താളവട്ടങ്ങളുടെ വെടിക്കെട്ടുകളുതിർത്ത് ചെണ്ട ആസ്വാദകരെ അനുഭൂതിയുടെ ആഴങ്ങളിൽ ആറാടിക്കുന്ന മാന്ത്രിക വിരലുകൾ. ചെണ്ടയെ വാദ്യോപകരണങ്ങളിലെ എക്കാലത്തേയും വലിയ വിസ്മയമാക്കി മാറ്റിയ അതുല്യ പ്രതിഭയുടെ കലാജീവിതത്തിലൂടെ...
ഒരു കേരളീയ കല മാത്രമായിരുന്നു ചെണ്ടമേളത്തെ വിദേശങ്ങളിൽ പോലും അനേകായിരങ്ങളുടെ ശ്രദ്ധാകേന്ദ്രമാക്കിയ അസുലഭ സിദ്ധിയുള്ള ആചാര്യൻ.. അതാണ് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ എന്ന ചെണ്ട വിദ്വാൻ. 'കൊട്ടിന് മട്ടന്നൂർ' എന്നൊരു ചൊല്ലു തന്നെ ഇന്ന് ചെണ്ടമേള രംഗത്ത് പ്രസിദ്ധമാണ്. ചെണ്ട എന്ന വാദ്യോപകരണത്തിൽ തന്റെ കഴിവിന്റെ കരുത്തും കൈപ്പുണ്യവും കാട്ടി മട്ടന്നൂർ തീർക്കുന്ന നാദബ്രഹ്മത്തിന്റെ മാസ്മരികതയിൽ മനം മയങ്ങിയവരാണ് ആ ചൊല്ലിന് പിന്നിലെ പ്രധാന പ്രേരകശക്തി.
പ്രസിദ്ധമായ മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിൽ നിത്യപൂജയ്ക്ക് കൊട്ടാൻ ആദ്യമായി ചെണ്ട തോളത്ത് തൂക്കുമ്പോൾ ശങ്കരൻകുട്ടിക്ക് വയസ് അഞ്ച്! വെറുതെ ഒന്നു കൊട്ടി പരീക്ഷിക്കൂ എന്നാണ് അച്ഛൻ, കുഞ്ഞികൃഷ്ണ മാരാർ മകനോട് പറഞ്ഞത്. പിതാവിന്റെ വാത്സല്യ നിർഭരമായ പ്രേരണയിൽ മടിച്ചു മടിച്ചാണ് തുടങ്ങിയതെങ്കിലും അറിയാതെ അതവനിൽ ഒരു ലഹരിയായി പടർന്നു കയറി. ഹരം പിടിച്ച് ചെണ്ടയിൽ കോലുകൊണ്ട് താളലയങ്ങളുടെ അവാച്യമായ അനുഭൂതി തീർത്ത് മേളക്കൊഴുപ്പിന്റെ അവിസ്മരണീയമായ ഒരു പിടി ധന്യനിമിഷങ്ങൾ കാണികൾക്ക് കാഴ്ചവെച്ചാണ് അന്നവൻ കൊട്ടു നിർത്തിയത്. പിതാവിനെ പോലും അമ്പരപ്പിച്ച പ്രകടനമായിരുന്നു അത്. മനസ്സ് നിറഞ്ഞ അദ്ദേഹം നിറമിഴികളോടെ അവന്റെ ശിരസ്സിൽ കൈവച്ച് അനുഗ്രഹം ചൊരിഞ്ഞു.
