സൗദിയില്‍ പ്രതീക്ഷ, ന്യൂകാസില്‍ കളി തുടങ്ങുന്നു

ലണ്ടന്‍ - ഇംഗ്ലിഷ് പ്രീമിയര്‍് ലീഗ് ഫുട്‌ബോള്‍ സീസണിലെ ആദ്യ ഏഴ് മത്സരങ്ങളും ജയിക്കാന്‍ ന്യൂകാസിലിന് സാധിച്ചിട്ടില്ല. എന്നാല്‍ ഈ റൗണ്ടിലെ സൂപ്പര്‍ ടീം അവരാണ്. സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഏറ്റെടുത്ത ശേഷമുള്ള ആദ്യ മത്സരത്തില്‍ ന്യൂകാസില്‍ ഞായറാഴ്ച ടോട്ടനവുമായി ഏറ്റുമുട്ടും. വര്‍ഷങ്ങളായി ഇംഗ്ലിഷ് ഫുട്‌ബോളിന്റെ ഓരങ്ങളിലേക്ക് തള്ളപ്പെട്ട ന്യൂകാസില്‍ ഇനി യൂറോപ്പിന്റെ മുന്‍നിരയിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പി.ഐ.എഫിന്റെ സാമ്പത്തിക ശേഷി ക്ലബ്ബിനെ അടിമുടി മാറ്റിമറിക്കുമെന്ന് അവര്‍ കരുതുന്നു. 
കോച്ച് സ്റ്റീവ് ബ്രൂസില്‍ നിന്നാണ് മാറ്റം തുടങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പൊടുന്നനെ മാറ്റം ഉണ്ടാവില്ല. ടോട്ടനത്തിനെതിരായ മത്സരം ബ്രൂസിന്റെ കോച്ചിംഗ് കരിയറിലെ ആയിരാമത്തേതാണ്. ആരാധകര്‍ക്ക് വേണ്ടത് കീലിയന്‍ എംബാപ്പെയെയും ലിയണല്‍ മെസ്സിയുമാണെന്നും പെട്ടെന്ന് അത് സാധ്യമാവില്ലെങ്കിലും ഈ ക്ലബ്ബിന് ഇനി ആകാശമാണ് അതിരെന്നും മിഡ്ഫീല്‍ഡര്‍ ജോന്യൊ ഷെല്‍വി അഭിപ്രായപ്പെട്ടു. കാര്യങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകയാണൈന്നും മാറ്റങ്ങള്‍ക്കായി ക്ഷമ കാണിക്കണമെന്നും പുതിയ ഡയരക്ടര്‍ ആമന്ത സ്റ്റാവലി ആരാധകരോട് അഭ്യര്‍ഥിച്ചു. 

Latest News