Sorry, you need to enable JavaScript to visit this website.

കുവൈത്തി യുവതിയെ ഒമ്പതു വർഷം  ബന്ദിയാക്കിയ സഹോദരങ്ങൾക്ക് തടവ്

കുവൈത്ത് സിറ്റി - ഫർവാനിയ ഗവർണറേറ്റിൽ കുടുംബ കലഹത്തെ തുടർന്ന് കുവൈത്തി യുവതിയെ ഒമ്പതു വർഷം വീടിന്റെ ബേസ്‌മെന്റിൽ ബന്ദിയാക്കിയ മൂന്നു സഹോദരങ്ങളെയും മുൻ ഭർത്താവിനെയും ജയിലിൽ അടക്കാൻ കുവൈത്ത് ക്രിമിനൽ കോടതി ഉത്തരവിട്ടു. കേസ് വിചാരണയുടെ ആദ്യ സിറ്റിംഗിലാണ് നാലു പേരെയും ജയിലിൽ അടക്കാൻ കോടതി ഉത്തരവിട്ടത്. കേസിൽ ആരോപണ വിധേയരായ യുവതിയുടെ മൂന്നു സഹോദരിമാരെ ജാമ്യത്തിൽ വിട്ടയക്കാനും കോടതി ഉത്തരവിട്ടു. ഇവർ ഓരോരുത്തരും 20,000 കുവൈത്തി ദീനാർ (66,000 അമേരിക്കൻ ഡോളർ) വീതം ജാമ്യത്തുകയായി കെട്ടിവെക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് വിചാരണ ഈ മാസം 14 ലേക്ക് കോടതി നീട്ടിവെച്ചിട്ടുണ്ട്. 
കുവൈത്തിനെ ഞെട്ടിച്ച കേസ് മാസങ്ങൾക്കു മുമ്പാണ് പുറംലോകം അറിഞ്ഞത്. ജയിലറക്ക് സമാനമായ വീടിന്റെ ബേസ്‌മെന്റിലെ മുറിയിൽ ബന്ധുക്കൾ ബന്ദിയാക്കിയ യുവതി ഭക്ഷണവും മറ്റും എത്തിച്ചിരുന്ന വേലക്കാരി മുഖേനെയാണ് തന്റെ പ്രശ്‌നം സുരക്ഷാ വകുപ്പുകളെ അറിയിച്ചത്. യുവതിയുടെ പ്രശ്‌നം വേലക്കാരി അഭിഭാഷകയെ അറിയിക്കുകയും ഇവർ ഇക്കാര്യം പബ്ലിക് പ്രോസിക്യൂഷനിൽ റിപ്പോർട്ട് ചെയ്യുകയുമായിരുന്നു. തുടർന്ന് സുരക്ഷാ വകുപ്പുകൾ യുവതിയുടെ കുടുംബ വീട് റെയ്ഡ് ചെയ്ത് യുവതിയെ മോചിപ്പിക്കുകയും സംഭവത്തിൽ പങ്കുള്ള മൂന്നു സഹോദരന്മാരെയും മൂന്നു സഹോദരിമാരെയും മുൻ ഭർത്താവിനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവതിയെ ബന്ധപ്പെട്ട വകുപ്പുകൾ പ്രത്യേക താമസസ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. 
തന്നെക്കാൾ പതിനഞ്ചു വയസ് കൂടുതലുള്ളയാളെയാണ് യുവതി വിവാഹം ചെയ്തിരുന്നത്. വിവാഹബന്ധത്തിൽ ഒരു ആൺകുഞ്ഞ് പിറന്നശേഷം ഭർത്താവിനൊപ്പം ജീവിക്കാൻ യുവതി വിസമ്മതിക്കുകയും കുടുംബ വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു. എന്നാൽ ഭർതൃവീട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് കുടുംബം യുവതിയിൽ സമ്മർദം ചെലുത്തുകയും ഇക്കാര്യത്തിൽ വാശിപിടിക്കുകയും ചെയ്തു. ഇതോടെ യുവതി തന്റെ കൂട്ടുകാരിയുടെ വീട്ടിലേക്ക് രക്ഷപ്പെട്ടു. മൂന്നു മാസത്തിനു ശേഷം കുടുംബം യുവതിയെ കണ്ടെത്തി കുടുംബ വീട്ടിൽ എത്തിച്ച് ബേസ്‌മെന്റിലെ മുറിയിൽ അടച്ചിടുകയായിരുന്നു. 
അഭിഭാഷക മുന അൽഅർബശ് ആണ് യുവതിക്കു വേണ്ടി കോടതിയിൽ സിവിൽ കേസ് നൽകിയത്. ഒമ്പതു വർഷക്കാലം ബന്ദിയാക്കിയവരിൽ നിന്ന് യുവതിക്ക് അഞ്ചു ലക്ഷം കുവൈത്തി ദീനാർ (16 ലക്ഷം ഡോളർ) നഷ്ടപരിഹാരം നലഭിക്കണമെന്ന് അഭിഭാഷക ആവശ്യപ്പെടുന്നു. മർദനം, ബന്ദിയാക്കൽ, തട്ടിക്കൊണ്ടുപോകൽ, വ്യാജ രേഖകൾ നിർമിക്കൽ എന്നീ ആരോപണങ്ങളും യുവതിയുടെ ബന്ധുക്കൾക്കെതിരെ അഭിഭാഷക കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്. 
 

Latest News