഷ്ണൻ രചിച്ച 'ടെലിവിഷൻ  വീക്ഷണം വിശകലനം' സാമൂഹ്യാധിഷ്ഠിതമായൊരു മാധ്യമ വിചാരമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ മാധ്യമമായ ദൂരദർശന്റെ സാരഥിയായി മൂന്നു ദശാബ്ദകാലം പ്രശംസനീയമായ സേവനമനുഷ്ഠിച്ച അദ്ദേഹം വെറുമൊരു ബ്യൂറോക്രാറ്റ് എന്ന നിലയിലല്ല,  പ്രതിബദ്ധതയും സാമൂഹ്യവീക്ഷണവുമുള്ള ഒരെഴുത്തുകാരൻ എന്ന നിലയിലാണ് ഈ കൃതിയുടെ രചന നിർവഹിച്ചിരിക്കുന്നത്. സർഗധനനായ ഒരു പ്രതിഭയുടെ കയ്യൊപ്പ് ഈ പുസ്തകത്തിലെ ഓരോ അധ്യായത്തിലും തിളക്കമാർന്നു നിൽപുണ്ട്.


ഇന്ത്യൻ ടെലിവിഷന്റെ വർത്തമാനകാല ചരിത്രമാണ് ഈ പുസ്തകം. ടെലിവിഷൻ എന്ന ദൃശ്യമാധ്യമത്തിന്റെ തുടക്കവും വളർച്ചയും നാൾവഴിയും പുതുപ്രവണതകളും സ്ഥിതിവിവരക്കണക്കുകൾക്കപ്പുറം കാഴ്ചയുടെ വിസ്മയഭാവങ്ങളും ഭ്രമാത്മകതയും വൈകാരികമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ട് കുഞ്ഞികൃഷ്ണൻ .രാഷ്ട്രീയം, അധികാരം, സാമൂഹ്യഘടന, സാർവദേശീയ സ്ഥിതി എന്നിവയെല്ലാം മാറിനിന്നു വീക്ഷിക്കാനും വിശകലനം ചെയ്യാനുമുള്ള പ്രാഗത്ഭ്യം  ഈ  മാധ്യമനിരൂപണത്തിൽ  സ്വാഭാവികമായും നാം പ്രതീക്ഷിക്കുക തന്നെ ചെയ്യും.  പ്രതീക്ഷ അസ്ഥാനത്തല്ല എന്ന് ആദ്യമേ പറയട്ടെ.  കേരളം   അഭിമുഖീകരിച്ച പ്രളയങ്ങളും ഓഖി കൊടുങ്കാറ്റും കോവിഡ്  മഹാമാരിയുമുൾപ്പടെയുള്ള പ്രതിസന്ധിഘട്ടങ്ങളിൽ ടെലിവിഷൻ എന്ന മാധ്യമം നിർവഹിച്ച സ്തുത്യർഹമായ ദൗത്യം ഗവേഷണാത്മകവും അനുഭവസമ്പന്നവുമായ വിശകലനത്തിലൂടെ ഗ്രന്ഥകാരൻ വിലയിരുത്തുന്നുണ്ട്.


'കാഴ്ചയുടെ പുതിയ വിതാനത്തിലേക്ക്' എന്ന ആദ്യ അധ്യായം തിരുവനന്തപുരം ദൂരദർശൻ ആരംഭിച്ച കാലത്തെ ഒളിമങ്ങാത്ത ഓർമകളാണ്. കേന്ദ്ര സർക്കാരിന്റെ അതിബൃഹത്തായ ഒരു സംരംഭം തുടക്കം മുതൽ നേരിട്ട പ്രതിബന്ധങ്ങൾ, പടിപടിയായുള്ള വളർച്ച ,വെല്ലുവിളികൾ, നാടിന്റെ നാനാഭാഗത്തുനിന്നുമുള്ള സഹായ സഹകരണങ്ങൾ, കലാ സാംസ്‌കാരിക രംഗം നൽകിയ പിന്തുണ എല്ലാം  ഈ അധ്യായത്തിൽ വിവരിക്കുന്നു. ഗൃഹാതുരമായ സ്മരണകൾ തികഞ്ഞ സംയമനത്തോടെയാണ് ലേഖകൻ ഓർത്തെടുക്കുന്നത്. ഒട്ടനേകം പേരുടെ പിന്തുണയും കൂട്ടായ്മയും അനുഗ്രഹവും ത്യാഗവും കഠിനാധ്വാനവും കൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്രമെന്ന ഖ്യാതി ആദ്യവർഷങ്ങളിൽ തിരുവനന്തപുരം കേന്ദ്രത്തിന് കൈവരിക്കാനായത് എന്നും അക്കാലത്ത് ജോലി ചെയ്തിരുന്ന ഓരോ വ്യക്തിയും ഇതിൽ ഭാഗഭാക്കായിരുന്നു എന്നും അവർക്കു നേതൃത്വം നൽകാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യമായിരുന്നു എന്നും ഗ്രന്ഥകാരൻ ഹൃദയപൂർവം സ്മരിക്കുന്നുണ്ട് .


