Sorry, you need to enable JavaScript to visit this website.
Monday , December   06, 2021
Monday , December   06, 2021

തമിഴിൽ മധ്യാഹ്ന പരമ്പരകളും...


ദൂരദർശൻകാലം
 

പരമ്പരകൾക്ക് പരസ്യങ്ങൾ കിട്ടുന്നതും നിരക്കുകൾ നിശ്ചയിക്കപ്പെടുന്നതും ടെലിവിഷൻ റേറ്റിംഗ് പോയിന്റുകളെ അടിസ്ഥാനമാക്കിയാണ്. പരമ്പരകൾ സംപ്രേഷണം ചെയ്യപ്പെടുമ്പോൾ അക്കാലത്ത് ചുരുങ്ങിയത് ആറ് എപ്പിസോഡുകളെങ്കിലും കഴിഞ്ഞാലേ ടി.ആർ.പി പുറത്തുവരുമായിരുന്നുളളു. പ്രേക്ഷകപ്രീതി മെച്ചപ്പെട്ട് വരുമ്പോഴത്തേക്കും പരമ്പര തീർന്നിരിക്കും, എത്ര മികച്ച പരമ്പരയായാലും. സ്വാഭാവികമായും അതിൽ പ്രതിഷേധങ്ങളുണ്ടായി.     മദിരാശിയിൽ അക്കാലത്തു തന്നെ വീഡിയോ നിർമ്മാണ സൗകര്യങ്ങളുളള പല പുതിയ സ്ഥാപനങ്ങളും ഉയർന്നുവന്നിരുന്നു. അവരിൽ ചിലർക്കെങ്കിലും ദൂരദർശനിലുളളതിനെക്കാൾ ആധുനികമായ മികച്ച എഡിറ്റിംഗ്, ഗ്രാഫിക്‌സ് ഉപകരണങ്ങളുണ്ടായിരുന്നു. അവിടങ്ങളിൽ നിർമ്മിക്കപ്പെടുന്ന (വീഡിയോ സാങ്കേതികവിദ്യയുടെ പുരോഗതി അത്ഭുതാവഹമായിരുന്നു) പരമ്പരകൾ നല്ല ഗുണനിലവാരവും പ്രേക്ഷകപ്രീതിയും നേടി. അത്തരമൊരു നിർമ്മാണക്കമ്പനിയായിരുന്ന ശ്രീ മാണിക്കം നാരായണന്റെ സെവൻത് ചാനൽ കമ്മ്യൂണിക്കേഷൻസ് 1990 തൊട്ടേ പേരെടുത്തിരുന്നു.  പ്രസിദ്ധ നോവലിസ്റ്റായ സുജാതയുടെ സ്‌ക്രിപ്ടിനെ ആധാരമാക്കി എഴുതപ്പെട്ട 'വാഴ്‌ക്കൈ'  ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയിരുന്നു. അതിനാലായിരുന്നു ആദ്യമായി 13 ന് പകരം 26 ആക്കി നീട്ടിക്കൊടുത്തത്. അത്തരം മികച്ച നിർമ്മാണക്കമ്പനികൾ വേറെയുമുണ്ടായിരുന്നു. ക്യൂവിൽ കാത്തുനിൽക്കുന്ന മറ്റുളളവരുടെ ഊഴം വൈകുമെന്നതിനാൽ കുറെ മുറുമുറുപ്പുകളും പരാതികളും ഉണ്ടായിരുന്നു.
മലയാളത്തിൽ സിനിമ വലിയ സ്‌ക്രീനിൽ നിന്ന് ടെലിവിഷന്റെ ചെറിയ സ്‌ക്രീനിലേക്ക് വരുത്താൻ മഹാപ്രതിഭകൾക്ക് പോലും മടിയായിരുന്നു. ഞാൻ നേരിട്ട് ക്ഷണിച്ചിട്ടും വരാത്ത കാര്യം എല്ലാരംഗങ്ങളിലും മഹാപ്രതിഭയായ ശ്രീകുമാരൻ തമ്പി തന്നെ എഴുതിയിട്ടുണ്ട്. വന്നവരിൽ ചിലർക്ക് ടെലിവിഷന്റെ സാങ്കേതികത്വവുമായി പൊരുത്തപ്പെടാനും ആദ്യകാലത്ത് കഴിഞ്ഞിരുന്നില്ല. അതിനാൽ അവ തളളിപ്പോയ കഥയുമുണ്ട്. 
