കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ....

തട്ടിപ്പുകാരുടെ വിളവെടുപ്പു ഭൂമിയാണ് കേരളം. സോളാറും സ്വർണവും ലഹരിയും മുതൽ പുരാവസ്തുവരെ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. സ്വന്തം കഴിവിലും ബുദ്ധിസാമർത്ഥ്യത്തിലും ഊറ്റം കൊള്ളുന്ന മലയാളിയെ ഏതു തട്ടിപ്പിലും നിഷ്പ്രയാസം കുരുക്കാനാകും.  പണ്ടത്തെക്കാൾ കൂടുതലായി മലയാളി തട്ടിപ്പിൽ പെടുന്നതിന്റെ കഥകൾ ദിനംപ്രതി പുറത്ത് വരുമ്പോൾ, മലയാളിയുടെ വീരസ്യങ്ങളുടെ പൊള്ളത്തരമാണ് വെളിപ്പെടുന്നത്. 
മോൻസൺ മാവുങ്കൽ ആണ് കേരളത്തിലെ ഇപ്പോഴത്തെ താരം. പുരാവസ്തുവും വിശ്വാസവും കൂട്ടിക്കുഴച്ചുള്ള വമ്പൻ. സംഘർഷം മുറ്റി നിന്ന അന്തരീക്ഷത്തിൽ ഉദിച്ചുയർന്ന മതസൗഹാർദത്തിന്റെ  ബ്രാൻഡ്  അംബാസഡർ. ഉള്ളത് പറഞ്ഞാൽ ഇതു വരെ തട്ടിപ്പുകാരിൽ ഏറ്റവും ബഹുമാനം തോന്നിയ മഹാനുഭാവൻ. സംസ്ഥാന പോലീസ് മേധാവി മുതൽ ഉന്നതന്മാരെയാണ് മൂപ്പർ വണ്ടിയിൽ കയറ്റിയത്.  
സിനിമക്കാരിൽ ബുദ്ധിമാനെന്ന് കരുതിയിരുന്ന ശ്രീനിവാസനും പെട്ടു. സീരിയൽ താരം ശ്രുതി ലക്ഷ്മിയുടെ മുടി കൊഴിച്ചിൽ മാറിയത് മാവുങ്കൽ ഡോക്ടറെ കാണിച്ച ശേഷമാണ്. എം.ജി ശ്രീകുമാറിനും കിട്ടി പയിനായിരം വെലയുള്ള ഇഷ്ടിക മോതിരം. ട്രോളന്മാർക്കും ഉത്സവകാലമായിരുന്നു. ശിവന്റേയും പാർവതിയുടേയും വിവാഹ ആൽബം കണ്ടു രസിക്കുന്ന ബെഹ്‌റാജിയാവും ഏറ്റവും വലുതെന്ന് വിചാരിക്കുമ്പോഴതാ വരുന്നു അലക്‌സാണ്ടർ ചക്രവർത്തിയുടെ തലയോട്ടി. തൊട്ടടുത്തുള്ള ചെറിയ തലയോട്ടിയെ കുറിച്ചുള്ള പോലീസ് മേധാവിയുടെ സംശയത്തിന് നല്ല മറുപടിയും കിട്ടി. അത് അലക്‌സാണ്ടർ ചക്രവർത്തി സ്‌കൂളിൽ പഠിക്കുന്ന കാലത്തേതാണ്. 
കൊല്ലും കൊലയും നടത്തുന്ന മുംബൈ അധോലോകമൊക്കെ നാണിക്കുന്ന ആധുനിക ഹൈടെക് അധോലോകമാണ് കേരളത്തിലേത്. നയതന്ത്ര ബാഗേജുവഴി സ്വർണവും ഡോളറുമൊക്കെ കടത്താൻ പോന്ന തരത്തിലേക്ക് കേരളം വളർന്നു. പിടിക്കപ്പെടുമെന്ന ഭയവും വേണ്ട. കൊടും ക്രിമിനലുകൾ ജയിലിൽ കിടന്നുവരെ കാര്യങ്ങൾ നിയന്ത്രിക്കുകയും പങ്കുപറ്റുകയും ചെയ്യുന്നു. 
