റിയാദ് - ചൊവ്വാഴ്ച വരെ ആറു ഗൾഫ് രാജ്യങ്ങളിലും കൂടി ഏഴേമുക്കാൽ കോടിയിലേറെ ഡോസ് വാക്സിൻ വിതരണം ചെയ്തതായി ജി.സി.സി സ്റ്റാറ്റിസ്റ്റിക്സ് സെന്റർ അറിയിച്ചു. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ ചൊവ്വാഴ്ച വരെ ആകെ 7,78,47,667 ഡോസ് വാക്സിൻ ആണ് വിതരണം ചെയ്തത്. ചൊവ്വാഴ്ച വരെ ഗൾഫ് രാജ്യങ്ങളിൽ ആകെ 25,12,597 പേർക്ക് കൊറോണബാധ സ്ഥിരീകരിച്ചു. ഇക്കൂട്ടത്തിൽ 24,83,167 പേർ രോഗമുക്തി നേടുകയും 19,382 പേർ മരണപ്പെടുകയും ചെയ്തു.
ഗൾഫിൽ രോഗമുക്തി നിരക്ക് ഏറ്റവും കൂടുതൽ ഖത്തറിലും ബഹ്റൈനിലും കുറവ് സൗദിയിലുമാണ്. ഖത്തറിലും ബഹ്റൈനിലും 99.3 ശതമാനം വീതവും കുവൈത്തിൽ 99.2 ശതമാനവും യു.എ.ഇയിൽ 99.1 ശതമാനവും ഒമാനിൽ 98.4 ശതമാനവും സൗദിയിൽ 98 ശതമാനവുമാണ് രോഗമുക്തി നിരക്ക്. ഗൾഫിൽ ശരാശരി രോഗമുക്തി നിരക്ക് 98.8 ശതമാനമാണ്. ചൊവ്വാഴ്ച ഗൾഫ് രാജ്യങ്ങളിൽ 407 പേർക്ക് കൊറോണബാധ സ്ഥിരീകരിക്കുകയും മൂന്നു കൊറോണ രോഗികൾ മരണപ്പെടുകയും ചെയ്തു.
യു.എ.ഇയിൽ 176 പേർക്കും ബഹ്റൈനിൽ 70 പേർക്കും സൗദിയിൽ 42 പേർക്കും ഒമാനിൽ 12 പേർക്കും ഖത്തറിൽ 58 പേർക്കും കുവൈത്തിൽ 49 പേർക്കുമാണ് ചൊവ്വാഴ്ച കൊറോണബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്ത മൂന്നു കൊറോണ മരണങ്ങളും സൗദിയിലാണ്. മറ്റു അഞ്ചു ഗൾഫ് രാജ്യങ്ങളിലും ചൊവ്വാഴ്ച കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സൗദിയിൽ ഇതുവരെ 4.28 കോടിയിലേറെ ഡോസ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്.