    
പ്രശസ്ത സിനിമാ നടനായ ശിവകുമാറിനെ നായകനാക്കി ചിത്രീകരിച്ച ആദ്യത്തെ മെഗാസീരിയലായ എത്തനൈ മനിതർകൾ (പ്രസിദ്ധ കവി കണ്ണദാസന്റെ മകൻ കൺമണി സുബ്ബുവും രമണീയനും കൂടി എഴുതിയ) പ്രേക്ഷകപ്രീതി മാത്രമല്ല മാധ്യമശ്രദ്ധയും നേടി. ഹിന്ദുപത്രവും ആനന്ദവികടനും അതിനെ പ്രശംസിച്ചു: അതിൽ ഒരു അഭിമുഖത്തിൽ ശിവകുമാർ തനിക്ക് 150 ചിത്രങ്ങളിൽ അഭിനയിച്ചാൽ കിട്ടുന്നതിനേക്കാൾ ജനപ്രീതി പരമ്പര നേടിത്തന്നു എന്ന് പറഞ്ഞതായി റിപ്പോർട്ട് കണ്ടിരുന്നു. പ്രശസ്തമായ മൈലാപ്പൂർ അക്കാദമി അതിന് പുരസ്‌കാരങ്ങളും നൽകിയിരുന്നു. പിന്നീട് മലേഷ്യയിലെ ആദ്യത്തെ പേ ചാനലായ (ജമ്യ ഇവമിിലഹ) ഇന്ത്യൻ വംശജനായ ആനന്ദകൃഷ്ണൻ തുടങ്ങിയ ഓസ്‌ട്രേലിയിലും സംപ്രേഷണം ചെയ്ത് പ്രേക്ഷകപ്രീതി നേടിയതായി അവിടത്തെ തമിഴ്ചാനലുകളുടെ ചുമതലയുളളവർ അറിയിച്ചിരുന്നു. സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കി സുജാത, അനുരാധാ രമണൻ, മഹേന്ദ്രൻ, ബാലു മഹേന്ദ്ര തുടങ്ങിയവർ നിർമ്മിച്ച  തമിഴിലെ ആദ്യത്തെ ബ്രാൻഡ് ചെയ്യപ്പെട്ട പരമ്പരയാണ്'ഹോർലിക്‌സ് പെൺമണം'.അതിന്റെ അവതരണം നടത്തിയത് അക്കാലത്ത് ഹോർലിക്‌സ് കമ്പനിയുടെ മോഡലായിരുന്ന മാല മണിയനായിരുന്നു; പ്രേക്ഷകർക്ക് സമ്മാനം നൽകുന്നതിനുളള ഏർപ്പാടും ആദ്യമായി ആ പരമ്പരയിലായിരുന്നു. ഇതിന് പുറമെ 1987ൽ കുമുദം പത്രാധിപർ മാലൻ അവതരിപ്പിച്ച രേവതി പങ്കെടുത്ത ടാക് ഷോ (ഠമഹസ ടവീം) വലിയ പ്രേക്ഷകപ്രീതി നേടി. 
ഇന്ത്യൻ ടെലിവിഷന്റെ ചരിത്രത്തിൽ ആദ്യമായി ആഴ്ചയിൽ അഞ്ചുദിവസം വീതമുളള മദ്ധ്യാഹ്നപരമ്പരകൾ സംപ്രേഷണം ചെയ്തത് തമിഴിലാണ്: മദ്രാസ് ദൂരദർശനിൽ നിന്ന്. പലരും കരുതുന്നതുപോലെ അത് ദേശിയശൃംഖലയിലെ, സ്മൃതി ഇറാനി അഭിനയിച്ച 'ശാന്തി' ആയിരുന്നില്ല, 'വിഴുതുകൾ' (അരയാൽ വൃക്ഷത്തിന്റെ തൂങ്ങിക്കിടക്കുന്ന വേരുകൾ) എന്നായിരുന്നു അതിന്റെ പേര്. 1995 നവംബർ 6-ാം തീയതി മുതൽ 378 എപ്പിസോഡുകളാണ് സംപ്രേഷണം ചെയ്തത്. ഹൻസാവിഷൻ എന്ന പരസ്യ നിർമ്മാണക്കമ്പനിയായിരുന്നു അത് നിർമ്മിച്ചത്. രമണീയൻ എഴുതി, രമണി ഭരദ്വാജ് സംഗീതസംവിധാനം നിർവ്വഹിച്ച വിഴുതുകൾ ഗോപി ഭീംസിംഗ് സംവിധാനം ചെയ്തു. സാധാരണഗതിയിൽ അക്കാലത്ത് ഒരു പരമ്പര ആദ്യം ഉപഗ്രഹചാനലിൽ ആദ്യം കാണിച്ച് പിന്നീട് ഭൂതലസംപ്രേഷണത്തിനൊരുങ്ങുന്നത് ആരും