കൃത്യമായ കണക്കുകൾ നിരത്തിക്കൊണ്ടാണ് മിക്ക ലേഖനങ്ങളുടെയും ആധികാരികതയും വിശ്വാസ്യതയും അദ്ദേഹം മുന്നോട്ടുവെക്കുന്നത്. ലോകടെലിവിഷന്റെ മാറുന്ന മുഖവും വാർത്താ മാധ്യമം എന്ന നിലയിൽ അതിനുള്ള അന്തർദേശീയമായ പ്രസക്തിയും കാലികമായി നവീകരിച്ച വിവരങ്ങളുടെ ക്രോഡീകരണവും ലേഖകന്റെ  കാഴ്ചയും സൂക്ഷ്മതയും വ്യക്തമാക്കുന്നവയാണ്. 'ടെലിവിഷൻ , കാഴ്ചയുടെ മാറുന്ന മുഖച്ഛായ' എന്ന പഠനത്തിൽ അദ്ദേഹം ഉദാഹരണസഹിതം  ഇങ്ങനെ സമർഥിക്കുന്നു.
167  കോടി വീടുകളിൽ  ടെലിവിഷൻ സെറ്റുകളുണ്ട്. വികസിത രാജ്യങ്ങളിൽ എല്ലാ വീടുകളിലും ടെലിവിഷനുണ്ട്. വികസ്വര രാജ്യങ്ങളിൽ 69 % വീടുകളിലും ഉണ്ട്. ഇന്ത്യയിൽ ആകെ വീടുകളുടെ 80 ശതമാനത്തിലും ടിവി ചാനലുകൾ ലഭ്യമാണ്. തൊള്ളായിരത്തിലേറെ ചാനലുകൾക്ക് വാർത്താ വിതരണ  പ്രക്ഷേപണ മന്ത്രാലയം ലൈസൻസ് അനുവദിച്ചിട്ടുണ്ടെങ്കിലും എണ്ണൂറ്റിയമ്പതിലേറെ ചാനലുകളേ സംപ്രേഷണം നടത്തുന്നുള്ളൂ . 79.302 കോടി രൂപയാണ്  ഇന്ത്യയിലെ ടെലിവിഷൻ വ്യവസായത്തിൽ 2019 ലെ വിപണിമൂല്യമെന്നാണ് സ്ഥിതിവിവരക്കണക്കുകൾ.'  
'എന്നാൽ ടെലിവിഷൻ കാഴ്ചകൾ കാണാൻ ടി വി സെറ്റുകൾ തന്നെ വേണമെന്നില്ല . ഓവർ ദി ടേബിൾ ടെലിവിഷൻ (ഒ. ടി. ടി) വീക്ഷണരീതി പ്രചാരം നേടുകയാണ് . ഇന്റർനെറ്റിൽ കൂടി ശബ്ദവും ദൃശ്യവും സ്ട്രീം ചെയ്യുന്ന സാങ്കേതിക വിദ്യയാണ് ഇതിനുപയോഗിക്കുന്നത്.' സങ്കീർണമായ വിഷയങ്ങൾ പോലും ലളിതമായ ഭാഷയിലൂടെ ലേഖകൻ വായനക്കാരുടെ മുന്നിലെത്തിക്കുന്നു.അദ്ദേഹത്തിന്റെ ഗവേഷണ പ്രവണതയും വിജ്ഞാന തൃഷ്ണയും  ഓരോ പ്രബന്ധത്തിലും തെളിഞ്ഞുകാണാം. 


