നൂറ്റമ്പതോളം നർത്തകിമാരെ വേദിയിൽ അണി നിരത്തി ഭാരതീയ ക്ലാസിക്കൽ നൃത്ത പൈതൃകത്തിന്റെ ചൈതന്യം പൂർണാർഥത്തിൽ അവരിലൂടെ സന്നിവേശിപ്പിക്കുകയെന്നത് അത്ര നിസ്സാര കാര്യമല്ല. ഏറെ നാളത്തെ കഠിനസാധനയും അർപ്പണവും അനിവാര്യമായ ഈ ഉദ്യമം വിജയകരമായി സാക്ഷാൽക്കാരം പ്രാപിച്ചുവെന്നതിന്റെ ചാരിതാർഥ്യത്തിലാണ് ജിദ്ദയിലെ നടനം കലാക്ഷേത്രം സാരഥി കൂടിയായ മികച്ച നർത്തകിയും കോറിയോഗ്രഫറുമായ പുഷ്പാ സുരേഷ്. സമർപ്പണം എന്ന ശീർഷകത്തിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടനം കലാക്ഷേത്ര വിദ്യാർഥിനികളുടെ മൂന്നര മണിക്കൂർ നീണ്ട നൃത്ത രാത്രിയ്ക്ക് അരങ്ങൊരുക്കിയതിലൂടെ പ്രവാസലോകത്തെ ഇളം പ്രതിഭകളുടെ ലാസ്യ ലയപഥങ്ങളിലേക്കുയർന്ന നൃത്തച്ചുവടുകൾ അവിസ്മരണീയമായ ഭാവുകത്വമാണ് സദസ്യർക്ക് പുഷ്പയും ശിഷ്യരും പകർന്നേകിയത്.

നടനം കലാക്ഷേത്രം സാരഥിയും മികച്ച നർത്തകിയുമായ പുഷ്പാ സുരേഷ് കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖിനെ സ്വീകരിക്കുന്നു. സമീപം ഹിരൺകുമാർ വാര്യർ
കൊൽക്കത്തയിലെ പ്രശസ്തമായ രവീന്ദ്ര ഭാരതി സർവകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ പുഷ്പാ സുരേഷിന്റെ കലാപ്രതിബദ്ധതയെ, 'സമർപ്പണത്തിന്' ഔപചാരികമായി തിരി തെളിച്ച കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് പ്രശംസിച്ചു. ഇന്ത്യൻ ക്ലാസിക്കൽ നൃത്ത പാരമ്പര്യത്തിന്റെ ഗരിമ പ്രവാസ ലോകത്ത് ഉയർത്തിപ്പിടിക്കുന്ന ഇളം പ്രതിഭകളായ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനികളെ അദ്ദേഹം അനുമോദിക്കുകയും ചെയ്തു. ഗണപതി സ്തുതിയോടെ ചുവടുവെച്ച് തുടങ്ങിയ നർത്തകിമാർ, പുഷ്പാഞ്ജലി, അഡാവുസ്, സംബോധന, അലാരിപ്പ്, ബ്രഹ്മ മോകതേ, താണ്ഡവം, നടനാഞ്ജലി, ലക്ഷ്മിസ്തുതി, ശങ്കരസ്തുതി, ഭവ്യയാമി, ഉഡുരാജമുഖി, വർണം, ഗംഗാസ്തുതി, കാളി, കുറത്തി, നാഗനൃത്തം എന്നീ സങ്കീർണവും അതേ സമയം സങ്കേത ബദ്ധവുമായ വിവിധ ഘട്ടങ്ങളിലൂടെ കടന്ന് തില്ലാനയിൽ ശുഭകരമായി പര്യവസാനിപ്പിച്ചു. അവിരാമമായ നദീപ്രവാഹം പോലെയായിരുന്നു ഓരോ നൃത്തച്ചുവടുകളും. നാഗനൃത്തവും കുറത്തി ഡാൻസും ഫോക് പൈതൃകത്തിന്റെ തനിമയും ആകർഷകത്വവും പ്രതിഫലിപ്പിച്ചു.
ശബ്ദവും വെളിച്ചവും നൃത്തച്ചുവടുകൾക്കൊപ്പം യഥാവിധി വിന്യസിക്കപ്പെട്ടത് കാണികളിൽ കുളിർമ പകരുകയും ചെയ്തു.