ചെയ്യാത്തതാണ്. പക്ഷെ, ഹൻസാവിഷനിലെ ശേഖർസ്വാമിയും സഹോദരൻ സുന്ദർസ്വാമിയും സഹോദരി വിമല രമണനും  സാഹസബുദ്ധികളായിരുന്നു. അഞ്ചുനാൾ പരമ്പരയുടെ ആശയവുമായി അവർ പലതവണ ഡയറക്ടർ ജനറൽ രതികാന്ത് ബാസുവിനെ കണ്ടു. അദ്ദേഹം പുതുമകൾ തേടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥനായിരുന്നതിനാൽ അതംഗീകരിക്കുകയും അത് നടപ്പിൽ വരുത്തുന്ന ചുമതല എന്നെ ഏല്പിക്കുകയും ചെയ്തു. വളരെ രസകരമായിരുന്നു അതിന്റെ കഥ. ഒരു കോടീശ്വരൻ തന്റെ യഥാർത്ഥ അവകാശികളെ തേടുന്നതായിരുന്നു കഥയുടെ അന്തർധാര. മലയാള സിനിമാനടൻ പ്രതാപചന്ദ്രനായിരുന്നു മുഖ്യവേഷം. മൗനിക, ലളിത, ധരിണി, ഭരത് കല്യാൺ, മുരളികുമാർ,പൂവിലങ്ങ് മോഹൻ എന്നിവർ മറ്റ് പ്രധാന അഭിനേതാക്കളും. ഒരു പ്രത്യേക സ്ഥലത്ത് ഒരേ സമയത്ത് ജനിച്ച അഞ്ചുപേർ എങ്ങനെ ജീവിതത്തിൽ വിവിധ രീതികളിൽ പ്രവർത്തിക്കുന്നു എന്നതായിരുന്നു കഥാ തന്തു. അഞ്ച് ദിവസത്തെ മദ്ധ്യാഹ്ന പരമ്പരയ്ക്ക് തുടക്കംകുറിച്ചുകൊണ്ട് രാജ്യത്തെ ഏറ്റവും കൂടുതൽ പരസ്യം നൽകുന്ന ഹിന്ദുസ്ഥാൻ ലീവർ ആയിരുന്നു ആരംഭകാലത്ത് പിന്തുണച്ചത്. പിന്നീട് മറ്റുളള വലിയ കമ്പനികളും വന്നു. 
ഒരു വലിയ ചരിത്രത്തിന്റെ പ്രാരംഭമായി സാഹസബുദ്ധിയോടെ ആദ്യകാലങ്ങളിൽ നഷ്ടം സഹിച്ചും ഹൻസാ വിഷൻ ഒരുങ്ങിയെന്നത് അഭിനന്ദനീയമാണ്. അവർ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ വലിയ സ്ഥാനം നേടി. അത്രയും വലിയ ഒരു വെല്ലുവിളിയാണ് അവർ ഏറ്റെടുത്തത്. 
പരമ്പരയുടെ വാണിജ്യവശത്തെക്കുറിച്ച് തീരുമാനങ്ങളെടുക്കുകയും അതിന്റെ സംപ്രേഷണം മദ്രാസ് ദൂരദർശനിൽ സുഗമമായി നടത്തിക്കുകയുമായിരുന്നു എന്റെ ജോലി. ആദ്യം രാത്രി 9 മണിക്ക് ഉപഗ്രഹചാനലിലൂടെ നടത്തിയ സംപ്രേഷണം പിന്നീട് ഉച്ചയ്ക്ക് 12 മണിക്ക് ഭൂതല സംപ്രേഷണവും. ഈ സമയത്ത് ചില ദിവസങ്ങളിൽ വിദ്യാഭ്യാസ പരിപാടികൾ, തമിഴ്‌നാട് ഗവണ്മെന്റ് സ്‌കൂളിലെ സിലബസിന്റെ ഭാഗമായി സംപ്രേഷണം നടത്തിയിരുന്നു. വിദ്യാഭ്യാസ പരിപാടികളുടെ സമയം മാറ്റുന്നതിന് വേണ്ട ശ്രമങ്ങൾ നടത്തി. ഒടുവിൽ മാറ്റി, കച്ചവടതാല്പര്യങ്ങൾക്കായി വിദ്യാഭ്യാസപരിപാടികളുടെ സമയം മാറ്റിയതിന് പഴികേൾക്കേണ്ടി വന്നു. നിശ്ചിത പരിപാടികൾ ഒരേ സമയത്തുതന്നെ സംപ്രേഷണം ചെയ്യണമെന്നത് പ്രക്ഷേപണത്തിന്റെ അടിസ്ഥാനതത്വമാണ്. 
