ടെന്നിസ് കോര്‍ടില്‍ അറബ് ചരിത്രം

ഇന്ത്യന്‍വെല്‍സ് - തുനീഷ്യയുടെ ഒനിസ് ജബൂര്‍ വനിതാ ടെന്നിസ് റാങ്കിംഗില്‍ ആദ്യ പത്തിലെത്തുന്ന പ്രഥമ അറബ് വനിതയാവും. അനറ്റ് കോണ്ടാവെയ്റ്റിനെ തോല്‍പിച്ച് ഇന്ത്യന്‍വെല്‍സില്‍ സെമിഫൈനലിലെത്തിയതോടെയാണ് ഇത്. ഈ സീസണില്‍ 48 വിജയങ്ങളായി ജബൂറിന്. മറ്റാര്‍ക്കും സാധിക്കാത്ത നേട്ടം. സ്‌പെയിനിന്റെ പൗള ബദോസയുമായാണ് ജബൂര്‍ സെമി കളിക്കുക. വിക്ടോറിയ അസരെങ്കയും ജെലേന ഓസ്റ്റാപെങ്കോയും തമ്മിലാണ് രണ്ടാം സെമി. 
ആദ്യ പത്തിലെത്തുകയാണ് ലക്ഷ്യമെന്ന് കഴിഞ്ഞ വര്‍ഷമവസാനം പറഞ്ഞപ്പോള്‍ പലരും പരിഹസിച്ചതായി ജബൂര്‍ വെളിപ്പെടുത്തി. ബേമിംഗ്ഹാമില്‍ ഈയിടെ തന്റെ ആദ്യ ഡബ്ല്യു.ടി.എ കിരീടം നേടിയിരുന്നു. ആദ്യമായാണ് ഒരു അറബ് വനിത ഡബ്ല്യു.ടി.എ ടൂര്‍ണമെന്റില്‍ ചാമ്പ്യനായത്. ഈ മാസമാദ്യം ഷിക്കാഗോയിലും ഇരുപത്തേഴുകാരി ഫൈനലിലെത്തി. തുനീഷ്യക്കാരിയാണെന്നതു കൊണ്ടു മാത്രം സ്‌പോണ്‍സര്‍മാര്‍ തന്നെ തഴഞ്ഞിട്ടുണ്ടെന്ന് ജബൂര്‍ വെളിപ്പെടുത്തി. 

Latest News