Sorry, you need to enable JavaScript to visit this website.

ഉപേക്ഷിച്ചുപോയ മലയാളി അറിയാൻ: സോമാലിയക്കാരിയും മക്കളും കണ്ണീർമഴയത്ത്

പിതാവ് ജീവിച്ചിരിക്കെ യത്തീമുകളായി ജീവിക്കേണ്ടി വരുന്ന ഏഴുപേരുടെ ജീവിതമാണിത്. ജീവിതത്തിലെ സകല സൗഭാഗ്യങ്ങളും നഷ്ടപ്പെട്ടുപോയ ഏഴു കുട്ടികളുടെയും ഒരമ്മയുടെയും കഥ. രേഖകളില്ലാത്തതിന്റെ പേരിൽ ജീവിച്ചിരിക്കുന്നുണ്ടോ എന്ന് തന്നെ സംശയിക്കുന്നവരുടെ കണ്ണീരിന്റെ കഥ. 
മുഅ്മിനയോട് ചോദിച്ചു. ഇനി എന്ത് ചെയ്യും. അവർ ആകാശത്തേക്ക് കൈ ഉയർത്തി. എല്ലാം അല്ലാഹുവിന്റെ കയ്യിലാണ്.. സോമാലിയക്കാരിയായ ഭാര്യയേയും മക്കളേയും ഉപേക്ഷിച്ചുപോയ മലയാളിയെ കാത്ത് ജിദ്ദയിലൊരു കുടുംബം...

 

മുഅ്മിനയുടെ മുറിയുടെ ചുവരുകളിൽ നിറയെ പൂമ്പാറ്റകളുടെ ചിത്രങ്ങൾ ഒട്ടിച്ചുവെച്ചിട്ടുണ്ട്. പല നിറത്തിലുള്ളവ. തൊട്ടടുത്ത നിമിഷം ചുവരുകളിൽനിന്ന് പറന്നുയരുമെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ജീവനുള്ളവ. അവയ്ക്ക് ഒരിക്കലും പറക്കാനാകില്ല. ഒട്ടിച്ചുവെച്ച പൂമ്പാറ്റകളുടെ താഴെയിരുന്ന് മുഅ്മിന തന്റെ ജീവിതം പറയുകയാണ്. തന്റെയും തന്നിൽനിന്ന് പിറന്നുവീണ ഏഴുമക്കളുടെയും ജീവിതം. ഇക്കാലം വരെയും മറ്റൊരു സ്ത്രീയും അനുഭവിച്ചിട്ടില്ലാത്തത്രയും തീക്ഷ്ണമായ അനുഭവങ്ങളിലൂടെയാണ് ഈ സോമാലിയൻ സ്ത്രീ കടന്നുപോകുന്നത്. 
മുഅ്മിന കഥ പറയാനിരിക്കുമ്പോൾ മക്കൾ അവരുടെ ചുറ്റിലും കൂട്ടംകൂടിയിരിക്കും. ഒട്ടേറെ തവണ ഈ കഥ അവർ കേട്ടിട്ടുണ്ടാകും. എങ്കിലും മുഅ്മിന ഓരോ തവണ കഥ പറയുമ്പോഴും അവർ ചുറ്റിലും കൂടിയിരിക്കും. കാരണം ആ കഥയിൽ അവരുടെ പിതാവിന്റെ പേരു കേൾക്കാം. മറ്റാരിൽനിന്നും കേൾക്കാത്ത പേരായിരിക്കും ഒരു പക്ഷെ അത്. കാരണം പിതാവ് അവരെ ഉപേക്ഷിച്ച് പോയിട്ട് വർഷം പന്ത്രണ്ടു കഴിഞ്ഞു. മുഅ്മിനയുടെ ജീവിതത്തിന്റെയും കഥയുടെയും ഒരറ്റം ചെന്നുനിൽക്കുന്നത് കേരളത്തിലാണ്. 

