Sorry, you need to enable JavaScript to visit this website.

ഒടുവിൽ കോച്ചിനെ കണ്ടെത്തി, ജഗദീഷിന് ഒളിംപിക്‌സിന് പോകാം

ജഗദീഷ് സിംഗ്... കോച്ചും പുകിലും   

ന്യൂദൽഹി - ഒളിംപിക്‌സിൽ മത്സരിക്കാനുള്ള അപൂർവ ഭാഗ്യം അടുത്തെത്തിയിട്ടും അനിശ്ചിതത്വത്തിലകപ്പെട്ട ജഗദീഷ് സിംഗിന് ആശ്വാസം. തന്റേതല്ലാത്ത കുറ്റത്തിന് ഒളിംപിക്‌സ് പങ്കാളിത്തം ത്രിശങ്കുവിലായ ജഗദീഷിന് പ്യോംഗ്ചാംഗ് ഒളിംപിക്‌സിന്റെ ക്രോസ് കൺട്രി സ്‌കീയിംഗിൽ പങ്കെടുക്കാം. കോച്ചായി ആര് ജഗദീഷിനെ തെക്കൻ കൊറിയയിലേക്ക് അനുഗമിക്കുമെന്ന തർക്കമാണ് പങ്കാളിത്തം അനശ്ചിതത്വത്തിലാക്കിയത്. 2014 ലെ സോചി ശീതകാല ഒളിംപിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച നദീം ഇഖ്ബാലിനാണ് ജഗദീഷിനൊപ്പം കോച്ചായി പോകാൻ ഒടുവിൽ അനുമതി കിട്ടിയത്. 
ജഗദീഷ് പരിശീലനം നടത്തുന്ന ഗുൽമാർഗിലെ ഹൈ ആൾടിറ്റിയൂഡ് വാർഫെയർ സ്‌കൂൾ നദീം ഇഖ്ബാലിന്റെ പേര് നിർദേശിച്ചതോടെ ഇന്ത്യൻ ഒളിംപിക്‌സ് അസോസിയേഷൻ (ഐ.ഒ.എ) അദ്ദേഹത്തിന് പച്ചക്കൊടി കാട്ടി. നദീമിന്റെ കീഴിലാണ് ജഗദീഷ് പരിശീലനം നടത്തുന്നതെന്ന് അവർ രേഖാമൂലം അറിയിച്ചതായും അത് പരിശോധിച്ച് ഉറപ്പുവരുത്തിയതായും ഐ.ഒ.എ സെക്രട്ടറി ജനറൽ രാജീവ് മേത്ത പറഞ്ഞു. രേഖകൾ ശരിയാക്കുകയാണെന്നും ഇരുവരും നാളെ തെക്കൻ കൊറിയയിലേക്ക് തിരിക്കുമെന്നും രാജീവ് മേത്ത അറിയിച്ചു. 
ഈ മാസം 16 നാണ് ജഗദീഷ് പങ്കെടുക്കുന്ന 15 കിലോമീറ്റർ നോർദീക് ഫ്രീസ്റ്റൈൽ സ്‌കീയിംഗ് മത്സരം. വ്യാഴാഴ്ച ഇന്ത്യൻ സംഘത്തിന് ഗെയിംസ് നഗരിയിൽ വരവേൽപ് നൽകുന്ന ചടങ്ങാവുമ്പോഴേക്കും ജഗദീഷിന് കൊറിയയിൽ എത്താനാവുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ചയാണ് ഒളിംപിക് ഉദ്ഘാടനച്ചടങ്ങ്. 
ലൂജിൽ പങ്കെടുക്കുന്ന ശിവ കേശവനാണ് ശീതകാല ഒളിംപിക്‌സിലെ ഇന്ത്യയുടെ രണ്ടാമത്തെ പ്രതിനിധി. ഇരുവരുമൊരുമിച്ച് ശനിയാഴ്ച കൊറിയയിലേക്ക് തിരിക്കേണ്ടതായിരുന്നു. എന്നാൽ വിന്റർ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും (ഡബ്ല്യു.ജി.എഫ്.ഐ) ജഗദീഷ് ജോലി ചെയ്യുന്ന ഇന്ത്യൻ ആർമിയും കോച്ചായി തങ്ങളുടെ സംഘടനാ നേതാക്കളുടെ പേര് നൽകിയതോടെ  യാത്ര അനിശ്ചിതത്വത്തിലായി. ഡബ്ല്യു.ജി.എഫ്.ഐ നിർദേശിച്ചത് സംഘടനയുടെ പ്രസിഡന്റ് കേണൽ ജോധ് സിംഗ് ധില്ലന്റെയും സെക്രട്ടറി ജനറൽ രോഷൻലാൽ താക്കൂറിന്റെയും പേരുകളാണ്. രണ്ടും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐ.ഒ.എ) നിരസിച്ചു. ആർമിയുടെ കീഴിലുള്ള ഹൈ ആൾടിറ്റിയൂഡ് വാർഫെയർ സ്‌കൂൾ നിർദേശിച്ചത് അതിന്റെ കമാന്റന്റ് മേജർ ജനറൽ അതുൽ കൗശിക്കിന്റെ പേരാണ്. കൗശിക് അല്ല ജഗദീഷിന്റെ കോച്ച് എന്നതിനാൽ അദ്ദേഹത്തിന്റെ പേരും ഐ.ഒ.എ അംഗീകരിച്ചില്ല. ഇതോടെ ജഗദീഷിനെ ഒളിംപിക്‌സിന് അയക്കേണ്ടെന്ന് വാർഫെയർ സ്‌കൂൾ തീരുമാനിച്ചു.  എന്നാൽ കായിക താരത്തെ പരിശീലിപ്പിക്കുന്നവരെ മാത്രമേ കൂടെ ഒളിംപിക്‌സിന് പോകാൻ അനുവദിക്കൂ എന്നും ആരുടെയെങ്കിലും പേര് പരിഗണിക്കില്ലെന്നുമുള്ള നിലപാടിൽ ഐ.ഒ.എ ഉറച്ചുനിന്നു. ഒടുവിൽ യഥാർഥ കോച്ചിന്റെ പേര് നിർദേശിക്കാൻ വാർഫെയർ സ്‌കൂൾ നിർബന്ധിതമായി. ഫെഡറേഷനുകൾ തമ്മിലുള്ള തർക്കം അത്‌ലറ്റിന്റെ ഭാവിയെ ബാധിക്കരുതെന്ന ശിവകേശവന്റെ അഭ്യർഥനയും ജഗദീഷിന്റെ ഒളിംപിക്‌സ് സ്വപ്‌നം പൂവണിയുന്നതിൽ സഹായകമായി. വെള്ളിയാഴ്ച മുതൽ ഈ മാസം 25 വരെയാണ് പ്യോംഗ്ചാംഗ് ശീതകാല ഒളിംപിക്‌സ്.

 

Latest News