കാഴ്ചയുടെ ചാരുത

വിഷ്ണു ഗോപാൽ

ഖത്തറിലെ എഫ്.കെ. ടൂൾസ് കൺട്രി സെയിൽസ് മാനേജറായ വിഷ്ണു ഗോപാൽ നാച്വർ ഫോട്ടോഗ്രഫിയിലും വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലും പുതിയ പരീക്ഷണങ്ങൾ നടത്തുന്ന മലയാളിയാണ്. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്‌ളോമയുമായി 12 വർഷം മുമ്പ് ഖത്തറിലെത്തിയ കൊല്ലം കൊട്ടാരക്കര സ്വദേശിയായ വിഷ്ണുവിന് ഫോട്ടോഗ്രഫി കമ്പം ഖത്തറിൽ വന്നശേഷമുണ്ടായതാണ്. വിദ്യാഭ്യാസ കാലത്ത് വരകളിൽ താൽപര്യമുണ്ടായിരുന്നു. ആർട്സ് കഌബ്ബ് സെക്രട്ടറിയായി കലാപ്രവർത്തനങ്ങളിലും സജീവമായിരുന്നു.


പരേതനായ ഗോപാലകൃഷ്ണപിള്ളയുടേയും അംബികയുടേയും രണ്ടാമത്തെ മകനായ വിഷ്ണു ഫോട്ടോഗ്രഫി എന്ന ഹോബി സ്വന്തമായി തെരഞ്ഞെടുക്കുകയായിരുന്നു. ക്രാഫ്റ്റിൽ സമർഥനായിരുന്ന അച്ഛനിൽനിന്നും ലഭിച്ച ജന്മവാസനയും സാഹചര്യങ്ങളുമൊക്കെ വിഷ്ണുവിനെ ഒരു മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാക്കി മാറ്റുകയായിരുന്നു.


കലയോടുള്ള താൽപര്യമാകാം വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലും നാച്വർ ഫോട്ടോഗ്രഫിയിലും താൽപര്യം ജനിപ്പിച്ചത്. ദിലീപ് അന്തിക്കാടെന്ന സമർഥനായ മെന്ററുടെ ശിക്ഷണമാണ് വിഷ്ണുവിന്റെ ഫോട്ടോഗ്രഫി ലോകം തന്നെ മാറ്റി മറിച്ചത്. പ്രകൃതിയേയും അതിലെ വൈവിധ്യമാർന്ന ജന്തുജാലങ്ങളേയും തന്മയത്ത്വത്തോടെ ഒപ്പിയെടുക്കാനുള്ള തീവ്ര പരിശ്രമങ്ങളായിരുന്നു പിന്നീടങ്ങോട്ട്. ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട നിരവധി വർക്ഷോപ്പുകളും പരിശീലനകളരികളും സംഘടിപ്പിച്ചും പങ്കെടുത്തും സജീവമായി.
ഫോട്ടോഗ്രഫിയിൽ താൽപര്യമുള്ള മലയാളികളുടെ കൂട്ടായ്മയായ ഫോട്ടോഗ്രഫി മലയാളി ഖത്തറിന്റെ ഭാഗമായി നിരവധി പരിപാടികളാണ് നടത്തിയത്. പുതിയ കാര്യങ്ങൾ പഠിച്ചും പഠിച്ച കാര്യങ്ങൾ കൈമാറിയും സജീവമായ ഈ കൂട്ടായ്മയിൽ മൂവായിരത്തോളം അംഗങ്ങളുണ്ട്.


തൃശൂരിലെ ഫോട്ടോ മ്യൂസിലും വിഷ്ണു ഫോട്ടോഗ്രഫി വർക്ക്‌ഷോപ്പുകൾ നടത്തിയിട്ടുണ്ട്. ഖത്തറിലെ വിവിധ ഹൈപ്പർമാർക്കറ്റുകളിൽ സ്വന്തമായും കൂട്ടായും നിരവധി എക്‌സിബിഷനുകൾ സംഘടിപ്പിച്ച വിഷ്ണു കതാറയിൽ നടന്ന ഇന്തോ-ഖത്തർ ഫോട്ടോഗ്രഫി പ്രദർശനത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യയിൽനിന്നും ഖത്തറിൽ നിന്നുമുള്ള ഇരുപത്തഞ്ച് വീതം ഫോട്ടോഗ്രാഫർമാരുടെ സാംസ്‌കാരിക പ്രാധാന്യമുള്ള തെരഞ്ഞെടുത്ത ഫോട്ടോകളാണ് കതാറയിൽ പ്രദർശിപ്പിച്ചത്. ജർമനിയിൽ നടന്ന ഫോട്ടോഗ്രഫി എക്‌സിബിഷനിലും വിഷ്ണു പങ്കെടുത്തിട്ടുണ്ട്.


