Sorry, you need to enable JavaScript to visit this website.

കൊല്‍ക്കത്ത തകര്‍ന്നു,  ചെന്നൈക്ക് നാലാം കിരീടം

ദുബായ് -തീര്‍ത്തും ഏകപക്ഷീയമായ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റണ്‍സിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നാലാം തവണ ഐ.പി.എല്‍ ചാമ്പ്യന്മാരായി. ടോസ് നേടിയ ശേഷം കൊല്‍ക്കത്ത തൊട്ടതെല്ലാം പിഴച്ചു. ഫാഫ് ഡുപ്ലെസിയുടെ തകര്‍പ്പന്‍ ബാറ്റിംഗിലൂടെ മൂന്നിന് 192 ലെത്തിയ ചെന്നൈ എതിരാളികളെ എട്ടിന് 164 ല്‍ ഒതുക്കി. പത്തോവര്‍ വരെ ഓപണര്‍മാരും അവസാനം ശിവം മാവി-ലോക്കി ഫെര്‍ഗൂസന്‍ കൂട്ടുകെട്ടും ആഞ്ഞടിച്ചതിനാലാണ് കൊല്‍ക്കത്തയുടെ പരാജയഭാരം കുറഞ്ഞത്. ചെന്നൈയുടെ ഒമ്പതാം ഫൈനലാണ് ഇത്. മൂന്നു തവണ ഫൈനല്‍ കളിച്ച കൊല്‍ക്കത്തയുടെ ആദ്യ പരാജയമാണ് ഇത്. 2014 ലെ ഫൈനലില്‍ ചെന്നൈയുടെ മൂന്നിന് 190 റണ്‍സ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നിരുന്നു. ഇത്തവണ ചെന്നൈക്ക് ഒരു ഘട്ടത്തിലും വെല്ലുവിളിയുയര്‍ത്താന്‍ കൊല്‍ക്കത്തക്ക് ആയില്ല. സ്‌കോര്‍: ചെന്നൈ മൂന്നിന് 192, കൊല്‍ക്കത്ത ഒമ്പതിന് 165.
ടോസ് നേടിയ ശേഷം ചെന്നൈയെ ബാറ്റിംഗിന് അയച്ച കൊല്‍ക്കത്തയുടെ തീരുമാനം അമ്പേ പാളി. റണ്‍മലയാണ് ചെന്നൈ പടുത്തുയര്‍ത്തിയത്. പത്തോവര്‍ വരെ കൊല്‍ക്കത്ത മത്സരത്തിലുണ്ടായിരുന്നു. ഓപണര്‍മാരായ വെങ്കിടേഷ് അയ്യരും (32 പന്തില്‍ 50) ശുഭ്മാന്‍ ഗില്ലും (43 പന്തില്‍ 51) പത്തോവറില്‍ സ്‌കോര്‍ 90 കടത്തി. പതിനൊന്നാം ഓവറില്‍ ഇരട്ട പ്രഹരത്തോടെ ശാര്‍ദുല്‍ താക്കൂര്‍ ചെന്നൈയെ തിരിച്ചുകൊണ്ടുവന്നു. വെങ്കിടേഷും നിതിഷ് റാണയും (0) പുറത്തായി. പിന്നീട് നാടകീയമായി കൊല്‍ക്കത്ത തകര്‍ന്നു. ശിവം മാവിയും (13 പന്തില്‍ 20) ഫെര്‍ഗൂസനുമൊഴികെ (11 പന്തില്‍ 18 നോട്ടൗട്ട്) ആരും രണ്ടക്കത്തിലെത്തിയില്ല. 34 റണ്‍സിനിടെ എട്ട് വിക്കറ്റ് നിലംപതിച്ചു. ശാര്‍ദുല്‍ മൂന്നും ജോഷ് ഹെയ്‌സല്‍വുഡും രവീന്ദ്ര ജദേജയും രണ്ടു വീതവും വിക്കറ്റെടുത്തു.
 

Latest News