ചോര വീഴ്ത്തുന്ന 'ബിറ്റ്‌കോയിൻ'  മാഫിയ

മലപ്പുറത്ത് കൊലപ്പെട്ട  ആയിഷുമ്മ 
.മംഗലാപുരം, കുടക്, കാസർകോട്, കണ്ണൂർ ഭാഗങ്ങളിൽ നിന്നായി കൂട്ടമായെത്തിയ നിക്ഷേപകർ പൂക്കോട്ടുംപാടത്തുള്ള നിഷാദിന്റെ വീടിനു മുന്നിൽ തടിച്ച് കൂടിയപ്പോൾ.
ലോങ്‌റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ എം.ഡി പൂക്കോട്ടുംപാടം സ്വദേശി നിഷാദ് കിളിയിടുക്കൽ
ആയിഷുമ്മ വധക്കേസിലെ പ്രതി നിഷാദലി,
ഡെറാഡൂണിൽ കൊല്ലപ്പെട്ട ഷുക്കൂർ (ഫയൽ)

മേലേപീടിയേക്കൽ  അബ്ദുൾ ഷുക്കൂർ എന്ന യുവാവിനെ മലപ്പുറത്തുകാരായ ഏതാനും യുവാക്കൾ ചേർന്ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. മൂന്ന് വർഷം മുമ്പായിരുന്നു സംഭവം. 485 കോടി രൂപയുടെ 'ബിറ്റ്‌കോയിൻ' ഇടപാടുമായി ബന്ധപ്പെട്ട തർക്കമോ, തട്ടിപ്പോ ആണ് ഈ കൃത്യത്തിന് പിന്നിലെന്ന് ഉത്തരാഖണ്ഡ് പോലീസ് അന്ന് കേരള പോലീസിനെ അറിയിച്ചിരുന്നു. രാജ്യത്ത് നിരോധിച്ചിട്ടുള്ള ക്രിപ്‌റ്റോകറൻസി വിഭാഗത്തിൽ പെടുന്ന ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഒരു മലയാളി അന്യ സംസ്ഥാനത്ത് വെച്ച് ക്രൂരമായി കൊല്ലപ്പെടുന്നത്. 


മലപ്പുറത്തുകാരായ പത്ത് പേർ ചേർന്നാണ് കൊല നടത്തിയതെന്ന് ഡെറാഡൂൺ  സീനിയർ പോലീസ് സൂപ്രണ്ട് അരുൺ മോഹൻ ജോഷിയെ ഉദ്ധരിച്ച് കൊണ്ട് ദേശീയ പത്രങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. കൊല്ലപ്പെട്ട ഷുക്കൂർ രണ്ട് നാമങ്ങളിലായി ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ചുകൾ നടത്തിയിരുന്നതായും, അയാളുടെ ബിസിനസ് പങ്കാളികളാണ് കൊല നടത്തിയതെന്നുമാണ് പോലീസ് നൽകിയ വിവരം. ഷുക്കൂറിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ബിറ്റ്കോയിൻ ഇടപാട് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ കൊലയുമായി ബന്ധപ്പെട്ട് പതിവ് കോലാഹലങ്ങൾക്കപ്പുറം മറ്റ് നടപടികൾ ഒന്നുമുണ്ടായതുമില്ല. അനധികൃതമായ ക്രിപ്‌റ്റോ കറൻസി ഇടപാടുകൾ ഇപ്പോഴും നാട്ടിൽ സജീവമാണ്. മുഖ്യമായും മലപ്പുറം ജില്ല കേന്ദ്രീകരിച്ചാണ് ഈ ഇടപാടുകളിൽ ഏറിയ പങ്കും അരങ്ങേറുന്നത്. ഈയിടെ മലപ്പുറത്ത് ഒരു വയോധിക ക്രൂരമായി കൊല ചെയ്യപ്പെട്ടതിന്റെ മൂലകാരണവും ക്രിപ്‌റ്റോ കറൻസി ഇടപാടിന്റെ ബാക്കിപത്രമായിരുന്നു.