ആ അനുഗ്രഹത്തിന്റെ കരുത്തിൽ തോളിൽ ചെണ്ട തൂക്കി ജീവിതം തുടങ്ങിയ ആ കൊച്ചു ശങ്കരൻകുട്ടി, ഇന്നു വളർന്ന് പേരും പെരുമയുമുള്ള മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ എന്ന ചെണ്ടമേളക്കാരിലെ താര രാജാവായി മാറിയിരിക്കുന്നു. ചെണ്ടവാദ്യത്തിലെയും തായമ്പകയിലെയും നിത്യ വിസ്മയം. അതുവഴി അദ്ദേഹത്തിന്റെ ഖ്യാതി കേരളത്തിനകത്തും പുറത്തും മാത്രമല്ല വിദേശത്തു പോലും എത്തി നിൽക്കുകയാണിപ്പോൾ. ലോകപ്രശസ്തമായ ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ ചെണ്ട വാദ്യത്തെ കുറിച്ച് പ്രഭാഷണം അവതരിപ്പിക്കാൻ പോലും അദ്ദേഹം ക്ഷണിക്കപ്പെട്ടത് അതിനൊരുദാഹരണമാണ്. നിരന്തരയാത്രകൾ...പരിപാടികൾ...പഠന ക്ലാസുകൾ...പരിശീലനങ്ങൾ...അങ്ങനെ സദാ തിരക്കിന്റെ ലോകത്താണ് ചെണ്ടയിലെ ഈ മാന്ത്രികൻ. ഈയിടെ കണ്ണൂരിലെത്തിയ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ തന്റെ ജീവിതവും അനുഭവങ്ങളും പങ്കുവെക്കുന്നു:-

ചെണ്ട വാദ്യം ഒരു പാരമ്പര്യ കലയായിരുന്ന കാലത്താണ് താങ്കൾ ഈ രംഗത്തേക്ക് കടന്നു വരുന്നത്. ഉപജീവനാർഥം എന്നു തന്നെ പറയാം. അതിൽ കവിഞ്ഞൊരു താൽപര്യം താങ്കൾക്ക് ഈ കലയോട് തോന്നിയിരുന്നോ?
ശരിയാണ്. ഞങ്ങളുടെ സമുദായത്തിന്റെ കുലത്തൊഴിൽ എന്ന നിലയിലാണ് ഞാൻ ചെണ്ട കൊട്ടിലേക്ക് ആദ്യം വരുന്നത്. പക്ഷെ, ചെണ്ട കൊട്ടി ഒരു ജീവിതം ഉണ്ടാക്കാൻ പറ്റുന്ന അവസ്ഥയല്ല അന്നത്തേത്. ആരാധനാലയങ്ങളിൽ ചെണ്ടകൊട്ടിയാൽ കൃത്യമായ പ്രതിഫലമൊന്നും കിട്ടിയിരുന്നില്ല. അവിടെനിന്നു കിട്ടുന്നു നിവേദ്യച്ചോറു കൊണ്ട് മാത്രമാണ് പലപ്പോഴും വിശപ്പടക്കിയിരുന്നത്. പട്ടിണിയും പരിവട്ടവും വീർപ്പുമുട്ടിച്ച ദിവസങ്ങൾ നിരവധിയാണ്. ചെണ്ട കൊട്ടി ജീവിച്ച അക്കാലത്തെ ഓർമകൾ പലതും സുഖമുള്ളതല്ല. എനിക്കൊപ്പമുണ്ടായിരുന്ന പലരും ചെണ്ട ഉപേക്ഷിച്ച് ഉപജീവനത്തിനായി മറ്റു പല തൊഴിലിലേക്കും ചേക്കേറി. എനിക്കും അതാവാമായിരുന്നു. എന്നാൽ ഞാനതു ചെയ്യാതെ ഈ രംഗത്ത് തുടർന്നതും പിടിച്ചു നിന്നതും ഈ കലയോട് എനിക്കുള്ള ആസക്തി ഒന്നു കൊണ്ടു മാത്രമാണ് എന്നറിയുക. ഇന്നും അതെന്നെ മടുപ്പിക്കുന്നില്ല. ചെണ്ടകൊട്ടി തുടങ്ങിയാൽ ഇപ്പൊഴും അതെനിക്കൊരു ലഹരിയാണ്. കൊട്ടിക്കേറി തിമർത്തു തകർത്തു നിർത്തുമ്പോഴാണ് സങ്കടം വരിക, ഇത്ര വേഗം കഴിഞ്ഞോ എന്നോർത്ത്.
ചെണ്ടയിൽ ആരാണ് ഗുരു?
അച്ഛൻ, കുഞ്ഞികൃഷ്ണ മാരാർ തന്നെ. ചെണ്ടയിൽ മാത്രമല്ല, ജീവിതത്തിലും എന്റെ ഗുരു അദ്ദേഹം തന്നെയാണ്. ചെണ്ട സത്യവും ദൈവചൈതന്യവുമുള്ള ഒന്നാണെന്നും വിശുദ്ധിയുള്ള മനസ്സോടും ശരീരത്തോടും കൂടി മാത്രമേ അതിനെ സമീപിക്കാവൂ എന്നും അദ്ദേഹമാണെന്നെ പഠിപ്പിച്ചത്. അത് തെറ്റിക്കുമ്പോൾ കൊട്ടിന്റെ താളം പിഴയ്ക്കുമെന്നും അത് ചെണ്ടക്കാരന്റെ ജീവിതത്തിന്റെ താളം തന്നെ തെറ്റിക്കുമെന്നുമുള്ള അച്ഛന്റെ ഉപദേശമാണ് ജീവിതത്തിൽ എന്റെ വഴികാട്ടി. അന്നുമതെ, ഇന്നുമതെ.
