ദർബൻ - ദക്ഷിണാഫ്രിക്കക്കെതിരായ ക്രിക്കറ്റ് പരമ്പരയിലെ അവസാന ടെസ്റ്റും ആദ്യ ഏകദിനവും ജയിച്ചതോടെ വിമർശകർക്കെതിരെ വാളോങ്ങി ഇന്ത്യൻ കോച്ച് രവിശാസ്ത്രി. വാൻഡറേഴ്‌സ് ടെസ്റ്റിലെ വിജയം വിദേശത്ത് ഇന്ത്യയിലെ മികച്ച വിജയങ്ങളിലൊന്നായാണ് വിലയിരുത്തപ്പെട്ടത്.
ആദ്യ രണ്ടു ടെസ്റ്റുകളിൽ അജിൻക്യ രഹാനെക്കു പകരം രോഹിത് ശർമയെ കളിപ്പിച്ചത് വലിയ വിമർശനത്തിന് ഇരയായിരുന്നു. രോഹിതിന്റെ ഫോം ആണ് പരിഗണിച്ചതെന്ന് ശാസ്ത്രി ആവർത്തിച്ചു. രഹാനെ മത്സരങ്ങളിൽ മാത്രമല്ല നെറ്റ്‌സ് പരിശീലനത്തിലും ഫോമിലായിരുന്നില്ല. അതേസമയം ടെസ്റ്റിലും ഏകദിനങ്ങളിലുമായി ആയിരത്തിയഞ്ഞൂറോളം റൺസെടുത്തിരുന്നു രോഹിത്. ഈ റൺസൊന്നും പരിഗണിക്കാനാവില്ലെന്നാണോ രോഹിതിനോട് പറയേണ്ടത്? രഹാനെയുടെ കഴിവിനെ കുറിച്ച് സംശയമുണ്ടായിരുന്നില്ല. എന്നാൽ 2017 ൽ രഹാനെയുടെ ബാറ്റിംഗ് ശരാശരി മുപ്പതിനടുത്ത് മാത്രമായിരുന്നു -ശാസ്ത്രി ചൂണ്ടിക്കാട്ടി.
ജസ്പ്രീത് ബുംറയെ കളിപ്പിച്ചത് പൊടുന്നനെയുള്ള തീരുമാനമല്ലായിരുന്നു. ആറു മാസമായി അതിനുള്ള ഒരുക്കത്തിലായിരുന്നു. അതുകൊണ്ടാണ് ആത്മവിശ്വാസത്തോടെ അരങ്ങേറാനും നല്ല പ്രകടനം കാഴ്ചവെക്കാനും ബുംറക്ക് സാധിച്ചത്. ബുംറയെ കുറ്റം പറഞ്ഞവർ ഇപ്പോൾ എവിടെ?
ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും രണ്ടാം ടെസ്റ്റിൽ ഭുവനേശ്വർകുമാറിനെ പുറത്തിരുത്തിയതിനെയും കോച്ച് ന്യായീകരിച്ചു.
വെർനൻ ഫിലാന്ററിനു പോലും പെയ്‌സ് കിട്ടാത്തതായിരുന്നു സെഞ്ചൂറിയനിലെ പിച്ച്. അവിടെ ഇശാന്ത് ശർമയായിരുന്നു വേണ്ടത്. എബി ഡിവിലിയേഴ്‌സിനെയും ഫാഫ് ഡുപ്ലെസിയെയും ഇശാന്ത് പുറത്താക്കി. തോന്നും പോലെ കളിക്കാരെ മാറ്റുകയായിരുന്നില്ല. ആലോചിച്ചുറപ്പിച്ചാണ് തീരുമാനമെടുത്തത് -ശാസ്ത്രി പറഞ്ഞു.