അധികാര ശ്രേണിയിലെ ഉന്നതരുമായുള്ള ഉറ്റ ചങ്ങാത്തമാണ് തട്ടിപ്പുകൾക്ക് പലരും മറയാക്കുന്നത്. മുഖ്യമന്ത്രിമാരുടെ ഓഫീസിനു തന്നെ ചീത്തപേരുണ്ടാക്കുന്നതായിരുന്നു സോളാർ സ്വർണക്കടത്തുകൾ. ഇപ്പോൾ കേരളം ചർച്ച ചെയ്യുന്ന മോൻസൺ മാവുങ്കലിന്റെ കോടികളുടെ തട്ടിപ്പു കേസും സോളാറിനോടും സ്വർണക്കടത്തിനോടും കൂടി ഉപമിക്കാവുന്നതാണ്. മോൻസൺ മാവുങ്കലിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിറഞ്ഞു നിൽക്കുന്നത് രാഷ്ട്രീയ നേതാക്കളും സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരും സിനിമാ-സീരിയൽ താരങ്ങളുമാണ്. 
സൂപ്പർ സ്റ്റാർ മോഹൻലാലും മുൻ ഡി.ജി.പി ലോക് നാഥ് ബെഹ്റയും വരെ മോൻസന്റെ കെണിയിൽ വീണിരുന്നു. ഇരുവരും മോൻസന്റെ വസതി സന്ദർശിച്ചിരുന്നു. ജപ്പാൻ ചക്രവർത്തിയുടെ വാച്ച് സമ്മാനിച്ചാണ് മോൻസൻ ലാലിനെ വീഴ്ത്തിയത്. ഉഡായിപ്പ് വാച്ചാണെന്നു മോഹൻലാൽ മനസിലാക്കിയതിനുശേഷം അകലം പാലിച്ചു. മോൻസനെതിരെ രണ്ടു വർഷമായി പോലീസിനു തുടർച്ചയായി പരാതികൾ കിട്ടിയെങ്കിലും പോലീസ് ബന്ധങ്ങൾ ഉപയോഗിച്ചു ക്ലീൻ ചിറ്റ് നേടി. 
കത്തോലിക്കാ സഭാ നേതൃത്വവുമായും മോൻസന് അടുത്ത ബന്ധമുണ്ട്. ബിഷപ്പ് ഫ്രാങ്കോ കേസിൽ പെട്ടപ്പോൾ ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയതു മോൻസനാണെന്നു പോലീസിനു വിവരമുണ്ടായിരുന്നു. മോൻസന്റെ പുരാവസ്തു അവകാശവാദങ്ങൾക്ക് ആധികാരികത നൽകിയ ഫീച്ചർ പ്രസിദ്ധീകരിച്ചത് സഭയുടെ മുഖപത്രമായ ദീപികയിലാണ്.
സോളാർ കേസും നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തും തട്ടിപ്പുകളുടെ വ്യാപ്തി എത്രമാത്രം ആഴത്തിലുള്ളതാണെന്ന് മലയാളിക്കു മനസിലാക്കി തന്നിരുന്നു. ഭരണ രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനം തട്ടിപ്പുകാർ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കുന്നുവെന്ന് ഇരു സംഭവങ്ങളും വിളിച്ചു പറയുന്നുണ്ട്. സാക്ഷര സുന്ദര കേരളത്തിൽ സ്ത്രീകളും തട്ടിപ്പുകളിൽ പിന്നിലല്ലെന്ന് തെളിയിക്കുന്നതാണ് പല സമകാലിക സംഭവങ്ങളും. തട്ടിപ്പുകേസുകൾ പലതും, അതിലെ വേട്ടക്കാരുടേയും ഇരകളുടേയും പ്രാധാന്യമനുസരിച്ച് കുറേക്കാലം മാധ്യമശ്രദ്ധകളിൽ നിറഞ്ഞു നിൽക്കും. പിന്നീട് എന്ത് സംഭവിക്കുന്നുവെന്നത്  അജ്ഞാതമാണ്. ലാബെല്ല മുതൽ ടോട്ടൽ ഫോർ യു വരെ എന്തായി? 

