Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചരിത്രം കുറിച്ച് കുട്ടി ചാമ്പ്യന്മാർ

ഓസ്‌ട്രേലിയയെ തോൽപിച്ച് നാലാം തവണ അണ്ടർ ക്രിക്കറ്റ് ലോക ചാമ്പ്യന്മാരായ ഇന്ത്യൻ ടീം.

ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യക്ക് നാലാം അണ്ടർ 19 ലോകകപ്പ്

ക്രൈസ്റ്റ് ചർച്ച്- ആദ്യം ബൗളർമാരുടെ കണിശമായ ആക്രമണം, പിന്നീട് മൻജോത് കൽറയുടെ തകർപ്പൻ സെഞ്ചുറി... കരുത്തരായ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് കശക്കിയെറിഞ്ഞ് നാലാം തവണയും അണ്ടർ 19 ലോകകപ്പ് ഉയർത്തി ഇന്ത്യയുടെ കുട്ടി ക്രിക്കറ്റ് സംഘത്തിന്റെ ചരിത്ര നേട്ടം. ഇതാദ്യമായാണ് ഒരു ടീം നാല് തവണ അണ്ടർ 19 ലോക ചാമ്പ്യന്മാരാവുന്നത്. ലോക ക്രിക്കറ്റിലെ ഇന്ത്യയുടെ മേധാവിത്വം വരും വർഷങ്ങളിലും തുടരുമെന്ന് വ്യക്തമായ സൂചന നൽകുന്നതായിരുന്നു മൗണ്ട് മോഗ്നുയിയിൽ പ്രിഥ്വി ഷായും കൂട്ടരും നടത്തിയ അപരാജിത മുന്നേറ്റം. ഒരു കാലത്ത് ഇന്ത്യൻ ടീമിലെ വൻ മതിലായിരുന്ന രാഹുൽ ദ്രാവിഡ്, കോച്ചിന്റെ കുപ്പായമിട്ട് ഭാവി ടീമിനെ അപ്പാടെ വൻമതിൽ പോലെ വളർത്തിയെടുക്കുന്നതാണ് ടൂർണമെന്റിൽ കാണാൻ കഴിഞ്ഞത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 216 റൺ
സിന് ഒതുക്കിക്കൊണ്ട് ബൗളർമാർ വിജയത്തിന് അടിത്തറയിട്ടു. അമിതാവേശം കാണിക്കാതെ സമചിത്തതയോടെ ബാറ്റ് വീശിയ കൽറയും സംഘവും ഒരു പ്രതിബന്ധവുമില്ലാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 67 പന്ത് അവശേഷിക്കേയാണ് ഇന്ത്യ വിജയ ലക്ഷ്യം മറികടക്കുന്നത്. എട്ട് ബൗണ്ടറികളും മൂന്ന് സിക്‌സറുമടക്കം 101 പന്തിൽ 102 റൺസെടുത്ത കൽറയാണ് മാൻ ഓഫ് ദി മാച്ച്.

ലോകകപ്പുമായി സെൽഫിക്ക് പോസ് ചെയ്യുന്ന ഇന്ത്യൻ കളിക്കാർ.


ഇതിനു മുമ്പ് 2000, 2008, 2012 വർഷങ്ങളിലായിരുന്നു ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് വിജയങ്ങൾ. മുഹമ്മദ് ഖൈഫ്, വിരാട് കോഹ്‌ലി, ജയ്‌ദേവ് ഉനദ്കാത് എന്നിവരായിരുന്നു ആ വിജയങ്ങളിലെ ക്യാപ്റ്റന്മാർ. 
അണ്ടർ ലോകകപ്പ് ഫൈനലിൽ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ബാറ്റ്‌സ്മാനാണ് കൽറ. തകർപ്പൻ ബൗണ്ടറിയിലൂടെ വിജയം യാഥാർഥ്യമാക്കിയ ഹാർവിക് ദേശായിയായിരുന്നു (61 പന്തിൽ 47 നോട്ടൗട്ട്) ചരിത്ര നേട്ടം കുറിക്കുമ്പോൾ കൽറക്ക് കൂട്ട്.  
ഒരു ഘട്ടത്തിലും സമ്മർദത്തിന്റെ നേരിയ ലാഞ്ചന പോലുമില്ലാതെയായിരുന്നു ഇന്ത്യയുടെ വിജയ കുതിപ്പ്. ഇടയ്ക്ക്  വന്ന മഴ പോലും അവരുടെ വിജയത്തിന് തടസ്സമായില്ല. ക്യാപ്റ്റൻ പ്രിഥ്വി ഷായും (41 പന്തിൽ 29), ശുഭ്മൻ ഗില്ലുമായിരുന്നു (30 പന്തിൽ 31) പുറത്തായ ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ. ഇരുവരും കൽറക്കൊപ്പം മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്തി തങ്ങളുടെ ദൗത്യം ഭംഗിയാക്കിയിരന്നു. കൽറയും ഷായും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് 71 റൺസടിച്ചു. രണ്ടാം വിക്കറ്റിൽ ഗില്ലും കൽറയും ചേർന്ന് 60 റൺസും.
എങ്കിലും ഓസീസിന്റെ ശക്തമായ ബാറ്റിംഗ് നിരയെ മൂക്കുകയറിട്ടെന്നപോലെ പിടിച്ചുകെട്ടിയ ഇന്ത്യൻ ബൗളർമാരായിരുന്നു വിജയം ഇത്ര അനായാസമാക്കിയതിന്റെ കാരണക്കാർ. 47.2 ഓവറിൽ 216 എന്ന അത്ര വെല്ലുവിളിയല്ലാത്ത സ്‌കോറിന് കംഗാരുക്കളെ ഒതുക്കാൻ ബൗളർമാർക്ക് കഴിഞ്ഞു. ഒരു ഘട്ടത്തിൽ മൂന്നിന് 59 എന്ന നിലയിലേക്ക് തകർന്ന ഓസീസിനെ ജോനാഥൻ മെർലോയും (106 പന്തിൽ 76), പരം ഉപ്പലും (58 പന്തിൽ 34) ചേർന്നാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. 
ജാക്ക് എഡ്വേർഡ്‌സും (29 പന്തിൽ 28) മാക്‌സ് ബ്രയാന്റും (12 പന്തിൽ 14) ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും രണ്ട് ഓപ്പണർമാരെയും ഇശാൻ പോറൽ പുറത്താക്കിയതോടെ കളിയുടെ ഗതി മാറി. ക്യാപ്റ്റൻ ജാസൺ സംഘയെ (24 പന്തിൽ 13) കമലേഷ് നാഗർകോട്ടി പുറത്താക്കിയതോടെയാണ് ഓസീസ് ശരിക്കും പ്രതിരോധത്തിലായത്. മെർലോയും ഉപ്പലും ചേർന്ന് നാലാം വിക്കറ്റിൽ നേടിയ 75 റൺസ് അവരെ നൂറ് കടത്തിയെങ്കിലും ഉപ്പലിനെ പുറത്താക്കിക്കൊണ്ട് സ്പിന്നർ അനുകൂൽ റോയ് കളി വീണ്ടും ഇന്ത്യയുടെ നിയന്ത്രണത്തിലെത്തിച്ചു. പിന്നീട് ചെറിയ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടേയിരിന്നു. ഓസ്‌ട്രേലിയയുടെ അവസാന ആറ് വിക്കറ്റുകൾ ഇന്ത്യൻ ബൗളർമാർ വീഴ്ത്തിയത് വെറും 33 റൺസ് നേടുന്നതിനിടയ്ക്കാണ്. പോറൽ, റോയ്, നാഗർകോട്ടി, ശിവ സിംഗ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യൻ ക്യാപ്റ്റൻ പ്രിഥ്വി ഷായും കോച്ച് രാഹുൽ ദ്രാവിഡും ലോകകപ്പുമായി.

