ആര്യ - ഇവൾ നാടിന് അഭിമാനം

 

പെട്രോൾ പമ്പിനു മുന്നിൽ യൂണിഫോമിൽ നിൽക്കുന്ന അച്ഛന്റെയും മകളുടെയും ചിത്രം സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തതോടെ സംഗതി വൈറലാവുകയായിരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മികച്ച വിദ്യാർഥികൾക്ക് നൽകുന്ന അംഗീകാരം ഏറ്റുവാങ്ങുന്ന സന്ദർഭത്തിലായിരുന്നു ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളിലെത്തിയത്. സാധാരണക്കാരന്റെ മകൾക്കും ഉന്നത വിദ്യാഭ്യാസം സാധ്യമാകുമെന്നു തെളിയിക്കുന്നതായിരുന്നു ആ ചിത്രം. 

 

ഒറ്റരാത്രികൊണ്ടാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത അന്നൂരിലെ ഒരു സാധാരണ പെട്രോൾ പമ്പ് ജീവനക്കാരനായിരുന്നു രാജഗോപാൽ. കഠിനാധ്വാനത്തിലൂടെയായിരുന്നു അദ്ദേഹം ജീവിതം കെട്ടിപ്പടുത്തത്. മിടുക്കിയായ ഒരു മകളുടെ അച്ഛനെന്ന അഭിമാനം അദ്ദേഹത്തിന്റെ മനസ്സിൽ എപ്പോഴുമുണ്ടായിരുന്നു. ഇപ്പോഴിതാ സ്‌നേഹത്തിന്റെ ഇത്തിരിവെട്ടവുമായി കടന്നുവന്ന ആ മകളുടെ പേരിലാണ് അച്ഛൻ പ്രശസ്തനായിരിക്കുന്നത്. രണ്ടു പതിറ്റാണ്ടുകാലമായി പെട്രോൾ പമ്പിലെ ജീവിതം കൊണ്ട് കുടുംബം പുലർത്തുകയും മിടുക്കിയായ മകളെ പഠിപ്പിക്കുകയും ചെയ്ത ആ അച്ഛൻ ഇന്ന് രാജ്യം മുഴുവൻ അറിയപ്പെടുന്ന ഒരാളായി മാറിയിരിക്കുന്നു. അതിന് കാരണക്കാരിയായ മകളാകട്ടെ ഉന്നതപഠനത്തിനായി രാജ്യത്തെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനത്തിലെത്തിയിരിക്കുന്നു. കാൺപൂർ ഐ.ഐ.ടിയിൽ എം.ടെക് ബിരുദ വിദ്യാർഥിനിയാണ് രാജഗോപാലിന്റെ മകളായ ആര്യാ രാജഗോപാൽ.


പെട്രോൾ പമ്പിനു മുന്നിൽ യൂണിഫോമിൽ നിൽക്കുന്ന അച്ഛന്റെയും മകളുടെയും ചിത്രം സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തതോടെ സംഗതി വൈറലാവുകയായിരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മികച്ച വിദ്യാർഥികൾക്ക് നൽകുന്ന അംഗീകാരം ഏറ്റുവാങ്ങുന്ന സന്ദർഭത്തിലായിരുന്നു ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളിലെത്തിയത്. സാധാരണക്കാരന്റെ മകൾക്കും ഉന്നത വിദ്യാഭ്യാസം സാധ്യമാകുമെന്നു തെളിയിക്കുന്നതായിരുന്നു ആ ചിത്രം. മാത്രമല്ല, പതിറ്റാണ്ടുകളായി അച്ഛൻ ജോലി ചെയ്യുന്ന പെട്രോ കെമിക്കൽ തന്നെ ഐച്ഛിക വിഷയമായെടുത്തതും ശ്രദ്ധേയമായി. കെമിക്കൽ എൻജിനീയറിംഗിൽ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് ആര്യ.


ഇൻ ഹൗസ് അച്ചീവർ അവാർഡിനായി അപേക്ഷിക്കാൻ ഒരു സീനിയർ  ഐ.ഒ.സി ഓഫീസർ നിർദ്ദേശിച്ചതു പ്രകാരമാണ് പതിനേഴുവർഷമായി ജോലി ചെയ്യുന്ന പെട്രോൾ ബങ്കിനു സമീപം മകളോടൊപ്പം നിന്ന് 
ഐ.ഒ.സി യൂണിഫോമിട്ട് ഫോട്ടോയെടുത്തത്. ഈ ഓഫീസറാണ് ഓഫീസേഴ്‌സ് ഗ്രൂപ്പിൽ ഫോട്ടോ ഷെയർ ചെയ്തത്. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ ശ്രീകാന്ത് മാധവ് വൈദ്യ ഇവരെക്കുറിച്ചുള്ള വാർത്തയും ചിത്രവും ട്വീറ്റ് ചെയ്തതോടെയാണ് പൊതുസമൂഹം ഈ അഭിമാന മുഹൂർത്തത്തെക്കുറിച്ച്  അറിയുന്നത്. തന്റെ കഠിനാധ്വാനവും നേട്ടവുംകൊണ്ട് പെട്രോളിയം കമ്പനിക്കാകെ അഭിമാനമാണ് ആര്യ രാജഗോപാൽ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആര്യയ്ക്ക് എല്ലാവിധ ആശംസകളും സമർപ്പിക്കുന്നതോടൊപ്പം സർവ്വ ഐശ്വര്യങ്ങളുമുണ്ടാകട്ടെ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സംഭവം വൈറലായതോടെ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി ഉൾപ്പെടെയുള്ള പ്രശസ്ത വ്യക്തികൾ ഈ അച്ഛനും മകൾക്കും അഭിനന്ദനമറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു.  ഈ അച്ഛനും മകളും ഇന്നത്തെ ഇന്ത്യയ്ക്ക് പ്രചോദനമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആര്യയെയും അച്ഛൻ രാജഗോപാലിനെയും കുറിച്ചോർത്ത് രാജ്യത്തിന്റെ ഊർജമേഖലയുമായി ബന്ധപ്പെട്ട ഞങ്ങളെല്ലാവരും വളരെയധികം അഭിമാനിക്കുന്നു. ഈ അച്ഛനും മകളും പുതിയ ഇന്ത്യയുടെ പ്രചോദനവും മാതൃകയുമാണ്. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.