 

വയോധികയുടെ കൊല

മലപ്പുറം രാമപുരത്ത് ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്ന മുട്ടത്ത്‌വീട്ടിൽ ആയിഷുമ്മ (72) ഇക്കഴിഞ്ഞ ജൂലൈ അവസാന വാരം അതിക്രൂരമായി കൊല ചെയ്യപ്പെട്ടു. പകൽ സമയം സ്വന്തം വീട്ടിൽ കഴിഞ്ഞിരുന്ന ആയിഷുമ്മ, രാത്രി സമീപത്തുള്ള മകന്റെ വീട്ടിലാണ് അന്തിയുറങ്ങിയിരുന്നത്. പതിവ് പോലെ ജൂലൈ 16-ന് രാത്രി ഒമ്പതോടെ പേരമക്കൾ ആയിഷുമ്മയെ കൂട്ടിക്കൊണ്ട് പോകാനെത്തി. അവർ വല്ല്യുമ്മയെ വിളിച്ചിട്ടും അകത്ത് നിന്ന് പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് കുട്ടികൾ അകത്ത് കേറി നോക്കിയപ്പോഴാണ് രക്തം വാർന്ന് തറയിൽ കിടക്കുകയായിരുന്ന ആയിഷുമ്മയെ കാണുന്നത്. ബഹളംകേട്ട് അയൽക്കാരും മറ്റും ഓടിക്കൂടി ആയിഷുമ്മയെയെ ആശുപത്രിയിലെത്തിച്ചെങ്കിലും അവർ മരണപ്പെട്ടിരുന്നു. തനിച്ച് താമസിക്കുന്ന ഒരു സ്ത്രീ വീടിനുള്ളിൽ തലയടിച്ച് വീണ് മരണപ്പെട്ടതായാണ് പോലീസിനെ നാട്ടുകാർ അറിയിച്ചിരുന്നത്.
തലയിലെ മുറിവല്ല മരണകാരണമെന്നും, മൂക്കിലെ എല്ലും കഴുത്തിലെ എല്ലും തകർക്കപ്പെട്ടതായും വാരിയെല്ലുകൾക്ക് ക്ഷതമേറ്റതായും, കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തുടക്കം മുതൽ ദുരൂഹതകൾ നിറഞ്ഞതായിരുന്നു ആയിഷുമ്മയുടെ കൊലയുമായി ബന്ധപ്പെട്ട വൃത്താന്തം.

അന്വേഷണത്തിൽ ആയിഷുമ്മ ധരിച്ചിരുന്ന എട്ടര പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായും കണ്ടെത്തി. ചായ കുടിക്കുന്ന സ്വഭാവമില്ലാത്ത ആയിഷുമ്മ സംഭവ ദിവസം ചായയും ഓംലെറ്റും തയ്യാറാക്കിയതിന്റെ അവശിഷ്ടങ്ങൾ വീട്ടിൽനിന്ന് കണ്ടെത്താനായി. ആയിഷുമ്മയുമായി നല്ല പരിചയത്തിലുള്ള ആരോ അവരുടെ വീട്ടിൽ വന്നതായും, ആയിഷുമ്മ അവരെ സൽക്കരിച്ചതായും പോലീസ് അനുമാനിച്ചു. മൽപ്പിടുത്തമോ മറ്റ് തരത്തിലുള്ള ബലപ്രയോഗമോ വീടിനുള്ളിൽ നടന്നതായ ഒരു സൂചന പോലും കണ്ടെത്താനായതുമില്ല. തറയും, കതകും, മറ്റുമെല്ലാം സ്വാഭാവിക നിലയിൽ. പ്രദേശത്തെ സി.സി.ടി.വി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ സമഗ്രമായി  പോലീസ് പരിശോധിച്ചെങ്കിലും, കാര്യമായ പ്രയോജനമൊന്നുണ്ടായില്ല. പോലീസ് പലരേയും ചോദ്യം ചെയ്തു. അടുത്തുള്ള ഒരു കച്ചവടക്കാരനെയാണ് പോലീസ് കാര്യമായും സംശയിച്ചിരുന്നത്. അയാളെ പലതവണ ചോദ്യം ചെയ്തിട്ടും വ്യക്തതയുണ്ടായില്ല. ആയിഷുമ്മയുടെ ബന്ധുക്കളേയും മറ്റും കേന്ദ്രീകരിച്ച് മുന്നോട്ട് നീങ്ങിയ അന്വേഷണം ഏതാണ്ട് രണ്ട് മാസത്തോളം നീണ്ട് പോയി. ഒടുവിൽ പ്രതി അറസ്റ്റിലുമായി. ബന്ധുക്കൾക്കും നാട്ടുകാർക്കും ഉൾക്കൊള്ളാനാകാത്ത വിധത്തിലായിരുന്നു ഈ കേസിലെ പ്രതിയും അനുബന്ധ വൃത്താന്തങ്ങളും. 