ടെലിവിഷൻ റേറ്റിങ്ങിന്റെ ചരിത്രവും വർത്തമാനവും വിശദീകരിക്കുന്ന ലേഖനവും ഏറെ വിജ്ഞാനപ്രദമാണ്. ഓരോ ടെലിവിഷൻ ചാനലിന്റെയും ജനപ്രീതി അളക്കുന്നതിനുള്ള മാപിനിയായിട്ടാണ് ടി.ആർ.പി  എന്ന റേറ്റിംഗ് സംവിധാനം നിലകൊള്ളുന്നത്.  അതിന്റെ സാധ്യതകളും പരിമിതിയും അപര്യാപ്തതയും വിശകലനം ചെയ്യുന്ന ഈ പഠനം പ്രേക്ഷകരുടെ സംശയങ്ങൾക്കുള്ള ഉത്തരം കൂടിയാണ് . സംസ്‌കാരത്തിന്റെ വ്യവസായവത്കൃതമായ മുഖമാണ് റേഡിയോ പ്രക്ഷേപണവും ടെലിവിഷൻ സംപ്രേഷണവും. സാമ്പത്തിക വിദഗ്ധർ, സാമൂഹ്യ ശാസ്ത്രജ്ഞൻമാർ പരസ്യ വിപണി, രാഷ്ട്രീയനേതൃത്വം, പ്രക്ഷേപകർ തുടങ്ങി ജീവിതത്തിന്റെ  സമസ്തമേഖലകളിലുമുള്ളവർ ടെലിവിഷനിലും അതിന്റെ സാമ്പത്തികകാര്യങ്ങളിലും തൽപരരാണ്. ചാനലുകളിൽ പരസ്യം നൽകുകയും വാങ്ങുകയും ചെയ്യുന്നതിന്റെ നാണയവ്യവസ്ഥയാണ് റേറ്റിംഗ്. ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള ടെലിവിഷൻ കാഴ്ചയുടെ കൃത്യമായ കണക്കുകൾ ദൂരദർശൻ കരസ്ഥമാക്കിയത് ഈ റേറ്റിംഗ് മുഖേനയാണ്. തൊള്ളായിരത്തിലധികം ടെലിവിഷൻ ചാനലുകൾക്കാണ് ഇന്ത്യയിൽ പ്രക്ഷേപണത്തിന്  ലൈസൻസ് ഉള്ളത്. പാതിയും വാർത്താ ചാനലുകളാണ്. ടെലിവിഷൻ ഇപ്പോൾ ടിവി സ്‌ക്രീനിൽ മാത്രമല്ല. മൊബൈൽ സ്‌ക്രീനിലും ഓ ടി ടി പ്ലാറ്റ് ഫോമുകളിലും  ലഭ്യമാണല്ലോ . ദൃശ്യങ്ങളുടെ പ്രേക്ഷകമാപനം ലോകമെമ്പാടും ശേഖരിക്കുന്നതിന്റെ  ശാസ്ത്രീയ രീതികളെ ലേഖകൻ വിശദമായി വിലയിരുത്തുന്നുണ്ട്.


മഹാമാരിയുടെ കാലത്ത് ടെലിവിഷൻ ചാനലുകൾ എങ്ങനെ പ്രവർത്തിച്ചു എന്ന അന്വേഷണവും പ്രേക്ഷകരുടെ ജിജ്ഞാസ വളർത്തുന്നതാണ്. 
'വിഷം തീണ്ടിയ വീട്ടുമുറികൾ' , 'നമ്മുടെ ചാനലുകൾ പഠിക്കുമോ' എന്നീ ലേഖനങ്ങൾ നിശിതമായ ഭാഷയിലുള്ള ടെലിവിഷൻ വിചാരങ്ങളാണ്. നമ്മുടെ ടി വി ചാനലുകൾ വിളമ്പുന്ന തുടർ പരമ്പരകൾ പുതുതലമുറയ്ക്ക് പകരുന്ന അപായകരമായ സന്ദേശങ്ങൾ, വിഷലിപ്തമായ പെരുമാറ്റങ്ങൾ എല്ലാം സമഗ്രമായ ചർച്ചക്കെടുക്കുന്നു അദ്ദേഹം. മദ്യവും മയക്കുമരുന്നും സംസ്‌കാരലോപമുണർത്തുന്ന പദപ്രയോഗങ്ങളും കേരളീയ വീട്ടകങ്ങളെ ദുരന്തസമാനമായ അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്നതിന്റെ പ്രത്യക്ഷമായ ഉദാഹരണങ്ങൾ  ലേഖകൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. 


