അറബിക്കെന്താ ഈ വീട്ടിൽ കാര്യം? 

മുംബൈ ആയി മാറിയ ബോംബെ അല്ല കോഴിക്കോടാണ് ഇന്ത്യയുടെ യഥാർഥ ഗേറ്റ് വേ എന്ന് ഒരു വാദം ഉയരുന്നുണ്ട്. ചരിത്രാതീത കാലം മുതൽ വിദേശ രാജ്യങ്ങളുമായി നഗരത്തിനുള്ള ബന്ധത്തെ ആസ്പദമാക്കിയാണ് ഈ പറച്ചിൽ. അറബികൾ കാലിക്കൂത്ത് എന്ന് വിളിച്ചിരുന്ന തുറമുഖത്തിൽ നിന്ന് റോമിലെ കൊട്ടാരത്തിലേക്ക് വരെ നൂറ്റാണ്ടുകൾക്കപ്പുറം തേക്ക് കയറ്റിപ്പോയിരുന്നുവെന്ന് ചരിത്രം. കോഴിക്കോടിന് സത്യസന്ധതയുടെ തുറമുഖമെന്ന വിളിപ്പേര് വന്നതിന് പിന്നിൽ ഒരു കഥയുണ്ടല്ലോ. സാമൂതിരി നാട് വാണ കാലം. മനം മയക്കുന്ന ആതിഥേയ ബോധം കൊണ്ട് വിരുന്നുകാരെ അതിശയിപ്പിച്ച രാജ ഭരണ നാളുകൾ. അക്കാലത്താണ് പേർഷ്യയിൽ നിന്ന് ഒരു രാജകുമാരൻ കാലിക്കറ്റിലെത്തുന്നത്. വിവിധ രാജ്യങ്ങൾ സന്ദർശിക്കുകയെന്നത് അദ്ദേഹത്തിനൊരു ഹോബിയായിരുന്നു. ചെല്ലുന്നിടത്തെ ഭരണാധികാരികൾക്കെല്ലാം ഒരു സമ്മാനം നൽകും. അടുത്ത വർഷം വീണ്ടുമെത്തും. കോഴിക്കോട്ടെത്തിയ ധനാഢ്യനായ കുമാരൻ  ഒരു കുപ്പി സാമൂതിരിയെ ഏൽപിച്ചു. ഇത് അച്ചാർ കുപ്പിയാണ്, ഇതിവിടെ ഇരിക്കട്ടെയെന്നും പറഞ്ഞാണ് സമ്മാനിച്ചത്. അതിഥി തിരിച്ചു പോയ ശേഷം കുപ്പി തുറന്നു നോക്കിയ കോഴിക്കോട് വാഴുന്നവർ ഞെട്ടി. കുപ്പി നിറയെ സ്വർണ നാണയങ്ങൾ. അടുത്ത തവണ അറബ് നാട്ടിൽ നിന്നുള്ള യുവനായകനെത്തിയപ്പോൾ രാജാവ് ഉപദേശിക്കുകയായിരുന്നു. 'ഉണ്ണീ, അച്ചാർ എന്ന് പറഞ്ഞ് ഏൽപിച്ച് പോയത് സ്വർണ നാണയങ്ങൾ നിറച്ച കുപ്പിയായിരുന്നു. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണേ... കോഴിക്കോട് ഷെയ്ക്കിന്റെ സത്യസന്ധത അറബി യുവാവിന്റെ മനസ്സിൽ കുളിര് കോരിയിട്ടു. 