വലിയ നേട്ടങ്ങൾ ഇനിയും വരും -ദ്രാവിഡ്

ക്രൈസ്റ്റ്ചർച്ച്- ഇന്ത്യൻ കളിക്കാർ എറെ കാലമായി കാത്തിരുന്ന മുഹൂർത്തമാണ് അണ്ടർ 19 ലോകകപ്പ് വിജയമെന്നും ഇതവരുടെ ഏക നേട്ടമായിരിക്കില്ലെന്നും കോച്ച് രാഹുൽ ദ്രാവിഡ്. അവരുടെ കരിയറിൽ ഇതിലും വലിയ നേട്ടങ്ങൾ ഇനിയുമുണ്ടാകുമെന്ന് പ്രതിഭകൾ നിറഞ്ഞ തന്റെ ടീമിനെ പുകഴ്ത്തിക്കൊണ്ട് ദ്രാവിഡ് പറഞ്ഞു.
ഈ ടീം തികച്ചും അർഹിക്കുന്നതാണ് ഈ വിജയം. അവരുടെ പ്രകടനത്തിൽ എനിക്ക് അഭിമാനമുണ്ട്. ഓരോ കളിക്കാരനും അവരുടേതായ സംഭാവന നൽകി. കഴിഞ്ഞ 14 മാസമായി താനും സപ്പോർട്ട് സ്റ്റാഫും, ടീമിനു വേണ്ടി ചെയ്ത കാര്യങ്ങൾ അപാരമായിരുന്നുവെന്നും ദ്രാവിഡ് തുടർന്നു. ഫീൽഡിംഗ് കോച്ച് അഭയ് ശർമ, ബൗളിംഗ് കോച്ച് പരസ് മാംബ്രെ എന്നിവരുടെ സംഭാവനകളെ അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.

ഓസീസ് ക്യാപ്റ്റൻ ജാസൺ സംഘയെ പുറത്താക്കിയ കമലേഷ് നാഗർകോട്ടിയുടെ ആഹ്ലാദം.

ദ്രാവിഡിന് 50 ലക്ഷം കളിക്കാർക്ക് 30 ലക്ഷം വീതം

ന്യൂദൽഹി- നാലാം തവണ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യയുടെ കൗമാര ക്രിക്കറ്റ് ടീമിനും കോച്ചിനും വമ്പൻ കാഷ് പ്രൈസുമായി ബി.സി.സി.ഐ. കോച്ച് രാഹുൽ ദ്രാവിഡിന് 50 ലക്ഷം രൂപയും, ഓരോ കളിക്കാരനും 30 ലക്ഷം രൂപ വീതവുമാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. ടീമിന്റെ സപ്പോർട്ട് സ്റ്റാഫിൽ ഓരോരുത്തർക്കും 20 ലക്ഷം വീതവും നൽകും.
ടീമിന്റെ നേട്ടത്തിൽ അഭിനന്ദനവും പ്രവഹിക്കുകയാണ്. രാജ്യത്തിന്റെ അഭിമാനമുയർത്തിയ വിജയമെന്ന് ബി.സി.സി.ഐയുടെ ഭരണ സമിതി ചെയർമാൻ വിനോദ് റായി അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.


 

Latest News