സെഞ്ചൂറിയൻ - യുസ്‌വേന്ദ്ര ചഹൽ-കുൽദീപ് യാദവ് സ്പിൻ ജോഡിക്കു മുന്നിൽ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിലും ദക്ഷിണാഫ്രിക്ക മൂക്കുകുത്തി വീണു. ചഹൽ കരിയറിലാദ്യമായി അഞ്ചു വിക്കറ്റെടുത്തതോടെ ദക്ഷിണാഫ്രിക്ക നാട്ടിൽ അവരുടെ ഏറ്റവും ചെറിയ സ്‌കോറായ 118 ന് ഓളൗട്ടായി. ഇന്ത്യ വെറും 20.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ലഞ്ചാവുമ്പോഴേക്കും കളിയവസാനിച്ചു. ആറു മത്സര പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിലെത്തി.
ഇന്ത്യൻ സ്പിന്നർമാർക്ക് അനുയോജ്യമായ സെഞ്ചൂറിയനിലെ വേഗം കുറഞ്ഞ പിച്ചിൽ ദക്ഷിണാഫ്രിക്കയുടെ ഒരു ബാറ്റ്‌സ്മാനും പിടിച്ചുനിൽക്കാനായില്ല. ചഹലും കുൽദീപും എട്ട് വിക്കറ്റ് പങ്കുവെച്ച് അവരുടെ പ്രതിരോധം കീറിമുറിച്ചു. ഫാഫ് ഡുപ്ലെസിയുടെയും എബി ഡിവിലിയേഴ്‌സിന്റെയും അഭാവത്തിൽ സ്വന്തം ഗ്രൗണ്ടിൽ നായക പദവി ഏറ്റെടുത്ത എയ്ദൻ മാർക്‌റമിന് അരങ്ങേറ്റം ഇതിനെക്കാൾ മോശമാകാനില്ല. മറുപടിയായി മോർണി മോർക്കലിനെ രോഹിത് ശർമ (15) ആദ്യ ഓവറിൽ സിക്‌സറിന് പറത്തിയ ശേഷം ഇന്ത്യ തിരിഞ്ഞുനോക്കിയില്ല. രോഹിതിനെ കഗീസൊ റബാദ പുറത്താക്കിയെങ്കിലും ശിഖർ ധവാനും (56 പന്തിൽ 51 നോട്ടൗട്ട്) ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും (50 പന്തിൽ 46 നോട്ടൗട്ട്) ഇന്ത്യയെ അനായാസം വിജയത്തിലേക്കടുപ്പിച്ചു.
വിക്കറ്റ് പോകാതെ 39 ലെത്തിയ ദക്ഷിണാഫ്രിക്കക്ക് സ്പിന്നർമാർ വന്നതോടെ മുട്ടിടിക്കുകയായിരുന്നു. 26 പന്തിനിടെ 12 റൺസിനിടയിൽ അവർക്ക് നാലു വിക്കറ്റ് നഷ്ടപ്പെട്ടു. അരങ്ങേറ്റക്കാരൻ ഖായ സോൻഡോയും (45 പന്തിൽ 25) ടീമിലെ സീനിയർ താരം ജെ.പി ഡുമിനിയും (39 പന്തിൽ 25) കരകയറ്റാൻ ശ്രമിച്ചെങ്കിലും അവസാന ആറു വിക്കറ്റുകൾ 39 പന്തിനിടെ 19 റൺസിന് പിടിച്ചെടുത്ത് ഇന്ത്യ ആണിയടിച്ചു. 33 ഓവറിൽ ദക്ഷിണാഫ്രിക്ക മൂക്കു കുത്തി.
കോഹ്‌ലി ടോസ് നേടിയപ്പോൾ ഇരു ടീമുകളും സന്തുഷ്ടരായിരുന്നു. പുതിയ പന്ത് നന്നായി ചലിക്കുമെന്നു കരുതി ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഉച്ചക്കു ശേഷം പന്ത് തിരിയുമെന്നതിനാൽ ആ ഘട്ടത്തിൽ ബൗൾ ചെയ്യാമെന്നതിൽ ആതിഥേയരും തൃപ്തരായിരുന്നു. അതിനു മുമ്പെ കളി തീരുമെന്ന് ദക്ഷിണാഫ്രിക്ക പ്രതീക്ഷിച്ചില്ല.
ഹാശിം അംല (32 പന്തിൽ 23) നങ്കൂരമിടുകയും ക്വിന്റൺ ഡികോക്ക് (36 പന്തിൽ 20) ആക്രമിക്കുകയുമാണ് ദക്ഷിണാഫ്രിക്കയുടെ രീതി. ആദ്യ പന്തിൽ തന്നെ ഡികോക്ക് പുറത്താവേണ്ടതായിരുന്നു. സ്റ്റമ്പിന് പന്ത് കൊണ്ടെങ്കിലും ബെയ്ൽസ് തെറിച്ചില്ല. ഹാശിം എഡ്ജ് ചെയ്തത് സ്ലിപ്പിനു മുകളിലൂടെ പറന്നു. ഹാശിമിനെ പുറത്താക്കി ഭുവനേശ്വർകുമാർ ഇന്ത്യക്ക് ബ്രെയ്ക്ത്രൂ നൽകി. ചാഞ്ചല്യത്തോടെ കളിച്ച ഡികോക്കിന് മൂന്നോവർ കൂടിയേ നിൽക്കാനായുള്ളൂ. സ്‌കോർ 51 ലുള്ളപ്പോൾ മൂന്നു വിക്കറ്റുകൾ നിലംപതിച്ചു. ചാഹലിന് ആദ്യ വിക്കറ്റ് സമ്മാനിച്ച് ഡികോക്ക് മടങ്ങി. കുൽദീപിന്റെ ആദ്യ പന്ത് മാർക്‌റം (8) ഉയർത്തിയത് ഡീപ് മിഡ്‌വിക്കറ്റിൽ ഭുവനേശ്വറിന്റെ കൈയിലേക്കായിരുന്നു. അതേ ഓവറിലെ മനോഹരമായ പന്തിൽ ഡേവിഡ് മില്ലറും (0) പുറത്തായി.
ചഹലിനു പകരം ഹാർദിക് പാണ്ഡ്യ ബൗളിംഗിനു വന്നതോടെ സോൻഡോയും ഡുമിനിയും അഞ്ചാം വിക്കറ്റിൽ 48 റൺസ് ചേർത്തു. നാലിന് 95 ൽ കരകയറുകയായിരുന്നു ദക്ഷിണാഫ്രിക്ക. തിരിച്ചുവന്ന ചഹൽ അവരുടെ പ്രതീക്ഷ തകർത്തു. സോൻഡോയെ പുറത്താക്കിയാണ് ചഹൽ ആരംഭിച്ചത്. അടുത്ത ഓവറിൽ ഡുമിനി എൽ.ബി.ഡബ്ല്യു ആയി. പിന്നീട് ചഹലും കുൽദീപും ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ ബൗളറുടെ മികച്ച പ്രകടനമാണ് ചഹലിന്റേത് (5-22). ബുധനാഴ്ച കേപ്ടൗണിലാണ് മൂന്നാം മത്സരം.