തിയേറ്റർ ഓഫ് മാർജിനലൈസ്ഡ് പ്രമേയമാക്കി പത്താമത് അന്താരാഷ്ട്ര നാടകോത്സവം
തിയേറ്റർ ഓഫ് മാർജിനലൈസ്ഡ് എന്ന പ്രമേയത്തിലൂന്നിയായിരുന്നു കേരളത്തിന്റെ പത്താമത് അന്താരാഷ്ട്ര നാടകോത്സവം ജനുവരി 10 മുതൽ 29 വരെ തൃശൂരിൽ നടന്നത്. പല വർഷങ്ങളിലും സംഭവിച്ച പോലെ ഇക്കുറി എടുത്തുപറയാവുന്ന ബ്രഹ്മാണ്ഡ നാടകങ്ങൾക്കൊന്നും പ്രേക്ഷകർക്കു സാക്ഷ്യം വഹിക്കാനായില്ല. എങ്കിലും പ്രമേയത്തോട് ഏറെക്കുറെ നീതി പുലർത്താനും ശരാശരി നിലവാരമുള്ള നാടകങ്ങൾ കൊണ്ടുവരാനും സംഘാടകർക്കു കഴിഞ്ഞു. അഭയാർത്ഥികൾ, സ്ത്രീകൾ, ലൈംഗികത്തൊഴിലാളികൾ, സ്വവർഗ ലൈംഗികതാ വാദികൾ, ട്രാൻസ്‌ജെന്റേഴ്‌സ്, ദളിതർ, ആദിവാസികൾ, മുസ്‌ലിംകൾ തുടങ്ങി ആധുനിക കാലത്ത് മാർജിനലൈസ് ചെയ്യപ്പെടുന്ന വിഭാഗങ്ങളുടെ നീറുന്ന ജീവിതാനുഭവങ്ങളുമായി പല നാടകങ്ങളും അരങ്ങിലെത്തുകയുണ്ടായി. തീർച്ചയായും നാടകത്തിന്റെ ഭാഷയിൽ പലതും പിറകിലായിരുന്നു. ഒരു തീം മുന്നോട്ടുവെച്ച് നടത്തേണ്ടതാണോ നാടകോത്സവം പോലുള്ള പരിപാടികൾ എന്ന ചോദ്യം പ്രസക്തം തന്നെയാണ്. എന്നാൽ പ്രമേയത്തിന്റെ ശക്തി കൊണ്ടു തന്നെ മിക്ക നാടകങ്ങളും ഈ പരിമിതിയെ മറികടന്നു എന്നു വേണം പറയാൻ.
പോളണ്ട്, ഇംഗ്ലണ്ട്, ചിലി, സ്വിറ്റ്‌സർലണ്ട്, സിംഗപ്പൂർ, ജോർജിയ, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ബെൽജിയം, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നും കർണ്ണാടക, ദൽഹി, ബംഗാൾ, മണിപ്പൂർ, മഹാരാഷ്ട്ര, പോണ്ടിച്ചേരി, ബിഹാർ, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നുമായി 32 നാടകങ്ങളാണ് നാടകോത്സവത്തിൽ അവതരിപ്പിക്കപ്പെട്ടത്. കൂടാതെ സെമിനാറുകൾ, ശിൽപശാലകൾ, മുഖാമുഖങ്ങൾ, സംഗീതാവിഷ്‌കാരങ്ങൾ, മാപ്പിളപ്പാട്ട്, സൂഫി, അർജുന നൃത്തം, സംഗീതം, കണ്യാർ കളി, പാലിയ നൃത്തം, ഫ്യൂഷൻ സംഗീതം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളും നാടകോത്സവത്തിന് അക്ഷരാർത്ഥത്തിൽ ഉത്സവഛായ പകർന്നു.