 

സോമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽനിന്നാണ് മുഅ്മിന ജിദ്ദയിലെത്തുന്നത്. തീരെ ചെറുപ്പത്തിലായിരുന്നു ആ യാത്ര. ഉപ്പക്കും ഉമ്മക്കുമൊപ്പമുള്ള യാത്ര. കുടുംബാംഗങ്ങൾക്ക് ഒപ്പമുള്ള ജീവിതത്തിനിടയിൽ  ഒരു യുവാവ് മുഅ്മിനയുടെ ജീവിതത്തിലേക്ക് വന്നു. പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുൽ മജീദായിരുന്നു അത്. സുഹൃത്തിന്റെ കടയിൽനിന്നുള്ള പരിചയം അബ്ദുൽ മജീദുമായുള്ള പ്രണയത്തിലും വിവാഹത്തിലുമെത്തി. ആ ബന്ധത്തിൽ ഇരുവർക്കും ഏഴു മക്കൾ പിറന്നു. മുഅ്മിന ഏഴാമത്തെ മകൾ ഹാജറയെ ഗർഭം ധരിച്ച സമയം. ഒരു ദിവസം പെട്ടെന്ന് അബ്ദുൽ മജീദ് നാട്ടിലേക്ക് പോയി. റീ-എൻട്രി വിസയിൽ നാട്ടിലേക്ക് പോയ അബ്ദുൽ മജീദ് പിന്നീട് തിരികെ എത്തിയില്ല. മജീദ് നാട്ടിലെത്തിയ ശേഷമായിരുന്നു മുഅ്മിന വിവരം അറിഞ്ഞത്.  മജീദ് യാത്രയായിട്ട് പന്ത്രണ്ടുവർഷം കഴിഞ്ഞു. മജീദ് നാട്ടിലേക്ക് പോകുമ്പോൾ മുഅ്മിനയുടെ വയറ്റിലുണ്ടായിരുന്ന കുട്ടി ഹാജറ വലുതായി. അവൾ ഇക്കാലം വരെ ഉപ്പയെ കണ്ടിട്ടില്ല. അവളുടെ കണ്ണിന് കാഴ്ച മങ്ങുന്നതിന്റെ അസുഖവുമുണ്ട്. ഹയാത്ത്, ഫൈസൽ, ഫവാസ്, ഹനാൻ, ഫഹദ്, ഹൈഫ എന്നിവരാണ് മുഅ്മിനയുടെയും അബ്ദുൽ മജീദിന്റെയും മറ്റു മക്കൾ. ഫവാസ് ഒഴികെ എല്ലാവരും നിലവിൽ ജിദ്ദ ബഗ്ദാദിയയിലെ ഇടിഞ്ഞുപൊളിഞ്ഞുവീഴാറായ വീട്ടിലാണ് താമസിക്കുന്നത്. ഏതൊക്കെയോ വഴിയിലൂടെ സോമാലിയയിൽ എത്തിയ ഫവാസ് അവിടെ മുഅ്മിനയുടെ അകന്ന ബന്ധുക്കളുടെ കൂടെയാണ് താമസിക്കുന്നത്. എങ്ങനെയെങ്കിലും ജിദ്ദയിലേക്ക് തിരിച്ചെത്തിയാൽ മതി എന്നാണ് ഫവാസിന്. അവന് അവിടെ ആരുമില്ല. 
ഉപ്പയുടെ സുരക്ഷിതത്വം ഇല്ലാത്തതിന്റെ മാത്രമല്ല, ഔദ്യോഗിക രേഖകളൊന്നും കൈവശമില്ലാത്തതിന്റെ ആശങ്കയും ഈ കുട്ടികളെ വന്നുപൊതിയുന്നുണ്ട്. ജനന സർട്ടിഫിക്കറ്റുകൾ അടക്കമില്ലാത്തതിനാൽ ഇഖാമ അടക്കമുള്ള ഒരു രേഖയും ഇവർക്കില്ല. രേഖകളില്ലാത്തതിനാൽ നിയമ നടപടികൾ ഏത് നിമിഷവും നേരിടേണ്ടി വരുമെന്ന ഭയത്തിലാണ് കഴിയുന്നത്. സൗദിയിൽനിന്ന് നാടുകടത്തുമെന്ന ഭയം വേറെയും. ഒരിക്കൽ പോലീസിന്റെ പിടിയിലായ ഫൈസലിനെ യെമനിലേക്ക് നാടുകടത്തിയിരുന്നു. പിന്നീട് ഏറെ പണിപ്പെട്ടാണ് ഫൈസൽ സൗദിയിലേക്ക് തന്നെ തിരിച്ചെത്തിയത്. 
ദുരന്തങ്ങൾ മാത്രമായിരുന്നു മുഅ്മിനയുടെ ജീവിതത്തിൽ ആവർത്തിച്ചുകൊണ്ടേയിരുന്നത്. അബ്ദുൽ മജീദിന്റെ കൂടെയുള്ള ജീവിതം തുടക്കത്തിൽ സന്തോഷം നിറഞ്ഞതായിരുന്നു. എന്നാൽ ഒരു ദിവസം മുന്നറിയിപ്പ് ഒന്നുമില്ലാതെ മജീദ് നാട്ടിലേക്ക് പോയതോടെ എല്ലാം താളംതെറ്റി. ജിദ്ദയിലെ പ്രമുഖ കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. മുഅ്മിനക്കും മക്കൾക്കും ചെലവിനുള്ള പൈസ തുടക്കത്തിൽ കുറച്ചു കാലം എത്തിച്ചെങ്കിലും പിന്നീട് അതുണ്ടായില്ല. ജിദ്ദ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകൻ മുജീബ് കുണ്ടൂരും സഹപ്രവർത്തകരും ഇടപെട്ടതിനെ തുടർന്ന് കുറച്ചു പണം കൂടി അയച്ചെങ്കിലും അതും നിലച്ചു. നാട്ടിലെ സ്ഥലം വിൽപ്പനക്ക് വെച്ചിരിക്കുകയാണെന്നും അതിന്റെ പണം ലഭിച്ചാൽ മക്കൾക്കും ഭാര്യക്കും അയച്ചുകൊടുക്കാമെന്നും അബ്ദുൽ മജീദ് പിന്നീട് അറിയിച്ചിരുന്നു. ഉംറ വിസയിൽ എത്തി മക്കളെയും ഭാര്യയെയും കാണുമെന്നും വർഷങ്ങൾക്ക് മുമ്പ് വാഗ്ദാനം ചെയ്തിരുന്നു. ഏറെ പ്രതീക്ഷയോടെയായിരുന്നു മുഅ്മിനയും മക്കളും കാത്തിരുന്നത്. എന്നാൽ ഇതേവരെ വന്നില്ല.