ഒരു കല എന്ന നിലയിൽ ചെണ്ടവാദ്യത്തെ ഗൗരവത്തോടെ കാണാൻ തുടങ്ങിയതെപ്പോഴാണ്?
12-ാം വയസിൽ. അക്കാലത്താണ് കഥകളിക്കൊട്ടും ചെണ്ടയും പരിശീലിക്കാനായി ഞാൻ പാലക്കാട് പേരൂർ ഗാന്ധി സേവാ സദനത്തിൽ എത്തുന്നത്. എല്ലാ വാദ്യകലകളേയും ഗൗരവത്തോടെ പഠിക്കാൻ തുടങ്ങുന്നത് അവിടെ വെച്ചാണ്. കലാമണ്ഡലം ചന്ദ്രമന്നാഡിയാരും സദനം വാസുദേവനുമായിരുന്നു അവിടെ എന്റെ ഗുരുക്കൻമാർ. ഇടക്കയും തിമിലയും അവിടെ നിന്നാണ് പഠിച്ചത്. തായമ്പക അഭ്യസിക്കുന്നത് അച്ഛന്റെ കീഴിൽ തന്നെയാണ്. 13-ാം വയസിൽ മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിൽ അച്ഛനൊപ്പമായിരുന്നു തായമ്പകയിൽ എന്റെ ആദ്യ അരങ്ങേറ്റം.
തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷകങ്ങളിലൊന്നായ ചെണ്ട മേളത്തിന്റെ അരങ്ങിൽ കുറേകാലം താങ്കളും സംഘവും സജീവമായി ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴില്ല. എന്തുപറ്റി?
1972 മുതൽ മുപ്പതു വർഷക്കാലം പൂരത്തിന് തിരുവമ്പാടിക്കാരുടെ വാദ്യമേളക്കാർക്കൊപ്പം ഞാനുണ്ടായിരുന്നു. പിന്നീടൊരു ആറുവർഷം 250 ഓളം ചെണ്ടവാദ്യക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് പൂരത്തിന് ചെണ്ടമേളത്തിന്റെ അമരക്കാരനായും പ്രവർത്തിച്ചു. 2005 ൽ ''മളം പ്രമാണിപട്ടം' നൽകി അവരെന്നെ ആദരിക്കുകയും ചെയ്തു. പിന്നീട് സംഘാടക സമിതിയിലെ ചിലരുടെ നിലപാടും ശൈലിയും ശാഠ്യവും ശരിയല്ലെന്ന് തോന്നിയപ്പോൾ ഇറങ്ങിപ്പോന്നു. ഒരു കലാകാരൻ, അവനെ അംഗീകരിക്കാത്തിടത്ത് കടിച്ചു തൂങ്ങി നിൽക്കരുത് എന്നാണെന്റെ അഭിപ്രായം. ഇത് ഞാനെന്റെ ശിഷ്യൻമാരോടും പറയാറുണ്ട്.
ചെണ്ടമേളത്തിൽ മട്ടന്നൂർ ശൈലി എന്നൊന്ന് രൂപപ്പെട്ടിട്ടുണ്ടല്ലോ. അതിനെ കുറിച്ച്?
