ഷാർജ- പഞ്ചാബ് കിംഗ്‌സ് ഇലവനെതിരെ മുംബൈ ഇന്ത്യൻസിന് വിജയം. ആറു വിക്കറ്റിനാണ് മുംബൈ ജയിച്ചത്. ഐ.പി.എൽ പുനരാരംഭിച്ച ശേഷം മുംബൈ സ്വന്തമാക്കുന്ന ആദ്യജയമാണിത്. 23 പന്തിൽ 45 റൺസ് കൂട്ടുകെട്ട് നേടിയ ഹാർദ്ദിക് പൊള്ളാർഡ് കൂട്ടുകെട്ടാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. ഹാർദ്ദിക് 30 പന്തിൽ 40 റൺസും പൊള്ളാർഡ് 7 പന്തിൽ 15 റൺസും നേടി മുംബൈയെ വിജയിപ്പിച്ചു. നാലു ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ഹാർദിക് പാണ്ഡ്യയുടെ ഇന്നിംഗ്‌സ്. പൊള്ളാർഡ് ഒരു സിക്‌സും ഒരു ഫോറും നേടി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് വേണ്ടി എയ്ഡാൻ മാർക്‌റാം 29 പന്തിൽനിന്ന് 42 റൺസ് നേടി. ദീപക് ഹൂഡ 28, കെ.എൽ രാഹുൽ 21, മന്ദീപ് സിംഗ് 15, ഹർപ്രീത് ബ്രാർ 14 റൺസും നേടി. ജസ്പ്രീത് ബുംറ, പൊള്ളാർഡ് എന്നിവർ രണ്ടു വീതം വിക്കറ്റ് നേടി. ക്രുണാൽ പാണ്ഡ്യെ, രാഹുൽ ചഹാർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയുടെ തുടക്കം ഗംഭീരമായിരുന്നില്ല. മൂന്നാമത്തെ ഓവറിൽ രോഹിത് ശർമയും സൂര്യകുമാർ യാദവും പുറത്തായി. രവി ബിഷ്‌ണോയിയുടെ ഓവറിലായിരുന്നു ഇത്. തുടർന്ന് ക്വിന്റൺ ഡി കോക്ക് സൗരഭ് തിവാരി കൂട്ടുകെട്ട് 45 റൺസ് നേടിയെങ്കിലും 27 റൺസെടുത്ത ഡി കോക്കിനെ പുറത്താക്കി ഷമി വീണ്ടും മുംബൈയ്ക്ക് തിരിച്ചടി നൽകി.
സൗരഭ് തിവാരിയും ഹാർദ്ദിക് പാണ്ഡ്യയും 31 റൺസ് കൂടി നാലാം വിക്കറ്റിൽ അടിച്ചുകൂട്ടി. 45 റൺസ് നേടിയ തിവാരിയുടെ വിക്കറ്റും മുംബൈയ്ക്ക് നഷ്ടമായി. നഥാൻ എല്ലിസിനായിരുന്നു വിക്കറ്റ്. അവസാന നാലോവറിൽ 40 റൺസായിരുന്നു മുംബൈക്ക് ജയിക്കാൻ ആവശ്യമായിരുന്നത്. എന്നാൽ മുഹമ്മദ് ഷമിയുടെ ഓവറിൽ ഒരു സിക്‌സും ഒരു ഫോറും നേടി ഹാർദ്ദിക് ലക്ഷ്യം 18 പന്തിൽ 29 റൺസെന്ന നിലയിലേക്ക് എത്തിച്ചു. 18-ാം ഓവർ എറിഞ്ഞ അർഷ്ദീപിനെ ഒരു സിക്‌സറും ഫോറും അടിച്ച് പൊള്ളാർഡ് ഓവറിൽ നിന്ന് 13 റൺസ് നേടിയപ്പോൾ മുംബൈയുടെ ലക്ഷ്യം 12 പന്തിൽ 16 ആയി.
19-ാം ഓവർ എറിയാനെത്തിയ ഷമി വിട്ടുകൊടുത്തത് 17 റൺസ്. ഹാർദികാണ് റൺസ് അടിച്ചുകൂട്ടിയത്. ആദ്യ പന്തിൽ പൊള്ളാർഡ് ഒരു റൺസ് നേടി. രണ്ടാമത്തെ പന്തിൽ ഹാർദികിന് റൺസ് ഒന്നും നേടാനായില്ല. മൂന്നാമത്തെ പന്തിൽ ഹാർദിക് നാലു റൺസടിച്ചു. നാലാമത്തെ പന്തിൽ രണ്ടും അഞ്ചിൽ നാലും ആറാം പന്തിൽ ആറും റൺസടിച്ചു. ഇതോടെ മുംബൈക്ക് വിജയം സ്വന്തമായി. പൊള്ളാർഡാണ് കളിയിലെ കേമൻ.