മലബാർ തീരത്തിന്റെ സവിശേഷതയിൽ മതിപ്പ് തോന്നിയ പുരാതന കാലത്തെ ഈ യാത്രികനാണ് കോഴിക്കോടിന് സത്യസന്ധതയുടെ തുറമുഖ നഗരമെന്ന ടൈറ്റിൽ നൽകിയതെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. അത് കഴിഞ്ഞ് നൂറ്റാണ്ടുകൾക്കിപ്പുറം ഗൾഫ് പ്രവാസത്തിന്റെ സീസണായി. മണലാരണ്യത്തിൽ വിസ്മയം തീർത്ത മലയാളി കഠിനാധ്വാനം, സത്യസന്ധത, മര്യാദ എന്നീ ഗുണങ്ങളിലൂടെ അറബ് സമൂഹത്തിന്റെ പ്രശംസയ്ക്ക് പാത്രമായി. യു.എ.ഇയിലെ ഭരണാധികാരി മലയാളി സമൂഹത്തിന്റെ ഓണസദ്യയിൽ പങ്കെടുത്തപ്പോൾ പറഞ്ഞതോർക്കുന്നു. ഏകദേശം പത്ത് വർഷം മുമ്പാണ് അത്. 'നിങ്ങൾ മലബാരികൾ (അറബ് സമൂഹത്തിന് കേരളമെന്ന് പറയുന്നതിലും എളുപ്പം മലബാർ എന്ന സുപരിചിത പദമാണ്) വന്നിറങ്ങിയ ശേഷമാണ് എന്റെ നാട് ഇത്രയേറെ അഭിവൃദ്ധിപ്പെട്ടത്.  റിപ്പോർട്ടിംഗ് അസൈൻമെന്റിൽ കുറച്ചു വർഷങ്ങൾക്കപ്പുറം ബഹ്‌റൈനിൽ ചെന്നപ്പോൾ അവിടത്തെ തൊഴിൽ മന്ത്രി മലയാളികളടക്കമുള്ള ഇന്ത്യക്കാരെ പുകഴ്ത്തി സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ഞങ്ങളുടെ സമൃദ്ധിയിലും പ്രതിസന്ധിയിലും ഒരുമിച്ച് നിന്ന മിത്രങ്ങളാണ് ഇന്ത്യക്കാർ. 
എന്റെ വല്യുപ്പയ്ക്ക് അസുഖം വന്നപ്പോൾ ചികിത്സിച്ചത് ഇന്ത്യയിൽ നിന്നെത്തിയ ഡോക്ടർമാർ. ഞങ്ങളുടെ തലമുറയ്ക്ക് ബിസിനസിൽ വഴികാട്ടിയായത് ഗുജറാത്തിൽ നിന്നെത്തിയ രത്‌ന വ്യാപാരികൾ. ഇപ്പോൾ ഐ.ടി യുഗം പിറന്നപ്പോൾ മലയാളി എൻജിനീയർമാരാണ് ഞങ്ങളുടെ മാർഗദർശികൾ. അഞ്ചും ആറും പതിറ്റാണ്ടുകൾക്കപ്പുറം ഗൾഫ് നാടുകളിലെത്തിയ പ്രവാസി പൂർവികരുടെ ഉത്സാഹത്തിലൂടെയാണ് ഈ സൽപേര് കൈവന്നത്. ഇതിന്റെ ഗുണം മലയാളി സമൂഹത്തിന് മൊത്തം ലഭിക്കുന്നുണ്ട്.   സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ കാര്യം വിശദീകരിക്കാൻ ഇക്കഴിഞ്ഞ ചൊവ്വാഴ്ച അനന്തപുരിയിൽ ഒരു വാർത്താ സമ്മേളനം നടത്തി. പ്രധാന വാർത്താ ചാനലുകളിലെല്ലാം ലൈവ് കവറേജ്. കൂട്ടത്തിൽ ഇപ്പോഴത്തെ ഹോട്ട് ടോപ്പിക്കായ മകന്റെ ദുബായിലെ ബിസിനസിനെ കുറിച്ചും ചോദ്യങ്ങളുയർന്നു. 