'ടെലിവിഷൻ നാടകങ്ങൾ തിരിച്ചു വരുമ്പോൾ' എന്ന പഠനം ഈ ഗ്രന്ഥത്തിലെ തെളിമയാർന്ന മറ്റൊരു അധ്യായമാണ്. ഒരുകാലത്ത്   അരങ്ങിൽ ജീവൻവെച്ചിരുന്ന പ്രശസ്ത നാടകങ്ങൾ ടെലിവിഷൻ എന്ന മാധ്യമത്തിന് വേണ്ടി രൂപാന്തരപ്പെടുകയായിരുന്നു. മനുഷ്യസംസ്‌കാരം ഒരു കണ്ണാടിയിലെന്നപോലെ പ്രതിഫലിപ്പിക്കുകയായിരിക്കുന്നു ടെലിവിഷൻ നാടകങ്ങളുടെ ലക്ഷ്യം. വിനോദം മാത്രമല്ല  സാമൂഹ്യവിമർശനവും ഉൾക്കൊള്ളുന്ന നാടകങ്ങൾ എല്ലാ രാജ്യങ്ങളിലും പ്രചുരപ്രചാരം നേടിയിരുന്നു. സാങ്കേതികവിദ്യയുടെ പുരോഗതിക്കനുസൃതമായി ടി വി നാടകങ്ങൾക്കും പരിണാമമുണ്ടായി. ടെലിവിഷൻ വളരുമ്പോൾ നാടകങ്ങൾ തളരുമെന്ന ഭീതി അസ്ഥാനത്തായിരുന്നു എന്ന് കാലം തെളിയിച്ചു. മികച്ച സാഹിത്യകൃതികൾ ടെലിവിഷനുവേണ്ടി രൂപാന്തരപ്പെടുകയും ചെയ്തു. സമീപദൃശ്യങ്ങൾ (ക്ലോസപ്പുകൾ) കൂടുതലുള്ള മാധ്യമമായതിനാൽ ഭാവാത്മകമായ അഭിനയം പ്രേക്ഷകരിലേക്ക്  നേരിട്ട് പകരാൻ നടീനടന്മാർക്കായി. എഴുപതുകളിൽ ഇന്ത്യൻ നഗരങ്ങളിൽ അനേകം ടെലിവിഷൻ സ്റ്റുഡിയോകളിലായി വിശ്വസാഹിത്യത്തിലെ മികച്ച കൃതികൾ നാടകങ്ങളായി  പ്രേക്ഷകർക്കു മുൻപിലെത്തി. എന്നാൽ പിൽക്കാലം നാടകങ്ങൾ പാടെ വിസ്മൃതിയിലായി .ടെലിവിഷൻ സീരിയലുകൾ നാടകത്തിന്റെ സ്ഥാനം കവർന്നെടുത്തു എന്ന് പറയാം. തൃശൂർ ദൂരദർശൻ ഉപകേന്ദ്രം വി ടി യുടെ ' അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം നാലുഭാഗങ്ങളായി ചിത്രീകരിച്ചവതരിപ്പിച്ചത് നല്ല ദൃശ്യാനുഭവമായിരുന്നു എന്ന് കെ. കുഞ്ഞിക്കൃഷ്ണൻ സ്മരിക്കുന്നുണ്ട്. നാടകസംവിധാനം നിർവഹിച്ച കിഷോറിനെ അനുമോദിക്കാനും അദ്ദേഹം മറക്കുന്നില്ല.  


തിരുവനന്തപുരം ദൂരദർശന്റെ ആദ്യത്തെ  സ്ട്രിംഗർ ബോബി  ഹോർമിസിനെക്കുറിച്ചുള്ള അനുസ്മരണം സമുചിതമായൊരു ശ്രദ്ധാഞ്ജലിയാണ്. തികഞ്ഞ പ്രൊഫഷണലിസമായിരുന്നു ബോബിയുടെ  മുഖമുദ്ര. അതുപോലെ അക്കാലത്തുണ്ടായിരുന്ന പങ്കജ് കൃഷ്ണൻ , പൊതുജനം മോഹൻ എന്നീ സ്ട്രിംഗർമാരെക്കുറിച്ചും പ്രൊഡ്യൂസർമാരായ ശ്രീ ബൈജു ചന്ദ്രൻ, ചാമിയാർ,  ന്യൂസ് എഡിറ്റർ കൃഷ്ണൻ നായർ, ക്യാമറാ  ടീമിലുള്ള സി എൻ പിള്ള, മൂർത്തി, വി ജി ജോസഫ് , എഞ്ചിനീയർമാരായ ജി പ്രഭാകരൻ നായർ , രവികുമാർ, അരവിന്ദാക്ഷ മേനോൻ, ബി കെ ജി നായർ , സൂപ്രണ്ടിങ് എഞ്ചിനീയർ ആർ ആർ ഉണ്ണിത്താൻ എന്നിവരെക്കുറിച്ചും ഊഷ്മളമായ ഓർമകളാണ് ലേഖകനുള്ളത്.


