കെനിയന്‍ അത്‌ലറ്റ് കുത്തേറ്റു മരിച്ചു

നയ്‌റോബി - 2015 ലെ ലോക ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ ആഗ്നസ് ടിരോപിനെ കെനിയയിലെ വസതിയില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു തവണ 10,000 മീറ്ററില്‍ വെങ്കലം നേടിയ ഇരുപത്തഞ്ചുകാരിയുടെ വയറിലാണ് മുറിവുകള്‍. ടോക്കിയൊ ഒളിംപിക്‌സില്‍ 5000 മീറ്ററില്‍ നാലാം സ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞ മാസം ജര്‍മനിയില്‍ നടന്ന 10 കി.മീ ഓട്ടത്തില്‍ ലോക റെക്കോര്‍ഡ് ഭേദിച്ചിരുന്നു. 
ലോക ക്രോസ് കണ്‍ട്രി ജയിച്ച പ്രായം കുറഞ്ഞ രണ്ടാമത്തെ അത്‌ലറ്റാണ്. ദക്ഷിണാഫ്രിക്കയുടെ സോളാ ബഡ് മാത്രമേ ഇതിനെക്കാള്‍ കുറഞ്ഞ പ്രായത്തില്‍ ചാമ്പ്യനായിട്ടുള്ളൂ. കെനിയക്ക് ഒരു രത്‌നത്തെയാണ് നഷ്ടപ്പെട്ടതെന്നും ഉടന്‍ കുറ്റവാളി കണ്ടെത്തണമെന്നും പ്രസിഡന്റ് ഉഹൂരു കെനിയാറ്റ പറഞ്ഞു. ലോക റെക്കോര്‍ഡ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച കെനിയന്‍ ടീമംഗം ഹോസിയ മചരിന്‍യാംഗിനെ  ശനിയാഴ്ച ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. 

Latest News