അറിയപ്പെടുന്ന ലോക ചരിത്രം എന്നും അഭയാർത്ഥികളുടെ ചരിത്രമാണല്ലോ. അവസാനമില്ലാത്ത അഭയാർത്ഥി പ്രവാഹം ഇന്നും തുടരുകയാണ്. പ്രവാസത്തെ കുറിച്ചൊക്കെ പലതും പറയാനുണ്ടാകുമെങ്കിലും അഭയാർത്ഥി പ്രവാഹം മലയാളിക്ക് കേട്ടുകേൾവി മാത്രമാണ്. ഒരിക്കലും അതിന്റെ തീക്ഷ്ണത ഉൾക്കൊള്ളാൻ നമുക്കാവില്ല എന്നുറപ്പ്. സ്വാഭാവികമായും നാടകമടക്കമുള്ള നമ്മുടെ കലാരൂപങ്ങളുടെ പ്രമേയമായി അതു മാറുകയുമില്ല. എന്നാൽ അഭയാർത്ഥി വിഷയത്തിന്റെ തീവ്രത പ്രമേയമാക്കിയ പല നാടകങ്ങളും കാണാൻ ഇക്കുറി പ്രേക്ഷകർക്കു കഴിഞ്ഞു. നാടകോത്സവത്തിന്റെ ഉദ്ഘാടന നാടകം തന്നെ ഫലസ്തീൻ ജനതയുടെ ദുരിതങ്ങളുടെ ആവിഷ്‌കാരമായ ഫലസ്തീൻ സീറോ ആയിരുന്നു. ഇസ്രായിൽ, നക്ബ എന്ന പേരിൽ ഫലസ്തീനിൽ നടത്തിയ കുടിയൊഴിപ്പക്കലുകളുടെ കണക്കെടുക്കാൻ വരുന്ന ബിൽഡിംഗ് അസെസ്സർ നടത്തുന്ന അന്വേഷണങ്ങളിലൂടെയാണ് ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ ചിത്രീകരിക്കുന്നത്. ആയിരക്കണക്കിനു കെട്ടിടങ്ങളുടെ തകർച്ച വളരെ ലളിതമായ സങ്കേത രീതിയിലൂടെയാണ് വേദിയിൽ അവതരിപ്പിക്കുന്നത്. നാടകം സംവിധാനം ചെയ്തത് ഇസ്രായിൽക്കാരിയായ ഐനാത് വിസ്മാൻ ആണെന്നത് അതിന്റെ രാഷ്ട്രീയ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ഇസ്രായിലിൽ നാടകം നിരോധിക്കപ്പെട്ടിരുന്നു. തുടർന്ന് സംവിധായിക ഫലസ്തീനിലേക്ക് കുടിയേറുകയായിരുന്നു. സമൂഹം മുഖ്യധാരയിൽ നിന്നു മാറ്റിനിർത്തുന്ന ട്രാൻസ്‌ജെന്ററുകളും സ്വന്തം രാജ്യത്തുനിന്ന് പുറത്താക്കപ്പെടുന്ന ഫലസ്തീനികളും ഒരുപോലെയാണെന്നും സംവിധായിക മീറ്റ് ദി ആർടിസ്റ്റ്‌സ് പരിപാടിയിൽ തുറന്നു പറഞ്ഞത് ശ്രദ്ധേയമായി.
അഭയാർത്ഥി വിഷയം പ്രമേയമാക്കിയ മറ്റു നാടകങ്ങളുമുണ്ടായിരുന്നു. അവയിൽ ഏറ്റവും ശ്രദ്ധേയമായത് സോഫിയ ബെസ്സെയുടെ ബോർഡർ ലൈൻ ആയിരുന്നു. ഫ്രാൻസിലെ അഭയാർത്ഥി ക്യാമ്പിൽ ജീവിക്കുന്ന യഥാർത്ഥ അഭയാർത്ഥികൾ തന്നെയാണ് നാടകത്തിൽ അഭിനിയക്കുന്നത്. അഭിനേതാക്കളിൽ സുഡാനിൽ നിന്നും അഫ്ഗാനിൽ നിന്നും സിറിയയിൽ നിന്നുമൊക്കെയുള്ളവരുണ്ട്. ഇത്രയും വലിയൊരു ലോകത്ത് സ്വന്തമായി ഒരടി മണ്ണു പോലുമില്ലാത്ത അഭയാർത്ഥികളുടെ ദുരിതങ്ങളെ ഹാസ്യാത്മകമായി ചിത്രീകരിക്കുമ്പോഴും പ്രേക്ഷകരുടെ കണ്ണു നിറയുന്നിടത്താണ് നാടകത്തിന്റെ വിജയം. അഭയാർത്ഥികളെ ഒഴിവാക്കാനുള്ള യൂറോപ്യൻ രാജ്യങ്ങളുടെ തന്ത്രങ്ങളെയും നാടകം രസകരമായി വിമർശിക്കുന്നു. അഭയാർത്ഥി വിഷയവുമായി ബന്ധപ്പെട്ട ട്രംബിന്റേയും രോഹിംഗ്യൻ വിഷയത്തിൽ ഇന്ത്യയുടേയും നിലപാടുകളും ഓർമ്മ വരുന്നത് സ്വാഭാവികം. അറബി, പഷ്‌തോ, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ ഭാഷകളിൽ അഭിനേതാക്കൾ സംസാരിക്കുന്നു.
