Sorry, you need to enable JavaScript to visit this website.

യു.എ.ഇ യാത്ര; മുഴുവൻ രേഖകളും കൈവശമുണ്ടാകണമെന്ന് എയർ ഇന്ത്യ

ദുബായ്- യു.എ.ഇയിലെ ഏത് എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്നവരും എല്ലാ രേഖകളും കൈവശം കരുതണമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഓരോ എമിറേറ്റുകളിലും നിർബന്ധമാക്കിയ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് യാത്ര ചെയ്യേണ്ടത്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈവശമുണ്ടെന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ ഉറപ്പ് വരുത്തണം. അല്ലാത്തവരെ യാതൊരു കാരണവശാലും യാത്ര ചെയ്യാൻ അനുവദിക്കില്ല. ഏറ്റവും പുതിയ മാർഗനിർദേശങ്ങളിലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ഇക്കാര്യം വ്യക്തമാക്കിയത്. 
ദുബായ് റെസിഡൻസ് വിസയുള്ളവർ ജി.ഡി.ആർ.എഫ്.എ അനുമതി പത്രം കൈവശം വെക്കണം. മറ്റ് എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്നവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് (ഐ.സി.എ) അനുമതി ലഭ്യമാക്കണം. അതേസമയം ദുബായ് എക്‌സ്‌പോ 2020 ന്റെ ഭാഗമായി യാത്ര ചെയ്യുന്നവർക്ക് ഈ രേഖകൾ ആവശ്യമില്ല. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെ ക്യൂ ആർ കോഡ് ഉള്ള റിപ്പോർട്ട് എല്ലാ യാത്രക്കാരും കൈവശം വെക്കണം. 48 മണിക്കൂറിനുള്ളിൽ എടുത്ത പരിശോധനാ ഫലമാണ് വേണ്ടത്. ഇന്ത്യൻ വിമാനത്താവളങ്ങളിൽനിന്ന് യാത്ര പുറപ്പെടുന്നതിന്റെ നാല് മണിക്കൂർ മുമ്പ് റാപ്പിഡ് ടെസ്റ്റും പൂർത്തിയാക്കണമെന്നും വ്യവസ്ഥയുണ്ട്. 
വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഇന്നലെ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറഞ്ഞിട്ടില്ല. നേരത്തെ ഇത് നിർബന്ധമാണെന്ന് പറഞ്ഞിരുന്നു. എങ്കിലും ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം വാക്‌സിനേഷൻ നിർബന്ധമില്ല. അതേസമയം, ദുബായിലേക്ക് വാക്‌സിനേഷൻ നിർബന്ധമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. അതേസമയം യാത്ര പുറപ്പെടുന്നതിന് മുമ്പ് വാക്‌സിനേഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നുണ്ട്. അബുദാബി, ഷാർജ യാത്രക്കാർ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പുറപ്പെടുന്നതിന്റെ ആറ് മണിക്കൂർ മുമ്പെങ്കിലും യാത്രക്കാർ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും എയർ ഇന്ത്യ അറിയിച്ചു. പി.സി.ആർ ടെസ്റ്റ് കൗണ്ടറുകൾ യാത്രയുടെ രണ്ട് മണിക്കൂർ മുമ്പ് അടക്കും. അബുദാബിയിലേക്കുള്ള യാത്രക്കാർ നിർബന്ധമായും 12 ദിവസം ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിൽ ഇരിക്കണം. റാസൽഖൈമയിലേക്ക് 10 ദിവസമാണ് ക്വാറന്റൈൻ കണക്ക്. 
 

Tags

Latest News