മരുഭൂമിയുടെ വിവിധ ഭാവങ്ങൾ മനസിലാക്കാനും കാമറയിൽ പകർത്താനും ദിവസങ്ങൾ ചിലവഴിച്ച വിഷ്ണു ഇവിടുത്തെ പക്ഷികളേയും കുറുക്കനേയും പാമ്പുകളേയുമൊക്കെ തന്റെ കാമറയിൽ പകർത്തിയിട്ടുണ്ട്. വിസ്മയങ്ങളുടെ കലവറയാണ് ജന്തുക്കളുടെ ലോകം. അവയെ അടുത്തറിയാനും ആസ്വദിക്കുവാനും കഴിയുകയെന്നത് വലിയ ഭാഗ്യമാണ്. ഓരോ ജന്തുക്കളുടേയും ബിഹേവിയറുകൾ മനസിലാക്കി കാമറയിൽ പകർത്തുവാൻ നല്ല ക്ഷമയും നിരീക്ഷണ പാഠവവും അത്യാവശ്യമാണ്. ദിവസങ്ങളോളം കാത്ത് കിടന്നാലേ ഉദ്ദേശിക്കുന്ന രൂപഭാവങ്ങൾ പകർത്താനാകൂവെന്നതാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലെ ഏറ്റവും പ്രധാന വെല്ലുവിളി.


മരുഭൂമിയുടെ വിവിധ ഭാഷ്യങ്ങൾ ഒപ്പിയടുത്ത വിഷ്ണു വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയുടെ ഭാഗമായി നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ബോട്‌സുവാന, കെനിയ, സെർബിയ, അർമേനിയ, സിംബാവേ, ഇന്തോനേഷ്യ, അന്തമാൻ, ലക്ഷദ്വീപ് തുടങ്ങിയവ ഇവയിൽ ചിലത് മാത്രമാണ്. 
കെനിയയിലെ ഗ്രേറ്റ് മൈഗ്രേഷൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിൽ താൽപര്യമുള്ള ആർക്കും ഏറ്റവും പ്രധാനമാണ്. ലക്ഷക്കണക്കിന് മൃഗങ്ങൾ കെനിയയിൽ നിന്നും ടാൻസാനിയയിലേക്ക് പലായനം ചെയ്യുന്ന കാഴ്ച അതീവ ഹൃദ്യമാണ്. 


ഇന്ത്യൻ കൾചറൽ സെന്റർ ഫോട്ടോഗ്രഫി കഌബ്ബ് സെക്രട്ടറിയായ വിഷ്ണു കൂട് മാസികയുടെ ഫോട്ടോഗ്രഫി എഡിറ്ററായിരുന്നു. ലോകോത്തര ഫോട്ടോഗ്രാഫർമാർ മൽസരിച്ച ലുസൈൽ ഫോട്ടോഗ്രഫി മൽസരത്തിൽ 25000 റിയാലിന്റെ ഒന്നാം സമ്മാനം കരസ്ഥമാക്കിയ വിഷ്ണു റഷ്യ ആസ്ഥാനമായി നടന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി മൽസരത്തിലും സമ്മാനം നേടിയിട്ടുണ്ട്. സോണിയാണ് ഭാര്യ. രണ്ടാം ക്ലാസിൽ പഠിക്കുന്ന തീർഥ, ശ്രദ്ധ എന്നിവരാണ് മക്കൾ. അച്ഛന്റെ ഹോബികാരണമാകാം തീർഥ ഇപ്പോൾതന്നെ ഓരോ തരം പക്ഷികളെ പ്രത്യേകമായി തിരിച്ചറിയാറുണ്ട്. 

Latest News