ചിത്രകലയിലെ വ്യത്യസ്തശൈലികളുടെ സമന്വയമായിരുന്നു ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജിദ്ദാ ഗലേറിയയിൽ നടന്ന ആർട്ട് ഫോർ ഹാർമണി എന്ന വിപുലമായ കലാപ്രദർശനം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സർഗപ്രതിഭകളുടെ സംഗമത്തിൽ ശാന്തിയുടെയും മാനവമൈത്രിയുടേയും സന്ദേശങ്ങൾ തുടിച്ചുണർന്നു.
കോവിഡിന്റെ രാക്ഷസകിരീടങ്ങൾ പതുക്കെയെങ്കിലും തിരോഭവിക്കുകയും ജനജീവിതം സാധാരണനിലയിലേക്ക് തിരികെ വരികയും ചെയ്യുന്നതിനിടെ, സൗദി അറേബ്യയിലേയും മറ്റ് അര ഡസൻ രാജ്യങ്ങളിലേയും പ്രശസ്തരും അപ്രശസ്തരുമായ കലാകാരൻമാരുടേയും കലാകാരികളുടേയും അപൂർവമായ സർഗസംഗമത്തിന് കഴിഞ്ഞ ദിവസങ്ങളിലായി ജിദ്ദയിലെ ഗലേറിയാ ഓഡിറ്റോറിയം സാക്ഷ്യം വഹിച്ചു. നൂറുക്കണക്കിനാളുകളെ ആകർഷിച്ച ചിത്രകലാപ്രദർശനം, വ്യത്യസ്ത സംസ്‌കൃതികളുടെ സമന്വയം കൂടിയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം ചിത്രങ്ങളും കലാരൂപങ്ങളും പ്രദർശനത്തെ വേറിട്ടതാക്കി.

കലയ്ക്കും സംസ്‌കാരത്തിനും രാജ്യാതിർത്തികളുടെ വേർതിരിവില്ലെന്നതിന്റെ അടയാളങ്ങളായിരുന്നു, വിവിധ മനുഷ്യരുടെ സാധാരണവും അസാധാരണവുമായ ജീവിതത്തിൽനിന്ന് ഒപ്പിയെടുത്ത ചിത്രങ്ങളത്രയും. അത്യാധുനിക കലാസങ്കേതങ്ങളുപയോഗിച്ച് വരച്ച ചിത്രങ്ങളിൽ പലതിലും ജീവൻ തുടിച്ചുനിന്ന വിസ്മയദൃശ്യങ്ങൾ നൂറുക്കണക്കിനാളുകളെ പിടിച്ചു നിർത്തി. പ്രവാസികളെ സംബന്ധിച്ചേടത്തോളം ഏറെ ഗൃഹാതുരത പകരുന്നതായിരുന്നു ചില ചിത്രങ്ങൾ. വൈവിധ്യങ്ങളിലെ ഏകത്വം പല രചനകളേയും വേറിട്ടതാക്കുകയും ചെയ്തു.
പുരാതനകാലത്തേയും ആധുനിക കാലത്തേയും കൂട്ടിയിണക്കുന്ന ചിത്രങ്ങളിൽ സംസ്‌കാരങ്ങളുടെ സങ്കലനം തെളിഞ്ഞുനിന്നു. അറേബ്യൻ സംസ്‌കൃതിയുടെ അഗാധതകളിലേക്കിറങ്ങിയ ചിത്രങ്ങൾക്ക് ഒരു കാലഘട്ടത്തിന്റെ കഥാകഥനരീതി തന്നെ കൈവന്ന പ്രതീതിയായിരുന്നു. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ചിത്രകാരൻമാരേയും ചിത്രകാരികളേയും ഒരേ കുടക്കീഴിൽ അണി നിരത്തുകയെന്ന ഈ ഉദ്യമത്തിന് ക്രോസ് കൾച്ചർ എന്നൊരു ശീർഷം കൂടിയുണ്ടായിരുന്നു. സ്‌നേഹത്തിന്റെ നീരൊഴുക്കായിരുന്നു, പല പ്രതിഭകളുടേയും മാസ്റ്റർപീസുകളിൽ കണ്ടത്. ബ്രഷും പാലറ്റും മാനവികത ഉയർത്തിപ്പിടിക്കാവുന്ന മാധ്യമങ്ങൾ കൂടിയാണെന്ന് അവരത്രയും തെളിയിക്കുകയും ചെയ്തു.