ഉപഗ്രഹസംപ്രേഷണത്തിന് ധാരാളം പ്രേക്ഷകരുണ്ടായിരുന്നുവെങ്കിലും പരസ്യങ്ങൾ വേണ്ടത്ര കിട്ടിയില്ല; പരസ്യസമയം ഭൂതലസംപ്രേഷണത്തിലുളളതിനെക്കാൾ കൂടുതലായിരുന്നു, മാത്രമല്ല നിരക്കുകൾ തമ്മിലും അജഗജാന്തരം! ഒടുവിൽ ഉപഗ്രഹചാനലിലെ പരസ്യസമയം ബാങ്ക് ചെയ്ത്, ആ തുകയുടെ മൂല്യത്തിന് സമമായി ഭൂതലസംപ്രേഷണത്തിൽ ഉപയോഗിക്കാൻ അനുവാദം നൽകി. ആദ്യത്തെ 20 ആഴ്ചകളെങ്കിലും നിർമ്മാതാക്കൾക്ക് ഭീമമായ നഷ്ടം നേരിട്ടു. പക്ഷെ അവർ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. ഓരോ തവണയും ഞാൻ മദ്രാസിലെത്തുമ്പോൾ പ്രശ്‌നങ്ങളുടെ പരമ്പരയുമായി എത്തുന്ന വിമല രമണന് ഞാൻ പരിഹാരം ചെയ്തുകൊടുത്തു. ടെലിവിഷൻ ചരിത്രത്തിലെ മധ്യാഹ്ന പരമ്പരകളുടെ ഭാഗമാവാൻ കഴിഞ്ഞതിൽ ഇപ്പോഴും അഭിമാനമുണ്ട്. മാത്രമല്ല അത്തരം പരമ്പരകൾ നിർമ്മിക്കുന്നവർ ദൂരദർശന്റെ സഹകാരികളാണെന്നും അവർ ലാഭത്തിനുവേണ്ടി മാത്രമുളള നിർമ്മാതാക്കളല്ലെന്നുമുളള അവബോധം സൃഷ്ടിക്കാനും കഴിഞ്ഞു.
ഡൽഹിയിൽ നിന്ന് ഭാഗികമായി എന്നെ മദ്രാസിലേക്ക് നിയോഗിക്കുമ്പോൾ നൽകിയിരുന്ന നിർദ്ദേശം കഴിയുന്നത്ര കാര്യക്ഷമമായി ഞാൻ പാലിച്ചു. 1995-96 സാമ്പത്തിക വർഷത്തിൽ തന്നെ മുൻ കൊല്ലത്തെ അപേക്ഷിച്ച് പരസ്യവരുമാനത്തിൽ മദിരാശി കേന്ദ്രം മുന്നിട്ടുനിന്നു. 1996-97 സാമ്പത്തിക വർഷത്തിൽ അത് ഒരു പ്രാദേശിക കേന്ദ്രത്തിൽ നിന്നുളള റെക്കോർഡ് തുകയായി. 54 കോടിയിലേറെ. തിരിഞ്ഞുനോക്കുമ്പോൾ ചാരിതാർത്ഥ്യമുണ്ട്, അതിന് സഹായിച്ച സഹപ്രവർത്തകരോടും ഡൽഹിയിലെ എന്റെ അക്കാലത്തെ ഡയറക്ടർ ജനറലായിരുന്ന രതികാന്ത് ബാസുവിനോടും. ഇന്ത്യയിൽ സ്റ്റാർ ടിവി തുടങ്ങിയപ്പോൾ അദ്ദേഹം അതിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി പോകുമ്പോൾ (അദ്ദേഹം ഐ.ടി സെക്രട്ടറിയായിരുന്നു) എന്നെ കൂടെ പോകാൻ വിളിച്ചിരുന്നു. പ്രതിമാസം അഞ്ചുലക്ഷം രൂപ ശമ്പളത്തിൽ. അത് അന്ന് പ്രലോഭിപ്പിക്കുന്നത്ര വലിയ സംഖ്യയായിരുന്നു, പക്ഷെ, പോയില്ല. വിളിച്ചതിന് എക്കാലവും അദ്ദേഹത്തോട് നന്ദി മനസ്സിലുണ്ട്. ഗവണ്മെന്റ് ജോലിയുടെ സുരക്ഷിതത്വബോധം എന്നെ വിലക്കി എന്നതാണ് സത്യം.


 

Latest News