'മദിരാശിയിലെ മലയാളം ഒളിപ്പരപ്പ് ' കെ. കുഞ്ഞിക്കൃഷ്ണന്റെ മാധ്യമജീവിതത്തിലെ തുടക്കകാലവുമായ ബന്ധപ്പെട്ട ഒളിമങ്ങാത്ത ചിത്രങ്ങളാണ്. കോടതിമുറികളിലെ  ടെലിവിഷൻ, കാഴ്ചയുടെ മാറുന്ന മുഖച്ഛായ എന്നീ അധ്യായങ്ങളും ലേഖകന്റെ വിശാലമായ ലോകവീക്ഷണത്തിന്റെയും മാറുന്ന കാലത്തിനനുസൃതമായ സാങ്കേതികവിജ്ഞാനത്തിന്റെയും  കാഴ്ചയുടെ സൗന്ദര്യംനിറഞ്ഞ മാനുഷികമുഖത്തിനുള്ള നിദർശനങ്ങളാണ്.  
ലോകത്തിന്റെ വാതിലാണ് ടെലിവിഷൻ . എല്ലാം കാണുന്ന കണ്ണ്. വിഖ്യാത ചലച്ചിത്രകാരൻ ഫെല്ലിനി ടെലിവിഷൻ ചാനലുകളുടെ വിസ്‌ഫോടനം ആസന്നമായ ഒരു പുതുയുഗത്തെ വിഭാവന ചെയ്യുന്നതോടൊപ്പം മാനസികനില തെറ്റിയ ഒരു തലമുറ ലോകമെമ്പാടും സൃഷ്ടിക്കപ്പെടുമെന്നുള്ള ആശങ്ക പങ്കുവെക്കുന്നുണ്ട് . ഭൂമിയുടെ നാനാഭാഗത്തുനിന്നുമുള്ള ചിത്രങ്ങൾ ,ശബ്ദങ്ങൾ ,സംഭവവികാസങ്ങൾ ,വ്യാഖ്യാനങ്ങൾ എല്ലാം തന്റെമുമ്പിൽ റിമോട്ട് കണ്ട്രോളിന്റെ  സ്പർശത്തിലൂടെ വന്നെത്തുമെന്ന അറിവ് ഉന്മാദകരവും ഭ്രമാത്മകവുമായി ഫെല്ലിനി   ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു ചാനൽ ദൃശ്യം കണ്ടുകൊണ്ടിരിക്കുന്ന അതേ സമയം തന്നെ നൂറു കണക്കിന് മറ്റു ചാനലുകൾ അദൃശ്യ തരംഗങ്ങളായി നമ്മെ വലയം ചെയ്തു നിൽക്കുന്നു. ദൃശ്യ-ശ്രാവ്യങ്ങളുടെ അശാന്ത സമുദ്രത്തിലേക്ക് ഭാവനയുടെ യാനപാത്രവുമായി ദിശയെതെന്നറിയാതെ ഒഴുകിപ്പോവാൻ തുടങ്ങുന്ന ജനസമൂഹത്തെ ഭാവന ചെയ്ത ഫെല്ലിനി സാധ്യതകളുടെ കലയായ ദൃശ്യമാധ്യമത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള വ്യാകുലതകൾ പങ്കിടുകയായിരുന്നു. എഴുപതുകളിൽ മാധ്യമലോകം കണ്ട ഈ ദുഃസ്വപ്‌നം നമ്മുടെ നാട്ടിലെ കൊച്ചുഗ്രാമങ്ങളിൽ പോലും ഒരു യാഥാർത്ഥ്യം ആയി പരിണമിച്ചിരിക്കുന്നു.  മൊബൈൽ ഫോണുകളും, ഇന്റർനെറ്റും പുതിയ സാധ്യതകൾക്കൊപ്പം വെല്ലുവിളികളും ഉയർത്തുന്നുണ്ട്. 
സമൂഹത്തെ മാറിനിന്നു നോക്കിക്കാണുന്ന മൂന്നാം കണ്ണാണ് ക്യാമറ. ആ കണ്ണിലൂടെ നാം എന്ത് കാണുന്നു, എങ്ങനെ കാണുന്നു എന്നതാണ് പ്രധാനം. കാഴ്ചകളെ പ്രേക്ഷകന്റെ സ്വന്തം അനുഭവമാക്കി മാറ്റുന്നതാണ് സമഗ്രസംവേദനത്തിന്റെ  കല. മീഡിയാ അക്കാദമിയാണ് ഈ പുസ്തകത്തിന്റെ പ്രസാധകർ. 
കെ എൽ ശ്രീകൃഷ്ണദാസിന്റെ പ്രൗഢമായ അവതാരികയും കൃതിയുടെ മാറ്റുകൂട്ടുന്നുണ്ട്. വില.270 രൂപ.

Latest News