വികസിത രാഷ്ട്രങ്ങൾ പോലും അഭയാർത്ഥികളെ ആട്ടിപ്പായിക്കുന്ന സമകാലികാവസ്ഥയോടുള്ള പ്രതിഷേധമാണ് ഇറാൻ നാടകം മാനുസ്. 2013 ൽ ഓസ്‌ട്രേലിയ അഭയാർത്ഥികളോട് എടുത്ത നിലപാടാണ് വിമർശന വിധേയമാക്കുന്നത്. നാടകത്തിന്റെ അവതരണം മോശമായെന്ന വിമർശനത്തോട് പച്ചയായ ഈ യാഥാർത്ഥ്യത്തിന് സൗന്ദര്യമുണ്ടാകില്ല എന്നായിരുന്നു സംവിധായിക നസറിൻ സഹമിസാദെയുടെ മറുപടി. ബ്രിട്ടീഷ് പട്ടാളക്കാർ ഈജിപ്തിൽ നടത്തിയ അതിക്രമങ്ങളാണ് സിഗ് സാഗ് എന്ന ഈജിപ്ത്യൻ നാടകത്തിന്റെ പ്രമേയം.

ചൈനീസ് കുടിയേറ്റങ്ങൾ നിശ്ശബ്ദരാക്കിയ മലായി വംശജരുടെ കഥയാണ് ദി മലായി മാൻ ആന്റ് ഹിസ് ചൈനീസ് ഫാദർ പറയുന്നത്. അമ്മയെ കുറിച്ചുള്ള മകന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പിതാവിനാകുന്നില്ല. അച്ഛനും മകനും തമ്മിൽ സ്‌നേഹമുണ്ടെങ്കിലും സാംസ്‌കാരികമായ വൈജാത്യം പലപ്പോഴും ശത്രുതയിൽ എത്തുന്നു. ഭേദപ്പെട്ട അവതരണ ശൈലിയിൽ നാടകം ശ്രദ്ധിക്കപ്പെട്ടു. സൈലൻസ് എന്ന തുറന്ന വേദിയൽ അവതരിപ്പിച്ച പോളിഷ് നാടകവും അഭയാർത്ഥി വിഷയത്തെ തന്നെയാണ് കൂടുതൽ ഗൗരവമായ സങ്കേതങ്ങളുപയോഗിച്ച് അവതരിപ്പിച്ചത്.
ഇന്ത്യാ - പാക് വിഭജന കാലത്തെ അരക്ഷിതാവസ്ഥയാണ് സാദത്ത് ഹസൻ മാൻഡോയുടെ ചെറുകഥയെ ആധാരമാക്കി മായാകൃഷ്ണ റാവു തയ്യാറാക്കിയ ഖോൽ ദോ. ലാഹോർ റെയിൽവേ സ്‌റ്റേഷനിലെ തിരക്കിനിടിയൽ മകളെ നഷ്ടപ്പെട്ട അച്ഛന്റെ അന്വേഷണമാണ് നാടക പ്രമേയം. ഡയലോഗൊന്നുമില്ലാതെ നൃത്ത ചലനങ്ങളിലൂടെയും മുദ്രകളിലൂടെയുമാണ് നാടകം പുരോഗമിക്കുന്നത്. കാലമിത്ര കഴിഞ്ഞിട്ടും അതേ സാമൂഹ്യ അവസ്ഥ തന്നെയാണ് ഇന്ത്യയിൽ നിലനിൽക്കുന്നത് എന്നതിനാൽ നാടകം ഇപ്പോഴും പ്രസക്തമാണെന്ന് സംവിധായിക പറയുന്നു.