ചെണ്ടമേളം, തായമ്പക, പഞ്ചവാദ്യം എന്നിവയിലെ ആദ്യകാല സമ്പ്രദായങ്ങൾ മലമേക്കാവ് ശൈലി, പാലക്കാടൻ ശൈലി എന്നിങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. അതിന്റെ ചുവടു പിടിച്ചാണ് ഞാനും തുടങ്ങിയത്. കുറേ കഴിഞ്ഞപ്പോൾ എന്റെ അനുഭവങ്ങളും പാഠങ്ങളും നിരീക്ഷണങ്ങളും ചേർത്ത് എന്റേതായ പരീക്ഷണങ്ങളും പരിഷ്‌കാരങ്ങളും ഈ രംഗത്ത് കൊണ്ടു വരണമെന്ന് എനിക്കു തോന്നി. ഞാനെന്നൊരാൾ ഇവിടെ ജീവിച്ചിരുന്നു എന്നതിന് ഒരു അടയാളം ബാക്കി വെക്കണമല്ലൊ. അത് സാധ്യമാവുകയും ചെയ്തു. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇരിങ്ങാലക്കുടയിൽ നടന്ന ചെണ്ട വാദ്യക്കാരുടെ ഒരു സമ്മേളനത്തിലാണ് 'മട്ടന്നൂർ ശൈലി' ഔദ്യോഗികമായി ആദ്യം പ്രഖ്യാപിക്കപ്പെട്ടത്. കേരളത്തിൽ എഴുപത് ശതമാനത്തോളം വരുന്ന ചെണ്ട ആസ്വാദകരുടെ പിൻതുണ ഇന്ന് ഈ ശൈലിക്കാണ് എന്നത് അഭിമാനകരമാണ്. എങ്കിലും ഏതു കലാരൂപമായാലും ആവർത്തനം ആസ്വാദകരിൽ വിരസതയുണ്ടാക്കും എന്നത് വലിയൊരു പാഠമായി നാം ഉൾക്കൊള്ളണം. അതിനാൽ ഇതിനകത്തും നിരന്തരം പരീക്ഷണങ്ങളും പുതുക്കിപ്പണിയലുകളും ഞാൻ നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇതേവരെയായി എത്ര വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ടാകും?
കേരളത്തിൽ അങ്ങോളമിങ്ങോളം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ദൽഹി, കൊൽക്കത്ത എന്നീ വൻനഗരങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ചെണ്ടമേളത്തിനായി ചെന്നിട്ടുണ്ട്. അവയൊക്കെ കൂടി 4,500-ലധികം വേദികൾ വരും.
വിദേശ യാത്രകൾ?
1979-ലാണ് ആദ്യത്തെ വിദേശയാത്ര-പോളണ്ടിലേക്ക്. തുടർന്ന് ഇംഗ്ലണ്ട്, ഫ്രാൻസ്, ഇറ്റലി, ബെൽജിയം, നോർവെ, സ്വീഡൻ, സ്വിറ്റ്‌സർലണ്ട് തുടങ്ങി ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളിലും പോയി. കൂടാതെ അമേരിക്ക, സിങ്കപ്പൂർ, ഹോങ്കോങ്, ബ്രസീൽ, മൊറോക്കോ, ഇസ്രായിൽ, ശ്രീലങ്ക, ഗൾഫ് രാജ്യങ്ങൾ... ഇംഗ്ലണ്ടിൽ 30 തവണ പോയിട്ടുണ്ട്. ഒരു വർഷം തന്നെ മൂന്നു തവണയൊക്കെ അവിടെ പരിപാടിക്ക് ചെന്നിട്ടുണ്ട്. വന്നു വന്ന് കണ്ണൂരിൽ നിന്നും മട്ടന്നൂരിലെത്തുന്നതിനേക്കാൾ ഈസിയാണ് എനിക്കിപ്പോൾ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലിറങ്ങി ഇംഗ്ലണ്ടിന്റെ ഏതു ഭാഗത്തു ചെന്നെത്തുന്നതും. അവിടെ ആരുടെയും സഹായമില്ലാതെ പരിപാടി നടക്കുന്ന സ്ഥലത്ത് ഞാൻ ഒറ്റക്ക് യാത്ര ചെയ്ത് പോകാറുണ്ട്. അത്ര പരിചിതമാണ് എനിക്കിന്ന് ഇംഗ്ലണ്ട്.
വിദേശയാത്രയിലെ മറക്കാനാവാത്ത ഒരനുഭവം?