കഠിനാദ്ധ്വാനത്തോടൊപ്പം ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുമുള്ള ഒരു വിദ്യാർഥിയായിരുന്നു ആര്യ രാജഗോപാൽ. പയ്യന്നൂർ സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിൽനിന്നും എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. പ്ലസ് ടു പഠനം ഷേണായ് മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽനിന്നുമായിരുന്നു പൂർത്തിയാക്കിയത്. പ്ലസ് ടു പഠനകാലത്തുതന്നെ എൻട്രൻസ് പരിശീലനവും നടത്തിയിരുന്നു. കെമിസ്ട്രിയിലുള്ള താല്പര്യം കണ്ടറിഞ്ഞ സ്‌കൂളിലെ കെമിസ്ട്രി അധ്യാപികയാണ് കെമിക്കൽ എൻജിനീയറിംഗ് ഐച്ഛികവിഷയമായെടുക്കാൻ പ്രേരിപ്പിച്ചത്. പ്ലസ് ടു പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആര്യ കോഴിക്കോട് എൻ. ഐ.ടിയിൽനിന്നും കെമിക്കൽ എൻജിനീയറിംഗിൽ ബി.ടെക് ബിരുദം നേടിയതും ഉയർന്ന മാർക്കു നേടിയായിരുന്നു. പിന്നീട് ഗേറ്റ് പരീക്ഷയിലും പ്രശസ്ത വിജയം കരസ്ഥമാക്കി. ഗുവാഹതി, ഖരഖ്പൂർ ഐ.ഐ.ടികളിലും പ്രവേശനം ലഭിച്ചിരുന്നുവെങ്കിലും കാൺപൂർ ഐ.ഐ.ടിയാണ് ആര്യ തിരഞ്ഞെടുത്തത്.


മകളുടെ ഉന്നതപഠനവും നിത്യജീവിതവുമെല്ലാം പ്രതിസന്ധിയിലായതോടെയാണ് ഭാര്യ ശോഭനയും ജോലിക്കു പോയിത്തുടങ്ങിയത്. പയ്യന്നൂർ ബജാജ് മോട്ടോഴ്‌സിലെ ജീവനക്കാരിയാണ് ശോഭന. പഠനാനന്തരം വിദേശത്ത് ജോലി നേടണമെന്ന മോഹം ആര്യയ്ക്കില്ലെന്നും നമ്മുടെ രാജ്യത്തുതന്നെ ഒരു തൊഴിൽ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും രാജഗോപാൽ പറയുന്നു. കാമ്പസ് പ്ലേസ് മെന്റിലൂടെ നല്ലൊരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആ കുടുംബം.


അടുത്ത ബന്ധുക്കളും അയൽക്കാരുമൊഴികെ മറ്റാരും മകളുടെ നേട്ടങ്ങളെക്കുറിച്ച് ഇതുവരെ അറിഞ്ഞിരുന്നില്ലെന്ന് രാജഗോപാൽ പറയുന്നു. എന്നാൽ സാമൂഹ്യമാധ്യമങ്ങളിൽ വന്നതോടെ എല്ലാവരും തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. അവാഡിനുവേണ്ടിയെടത്തു ഫോട്ടോയും ശ്രദ്ധേയമായി. രാജഗോപാലിനെ ഐ.ഒ.സി അച്ചീവ്‌മെന്റ് അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മട്ടന്നൂരിൽ നടന്ന ചടങ്ങിൽവെച്ച് ഇരുപത്തയ്യായിരം രൂപവും ഫലകവും അടങ്ങുന്ന അവാർഡ്  ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹം ഏറ്റുവാങ്ങിയത്.
കഴിഞ്ഞ ഒരു വർഷത്തോളമായി ഓൺലൈൻ വഴിയായിരുന്നു പഠനം സാധ്യമായിരുന്നത്. ഒന്നും രണ്ടും സെമസ്റ്റർ കഴിഞ്ഞു. മൂന്നാമത്തെ സെമസ്റ്ററിനായി കഴിഞ്ഞ ദിവസമാണ് അവൾ കാൺപൂരിലേയ്ക്കു പോയത്. ഞങ്ങൾ ഒന്നിച്ചാണ് അവളെ അവിടെയെത്തിച്ചത്. എല്ലാം ഈശ്വരകൃപ -  രാജഗോപാൽ പറഞ്ഞുനിർത്തി.


 

Latest News