 

പെരുകിവരുന്ന ക്രിമിനലിസം

നിഷാദലി. 34 വയസ്സ്. വിദ്യാസമ്പന്നൻ. അരോഗദൃഢഗാത്രൻ. ഐ.ടി അധ്യാപകൻ. കൊല്ലപ്പെട്ട ആയിഷുമ്മയുടെ പേരമകളുടെ ഭർത്താവ് കൂടിയാണിയാൾ. ഇയാളെയാണ് ആയിഷുമ്മ വധക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. ആയിഷുമ്മയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലാകുന്നത്. നിഷാദലിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് നീങ്ങുന്നതെന്ന് പോലീസ് ആർക്കും സൂചന നൽകിയിരുന്നില്ല. മലപ്പുറം മമ്പാട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ഐ.ടി ഗസ്റ്റ് അധ്യാപകനായ നിഷാദലി, അധ്യാപക ജോലിക്കൊപ്പം 'ക്രിപ്‌റ്റോ കറൻസി ഇടപാടിൽ' സജീവമാണെന്ന് പോലീസ് മനസ്സിലാക്കിയിരുന്നു. ഇതേതുടർന്ന് വൻ സാമ്പത്തിക ബാധ്യതയും ഇയാൾക്കുണ്ടായിരുന്നു. ആയിഷുമ്മ കൊല്ലപ്പെട്ട ദിവസം നിഷാദലി രാമപുരത്ത് എത്തിയിരുന്നതായി മനസ്സിലാക്കിയ പോലീസ് അയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്. മമ്പാട് പ്രദേശത്ത് താമസിച്ചിരുന്ന നിഷാദലി കുറേ നാളുകളായി നാട്ടിൽ ഇല്ലെന്ന വിവരത്തെ തുടർന്ന് അയാളെ കണ്ടെത്താനായി പിന്നീട് പോലീസിന്റെ ശ്രമം. പലർക്കും പണം നൽകാനുള്ളത് കാരണം ഇയാൾ നാട്ടിൽനിന്ന് മാറി നിൽക്കുകയാകാമെന്നാണ് പരിസരവാസികൾ പോലീസിനോട് പറഞ്ഞത്. പണമിടപാട് സംബന്ധിച്ച പരാതിയിലാകാം നിഷാദലിയെ പോലീസ് തിരക്കുന്നതെന്ന് നാട്ടുകാർ കരുതി. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നിഷാദലി കോഴിക്കോട് ഉള്ളതായി മനസ്സിലാക്കിയ പോലീസ് അവിടെ വെച്ചാണ് നിഷാദലിയെ അറസ്റ്റ് ചെയ്തത്.

 