1985-ലാണ് എന്റെ ആദ്യത്തെ അമേരിക്കൻ യാത്ര. ഇന്ത്യാ ഫെസ്റ്റിവലിന്റെ ഭാഗമായി ഒന്നര മാസക്കാലം അവിടെ ഉണ്ടായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏതാണ്ട് മുഴുവനായും സഞ്ചരിച്ച് പരിപാടികൾ അവതരിപ്പിച്ചു. അന്ന് വേൾഡ് ട്രേഡ് സെന്റർ എന്ന അത്ഭുതത്തിനകത്തും പുറത്തും ഒരുപാട് സമയം ചെലവഴിച്ചിരുന്നു. പിന്നീട് 2005-ലാണ് വീണ്ടും അമേരിക്ക സന്ദർശിക്കുന്നത്. അപ്പോൾ 110 നിലകൾ വീതമുള്ള ആ രണ്ട് പടുകൂറ്റൻ ടവറുകൾ നിന്ന സ്ഥലം ശുദ്ധ ശൂന്യം! മറക്കാനാവാത്ത ഒരനുഭവമാണത്.
അവാർഡുകളും അംഗീകാരങ്ങളും ഒരുപാട് കിട്ടിയല്ലോ? എന്തു തോന്നുന്നു?
ശരിയാണ്. അവയുടെ എണ്ണമെടുത്താൽ 50-ലധികം വരും. കേരള-കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡുകൾ(1996, 2012) സ്വരലയ അവാർഡ് (2003) കലാദർപ്പണ അവാർഡ്(2003) വാദ്യ കലാനിധി പുരസ്‌കാരം(2006) ഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്‌കാരം(2007) മയിൽപ്പീലി അവാർഡ്(2009) മേളാചാര്യ അവാർഡ്(2009) പത്മശ്രീ(2009) എന്നിവ അവയിൽ ചിലതാണ്. അവാർഡുകളും അംഗീകാരങ്ങളും ലഭിക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്. അവ ഞാൻ കൈയാളുന്ന ഒരു കലയ്ക്ക് ലഭിക്കുന്ന ആദരവായിട്ടാണ് എനിക്ക് അനുഭവപ്പെടാറ്. സത്യത്തിൽ അതിലൂടെ ഈ രംഗത്ത് പ്രവർത്തിക്കുന്ന അനേകായിരം കലാകാരൻമാർ കൂടിയാണ് അംഗീകരിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ഓരോ അംഗീകാരവും എനിക്ക് വിലപ്പെട്ടതാണ്.
കുടുംബം?
ഭാര്യ ഭാരതി. എന്റെ തിരക്കിട്ട ജീവിതത്തിനിടയിൽ കുടുംബം ശ്രദ്ധിക്കുന്നതു മുഴുവൻ അവരാണ്. രണ്ട് ആൺമക്കളാണ് എനിക്ക്-മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ്. രണ്ടു പേരും എനിക്കൊപ്പം തന്നെ പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് കൂടെയുണ്ട്. ഒരു മകളുണ്ട്-ശരണ്യ. പാലക്കാട് വെള്ളിനേഴിയിലാണ് ഇപ്പോൾ സ്ഥിരതാമസം.
ഇടയ്‌ക്കൊന്ന് സിനിമയിലും മുഖം കാണിച്ചല്ലോ-ഷാജി എൻ. കരുണിന്റെ 'വാനപ്രസ്ഥത്തിൽ. എന്താണ് അതിന്റെ ഒരു അനുഭവം?
അതൊരു വലിയ ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്. മോഹൻലാലിനെ പോലെ മഹാനായ ഒരു നടന്റെ കൂടെ അഭിനയിക്കുക, അതും കഥകളിയുമായി ബന്ധപ്പെട്ട ഒരു വേഷത്തിൽ. ജീവിതത്തിലെ വിലമതിക്കാനാവാത്ത ഒരു നേട്ടമാണത്. കഴിവുള്ള കലാകാരൻമാർക്കൊപ്പം പ്രവൃത്തിക്കുമ്പോൾ ഉണ്ടാകുന്ന ഒരു വലിയ നേട്ടം എന്താണെന്നു വെച്ചാൽ അവരുടെ പ്രതിഭയുടെ ഒരംശം നമ്മളിലേക്കും വ്യാപിക്കും എന്നതാണ്. അത് നമ്മെ സ്വയം വിശകലനം ചെയ്യാനും പരിഷ്‌കരിക്കാനും പ്രേരിപ്പിക്കും.
അനേകം ശിഷ്യൻമാർക്ക് ചെണ്ടയിൽ പരിശീലനം നൽകുന്നതായി കേട്ടിട്ടുണ്ട്. ഈ തിരക്കിനിടയിലും അത് എങ്ങനെ സാധിക്കുന്നു?