അഭയാർത്ഥി വിഷയത്തിനു ശേഷം കൂടുതൽ നാടകങ്ങളും ലിംഗപരമായ വിവേചനത്തെ പ്രമേയമാക്കിയവയായിരുന്നു. മറ്റെന്തിനേയും പോലെ സ്ത്രീകളുടെ സർഗാത്മകതയേയും അംഗീകരിക്കാനും തുല്യരായി പരിഗണിക്കാനും ഇനിയും തയ്യാറാകാത്ത സമൂഹത്തിന്റെ നേർകാഴ്ചയാണ് മുൺഡോ മൊസാർട്ട് എന്ന ചിലി നാടകം. ഏറ്റക്കുറച്ചിലുണ്ടാകാമെങ്കിലും ലോകം മുഴുവൻ നേരിടുന്ന ഒന്നാണ് ലിംഗ വിവേചനം. സംഗീതത്തിൽ പോലും അതു നില നിൽക്കുന്നു എന്നാണ് ഈ നാടകം പറയുന്നത്. പതിനാറാം നൂറ്റാണ്ടിൽ ഒരു കുടുംബം യൂറോപ്പിൽ നടത്തിയ ഒരു സംഗീത യാത്രയാണ് നാടകത്തിന്റെ പശ്ചാത്തലം. മകന്റെ സംഗീത വാസനയെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന പിതാവും സമൂഹവും മകളായ അന്നയുടെ കഴിവുകളെ വളരാനനുവദിക്കുന്നില്ല. അതിനെതിരെ അവൾ നടത്തുന്ന കലാപത്തെ നാടകീയമയും പഴമയെ നിലനിർത്തി തന്നെ ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് ചടുലമായ ശരീര ചലനങ്ങളോടെ അവതരിപ്പിച്ച നാടകം പ്രേക്ഷകരുടെ കയ്യടി നേടിയത് സ്വാഭാവികമായിരുന്നു.
ഇതേ വിഷയം തന്നെയാണ് യക്ഷഗാനത്തിന്റെ പശ്ചാത്തലത്തിൽ കന്നഡ നാടകം അക്ഷയാമ്പരയും ആവിഷ്‌കരിക്കുന്നത്. എണ്ണൂറു വർഷമായി പുരുഷന്റെ കുത്തകയായിരുന്ന യക്ഷഗാനത്തിലേക്ക് കടന്നുവന്ന സ്ത്രീ നേരിട്ട പ്രശ്‌നങ്ങളാണ് സംവിധായിക ശരണ്യ ഓം പ്രകാശ് വരച്ചുകാട്ടുന്നത്. പെൺവേഷങ്ങളിലടക്കം ആണുങ്ങൾ അഭിനയിക്കുന്ന യക്ഷഗാനത്തിലേക്ക് ഇവിടെ സ്ത്രീ കടന്നു വരുന്നത് ആൺവേഷത്തിലാണ്. ഗൗരവമായ യക്ഷഗാനാവതരണത്തോടൊപ്പം പെൺവേഷം കെട്ടിയ ആണും ആൺവേഷം കെട്ടിയ പെണ്ണും തമ്മിലുള്ള സംവാദത്തോടും പിന്നീട് യുദ്ധമെന്നു പറയാവുന്ന അവസ്ഥക്കും ഒപ്പമാണ് നാടകം മുന്നേറുന്നത്. ദുശ്ശാസന വേഷത്തിൽ അവൾ അട്ടഹാസത്തോടെ പുരുഷൻ അഭിനയിക്കുന്ന ദ്രൗപതിയുടെ വസ്ത്രമുരിയുമ്പോൾ അതൊരു സ്വാതന്ത്ര്യ പ്രഖ്യാപനമാകുന്നു. നാടകോത്സവത്തിൽ അവതരിപ്പിക്കപ്പടുന്ന സോളോ അവതരണങ്ങൾ അഭിനയ മികവിലും സാങ്കേതിക മികവിലുമെല്ലാം മുന്നിലാകുമെങ്കിലും