Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വേഗക്കാഴ്ചകളിലേക്ക് സൗദി

ഫോർമുല വണ്ണിന്റെ വേഗക്കാഴ്ചകൾ ആസ്വദിക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നു. ഫോർമുല വൺ കാറോട്ട മത്സരം സൗദിയിൽ അരങ്ങേറുകയാണ്. ഡിസംബറിൽ തുറമുഖ നഗരമായ ജിദ്ദയിലെ സർക്യൂട്ടിലാണ് സൗദി അറേബ്യ ഫോർമുല വണ്ണിന് വിരുന്നൊരുക്കുക. ട്രാക്ക് സമയത്ത് പൂർത്തിയാക്കാനുള്ള നെട്ടോട്ടത്തിലാണ് സംഘാടകർ. ഡിസംബർ ആദ്യമായിരിക്കും ജിദ്ദയിലെ ഫോർമുല വൺ പോരാട്ടം. രാവും പകലുമായി ട്രാക്കിന്റെ പണി പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഇനിയുമൊരുപാട് തയാറെടുപ്പുകൾ ബാക്കിയുണ്ട്. ട്രാക്ക് പ്രദേശം വലിയ നിർമാണ മേഖല പോലെയാണ് ഇപ്പോൾ. 
6.175 കിലോമീറ്റർ ദൈർഘ്യമുള്ളതായിരിക്കും ജിദ്ദയിലെ സർക്യൂട്ട്. 27 വളവുകളുണ്ടാവും. ഫ്ലഡ്‌ലൈറ്റ് വെളിച്ചത്തിൽ രാത്രികാല ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് സർക്യൂട്ട് തയാറാക്കുന്നത്. ഡിസംബർ മൂന്നിനായിരിക്കും പരിശീലന സെഷൻ. നാലിന് യോഗ്യതാ റൗണ്ടും അഞ്ചിന് ഔദ്യോഗിക മത്സരവും അരങ്ങേറും. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ സീസണാണ് ഈ വർഷത്തേത്. 


ടിക്കറ്റ് നിരക്ക് 2000 റിയാൽ മുതൽ
ടിക്കറ്റിന് വൻ ഡിമാന്റാണെന്ന് സൗദി ഓട്ടോമോബൈൽ ആന്റ് മോട്ടോർസൈക്കിൾ ഫെഡറേഷൻ പ്രസിഡന്റ് ഖാലിദ് ബിൻ സുൽത്താൻ അൽഫൈസൽ രാജകുമാരൻ വെളിപ്പെടുത്തി. കോവിഡ് കാലത്തെ യാത്രാ നിയന്ത്രണങ്ങളൊന്നും ആവേശത്തിന് തരിമ്പും കോട്ടമുണ്ടാക്കിയിട്ടില്ല. ടിക്കറ്റ് നിരക്ക് രണ്ടായിരം റിയാൽ മുതലാണ്. ഏറ്റവും കൂടിയ നിരക്ക് 35,000 റിയാലും. 
യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നുമൊക്കെ വലിയ സംഘം കാണികളെ പ്രതീക്ഷിക്കുന്നുണ്ടെന്ന് ഖാലിദ് രാജകുമാരൻ പറഞ്ഞു. വലിയ സാമ്പത്തിക ബാധ്യതയുള്ളതാണ് ഫോർമുല വൺ പ്രോജക്ട്. ടിക്കറ്റ് വിൽപനയിലൂടെയും മറ്റു സ്രോതസ്സുകൾ വഴിയും അത് തിരിച്ചുപിടിക്കാനാവുമെന്നാണ് പ്രതീക്ഷ. പരസ്യങ്ങളും പ്രാദേശിക സ്‌പോൺസർമാരും നല്ല വരുമാന സ്രോതസ്സാണ് -അദ്ദേഹം വിലയിരുത്തി. 
ഗൾഫ് മേഖലയിൽ സ്‌പോർട്‌സിന്റെ കേന്ദ്രമായി മാറുകയാണ് സൗദി അറേബ്യ. ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് മുതൽ ദാകാർ മോട്ടോർ റാലി വരെ വൈവിധ്യമാർന്ന ആഗോള മത്സരങ്ങൾക്ക് സമീപകാലത്ത് രാജ്യം വേദിയൊരുക്കി. ഓൾ ഇലക്ട്രിക് ഫോർമുല ഇ-സീരീസ്, ഗോൾഫ്, ടെന്നിസ്, ഫുട്‌ബോൾ മത്സരങ്ങൾ സൗദിയിൽ അരങ്ങേറി. 


രണ്ടാമത്തെ രാത്രി ഗ്രാന്റ്പ്രി
ഗൾഫ് മേഖലയിൽ ബഹ്‌റൈനിലാണ് ആദ്യം ഫോർമുല വൺ അരങ്ങേറിയത്. 2004 ലായിരുന്നു ബഹ്‌റൈൻ ഗ്രാന്റ്പ്രിയുടെ അരങ്ങേറ്റം. സാക്കിർ സർക്യൂട്ടിൽ നടക്കുന്ന ബഹ്‌റൈൻ ഗ്രാന്റ്പ്രി ഏറ്റവും നന്നായി നടത്തിയ ചാമ്പ്യൻഷിപ്പിനുള്ള അവാർഡ് ഫെഡറേഷൻ ഇന്റർനാഷനൽ ഓട്ടോമോബൈൽ സമ്മാനിച്ചിട്ടുണ്ട്. 2007 ൽ അബുദാബി ഗ്രാന്റ്പ്രി അരങ്ങേറി. ലോകത്തിലെ ഏറ്റവും ചെലവേറിയ സർക്യൂട്ടാണ് അബുദാബി യാസ് മരീനയിലേത്. നവംബറിൽ ഖത്തറിൽ ഗ്രാന്റ്പ്രി അരങ്ങേറുന്നുണ്ട്. 
22 ഗ്രാന്റ്പ്രികളാണ് ഈ വർഷം ഉൾപെടുത്തിയിരിക്കുന്നത്. അതിൽ ഇരുപത്തൊന്നാമത്തേതാണ് ജിദ്ദയിലേത്. അബുദാബി ഗ്രാന്റ്പ്രിയാണ് അവസാനം. 
ഈ വർഷം രണ്ട് രാത്രി ഗ്രാന്റ്പ്രികളാണ് അരങ്ങേറുന്നത്. ആദ്യത്തേത് സിംഗപ്പൂർ ഗ്രാന്റ്പ്രിയും. രണ്ടാമത്തേത് ജിദ്ദ ഗ്രാന്റ്പ്രിയും. ജിദ്ദ കോർണിഷിൽ പണിയുന്ന ട്രാക്ക് ഈ സീസണിലെ ദൈർഘ്യമേറിയ രണ്ടാമത്തേതാണ്. ബെൽജിയം ഗ്രാന്റ്പ്രിയുടെ ട്രാക്ക് മാത്രമാണ് കൂടുതൽ ദൈർഘ്യമുള്ളത് -7.004 കി.മീ. ജിദ്ദയിലേതിനെക്കാൾ മുക്കാൽ കിലോമീറ്ററോളം കൂടുതൽ.

Latest News