Sorry, you need to enable JavaScript to visit this website.

ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ മാറ്റം, നിര്‍ഭാഗ്യവാന്‍ ഈ കളിക്കാരന്‍

മുംബൈ - ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് നിര്‍ഭാഗ്യവാനായ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ മാറ്റി പെയ്‌സ്ബൗളിംഗ് ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ താക്കൂറിനെ ഉള്‍പെടുത്തി. അക്ഷറിനെ റിസര്‍വ് കളിക്കാരുടെ പട്ടികയില്‍ ഉള്‍പെടുത്തി. ശ്രേയസ് അയ്യര്‍, ദീപക് ചഹര്‍ എന്നിവരാണ് മറ്റ് റിസര്‍വ് താരങ്ങള്‍. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിനെ സഹായിക്കാനായി എട്ട് കളിക്കാരെ കൂടി ജൈവകവചത്തില്‍ ഉള്‍പെടുത്തും. പെയ്‌സ്ബൗളര്‍മാരായ അവേഷ് ഖാന്‍, ഉംറാന്‍ മാലിക്, ഹര്‍ഷല്‍ പട്ടേല്‍, ലുഖ്മാന്‍ മെറിവാല, ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍, സ്പിന്നര്‍മാരായ കരണ്‍ ശര്‍മ, ശഹ്ബാസ് അഹമദ്, കെ. ഗൗതം എന്നിവരാണ് അവര്‍. മലയാളി വിക്കറ്റ്കീപ്പര്‍ സഞ്ജു സാംസണിനോട് ദുബായില്‍ തങ്ങാന്‍ ബി.സി.സി.ഐ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പട്ടികയില്‍ ഇല്ല. 
ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടി കാഴ്ചവെച്ച മികച്ച പ്രകടനമാണ് ശാര്‍ദുലിന് സ്ഥാനക്കയറ്റം നേടാന്‍ സഹായിച്ചത്. ആദ്യ ലിസ്റ്റില്‍ റിസര്‍വ് കളിക്കാരുടെ പട്ടികയിലായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയാണ് നിലവില്‍ ടീമിലെ പെയ്‌സ്ബൗളിംഗ് ഓള്‍റൗണ്ടര്‍. എന്നാല്‍ ഹാര്‍ദിക് ഫോമിലല്ല, അധികം പന്തെറിഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തില്‍ ശാര്‍ദുല്‍ പ്ലേയിംഗ് ഇലവനിലെത്താനാണ് സാധ്യത. 
യു.എ.ഇയിലെ മത്സരങ്ങളില്‍ അക്ഷറും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇടങ്കൈയന്‍ സ്പിന്നര്‍ ഓള്‍റൗണ്ടറുടെ സ്ഥാനത്ത് രവീന്ദ്ര ജദേജയുണ്ട് എന്നതിനാലാണ് അക്ഷറിനെ ഒഴിവാക്കിയത്. ടി. നടരാജന് പരിക്കേറ്റതിനാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെത്തിയ ഉംറാന്‍ മാലിക് ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ് (153 കി.മീ.) ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു.

Latest News