നിലയില്ലാക്കയത്തിലായ നിഷാദലി


നിലമ്പൂർ പൂക്കോട്ടുംപാടം കേന്ദ്രീകരിച്ച് സജീവമായിരുന്ന ക്രിപ്‌റ്റോകറൻസി ഇടപാടിൽ നിഷാദലി സജീവമായിരുന്നു. 50 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയും ഇത് മൂലം ഇയാൾക്കുണ്ടായിരുന്നു. ബന്ധുവിന്റെ സിമന്റ് വ്യാപാരത്തിൽ നിക്ഷേപിക്കാനെന്ന് പറഞ്ഞ് പലരിൽ നിന്നും പണം സമാഹരിച്ചാണ് ഇയാൾ പൂക്കോട്ടുംപാടം കേന്ദ്രീകരിച്ചുള്ള ക്രിപ്‌റ്റോകറൻസി ഇടപാടിൽ നിക്ഷേപിച്ചത്. ലാഭവിഹിതം ലഭിക്കാതാവുകയും, ക്രിപ്‌റ്റോകറൻസി ഇടപാടിന്റെ തലവനായ നിഷാദ് കിളിയിടുക്കൽ എന്നയാൾ മുങ്ങുകയും ചെയ്തതോടെ നിഷാദലി വൻ സാമ്പത്തിക പ്രതിസന്ധിയിലായി. സാമ്പത്തിക ബാധ്യത തീർക്കാനായി നിഷാദലി പല പോംവഴികളും പ്രയോഗിച്ചു. എല്ലാംതന്നെ ഓരോ കുറ്റകൃത്യങ്ങൾ. സ്‌കൂളിലെ ചില വിദ്യാർത്ഥിനികളുമായി അടുപ്പം സ്ഥാപിച്ച് അവരുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കി അവ പണയപ്പെടുത്തി. സ്‌കൂളിലെ സി.സി.ടി.വി ക്യാമറകളുടെ ഡി.വി.ആർ മാറ്റി സ്‌കൂളിൽനിന്ന് 80,000 രൂപയും, ഒരു ലക്ഷം രൂപ വിലവരുന്ന ക്യാമറയും മോഷ്ടിച്ചു. പെൺകുട്ടികളുടെ ആഭരണം കൈവശപ്പെടുത്തിയതറിഞ്ഞ രക്ഷിതാക്കൾ പരാതിയുമായി പോലീസിനെ സമീപിച്ചതോടെ നിലമ്പൂർ പോലീസ് നിഷാദലിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് രക്ഷനേടാൻ നിഷാദലി നടത്തിയ ശ്രമങ്ങളെല്ലാം അയാൾക്ക് കൂടുതൽ കുരുക്കായി മാറി. പണം വാങ്ങിയവരുടെ സമ്മർദം സഹിക്കാനാകാതെ രണ്ട് ലക്ഷം രൂപ ഉടനെ നൽകാമെന്ന് നിഷാദലി ഒരാൾക്ക് ഉറപ്പ് നൽകിയിരുന്നു. ഈ പണം ഒപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു ഇയാൾ.
ഭാര്യയുടെ വല്ല്യുമ്മ ആയിഷുമ്മയോട് നിഷാദലി നേരത്തെ കടമായി പണം ആവശ്യപ്പെട്ടിരുന്നു. കൈവശം പണമില്ലെന്നാണ് ആയിഷുമ്മ പ്രതികരിച്ചത്. ഒരു വിവാഹച്ചടങ്ങിൽ വെച്ച് ആയിഷുമ്മയെ കണ്ട നിഷാദലി, അവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങളിലാണ് കണ്ണ് വെച്ചത്. തുടർന്നാണ് പുതിയ പദ്ധതിയെക്കുറിച്ച്  നിഷാദലി ചിന്തിച്ച് തുടങ്ങിയത്. തനിയെ താമസിക്കുന്ന ആയിഷുമ്മയെ വകവരുത്തിയാൽ അവർ സൂക്ഷിക്കുന്ന പണവും, സ്വർണാഭരണങ്ങളും കൈക്കലാക്കാമെന്നും, തന്നെ ആരും സംശയിക്കില്ല എന്നുമാണ് നിഷാദലി ഉറച്ച് വിശ്വസിച്ചത്. പിന്നീടതിനുള്ള ആസൂത്രണമായി. വിരലടയാളം പതിയാതിരിക്കാനുള്ള ഗ്ലൗസുകൾ സംഘടിപ്പിച്ച് കൃത്യം നടത്താനുള്ള പ്രാഥമിക തയ്യാറെടുപ്പുകൾ നടത്തി നിഷാദലി രാമപുരത്ത് എത്തിയെങ്കിലും, ആയിഷുമ്മയുടെ വീടിന് സമീപം ആളുകളുണ്ടായതിനാൽ അന്ന് തിരികെപോയി. പിന്നീട് മറ്റൊരു ദിവസം വീണ്ടുമെത്തി. അന്നും സമീപവാസികളെ പുറത്ത് കണ്ടതിനാൽ ലക്ഷ്യം നിറവേറ്റാനായില്ല. രാവിലെ ആയിഷുമ്മയുടെ വീടിന് സമീപത്ത് ആളുകൾ കുറവാകുമെന്ന കണക്ക് കൂട്ടലിൽ ബൈക്കുമായി ജൂലൈ 16-ന് കാലത്ത് എട്ട് മണിയോടെ ആയിഷുമ്മയുടെ വീട്ടിലെത്തി. അപ്രതീക്ഷിത വിരുന്നുകാരനായ പേരക്കുട്ടിയുടെ ഭർത്താവിനെ കണ്ട് ആയിഷുമ്മ സ്വീകരിച്ചിരുത്തി. അതിഥിക്ക് ചായയും ഓംലെറ്റും തയ്യാറാക്കി നൽകി. ചായ കഴിച്ചശേഷം നിഷാദലി സ്വാഭാവികതയോടെ ബാത്ത് റൂമിൽ കേറി. നേരത്തെ കരുതിയിരുന്ന ഗ്ലൗസ് കയ്യിലണിഞ്ഞു. പുറത്തിറങ്ങിയ സമയം ആയിഷുമ്മ വീടിനുള്ളിലെ പൊടി തട്ടുകയായിരുന്നു. പിറകിലൂടെ പതുങ്ങിയെത്തിയ പ്രതി ആയിഷുമ്മയുടെ വായും മൂക്കും പൊത്തി ശ്വാസംമുട്ടിച്ചു. കുതറിയ ആയിഷുമ്മ തലയടിച്ച് നിലത്ത് വീണു. തലപൊട്ടി രക്തമൊഴുകി. തുടർന്ന് അവരുടെ കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കി. ജഡത്തിലുള്ള ആഭരണങ്ങളെല്ലാം ധൃതിയിൽ അഴിച്ചെടുത്തു. വീടിനുള്ളിലെ പണം അടിച്ചെടുക്കാൻ പ്ലാനുണ്ടായിരുന്നുവെങ്കിലും, ആരെങ്കിലും കടന്ന് വരുമെന്ന പരിഭ്രാന്തിയിൽ പ്രതി ആ ശ്രമം ഉപേക്ഷിച്ചു. പുറത്തിറങ്ങി ബൈക്കുമായി സ്ഥലംവിട്ടു.