വെള്ളിനേഴി സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിൽ 15 വർഷത്തോളം ചെണ്ട അധ്യാപകനായിരുന്നു ഞാൻ. പഠിക്കാൻ നല്ല ഉത്സാഹവുമായി കുട്ടികളെത്തുമ്പോൾ പറ്റില്ലെന്ന് പറയാറില്ല. ഒരു കലാകാരൻ എന്ന നിലയിൽ എനിക്കതിന് കഴിയില്ല എന്നതാണ് നേര്. അതേ സമയം പണവും പോപ്പുലാരിറ്റിയും മാത്രം ലക്ഷ്യമിട്ട് എന്തെങ്കിലും കാട്ടികൂട്ടാൻ വരുന്നവരെ നിഷ്‌കരുണം നിരസിക്കാറുമുണ്ട്. തിരക്കിനിടയിലും എങ്ങനെയും സമയം കണ്ടെത്തി കഴിവുള്ള കുട്ടികളെ പരിശീലിപ്പിക്കുക എന്നത് ഒരു വ്രതാനുഷ്ഠാനം പോലെയാണ് ഞാൻ കാണുന്നത്. നമുക്കും പിൻഗാമികൾ വേണമല്ലൊ! കവി ഒളപ്പമണ്ണയുടെ തറവാടായ ഒളപ്പമണ്ണ മനയിൽ കുറേ കാലമായി മുതിർന്ന വിദ്യാർഥികൾക്ക് ചെണ്ട പരിശീലിപ്പിക്കുന്നുണ്ട്. എന്റെ ഒരു പ്രധാന ശിഷ്യൻമാരിൽ ഒരാളുടെ പേരു പറഞ്ഞാൽ നിങ്ങളൊക്കെ അറിയും-ജയറാം! അതെ സിനിമാ നടൻ ജയറാം തന്നെ. ആൾ കേമനാണ് കെട്ടോ. ഞങ്ങളൊന്നിച്ച് പലയിടങ്ങളിലും മേളം അവതരിപ്പിച്ചിട്ടുണ്ട്.
ചെണ്ടവാദ്യവുമായി ബന്ധപ്പെട്ട് മനസിൽ കൊണ്ടു നടക്കുന്ന ഒരു മോഹമുണ്ടോ?
ചോദ്യം അസ്സലായി. ആരും ഇതുവരെ അതു ചോദിച്ചിട്ടില്ല. അതുകൊണ്ട് ഇപ്പോൾ പറയാം. ഒരു മോഹമുണ്ട്. ചെണ്ടവാദ്യ പഠനത്തിനായി ഒരു സ്ഥാപനം തുടങ്ങണം. കുറച്ച് കുട്ടികളെ വെച്ച് ഗുരുകുല മാതൃകയിലു ള്ള ഒന്ന്. അവിടുത്തെ കുട്ടികൾ സ്ഥാപനത്തിന്റെ തന്നെ ചെലവിൽ പഠിച്ച് ഒരു ജീവിതം കണ്ടെത്തുന്ന രീതിയിലുള്ള പദ്ധതിയാണ് മനസിൽ. സർക്കാരിന്റെ ഒരു തരത്തിലുള്ള സഹായവും സ്വീകരിക്കാതെ അവരുടെ അനുഗ്രഹം മാത്രം വാങ്ങി നടത്തുന്ന ഒരു സ്ഥാപനമായിരിക്കും അത്. വാദ്യകലയെ കാര്യഗൗരവത്തോടെ കാണുന്ന ഒരു കൂട്ടം സഹൃദയരുടെ പിൻതുണ അതിനുണ്ട്. എന്റെ തിരക്കാണ് പദ്ധതി വൈകുന്നതിന് പ്രധാന കാരണം. അതെന്തായാലും എല്ലാ യാത്രകളും ഞാനിപ്പോൾ കുറച്ചു തുടങ്ങി. സ്ഥാപനം എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളിലാണിപ്പോൾ. അതിന്റെ നേതൃത്വ സ്ഥാനത്തോ ഔദ്യോഗിക പദവികളിലോ ഒന്നും ഞാനിരിക്കില്ല. അവിടെ ഒരു പരിശീലകനായി മാത്രമെ ഞാനുണ്ടാവൂ. അതാണ് എന്റെ ഉറച്ച തീരുമാനം.