വീട്ടിൽനിന്ന് പലഹാരമുണ്ടാക്കി റോഡരികിൽ വിൽപന നടത്തിയാണ് മുഅ്മിന മക്കളെ പുലർത്തിയിരുന്നത്. എന്നാൽ, ഇടയ്ക്കുണ്ടായ അപകടത്തിൽ കാലിന് പരിക്കേറ്റ മുഅ്മിനക്ക് പിന്നീട് ആ ജോലി ചെയ്യാൻ പറ്റാതായി. ഇതിനിടക്ക് മൂത്ത മകൾ ഹയാത്തിനെ ഒരു സോമാലി പൗരൻ വിവാഹം ചെയ്‌തെങ്കിലും ആ ബന്ധം മുന്നോട്ടുപോയില്ല. മറ്റൊരു മകൾ ഹനാൻ ഒരു വീട്ടിൽ ജോലിക്ക് പോയാണ് ഇപ്പോൾ ഭക്ഷണത്തിനുള്ള വക കണ്ടെത്തുന്നത്. 700 റിയാലാണ് ഹനാന്റെ ശമ്പളം. അതിൽനിന്ന് വേണം കുടുംബം പുലർത്താൻ. വീടിന്റെ വാടകയും വൈദ്യുതി ബിൽ കൊടുക്കാനും ആരെങ്കിലുമൊക്കെ സഹായിക്കണം. 
മക്കൾക്ക് രേഖകളില്ലാത്തതിനാൽ ഒരിടത്തും ജോലി ലഭിക്കില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങാൻ തവക്കൽന ആപ് നിർബന്ധമാക്കിയതോടെ എന്ത് ചെയ്യും എന്ന പേടിയും ഇവരെ കൂടുതൽ മൗനികളാക്കുന്നു. 