സഖാവ് കോടിയേരി പറഞ്ഞു: 'അറബി എന്തിനാ ഇവിടെ ചുറ്റിക്കളിക്കുന്നത്. ഇടപാട് ദുബായിലല്ലേ. ബിനോയും അവിടെയുണ്ട്. അവിടെ വെച്ചങ്ങ് തീർത്താൽ പോരേ...? നാട്ടിലെ ദൃശ്യ മാധ്യമങ്ങൾക്ക് അന്തിചർച്ചയ്ക്ക് വേണ്ടതിലേറെ ഈ പരാമർശത്തിലുണ്ട്. മാതൃഭൂമി, ഏഷ്യാനെറ്റ് തുടങ്ങിയ പ്രമുഖ ന്യൂസ് ചാനലുകളിലെല്ലാം വൈകുന്നേരം ഇത് ചർച്ചയായി. ബിജു മേനോന്റെ മരുഭൂമിയിലെ ആന സിനിമ മുതൽ ഗഫൂർക്കാ ദോസ്ത് ചെന്നൈയിൽ ശ്രീനിവാസനേയും മോഹൻലാലിനേയും കൊണ്ടിറക്കുന്നതും മുകേഷ് തർജമക്കാരനായ അച്യുത് മാമ ഹറാമി വരെ സകലതും ആക്ഷേപ ഹാസ്യ പരിപാടികളിൽ നിരന്നു. സമൂഹ മാധ്യമങ്ങളിലും കൊണ്ടു പിടിച്ച ആഘോഷമായിരുന്നു. ടിവിയിൽ കോടിയേരി മകൻ വിഷയം ചർച്ചയായപ്പോൾ വി.എസിന്റെ പഴയ കൂട്ടുകാരാണ് തിളങ്ങിയത്. എൽ.ഡി.എഫിന്റെ ടേം കഴിയുന്നതും കാത്തിരിക്കുന്ന യു.ഡി.എഫിന്റെ മൗനത്തേക്കാളും ശ്രദ്ധേയമായത് ഇവരുടെ പ്രകടനമാണ്. ബി.ജെ.പിക്കാരും കിട്ടിയ അവസരം ഉപയോഗപ്പെടുത്തി. സി.പി.എമ്മിന് വേണ്ടി ന്യായീകരിക്കാനെത്തിയ ഒരു ചാർച്ചികൻ വല്ലാതെയങ്ങ് കഷ്ടപ്പെടുന്നതും കണ്ടു. ഇപ്പോൾ നമ്മളറിയുന്ന അതിസമ്പന്നനായ യൂസഫലിയ്ക്കും കഷ്ടപ്പാടിന്റെ അധ്യായങ്ങളുണ്ടായിരുന്നു. ദുബായ് എന്നത് സാധ്യതകളുടെ നഗരമാണ്. ആടുജീവിതങ്ങൾക്ക് ശേഷമാണ് പലരും നമ്മളിപ്പോൾ കാണുന്ന നിലയിലെത്തിയത്. കമ്യൂണിസ്റ്റ് നേതാവിന്റെ മകൻ പെട്ടെന്ന് ഇത്ര ധനികനായതെങ്ങനെ എന്ന ചോദ്യത്തിനുള്ള വിശദീകരണങ്ങൾ കൊള്ളാം. ഞങ്ങളുടെയൊക്കെ കോളേജ് കാലത്ത് തിയേറ്ററിൽ സിനിമ കാണാൻ ചെന്നാൽ മഴക്കാലത്ത് പതിവായി കാണിക്കാറുള്ള ഒരു പരസ്യമുണ്ടായിരുന്നു. മഴ നനഞ്ഞ് ഒരു മനുഷ്യൻ ആവർത്തിച്ച് തുമ്മുന്നതിലൂടെ പരസ്യ ചിത്രം തുടങ്ങും. എന്തിനിങ്ങനെ കഷ്ടപ്പെടുന്നു, വല്ലതും വാങ്ങി കഴിച്ചു കൂടെ എന്ന് പറയുന്നതോടെ വിക്‌സ് വേപ്പറബിന്റെ മലയാളത്തിന്റെ ആഡ് അവസാനിക്കുകയും ചെയ്യും. 
*** *** ***
മിനി സ്‌ക്രീനിൽ പരസ്യങ്ങൾ പലതും വരുന്നുണ്ടെങ്കിലും അടുത്ത കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് പെയിന്റിലും ഫൈബറാ...എന്റമ്മേ അൺബിലീവബിൾ എന്നതാണ്. പരസ്യ ഏജൻസിയുടെ പുതുമയാർന്ന ആശയമാണ് ഇതിനെ വ്യത്യസ്തമാക്കിയത്. പരസ്യങ്ങളുടെ കോപ്പി റൈറ്റിംഗ് എന്നത് മികച്ച പ്രതിഫലം ലഭിക്കുന്ന പ്രൊഫഷനുകളിലൊന്നാണ്. മൊബൈൽ ഫോണിലെ മിസ്ഡ് കോളും ബംഗളൂരുവിൽ നിന്ന് ഫ്‌ളൈറ്റെടുത്ത് പോയതും മലയാളികൾ ഏറെ ആഘോഷിച്ചതുമാണല്ലോ. മോഡിജി ഭരണം തുടങ്ങിയത് മുതൽ കേന്ദ്ര സർക്കാരിന്റെ പ്രചാരണ വിഭാഗങ്ങൾ നൽകിയിരുന്ന ശോചനാലയ പരസ്യങ്ങൾ മഹാ ബോറായിരുന്നു. സ്ത്രീശാക്തീകരണത്തിനായി ടെലികാസ്റ്റ് ചെയ്യുന്ന ന്യൂദൽഹി വിമാനത്താവളത്തിൽ ലാന്റ് ചെയ്യുന്ന വിമാനത്തിന്റെ പൈലറ്റ് ആകൃതിയെ പറ്റിയുള്ള പരസ്യം ഈ ഗണത്തിൽ പെടുന്നില്ല. കേരള സർക്കാരിന്റെ പ്രതിഛായ വർധിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ആറന്മുള എം.