ആയിഷുമ്മയുടെ മരണ വിവരമറിഞ്ഞ് ഭാര്യയേയും കൂട്ടി സ്ഥലത്തെത്തിയ പ്രതി ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെയാണ് ബന്ധുക്കളോട് പെരുമാറിയത്. പിറ്റേദിവസം മരണാനന്തര ചടങ്ങുകൾ കഴിഞ്ഞശേഷമാണ് പ്രതി സ്വന്തം വീട്ടിലേക്ക് മടങ്ങിയതും. ആയിഷുമ്മയുടെ ബന്ധുക്കൾക്കാർക്കും നിഷാദലിയെ ഒട്ടും സംശയമുണ്ടായിരുന്നില്ല. കൈവശപ്പെടുത്തിയ സ്വർണാഭരണങ്ങൾ അന്ന് തന്നെ പ്രതി വിൽപ്പന നടത്തി. പണം നൽകാമെന്നേറ്റിരുന്ന ആൾക്ക് രണ്ട് ലക്ഷം രൂപയും നൽകി. സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തതിൽ പോലിസിനെതിരെ നാട്ടുകാർ പ്രക്ഷോഭം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനിടെ തീർത്തും അപ്രതീക്ഷിതമായാണ് പ്രതിയെ പോലീസ് അകത്താക്കിയത്. ചോദ്യം ചെയ്യലിൽ വിദഗ്ധമായി പിടിച്ച് നിൽക്കാൻ ശ്രമിച്ച നിഷാദലി തെളിവുകൾ ഒന്നൊന്നായി പോലീസ് വിവരിച്ചതോടെ ഒടുവിൽ കുറ്റം ഏറ്റ് പറയുകയായിരുന്നു. ക്രിപ്‌റ്റോകറൻസി ഇടപാടിൽ പണം നിക്ഷേപിച്ച് വഞ്ചിതനായതോടെ മറ്റ് മാർഗമില്ലാതെയാണ് താൻ ഈ ക്രൂരകൃത്യം നടത്തിയതെന്നായിരുന്നു പ്രതിയുടെ കുറ്റസമ്മതം. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എം ബിജു, മങ്കട പോലീസ് ഇൻസ്പെക്ടർ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അകത്താക്കിയത്. 