എല്ലാറ്റിന്റെയും അവസാനം ഹനാനും ഹയാത്തും ഹൈഫയുമെല്ലാം പറയുന്നത് ഉപ്പയെ കാണണം എന്നു മാത്രമാണ്. കേരളത്തിലേക്ക് പോകണോ, സോമാലിയയിലേക്ക് മടങ്ങണോ എന്ന ചോദ്യത്തിന് മുന്നിൽ അവർ നിശ്ശബ്ദരാകും. അവർക്കറിയാം രേഖ ലഭിക്കാതെ ഒരിടത്തേക്കും പോകാനാകില്ലെന്ന്. പോകാനാകുമെങ്കിൽ കേരളത്തിലേക്ക് പോകണം. ഉപ്പയോടൊത്ത് ജീവിക്കണം എന്നാണ് ഇവർ പറയുന്നത്. ഉപ്പയുള്ളതാണ് തങ്ങളുടെ ലോകമെന്ന് പറയുമ്പോൾ ഒഴുകുന്ന കണ്ണീരിൽ ഒരിക്കലും വറ്റാത്ത സ്‌നേഹത്തിന്റെ ഉറവയുണ്ട്. 
കോവിഡ് കാലത്തും അതിന് ശേഷവും നിങ്ങളെങ്ങനെ കഴിയുന്നുവെന്ന ആശങ്കയ്ക്ക് ഈ കുടുംബം കൈ ചൂണ്ടുന്നത് വേങ്ങര സ്വദേശി അബ്ദുൽ സലാമിലേക്കാണ്. ഈ കുട്ടികളിൽ ആരെങ്കിലും ഇടയ്ക്ക് എന്നെ വിളിക്കും. സലാം, വല്ലാതെ വിശക്കുന്നുവെന്ന് പറയും. കേൾക്കുമ്പോൾ തന്നെ ചങ്ക് പിടയും. അവർക്ക് മതിവരുന്നത് വരെ ഭക്ഷണം വാങ്ങിക്കൊടുക്കും-സലാം പറയുന്ന വാക്കുകളാണ്.
പിതാവ് ജീവിച്ചിരിക്കെ യത്തീമുകളായി ജീവിക്കേണ്ടി വരുന്ന ഏഴുപേരുടെ ജീവിതമാണിത്. ജീവിതത്തിലെ സകല സൗഭാഗ്യങ്ങളും നഷ്ടപ്പെട്ടുപോയ ഏഴു കുട്ടികളുടെയും ഒരമ്മയുടെയും കഥ. രേഖകളില്ലാത്തതിന്റെ പേരിൽ ജീവിച്ചിരിക്കുന്നുണ്ടോ എന്ന് തന്നെ സംശയിക്കുന്നവരുടെ കണ്ണീരിന്റെ കഥ. 
മുഅ്മിനയോട് ചോദിച്ചു. ഇനി എന്ത് ചെയ്യും. അവർ ആകാശത്തേക്ക് കൈ ഉയർത്തി. എല്ലാം അല്ലാഹുവിന്റെ കയ്യിലാണ്. ഇവിടെ നിന്ന് പുറത്തിറങ്ങാനാകില്ല എന്നറിയാമല്ലോ. ഈ കുട്ടികൾക്ക് രേഖകൾ കിട്ടിയിരുന്നെങ്കിൽ എന്തെങ്കിലും ജോലിയെങ്കിലും അന്വേഷിക്കാമായിരുന്നു. 
മുഅ്മിന വീണ്ടും മുകളിലേക്ക് നോക്കി. എന്തെങ്കിലും വഴി തേടുന്ന കണ്ണുകളായിരുന്നു അവരുടെ മുഖത്ത്. 
മുഅ്മിനയുടെ കണ്ണിലെ കണ്ണീർ അടുത്തിരിക്കുന്ന മക്കളുടെയെല്ലാം കണ്ണുകളിൽ നിറഞ്ഞുനിൽക്കും. ഒന്നിച്ചുള്ള കരച്ചിലാകും. ജീവനുണ്ടായിരുന്നെങ്കിൽ ചുവരുകളിൽനിന്ന് പൂമ്പാറ്റകൾ പറന്നുപോകുമായിരുന്നു. അല്ലെങ്കിൽ മരിച്ചുപോകുമായിരുന്നു. 


 

Latest News