എൽ.എ വീണാ ജോർജ് ഇന്റർവ്യൂ ചെയ്യുന്ന അര മണിക്കൂർ സ്‌പോൺസേഡ് പ്രോഗ്രാം വിവിധ ന്യൂസ് ചാനലുകളിൽ സംപ്രേഷണം ചെയ്തു വരുന്നു. നായനാരുടെ മുഖ്യമന്ത്രിയോട് ചോദിക്കാം പോലെ ചിരിക്കാനുള്ള വകയല്ലിത്. എന്നിരുന്നാലും പല എപ്പിസോഡുകൾക്കും ഡോക്യുമെന്ററി ടച്ച് ഏറി വരുന്നത് ന്യൂനതയാണ്. ഇതിൽ അഭിനയിക്കാൻ ദുബായിൽ നിന്ന് ആശാ ശരതെന്ന താരത്തെ വൻ തുക മുടക്കിക്കൊണ്ടു വന്നത് വിവാദമാക്കാനാണ് ചിലർക്ക് താൽപര്യം. ഫസ്റ്റ് ക്ലാസ് വിമാന ടിക്കറ്റ് അയച്ചു, പഞ്ച നക്ഷത്ര ഹോട്ടലിൽ താമസ സൗകര്യമൊരുക്കി, കൊച്ചിയിൽ നിന്ന് ബ്യൂട്ടീഷ്യനെത്തി അണിയിച്ചൊരുക്കി എന്നൊക്കെയാണ് പരാതി. സംസ്ഥാന സർക്കാരിന്റെ പ്രധാന ജനസമ്പർക്ക പരിപാടിയായി മാറാൻ സാധ്യതയുള്ള ഇത്തരമൊരു പ്രോഗ്രാമിന് ഏതാനും ലക്ഷങ്ങൾ ചെലവഴിച്ചുവെന്നതൊന്നും വലിയ ധൂർത്തല്ല. ആശാ ശരതിന്റെ സാന്നിധ്യം കാണികളിൽ വലിയ പങ്ക്  വരുന്ന വീട്ടമ്മമാർ എന്ന വിഭാഗത്തെ ലക്ഷ്യം വെച്ചായിരിക്കാനുമാണ് സാധ്യത. 
*** *** ***
കസബ സിനിമയിലെ സ്ത്രീ വിരുദ്ധതയിൽ പ്രതികരിച്ച നടി പാർവതി തിരക്കിലാണ്. 
ഊട്ടിയിൽ പുതിയ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു വരികയാണ്. തന്റെ നിലപാടിൽ ഒട്ടും മാറ്റമില്ലെന്ന് പാർവതി പറഞ്ഞതായി മാതൃഭൂമി ഷി ന്യൂസിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് വാർത്തയുണ്ടായിരുന്നു. ഇക്കാര്യം നടി പറഞ്ഞത് ഇക്കണോമിക്‌സ് ടൈംസ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണെന്നാണ് മാതൃഭൂമി പറഞ്ഞത്. ഒരിക്കലല്ല, മൂന്ന് തവണ ഇത് ആവർത്തിച്ചു. 
ബെന്നറ്റ് കോൾമാൻ ആന്റ് കമ്പനി പുറത്തിറക്കുന്ന ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള സാമ്പത്തിക പത്രത്തിന്റെ പേര് ഇക്കണോമിക് ടൈംസ് എന്നല്ലേ. ബുധനാഴ്ച രാത്രിയുള്ള മാതൃഭൂമി ഗൾഫ് ന്യൂസിലുമുണ്ടായി സമാന വിശേഷം. കുവൈത്തിൽ നിന്നുള്ള വാർത്തയിൽ എണ്ണ ഉൽപാദനം കൂട്ടാനുള്ള പദ്ധതിയാണ് വിവരിച്ചത്. കാപിറ്റൽ മൂലധനം ഉയർത്തിക്കൊണ്ടു വരികയെന്നതാണ് ഇതിലൂടെ കുവൈത്ത് സർക്കാർ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടർ. മൂലധനവും കാപിറ്റലും ഒന്ന് തന്നെയല്ലേ. 

Latest News