പ്രാചീനകാലത്തെ ജീവിതങ്ങളിലേക്ക് പുതിയ മനുഷ്യരെ പിൻനടത്തിക്കാൻ പോന്ന കരകൗശലവസ്തുക്കളും ശിൽപങ്ങളും പെയിന്റിംഗുകളുമെല്ലാം ഗലേറിയയുടെ ഇടനാഴികളെ പ്രൗഢമാക്കി. സൗദി അറേബ്യയുടെ ആദ്യകാലജീവിതങ്ങളുടെ ഉൾത്തുടിപ്പുകൾ പുതിയ തലമുറയ്ക്ക് പുതിയ അറിവുകൾ പകരാൻ പര്യാപ്തമാകുന്നതായിരുന്നു.

കലാപ്രദർശനത്തിൽ പങ്കെടുത്ത വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചിത്രകാരന്മാരും ചിത്രകാരികളും
മൈത്രിക്കു വേണ്ടിയാകണം കല. അത് കൊണ്ടാണ് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള കലാകാരൻമാരേയും കലാകാരികളേയും ഞങ്ങൾ ഇവിടെ അണിനിരത്തിയത്. സംഘർഷമല്ല, സമന്വയത്തിന്റെ സന്ദേശമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഓരോ വരയിലും ഓരോ നിറക്കൂട്ടിലും ശാന്തിയുടെ പ്രതിഫലനമുണ്ടാകണമെന്ന് ഇവിടെ പങ്കെടുത്ത ചിത്രകാരൻമാരും ചിത്രകാരികളും വിശ്വസിക്കുന്നു പ്രദർശനത്തിന്റെ സാരഥ്യം വഹിക്കുന്ന പ്രമുഖ ഈജിപ്ഷ്യൻ കലാകാരനും ജിദ്ദാ ഗലേറിയാ ആർട്ട് ഗ്യാലറി ക്യുറേറ്ററുമായ ഖാലിദ് അഖീൽ മലയാളം ന്യൂസിനോട് പറഞ്ഞു. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയ്ക്കു ശേഷം ഇതാദ്യമായാണ് ജിദ്ദയിൽ ഇത്തരമൊരു ആർട്ട് എക്‌സിബിഷന് ആതിഥേയത്വം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസങ്ങളിലായി നടന്ന പ്രദർശനത്തിൽ ആയിരത്തോളം പേർ പങ്കാളികളായി. പ്രമുഖ ചിത്രകാരി മത്‌ലൂബാ ഗോർബനായിരുന്നു, ഖാലിദ് അഖീലിനെ സഹായിക്കാൻ പ്രദർശനത്തിന്റെ സജ്ജീകരണങ്ങളിൽ സദാ മുഴുകിയത്.
സൗദിയിലെ ഏറ്റവും പ്രമുഖമായ ജിദ്ദാ എ.ആർ. ഖലീൽ മ്യൂസിയത്തിൽനിന്നുള്ള പുരാതനശിൽപങ്ങളും പ്രദർശനത്തിലെ ചേതോഹരമായ ദൃശ്യവിരുന്നായി. ഷേയ്ഖ് ഖാലിദ് അബ്ദുറഊഫ് ഖലീലിന്റെ സാന്നിധ്യം പ്രദർശനത്തിന് മാറ്റ് നൽകി. സൗദി കലാപ്രതിഭ കൂടിയായ എൻജിനീയർ യൂസുഫ് കാക്കിയും നേരിട്ടെത്തി ആർട്ട് എക്‌സിബിഷൻ പ്രൗഢോജ്വലമാക്കി.

