Sorry, you need to enable JavaScript to visit this website.

സൂപ്പര്‍ ക്ലൈമാക്‌സില്‍ കൊല്‍ക്കത്ത ഫൈനലില്‍

ഷാര്‍ജ - തട്ടുതകര്‍പ്പന്‍ ക്ലൈമാക്‌സിലേക്ക് നീങ്ങിയ രണ്ടാം ക്വാളിഫയറില്‍ ദല്‍ഹി കാപിറ്റല്‍സിനെ മൂന്നു വിക്കറ്റിന് തോല്‍പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ.പി.എല്‍ ഫൈനലില്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായി അവര്‍ ഫൈനലില്‍ ഏറ്റുമുട്ടും. ഫൈനലിലെത്താനുള്ള രണ്ടാം അവസരവും ദല്‍ഹി കാപിറ്റല്‍സ് പാഴാക്കിയപ്പോള്‍ എലിമിനേറ്ററും ക്വാളിഫയറും കടന്നാണ് കൊല്‍ക്കത്ത ഫൈനലില്‍ ഇടംപിടിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദല്‍ഹിക്ക് ഒരു ഘട്ടത്തിലും ബൗളിംഗിനു മേല്‍ ആധിപത്യം നേടാനായില്ല. ശ്രേയസ് അയ്യരും ഭാഗ്യം കൊണ്ട് ക്രീസില്‍ തിരിച്ചെത്തിയ ഷിംറോന്‍ ഹെത്മയറും അവസാനം ആഞ്ഞടിച്ചതിനാല്‍ അവര്‍ അഞ്ചിന് 135 ലെത്തി. ഒരുപാട് നെഞ്ചിടിപ്പിന് ശേഷമാണ് കൊല്‍ക്കത്ത ഒരു പന്തും മൂന്നു വിക്കറ്റും ശേഷിക്കെ സ്‌കോര്‍ മറികടന്നത്. 
പ്രയാസകരമായ ഷാര്‍ജാ പിച്ചില്‍ വെങ്കിടേഷ് അയ്യരും (41 പന്തില്‍ 55) ശുഭ്മാന്‍ ഗില്ലും (46 പന്തില്‍ 46) ഓപണിംഗ് വിക്കറ്റില്‍ കൊല്‍ക്കത്തയെ വിജയത്തിന്റെ പടിവാതില്‍ക്കലെത്തിച്ചതായിരുന്നു. പതിമൂന്നാം ഓവറില്‍ തന്റെ നാലാം സിക്‌സറിനുള്ള ശ്രമത്തില്‍ വെങ്കിടേഷിനെ കഗീസൊ റബാദ പുറത്താക്കിയതോടെ കളി നാടകീയമായി തിരിഞ്ഞു. വിക്കറ്റ് പോവാതെ 96 ല്‍നിന്ന് ഏഴിന് 130 ലേക്ക് അവര്‍ കൂപ്പുകുത്തി. ഗില്ലും നിതിഷ് റാണയും (12 പന്തില്‍ 13) ദിനേശ് കാര്‍ത്തികും (0) ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും (0) ശാഖിബുല്‍ ഹസനും (0) സുനില്‍ നരേനും (0) തുടരെ പുറത്തായി. അവസാന എട്ടോവറില്‍ 34 റണ്‍സിന് ഏഴ് വിക്കറ്റ് നിലംപതിച്ചു. രണ്ട് പന്തില്‍ ആറ് റണ്‍സ് വേണമെന്നിരിക്കെ ആര്‍. അശ്വിനെ സിക്‌സറിന് ഉയര്‍ത്തി രാഹുല്‍ ത്രിപാഠിയാണ് നാടകം അവസാനിപ്പിച്ചത്.
 

Latest News