ജൂനിയർ ഫുട്‌ബോളിൽ ജിദ്ദയിലെ മലയാളികൾക്ക്‌സുപരിചിത നാമമാണ് ബാസിത് മുഹമ്മദ് എന്ന ബാച്ചി. ഏഴു വയസ്സ് മുതൽ ഫഌറ്റിനടുത്ത് കൂട്ടുകാരോടൊപ്പം കാൽപന്ത് തട്ടിക്കളിച്ചു തുടങ്ങിയ ബാച്ചി ജൂനിയർ ഫുട്ബാളിൽ ഇന്ന് ജിദ്ദയിലെ മിക്ക ടൂർണമെന്റുകളിലെയും നിറസാന്നിധ്യമാണ്. കോഴിക്കോട് കാട്ടിൽപീടിക സ്വദേശിയും ജിദ്ദയിലെ ഫറാ എഞ്ചിനീയറിംഗ് കമ്പനിയിലെ സിവിൽ എഞ്ചിനീയറുമായ മമ്മദു ചെമ്മൻകണ്ടിയുടെയും നടുവട്ടം സ്വദേശി സൈറാബാനുവിന്റെയും ഇളയ മകനായ ബാസിത് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ജിദ്ദയിലെ സോക്കർ ഫ്രീകിസിന്റെ ജഴ്‌സി അണിയുന്ന ബാച്ചി ഏഴ് തവണ വിവിധ ടൂർണമെന്റുകളിൽ മാൻ ഓഫ് ദ മാച്ച് ആയിട്ടുണ്ട്. ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിനുവേണ്ടി സൗഹൃദ മത്സരത്തിൽ പങ്കെടുത്ത് സ്‌കൂൾ തലത്തിലും സാന്നിധ്യം അറിയിച്ചു.
മുന്നേറ്റ നിരയിൽ വലതുവശത്തുകൂടെ എതിർചേരിയിലേക്ക് ആക്രമിച്ചു കയറുന്നതിൽ മിടുക്കനായ ബാച്ചി കാണികൾക്ക് ആവേശമാണ്. ഡിബ്രിളിങ്ങിലൂടെ മുന്നേറി ഒറ്റയ്ക്ക് ടീമിനെ പലവട്ടം ഈ കൊച്ചു മിടുക്കൻ വിജയിപ്പിച്ചിട്ടുണ്ട്.
സോക്കർ ഫ്രീക്‌സിന്റെ ജൂനിയർ ക്യാപ്ടൻ കൂടിയായ ബാച്ചിയുടെ വീട്ടിൽ മെഡലുകളുടെയും കപ്പുകളുടെയും വൻശേഖരം തന്നെയുണ്ട്. സിഫിന്റെ അംഗീകാരത്തോടെ ഈ വർഷം നടത്തിയ പതിമൂന്ന് വയസ്സിനു താഴെയുള്ളവരുടെ ബ്ലാസ്റ്റേഴ്‌സ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ സോക്കർ ഫ്രീക്‌സിനു കപ്പ് വാങ്ങി കൊടുത്തതിൽ ബാച്ചി പ്രധാന പങ്കുവഹിച്ചു. യു.ടി.എസ്.സി ജൂനിയർ ടൂർണമെന്റിലെ മികച്ച ഫോർവേർഡിനുള്ള കപ്പും നേടി.

മികവിനെല്ലാം കാരണം ജിദ്ദയിൽ ഇതുവരെ പരിശീലിപ്പിച്ച കോച്ചുമാരാണെന്നു ബാച്ചി പറയുന്നു.
കഴിഞ്ഞ വർഷം നിലമ്പൂർ പിവീസ് സ്‌കൂളിൽ നടന്ന കോച്ചിങ്ങ് ക്യാമ്പിൽ പങ്കെടുത്ത ബാച്ചി മുൻ കേരള ടീം ക്യാപ്ടൻ വിക്ടർ മഞ്ഞിലയുടെ പ്രത്യേക അഭിനന്ദനം ഏറ്റു വാങ്ങിയിട്ടുണ്ട്.
ഫുട്‌ബോളിനെപോലെ അത്‌ലറ്റിക്‌സ് രംഗത്തും സ്‌കൂൾ തലത്തിൽ മെഡലുകൾ വാരിക്കൂട്ടിയ ഈ കൊച്ചു മിടുക്കൻ മുപ്പത്തിയാറ് സെക്കന്റ് കൊണ്ട് ക്യുബിന്റെ ആറു ഭാഗങ്ങളും ഒപ്പിച്ചു സ്‌കൂൾ തലത്തിൽ ഒന്നാം സമ്മാനം നേടിയിട്ടുണ്ട്. പഠനത്തിലും മിടുക്കനാണ്. കളി ഒരിക്കലും പഠനത്തെ ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്ന് ബാച്ചിയുടെ പിതാവ് മമ്മദ് പറഞ്ഞു. മുന്നോട്ടുള്ള പ്രയാണത്തിൽ സോക്കർ ഫ്രീക്‌സ് മാനേജർ കാനൂ ട്രാവൽസിലെ മൊയ്തു വലിയകത്ത് നൽകിയ പ്രോത്സാഹനം മുതൽക്കൂട്ടാണെന്ന് ബാച്ചി പറഞ്ഞു. ഈ പ്രതിഭയുടെ പ്രിയതാരം ക്രിസ്റ്റ്യനോ റൊണാൾഡോയാണ്. ഫ്രഞ്ച് ക്ലബായ പി.എസ്. ജിയിലെ കീലിയാൻ എംബാപ്പെയെയും ഇഷ്ടമാണ്. ഈ മിടുക്കന്റെ ആഗ്രഹം അറിയപ്പെടുന്ന ഒരു ഫുട്‌ബോളറാവുക എന്നത് തന്നെയാണ്.