ജിദ്ദയിലെ ജപ്പാൻ കോൺസൽ ജനറൽ ഇസൂറു ഷിമൂറ നേരിട്ടെത്തി, ജാപ്പനീസ് ചിത്രപ്രദർശനത്തിന് പിന്തുണ നൽകുകയും പ്രത്യേകമായി സജ്ജീകരിച്ച ജപ്പാൻ കോർണറിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
പാക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, ഛാഡ്, എത്യോപ്യ, അൾജീരിയ എന്നീ രാജ്യങ്ങളിലെ കലാകാരൻമാർക്കും കലാകാരികൾക്കുമായി അവരുടെ രചനകളുടെ അവതരണത്തിന് പ്രത്യേക കേന്ദ്രങ്ങളുണ്ടായിരുന്നു. പല ചിത്രങ്ങളും നല്ല വിലയ്ക്കാണ് വിറ്റു പോയതെന്നും വിൽപനയെക്കാൾ ഈ കലാപ്രസ്ഥാനത്തോടുള്ള സൗദികളുടേയും വിദേശികളുടേയും പ്രതിപത്തിയും പ്രതിബദ്ധതയുമാണ് പ്രധാനമെന്നും ഖാലിദ് അഖീൽ അറിയിച്ചു.സൗദി അറേബ്യയെ പ്രതിനിധീകരിച്ച് റീമാ ഫൈസൽ, ഫൗസിയാ അബ്ദുറഹ്മാൻ, മത്‌ലൂബാ ഖുർബാൻ, അസ്മാ അൽ മഷ്‌റാവി, റഹ്മാ അസബ്, അവാതിഫ് ഹൽവാനി, സലാമാ അൽ റഷീദി, ഇസ്ദിഹാർ അൽഹന്ദാനി, ദാലിയാ സാലിം, അലി അൽഹലബി, അസ്മാ ഹലബി, ആയിശാ ഒദ്മാൻ, സുമയ്യ സഖാഫ്, റഗ്ദാ അൽത്വയ്ബി, നാസിഹാ താഷ്‌കെന്റി, ഹാമിദാ അൽസനാൻ, സിഹാം മൻസൂർ, മയ്‌സാ അൽ മെൽഹാനി, മുഹമ്മദ് അസീരി, സമാഹ് അൽ ഖൊസൈഫാൻ, അബ്ദുല്ല അൽ സുലൈമാൻ എന്നിവർ ചിത്രങ്ങളുമായി പ്രദർശനത്തിനെത്തി. സഫിയാ ബിൻസാഗറിനെപ്പോലുള്ള ലോകോത്തര ചിത്രകാരികൾക്ക് ജൻമം നൽകിയ സൗദിയിലെ പുതിയ പെൺതലമുറയിലും പ്രതിഭാശാലികളായ കലാകാരികളുണ്ടെന്നാണ് ഈ പ്രാതിനിധ്യം അടയാളപ്പെടുത്തുന്നത്. റെനാ റഷീദ് അഫീഫ്, ആമിനാ മുഹമ്മദ് ബൈജു, കോഖബ് ജമാലുദ്ദീൻ, അമീനാ അലി (എല്ലാവരും ഇന്ത്യ), അർവാ അൽ സെയ്ഫി (യെമൻ), ഖാലിദ് അഖീൽ, ഡോ. മായി ഹൈഖൽ, മയ്‌സാ മുസ്തഫ (ഇരുവരും ഈജിപ്ത്), മെഹ്‌റുന്നിസാ ഹാഷ്മി, മഹ്‌വിഷ് ഖാൻ, ഉമ്മുഖൈസർ നദീം, നാദിയാ ചൗധരി (പാക്കിസ്ഥാൻ), നദാലിയാ മൗഗീം, മറിയാനാ ഒലേഖ് (ഇരുവരും ഉക്രെയ്ൻ), ഒസ്‌ക് ലൗഫ്ദൽ (ഐസ് ലാന്റ്), നദാലിയാ ഡെയൻ, എക്തീരിനാ മറ്റെറ്റ്‌സ്‌ക്യ ( ഇരുവരും റഷ്യ) എന്നിവരായിരുന്നു ആർട്ട് എക്‌സിബിഷനിൽ സർഗസാന്നിധ്യം തെളിയിച്ചത്.