ക്രിപ്‌റ്റോ കറൻസിയുടെ വിക്രിയകൾ


ലോകത്തിന്റെ  സ്പന്ദനം ഡിജിറ്റൽ ലോകത്തേക്ക് ചുവട് മാറിയതോടെ വിനിമയ രംഗത്തുണ്ടായ നിർണായക മാറ്റങ്ങളിലൊന്നാണ് ക്രിപ്റ്റോ കറൻസി ഇടപാട്. എൻക്രിപ്ഷൻ സാങ്കേതിക വിദ്യ വഴി ഒന്നിലധികം കംപ്യൂട്ടറുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ക്രിപ്‌റ്റോ കറൻസികളിൽ ഉൾപ്പെടുന്നതാണ് ബിറ്റ്‌കോയിൻ, മോറിസ്‌കോയിൻ തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന സാങ്കൽപ്പിക നാണയങ്ങൾ. ലോഹം-കടലാസ് രൂപമൊന്നും ഇതിനില്ല. ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണിത്. കംപ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ സോഫ്റ്റ്‌വെയർ കോഡ്. എൻക്രിപ്ഷൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാലാണ് ഇവയെ ക്രിപ്‌റ്റോ കറൻസി എന്ന് വിശേഷിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളോ, സർക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് മോറിസ്‌കോയിൻ, ബിറ്റ്‌കോയിൻ തുടങ്ങിയ ക്രിപ്‌റ്റോ കറൻസികൾ അഥവാ ഗോപ്യ നാണ്യങ്ങൾ. സാങ്കേതിക വിദ്യയായ ക്രിപ്റ്റോഗ്രാഫിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭൗതിക രൂപമില്ലാത്ത നാണയ സമ്പ്രദായമാണിത്. 
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും, ലഹരി വിപണനത്തിനും, ഭീകരവാദ പ്രവർത്തനങ്ങൾക്കും മറ്റും ക്രിപ്‌റ്റോ കറൻസി ഇടപാട് സഹായകമാവും എന്ന ആശങ്കയാൽ എല്ലാ രാജ്യങ്ങളിലേയും കേന്ദ്ര ബാങ്കുകൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയും ഇതിനെ പിന്തുണയ്ക്കുന്നില്ല. ലോകത്താകമാനം ക്രിപ്‌റ്റോ കറൻസി ഇടപാടുകൾ നടക്കുന്നത് കാരണം ഇതിന് നിയമ സാധുത നൽകണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യവുമുയരുന്നുണ്ട്. കാരണം ഇതിലേയ്ക്ക് ആളുകൾ കൂടുതലായി ആകർഷിക്കപ്പെടുന്നുണ്ട് എന്നത് തന്നെ. ക്രിപ്റ്റോകറൻസിൾക്ക് ഏതെങ്കിലും രാജ്യവുമായി ബന്ധമില്ലാത്തതിനാലും നിയന്ത്രണങ്ങൾ ഇല്ലാത്തതിനാലും ഇടപാടുകൾ എളുപ്പമാണ്. മോറിസ്‌കോയിൻ, ബിറ്റ്‌കോയിൻ എന്നിവയുടെ ഉപയോഗം ലളിതമാണ്. ഇതിന്റെ ഇടപാടുകൾ നടത്തുന്ന ഏതെങ്കിലും ഒരു സൈറ്റിലൂടെ ആവശ്യക്കാർ ഒരു വാലറ്റ് സ്വന്തമാക്കണം. പിന്നീട് അവരുടെ  ബാങ്കിൽ നിന്ന് പണം വാലറ്റിലേക്ക് മാറ്റി കോയിൻ വാങ്ങാൻ ഉപയോഗിക്കാം. ബീറ്റ് കോയിനുകൾ വാലറ്റിലോ, കംപ്യൂട്ടറിലോ, മൊബൈൽ ഫോണിലോ ശേഖരിച്ച് വയ്ക്കാം. ഇത് ഉപയോഗിച്ച് പ്രത്യേക രീതിയിൽ സാധനങ്ങളും, സേവനങ്ങളും വാങ്ങാം. ആഗോളാടിസ്ഥാനത്തിൽ ഒരു ദിവസം 25000 കോടി രൂപയുടെ വ്യാപാരം നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ സാധാരണ കറൻസി പോലെ ഉപയോഗിക്കാനാകില്ല.  


കേന്ദ്ര സർക്കാറിന്റെ ക്രിപ്‌റ്റോ കറൻസി നിരോധന നിയമം ഇപ്പോൾ ഫിനാൻസ് മിനിസ്ട്രിയുടെ അംഗീകാരത്തിനായി കാത്ത് കിടക്കുകയാണ്. കൊറോണ കാലത്തും ക്രിപ്‌റ്റോ കറൻസി ഉപയോഗിച്ചുള്ള നിരവധി പിരമിഡ് മാർക്കറ്റിംഗ് സ്‌കീമുകൾ കേരളത്തിൽ സജീവമായിരുന്നു. ഇതിൽ പ്രമുഖമായ ഒന്നാണ് മോറിസ്‌കോയിൻ. ക്രിപ്‌റ്റോ കറൻസിയുടെ തന്നെ ഭാഗമായ സ്മാർട്ട് കോൺട്രാക്ട്‌സ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ആപ്പ് ആണിത്. ഇതിൽ ഭാഗവാക്കാകാൻ കുറച്ച് പണം ക്രിപ്‌റ്റോ കറൻസിയായ മോറിസ്‌കോയിൻ നൽകണം. പിന്നീട് സ്വന്തം കീഴിൽ മറ്റ് അംഗങ്ങളെ ചേർക്കുവാൻ സാധിക്കും. ഇപ്രകാരം ചേർക്കപ്പെടുന്ന അംഗങ്ങൾ നടത്തുന്ന മൈനിംഗ് ആക്ടിവിറ്റിയുടെ ഫലമായി ലഭിക്കുന്ന മോറിസ്‌കോയിൻ മൾട്ടിലെവൽ മാർക്കറ്റിംഗ് സ്‌കീമുകളിലെന്ന പോലെ പങ്ക് വയ്ക്കപ്പെടും. ഇന്റർനെറ്റിൽ പ്രത്യേക യൂസർനെയിമും, പാസ്‌വേർഡും ഉപയോഗിച്ച് ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തി  ബാങ്കുകളിലെ എക്കൗണ്ടിലേക്ക് പണം മാറ്റാനും സാധിക്കുമെന്ന പ്രത്യേകതയമുണ്ട്. ക്രിപ്‌റ്റോകറൻസി ഇടപാട് പെട്ടെന്ന് പണം ഉണ്ടാക്കുവാൻ ഉള്ള മാർഗമായിട്ടാണ് ചെറുപ്പക്കാർ കാണുന്നത്.
ക്രിപ്‌റ്റോകറൻസി തട്ടിപ്പിൽ കൂടുതലായുമുള്ളത് കംപ്യൂട്ടർ സാങ്കേതിക വിദ്യയിൽ പരിജ്ഞാനമുള്ള യുവാക്കളാണ്. കഴിയും വേഗം പണക്കാരാവുക എന്ന മനോഗതിയാണ് പലർക്കും. 