പലപ്പോഴും വിരസതയുണ്ടാക്കാറാണ് പതിവ്. ഇക്കുറിയും അത്തരത്തിലുള്ള അവതരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വ്യത്യസ്തമായിരുന്നു നോട്‌സ് ഓൺ ചായ് എന്ന മുംബൈ നാടകം. ഒന്നേകാൽ മണിക്കൂർ നീണ്ട നാടകം സംവിധായികയും നടിയുമായ ജ്യോതിദോഗ്രയുടെ ചടുലമാർന്ന പെർഫോമൻസിൽ കയ്യടി നേടി. നിത്യജീവിതത്തിൽ നിരവധി അവഹേളനങ്ങൾ നേരിടുന്ന സ്ത്രീകളുടെ അനുഭവങ്ങളാണ് തനിക്ക് ഈ നാടകം ചെയ്യാൻ പ്രചോദനമായതെന്ന് സംവിധായിക പറയുന്നു. ശബ്ദമാണ് വാസ്തവത്തിൽ നാടകത്തെ മുന്നോട്ടു നയിക്കുന്നത്. ഒപ്പം വെളിച്ചവും കഥാപാത്രമാകുന്നു. ലോകത്തെങ്ങുമുള്ള പുരുഷാധിപത്യത്തിനെതിരായ സ്ത്രീകളുടെ കുറ്റപത്രം തന്നെയാണ സാറ മാച്ചറ്റിന്റെ വോംബ് ഓഫ് ഫയർ എന്ന ദക്ഷിണാഫ്രിക്കൻ ഏകാംഗ നാടകം. നാടുകടത്തപ്പെട്ട കാതറിന്റെയും വീട്ടുജോലിക്കാരിയായ സാറയുടെയും ജീവിതാനുഭവങ്ങളെ മഹാഭാരതത്തിലെ ദ്രൗപതിയുടെ ജീവിതവുമായി ബന്ധിപ്പിച്ചാണ് നാടകം പുരോഗമിക്കുന്നത്. കാല ദേശ ഭേദെമന്യെ എല്ലാ സത്രീകളും അടിമകളാണെന്നു പ്രഖ്യാപിക്കുന്ന നാടകത്തിൽ ദ്രൗപതി ചോദിക്കുന്നു, ഈ ദിവ്യ വസ്ത്രം മറക്കുന്നത് നിങ്ങളുടെ ലജ്ജയോ എന്റെ ലജ്ജയോ? രഹാനേ അബ്രഹാംസിന്റെ ചടുലമായ അഭിനയം നാടകത്തെ ഹൃദ്യമായ അനുഭവമാക്കി മാറ്റി.
ദക്ഷിണാഫ്രിക്കയിൽ നിന്നു തന്നെയുള്ള ദി വാക്ക് ഓർമ്മിപ്പിക്കുന്നത് നിർഭയെയയാണ്. ഇന്ത്യയിലെ പ്രശസ്ത നാടക പ്രവർത്തക കൃഷ്ണ റാവോവിന്റെ വാക്ക് എന്ന നാടകത്തിന്റെ ദക്ഷിണാഫ്രിക്കൻ വെർഷനാണ് സാറാ മച്ചെറ്റിന്റെ ഈ നാടകം. ആനെൻ ബൂയിസെൻ എന്ന പെൺകുട്ടി നിർഭയയെ പോലെ കൊലചെയ്യപ്പെട്ടിരുന്നു. ഇന്ത്യയെ പോലെ തന്നെ നിരവധി പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്ന ദക്ഷിണാഫ്രിക്കയിലെ പീഡനത്തിന്റെ ഇരകളുടെ പാർശ്വവൽക്കരണമാണ് സംവിധായിക ചൂണ്ടിക്കാണിക്കുന്നത്. വെറും 30 മിനിട്ട് കൊണ്ട് സ്ത്രീപീഡനങ്ങളുടെ ക്രൂരത ഹൃദയസ്പൃക്കായി അവതരിപ്പിക്കാൻ കഴിഞ്ഞതാണ് നാടകത്തിന്റെ വിജയം.

