Sorry, you need to enable JavaScript to visit this website.

ബാഴ്‌സലോണക്ക് നിര്‍ണായക വാരം

ബാഴ്‌സലോണ - കോച്ച് റോണള്‍ഡ് കൂമന് തല്‍ക്കാലം തൊപ്പി തെറിക്കില്ല. തന്റെ സ്ഥാനം സുരക്ഷിതമായതോടെ കോച്ച് പറഞ്ഞത് ഈയാഴ്ചത്തെ മൂന്നു കളികളിലൂടെ ടീം തിരിച്ചുവരുമെന്നാണ്. ആ ദിനങ്ങള്‍ വരവായി. നൗകാമ്പിലെ മൂന്നു മത്സരങ്ങള്‍ ബാഴ്‌സലോണയുടെ ഈ സീസണ്‍ നിശ്ചയിക്കും. 
ഞായറാഴ്ച സ്പാനിഷ് ലീഗില്‍ വലന്‍സിയക്കെതിരെയാണ് ആദ്യ കളി. ഒരാഴ്ചക്കകം യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ ഡീനാമൊ കിയേവിനെയും സ്പാനിഷ് ലീഗില്‍ റയല്‍ മഡ്രീഡിനെയും വരവേല്‍ക്കും. 
ഇന്റര്‍നാഷനല്‍ മത്സരങ്ങളുടെ ഇടവേള കോച്ചിന് തന്ത്രങ്ങള്‍ പുനഃപരിശോധിക്കാന്‍ മതിയായ സമയം നല്‍കി. ലിയണല്‍ മെസ്സി ക്ലബ് വിട്ട ശേഷം ഒന്നിനു പിറകെ ഒന്നായെത്തിയ പ്രതിസന്ധികളില്‍ ഉഴലുകയായിരുന്നു ടീം. ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ രണ്ടു കളികളും 0-3 ന് തോറ്റു. സപാനിഷ് ലീഗില്‍ അത്‌ലറ്റിക്കൊ മഡ്രീഡിനോടും റയലിനോടും ദയനീയ തോല്‍വി വാങ്ങി. ഈ സീസണിലെ ഏഴ് ലീഗ് മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് ബാഴ്‌സലോണ ജയിച്ചത്. 
മെസ്സിയും ആന്റോയ്ന്‍ ഗ്രീസ്മാനും ടീം വിട്ടു. ഉസ്മാന്‍ ദെംബെലെക്കും മാര്‍ടിന്‍ ബ്രെയ്ത്‌വൈറ്റിനും സെര്‍ജിയൊ അഗ്വിരോക്കും പരിക്കാണ്. ദീര്‍ഘമായി വിട്ടുനിന്ന ശേഷം അന്‍സു ഫാതിയും ഫിലിപ് കൗടിഞ്ഞോയും തിരിച്ചെത്തിയിട്ടേയുള്ളൂ. അഗ്വിരൊ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്.
 

Latest News