നിഷാദും നിക്ഷേപകരും


മോറിസ്‌കോയിന്റെ പേരിൽ കോടികളുടെ നിക്ഷേപം സമാഹരിച്ച 'ലോങ്‌റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിന്റെ എം.ഡി നിഷാദ് കിളിയിടുക്കലി (36)നെതിരെ മലപ്പുറം പോലീസ് പ്രൈസ് ചിറ്റ്‌സ് ആന്റ്മണി സർക്കുലേഷൻ സ്‌കീംസ് ആക്ട് പ്രകാരം സ്വമേധയാ കേസെടുക്കുകയും, ഒളിവിൽ പോയ ഇയാൾക്ക് വേണ്ടി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയതിരിക്കുകയാണ്. 11 ലക്ഷം നിക്ഷേപകരുണ്ടെന്നും, 1750 കോടി ടേൺഓവറുണ്ടെന്നുമാണ് ലോങ്‌റിച്ച് ഗ്ലോബൽ കമ്പനി നിക്ഷേപകരെ ധരിപ്പിച്ചിരുന്നത്. സ്റ്റഡി മോജോ, സ്റ്റഡി മോജോ പ്ലസ്, എംപവർ, എംപവർ പ്ലസ് തുടങ്ങിയ ഇവരുടെ പ്ലാനുകൾ നിലച്ചപ്പോഴാണ് മോറിസ്‌കോയിൻ നിക്ഷേപ പദ്ധതി ആരംഭിച്ചത്. മോറിസ്‌കോയിന് വേണ്ടി 15,000 രൂപ നിക്ഷേപിച്ചാൽ പ്രതിദിനം 270 രൂപ വീതം 300 ദിവസം ലാഭവിഹിതം നൽകുമെന്നായിരുന്നു നിഷാദിന്റെ വാഗ്ദാനം. ഒരു കോയിന് 1500 രൂപ പ്രകാരം 15,000 രൂപയ്ക്ക് 10 കോയിനാണ് വാങ്ങേണ്ടത്. ഇപ്രകാരം 300 ദിവസം കൊണ്ട് 81,000 രൂപ തിരിച്ച് നൽകുമെന്നും പറയുന്നു. അതിന് ശേഷം മോറിസ് കോയിൻ, ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ച് വഴി വിൽക്കുകയോ, വിനിമയം നടത്തുകയോ ചെയ്യാമെന്നും നിക്ഷേപകരെ ധരിപ്പിക്കുന്നു. ഈ മോഹവലയത്തിൽ അകപ്പെട്ട് വിദേശത്ത് നിന്നും, നാട്ടിൽ നിന്നുമായി കോടികളും, ലക്ഷങ്ങളുമാണ് പലരും നിക്ഷേപിച്ചത്.
'ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്'കമ്പനി എം.ഡി നിഷാദ് കളിയിടുക്കിലിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഒമ്പത് മാസത്തിനിടെ എത്തിയത് അഞ്ഞൂറ് കോടിയുടെ നിക്ഷേപമാണ്. മറ്റ് അഞ്ച് ബാങ്ക് അക്കൗണ്ടുകളിലായി 1,200 കോടിയുടെ നിക്ഷേപവും വന്നിട്ടുണ്ട്. ഇത്രയും ചെറിയ കാലയളവിൽ ഇത്ര കൂടുതൽ പണം എത്തിയത് മാത്രം മതി നിക്ഷേപകർക്കിടയിൽ മോറിസ്‌കോയിൻ തട്ടിപ്പിന്റെ സ്വാധീനം മനസ്സിലാക്കാൻ. ഈ അക്കൗണ്ടുകളെല്ലാം പോലീസ് മരവിപ്പിച്ചിരിക്കുകയാണ്. അനധികൃതമായി നിക്ഷേപം സ്വീകരിച്ച കേസ് നിലവിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും, റിസർവ്വ് ബാങ്കിനും മുമ്പിലാണ്. പ്രതിദിന ലാഭത്തിന് പുറമെ, മറ്റൊരാളെ ചേർത്താൽ 40 ശതമാനം വരെ കമ്മീഷൻ നൽകും. ഇതു പ്രകാരം ആദ്യഘട്ട നിക്ഷേപകർക്ക് ലാഭ വിഹിതം കൃത്യമായി ലഭിച്ചതോടെ നിക്ഷേപകർ കമ്പനിയുടെ പ്രചാരകരായി മാറി. അന്യ സംസ്ഥാനത്ത് നിന്ന് ധാരാളം പേർ ഈ കമ്പനിയുടെ കബളിപ്പിക്കലിന് ഇരയായിട്ടുണ്ട്. കേരളത്തിലെ നിക്ഷേപകരിൽ ഏറിയ പങ്കും മലബാർ ജില്ലകളിൽ നിന്നുള്ളവരാണ്. തുടക്കത്തിൽ ബാങ്ക് എക്കൗണ്ടുകളിലേക്കാണ് ലാഭവിഹിതം എത്തിക്കൊണ്ടിരുന്നത്. പിന്നീടത് മോറിസ്‌പേ വാലറ്റിലേക്ക് മാറ്റുകയാണെന്ന് നിക്ഷേപകരെ അറിയിച്ചിരുന്നു. അത് നടക്കാതായതോടെ 'മാസ്റ്റർ, വിസാ' മാതൃകയിൽ എ.ടി.എം കാർഡ് നൽകുമെന്നറിയിച്ചു. അതും നടന്നില്ല. ഒരാൾക്കും പിന്നീട് പണവും ലഭിച്ചതുമില്ല.


