Sorry, you need to enable JavaScript to visit this website.

ടാറ്റയുടെ കിടിലന്‍ പഞ്ച്, ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍; സുരക്ഷയിൽ ഒന്നാമൻ

ടാറ്റ ഏറ്റവും പുതുതായി അവതരിപ്പിച്ച മൈക്രോ എസ് യുവി ആയ പഞ്ച് യാത്രാ സുരക്ഷയില്‍ ഒന്നാമനാണെന്ന് തെളിയിച്ചു. കാറുകളുടെ സുരക്ഷാ റേറ്റിങ് ഏജന്‍സിയായ ഗ്ലോബല്‍ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്ന യാത്രികരുടെ സുരക്ഷയില്‍ പഞ്ചിന് ലഭിച്ചത് ഫൈവ് സ്റ്റാര്‍. യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷയില്‍ ഫോര്‍ സ്റ്റാറും പഞ്ച് നേടി. കുട്ടികളുടെ സുരക്ഷയില്‍ ഇത്ര ഉയര്‍ന്ന റേറ്റിങ് നേടുന്ന ഇന്ത്യയിലെ രണ്ടാമത്തെ കാറാണ് പഞ്ച്. യാത്രാ സുരക്ഷയ്ക്ക് ഒരു പരിഗണനയും ലഭിക്കാതിരുന്ന ഇന്ത്യന്‍ വിപണിയില്‍ സുരക്ഷയുള്ള കാറുകള്‍ നിരത്തിലിറക്കുക എന്നത് ടാറ്റ ഒരു യജ്ഞമായി തന്നെ എടുത്തിരിക്കുന്നു എന്നു വേണം കരുതാന്‍. ഇതിനു മുമ്പ് ഏറ്റവും ഉയര്‍ന്ന സുരക്ഷാ റേറ്റിങ് ലഭിച്ച ഇന്ത്യന്‍ നിര്‍മിത കാറുകള്‍ ടാറ്റയുടെ തന്നെ നെക്‌സോണും ആള്‍ട്രോസും ആയിരുന്നു.

Also Read I ആറ്റിക്കുറുക്കിയ ആഢംബരവുമായി ടാറ്റ പഞ്ച്; ബുക്കിങ് തുടങ്ങി

പഞ്ചിന്റെ ബോഡിക്ക് സ്റ്റേബിള്‍ റേറ്റിങാണ് ലഭിച്ചത്. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയ്ക്ക് നല്‍കുന്ന 17 പോയിന്റില്‍ പഞ്ചിന് 16.45 പോയിന്റുകള്‍ ലഭിച്ചു. ഇന്ത്യയില്‍ മറ്റൊരു കാറിനും ഇത്ര ഉയര്‍ന്ന റേറ്റിങ് ലഭിച്ചിട്ടില്ല. പഞ്ചിലൂടെ ഒരു എന്‍ട്രി ലെവര്‍ കാറിന് ഉയര്‍ന്ന സുരക്ഷാ റേറ്റിങ് ലഭിച്ചതും ടാറ്റയുടെ വലിയ നേട്ടമാണ്. അടുത്തയാഴ്ച നിരത്തിലിറങ്ങാനിരിക്കെയാണ് പഞ്ചിന് ഈ നേട്ടം. ഈ വിഭാഗത്തില്‍ പ്രത്യക്ഷത്തില്‍ പഞ്ചിന് ഇന്ത്യയില്‍ എതിരാളികളില്ല. എങ്കിലും ഹുണ്ടെയ് ഗ്രാന്‍ഡ് ഐ10 നിയോസ്, മാരുതി സുസുക്കി സ്വിഫ്റ്റ് എന്നിവയോടായിരിക്കും പഞ്ച് മത്സരിക്കുക. റെനോയുടെ കൈഗറിനും നിസാന്റെ മാഗ്നൈറ്റിനും പഞ്ച് വലിയ വെല്ലുവിളിയാകും.

മിനി എസ്‌യുവി വിഭാഗത്തില്‍ ടാറ്റ ആദ്യമായി അവതരിപ്പിക്കുന്ന പഞ്ച് ഒക്ടോബർ നാലു മുതലാണ് ബുക്കിങ് സ്വീകരിച്ചു തുടങ്ങിയത്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പഞ്ചിന്റെ ഫീച്ചറുകള്‍ ടാറ്റ വെളിപ്പെടുത്തിയിരുന്നു.  ആദ്യഘത്തില്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രം ലഭിക്കുന്ന പഞ്ച് പ്യുവര്‍, അഡ്വഞ്ചര്‍, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നീ വകഭേദങ്ങളിലാണ് നിരത്തിലിറങ്ങുക. ആഢംബരം ആറ്റിക്കുറുക്കി ഇറക്കിയ പഞ്ച് ഈ വിഭാഗത്തില്‍ ഏറ്റവും ഫീച്ചറുകള്‍ ഉള്ള വാഹനമാകും. വാങ്ങുന്നവര്‍ക്ക് ഇഷ്ടംപോലെ കസ്റ്റമൈസ് ചെയ്യാവുന്ന രീതിയിലാണ് പഞ്ച് അവതരിപ്പിച്ചിരിക്കുന്നത്.

Latest News