കേരളത്തിലെ ട്രാൻസ്‌ജെന്ററുകളുടെ ആദ്യനാടകം മഴവിൽ വർത്തമാനം തിരക്കഥയില്ലാത്ത ഒരു സമൂഹത്തിന്റെ വിഹ്വലതകളും പ്രതിഷേധാഗ്നിയുമായിരുന്നു. ഏഴു ദിവസത്തെ ക്യാമ്പിൽ രൂപപ്പെട്ട നാടകത്തിൽ ഓരോരുത്തരും സ്വന്തം അനുഭവങ്ങൾ അനാവരണം ചെയ്യുകയായിരുന്നു. കഴിഞ്ഞ വർഷം ചെന്നൈയിൽ നിന്നുള്ള ട്രാൻസ്‌ജെന്റർ നാടകവുമായി താരതമ്യം സാധ്യമല്ലെങ്കിലും ഒരു വശത്ത് ട്രാൻസ് സൗഹൃദമെന്ന് അവകാശപ്പെടുകയും മറുവശത്ത് പോലീസിനെ ഉപയോഗിച്ച് തെരുവുകളെ ട്രാൻസ് രഹിതമാക്കുകയും ചെയ്യുന്ന കേരളത്തിന്റെ കാപട്യത്തിനെതിരായ പെരുവിരലായി നാടകം മാറിയെന്നതിൽ സംശയമില്ല. അങ്ങനെ അതൊരു തുടക്കത്തിന്റെ തുടക്കമായി.
മുംബൈയിലെ പ്രസിദ്ധമായ റെഡ് സ്ട്രീറ്റിൽ നിന്നെത്തിയ ലസാൽബത്തി എക്‌സ്പ്രസസ്സ് ഒരു സമൂഹത്തിന്റെ അതിജീവനത്തിന്റെ കഥ പറഞ്ഞപ്പോൾ മുഴുവൻ പ്രേക്ഷകരും അതിന്റെ ഭാഗഭാക്കാവുകയായിരുന്നു. ലൈംഗികത്തൊഴിലാളികളുടെ മക്കളായ 14 പെൺകുട്ടികളാണ് തങ്ങളുടെ ജീവിതത്തിന്റെയും അതിജീവനത്തിന്റെയും കഥ പറഞ്ഞത്. ലാൽബത്തി എക്‌സ്പ്രസ് നിർത്തുന്നത് ജീവിതത്തിന്റെ വിവിധ സ്റ്റേഷനുകളിലാണ്. തങ്ങൾ നേരിടുന്ന അവഹേളനങ്ങളും പീഡനങ്ങളും അതിക്രമങ്ങളും ഓരോ സ്‌റ്റേഷനിലും അവർ വിളിച്ചു പറയുന്നു. എന്നാലിന്നവർ ക്രാന്തി എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെ വിജയത്തിന്റെ പാതയിലാണ്. പെൺകുട്ടികളോട് സംവദിച്ചും അവരുടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞും പ്രേക്ഷകരും നാടകത്തിന്റെ ഭാഗമായി.
വർത്തമാന ഇന്ത്യൻ അവസ്ഥയിലെ ഇരകളായ ദളിത് - ആദിവാസി വിഭാഗങ്ങളുടെ ജീവിതവും പല നാടകങ്ങൾക്കും പ്രമേയമായി. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരൻ ശരൺ കുമാർ ലിംബാളെയുടെ ആത്മകഥ അക്കർമാശി മലയാളിക്കു വളരെ പരിചിതമാണ്. ആ ആത്മകഥയുടെ നാടകാവിഷ്‌കാരമാണ് രൺധീർ കുമാർ സംവിധാനം ചെയ്ത പട്‌നയിൽ നിന്നുള്ള നാടകം ഔട്ട് കാസ്റ്റ്. വർഷങ്ങളായി കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ അവതരിപ്പിച്ച വയനാട്ടിലെ ആദിവാസികളുടെ നാടകം ഉറാട്ടിയും അരങ്ങിലെത്തി. മനോജ് കാനയാണ് സംവിധായകൻ. ഉറാട്ടി ആദ്യമായി അവതരിപ്പിച്ചപ്പോൾ മകനായി വേഷമിട്ട കുട്ടി ഇപ്പോൾ അഭിനയിക്കുന്നത് അച്ഛനായി. എന്നാൽ ആദിവാസികളുടെ ദുരിതങ്ങൾക്കു മാത്രം അവസാനമില്ല. മാനന്തവാടിയിലെ 26 പണിയ വിഭാഗത്തിൽ പെട്ടവരാണ് നാടകത്തിലൂടെ തങ്ങളുടെ വിലാപങ്ങൾ വീണ്ടും വീണ്ടും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. ഒരു പക്ഷേ ഉറാട്ടിയുടെ അവതരണം ഇനിയും പതിറ്റാണ്ടുകൾ തുടരുമായിരിക്കും.