കോടിക്കണക്കിന് രൂപ വെട്ടിച്ച ലോങ്‌റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എം.ഡി നിഷാദ് കിളിയിടുക്കൽ ഇപ്പോൾ ഒളിവിലാണ്. ഇയാൾ ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാൽ പലതവണ അറിയിപ്പുകൾ നൽകിയിട്ടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിട്ടില്ല. ഇതേതുടർന്ന് നിഷാദിന്റെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കബളിപ്പിക്കപ്പെട്ട നിക്ഷേപകർ സ്ഥിരമായി നിഷാദിന്റെ വീട്ടിലെത്തി പ്രശ്‌നങ്ങൾ സൃഷ്ടിച്ചതോടെ സുരക്ഷ ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചിരുന്നു. നിഷാദിന്റെ മാതാവും സഹോദരങ്ങളുമാണ് വീട്ടിൽ താമസിക്കുന്നത്. മംഗലാപുരം, കുടക്,    കാസർകോട്, കണ്ണൂർ ഭാഗങ്ങളിൽ നിന്നായി അമ്പതോളം നിക്ഷേപകർ ഇയ്യിടെ പൂക്കോട്ടുംപാടത്തുള്ള നിഷാദിന്റെ വീട്ടിലേക്ക്  കൂട്ടമായെത്തി അയാളുടെ വീട്ടിൽ കുത്തിയിരിപ്പ് സമരം നടത്തി. വീടിന് പോലീസ് സംരക്ഷണമുള്ളതിനാൽ സ്ത്രീകളടക്കമുള്ള സംഘത്തെ പൂക്കോട്ടുംപാടം സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പത്ത് ലക്ഷം മുതൽ മുകളിലേക്കുള്ള തുക നിക്ഷേപിച്ചവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. സ്വർണാഭരണങ്ങൾ വിറ്റും, ബാങ്ക് ലോണെടുത്തും പണം നിക്ഷേപിച്ചവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഏറെക്കാലം നിഷാദ് പറഞ്ഞ അവധികൾ മാനിച്ച് കാത്തിരുന്നവരാണ് ഇവർ. പണത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് വൃഥാവിലാണെന്ന് മനസ്സിലാക്കിയാണ് ഇവർ നിഷാദിന്റെ വീട്ടിൽ കുത്തിയിരിപ്പ് സമരം നടത്താനെത്തിയത്. സംഘടിച്ചെത്തിയ നിക്ഷേപകർ രേഖാമൂലമുള്ള പരാതിയും പൂക്കോട്ടുംപാടം പോലീസിന് നൽകിയിട്ടുണ്ട്. ക്രിപ്‌റ്റോ കറൻസി ഇടപാടിലൂടെ കോടികളുടെ ഊഹക്കച്ചവടത്തിന്റെ മോഹവലയത്തിൽ അകപ്പെടാനും, അകപ്പെടുത്താനും ധാരാളം പേരുണ്ട്. ഇതിനൊന്നും കടിഞ്ഞാണിടാൻ ആരുമില്ലെന്ന് മാത്രം. 
                            

Latest News