         ****         ****       ****

ഇടക്കാലത്ത് കുതിച്ചുയർന്ന ന്യൂസ് ചാനലുകളെ നിഷ്പ്രഭമാക്കി ഏഷ്യാനെറ്റ് ന്യൂസ് പഴയ പ്രതാപം തിരിച്ചു പിടിച്ചത് വെള്ളിയാഴ്ചയിലെ ഒരു ചർച്ചയിലൂടെ.  ഏഷ്യാനെറ്റ് ന്യൂസ് ആങ്കർ വിനു വി ജോൺ താരമായി.  'താൻ ഒരു പരാതി കൊടുത്തിട്ട് പോലും നടപടി സ്വീകരിക്കാതിരുന്ന ലോകനാഥ് ബെഹ്റ, പ്രവാസിയായ അനിത നൽകിയ പരാതിയിൽ നടപടി പെട്ടെന്ന് സ്വീകരിക്കുന്നത് എന്തു കൊണ്ടാണെന്ന' വിനു വി ജോണിന്റെ ചോദ്യത്തിനു മുന്നിൽ, അനിത ശരിക്കും വിയർക്കുകയാണുണ്ടായത്. മോൻസനുമായുള്ള അനിതയുടെ ബന്ധവും, അത് തകർന്നതിലെ രോഷവും എല്ലാം വെളിവാക്കപ്പെട്ട ചർച്ച കൂടിയായാണ് ഏഷ്യാനെറ്റ് ന്യൂസവർ മാറിയിരുന്നത്. ഡി.ജി.പി ലോകനാഥ് ബെഹ്റയുടെ സുഹൃത്ത്, പ്രവാസിയായ അനിത പുല്ലയി വിനുവിന്റെ ചോദ്യത്തിൽ പ്രകോപിതയായി. ഒരു ഘട്ടത്തിൽ കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. 
25 കോടിയുടെ ബിസിനസ് ഇടപാട് ചെന്നിത്തല മോൻസനുമായി നടത്തിയെന്നാണ് അനിതയുടെ ആരോപണം. ഓരോ കേസിലും അനിത ഇടപെടുന്നത് എന്തടിസ്ഥാനത്തിലാണ് എന്നതും, എങ്ങനെ ലോക കേരളസഭയിൽ അംഗമായി എന്ന ചോദ്യത്തിനും, അനിതക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. 
സമീപ കാലത്ത് നടന്ന ചാനൽ ചർച്ചയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചർച്ചയാണ് വെള്ളിയാഴ്ച ഏഷ്യാനെറ്റ് ന്യൂസ് അവറിൽ നടന്നിരിക്കുന്നത്. എന്നിരുന്നാലും കൊച്ചിയിലെ മാധ്യമ പ്രവർത്തകന്റെ കുടുംബാംഗത്തിന്റെ  അന്തസിനെ ബാധിക്കുന്ന കമന്റ് ഒഴിവാക്കേണ്ടതായിരുന്നു. 
ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവർ ചർച്ചയിൽ അവതാരകൻ വിനു വി ജോൺ അടുത്തിടെ നടത്തിയ പരാമർശങ്ങൾക്കെതിരെ വലിയ വിമർശനമായിരുന്നു ഏതാനും ദിവസം മുമ്പ് നടന്നത്. നിയമസഭ കയ്യാങ്കളി കേസിൽ കോടതിയിൽ നടന്ന വാദവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചർച്ചയിലായിരുന്നു അവതാരകന്റെ വിവാദ പരാമർശങ്ങൾ. 'നിയമസഭയിലെ തെമ്മാടികൾ' എന്ന പേരിലായിരുന്നു ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ച.
 ഈ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് വിനു വി ജോൺ.  ചർച്ചയിൽ താൻ നടത്തിയ പദപ്രയോഗങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
നിയമസഭ കയ്യാങ്കളി കേസിൽ കോടതിയിൽ പ്രതികൾ നടത്തിയ വാദത്തെക്കുറിച്ചുള്ള ചർച്ചയിൽ നിയമസഭാ അംഗങ്ങളെക്കുറിച്ച് നടത്തിയ ചില പദപ്രയോഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നെന്ന് തനിക്ക് ഗുരുതുല്യനും പ്രശസ്ത മാധ്യമപ്രവർത്തകനുമായ ബിആർപി ഭാസ്‌ക്കർ എന്നോട് പറഞ്ഞു. ആ ചർച്ചയിലെ ആശയങ്ങൾക്ക് പൂർണപിന്തുണ നൽകി കൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലും ഇതേ കാര്യം ചൂണ്ടിക്കാണിച്ചിരുന്നുവെന്നുമാണ് വിനു വി ജോൺ ഇന്നലെ വ്യക്തമാക്കിയത്.

       ****         ****       ****

കേരളത്തിൽ ആദ്യമായി ഒരു ടെലിവിഷൻ ചാനലിന്റെ ബ്രാൻഡ് അംബാസഡർ ആയിരിക്കുകയാണ് മഞ്ജു വാര്യർ. ദേശീയ നെറ്റ് വർക്കിന്റ ഭാഗമായ വിനോദ ചാനൽ 'സീ കേരള'ത്തിന്റെ ബ്രാൻഡ് അംബാസഡർ ആയി മഞ്ജു വാര്യരെ പ്രഖ്യാപിച്ചു. മലയാളി പ്രേക്ഷകരുമായി കൂടുതൽ അഗാധമായ ബന്ധം സൃഷ്ടിക്കാൻ ഈ പ്ലാറ്റ്ഫോം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീ കേരളത്തിന്റെ ബ്രാൻഡ് ഫിലിമുകളിലെ അഭിനയം താൻ ശരിക്കും ആസ്വദിച്ചിരുന്നു എന്നും മഞ്ജു വാര്യർ പറഞ്ഞു.

Latest News