Sorry, you need to enable JavaScript to visit this website.

അലയന്‍സ് എയറും വില്‍പ്പനയ്ക്ക്; സര്‍ക്കാരിന്റെ സ്വന്തമായ അവസാന വിമാന കമ്പനിയും കൈവിടുന്നു

ന്യൂദല്‍ഹി- കടബാധ്യതയുടെ കാര്‍മേഘങ്ങളിലൂടെ ഇത്രയും കാലം നഷ്ടത്തില്‍ പറന്ന എയര്‍ ഇന്ത്യയെ അവസാനം കേന്ദ്ര സര്‍ക്കാര്‍ ടാറ്റയ്ക്ക് വിറ്റപ്പോള്‍ ഇനി സര്‍ക്കാരിന് സ്വന്തമായി ഒരു വിമാന കമ്പനി ഇല്ലെന്നായിരുന്നു പലരും പറഞ്ഞിരുന്നത്. എന്നാല്‍ ഇതു വസ്തുതയല്ല. എയര്‍ ഇന്ത്യയുടെ ഭാഗമായിരുന്ന അലയന്‍സ് എയര്‍ ഇപ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ സ്വന്തമാണ്. എയര്‍ ഇന്ത്യ വില്‍പ്പന ഇടപാടില്‍ അലയന്‍സ് എയര്‍ ഉള്‍പ്പെടില്ല. എന്നാല്‍ ഇതും ബാക്കിവെക്കാന്‍ കേന്ദ്ര സര്‍ക്കാരിന് താല്‍പര്യമില്ലെന്നാണ് വസ്തുത. എയര്‍ ഇന്ത്യയുടെ വഴിയെ വൈകാതെ അലയന്‍സ് എയറിനേയും സര്‍ക്കാര്‍ വിറ്റ് കാശാക്കി മാറ്റാനൊരുങ്ങുകയാണ്. 

മാതൃകമ്പനിയായ എയര്‍ ഇന്ത്യയുടെ വിപണിയില്‍ നിന്നും വ്യത്യസ്തമായിരുന്നു അലയന്‍സ് എയറിന്റെ വിപണി. പ്രധാനമായും ചെറുവിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആഭ്യന്തര സര്‍വീസ് ആണ് അലയന്‍സ് എയറിന്റെ സുപ്രധാന ബിസിനസ്. ചെറുവിമാനമായ എടിആര്‍-72 ടര്‍ബോപ്രോപ് ഇനത്തില്‍പ്പെട്ട 18 വിമാനങ്ങളാണ് അലയന്‍സ് എയറിന് സ്വന്തമായുള്ളത്. ഇന്ത്യയിലുടീനം 47 ഡെസ്റ്റിനേഷനുകളില്‍ സര്‍വീസ് നടത്തുന്നു. പ്രധാനമായും ദല്‍ഹിയേയും മുംബൈയേയും മറ്റു ചെറുനഗരങ്ങളുമായി ബന്ധിപ്പിച്ചുള്ളതാണ് സര്‍വീസുകളെല്ലാം. 2019 നവംബറില്‍ ചെന്നൈയില്‍ നിന്ന് ശ്രീലങ്കയിലെ ജാഫ്‌നയിലേക്ക് സര്‍വീസ് നടത്തി ആദ്യ അന്താരാഷ്ട്ര സര്‍വീസിനും അലയന്‍സ് എയര്‍ തുടക്കമിട്ടിരുന്നു. എന്നാല്‍ കോവിഡ് വന്നതോടെ ഇതു താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

എയര്‍ ഇന്ത്യയില്‍ ലയിപ്പിച്ച ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്ന കമ്പനിയുടെ ഉപകമ്പനിയായി 1996ലാണ് അലയന്‍സ് എയറിന്റെ തുടക്കം. വലിയ വിമാനങ്ങളുടെ മാത്രം സര്‍വീസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഈ നീക്കം. ചെറുവിമാനങ്ങള്‍ ഉപയോഗിച്ചുള്ള ഒരു ബജറ്റ് ഫീഡര്‍ സര്‍വീസായി അലയസന്‍സ് എയറിനെ മാറ്റാനായിരുന്നു ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ പദ്ധതി. ചെറു നഗരങ്ങളില്‍ നിന്ന് യാത്രക്കാരെ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ സര്‍വീസ് ഹബുകളിലെത്തിക്കാനുള്ള ഒരു വഴിയായിരുന്നു ഇത്. 

2011ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിനെ എയര്‍ ഇന്ത്യയില്‍ ലയിപ്പിച്ചതോടെ അലയന്‍സ് എയറും എയര്‍ ഇന്ത്യയുടെ ഭാഗമായി. എങ്കിലും ആഭ്യന്തര സര്‍വീസുകള്‍ തുടര്‍ന്നു. ചരിത്രത്തിലാദ്യമായി അലയന്‍സ് എയര്‍ പ്രവര്‍ത്തനം ലാഭം നേടിയത് 2020-21 സാമ്പത്തിക വര്‍ഷമായിരുന്നു. 65.09 കോടി ആയിരുന്നു ഇത്.

എയര്‍ ഇന്ത്യയെ വില്‍പ്പനയ്ക്ക് വെച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അലയന്‍സ് എയറിനെ മാറ്റി നിര്‍ത്തി. ഈ കമ്പനിയെ എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലേക്ക് മാറ്റുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. ടാറ്റയുമായുള്ള ഇടപാടില്‍ ഉള്‍പ്പെടാത്ത എയര്‍ ഇന്ത്യയുടെ എല്ലാ ആസ്തികളും ബാധ്യതകളും ഇപ്പോള്‍ എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിങ്‌സ് എന്ന ഈ കമ്പനിയുടെ പേരിലാണ്. ഈ കമ്പനിയുടെ ബാധ്യത തീര്‍ക്കാനാണ് ഇപ്പോള്‍ അലയന്‍സ് എയറിനേയും കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കാനൊരുങ്ങുന്നത് എന്നാണ് ഇക്കണൊമിക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നത്. 2000 കോടി രൂപയാണ് അലയന്‍സ് എയറിന്റെ മൂല്യം.  

കോവിഡ് മഹാമാരി മൂലം നഷ്ടമായ നികുതി വരുമാനം നികത്താന്‍ 2022 മാര്‍ച്ചിനകം ഏതാനും പ്രധാന പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടി വിറ്റ് കാശാക്കി 1.75 ട്രില്യന്‍ രൂപ സ്വരൂപിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. ഇതില്‍ അലയന്‍സ് എയര്‍ മാത്രമല്ല, എല്‍ഐസി, ഭാരത് പെട്രോളിയം തുടങ്ങിയ ലാഭത്തിലോടുന്ന വന്‍ സര്‍ക്കാര്‍ കമ്പനികളുടെ ഓഹരി വില്‍പ്പനയും ഉല്‍പ്പെടും.
 

Latest News