1985 ൽ തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽനിന്ന് മലയാള സംപ്രേഷണം തുടങ്ങിയെങ്കിലും മറ്റ് പ്രധാനകേന്ദ്രങ്ങളെപ്പോലെ പൂർണമായി സജ്ജമാവുന്നത് 1987 - ലാണ്. സ്റ്റുഡിയോവിന്റെ ജോലി താമസിച്ചതായിരുന്നു കാരണം. അതു വരെ ഏഴ് പ്രൊഡ്യൂസർമാരാണ് ഉണ്ടായിരുന്നത്. പിന്നീട് യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷൻ മുഖേന നിയമിതരായവരും ആകാശവാണിയിലെ ട്രാൻസ്മിഷൻ എക്‌സിക്യൂട്ടീവുകളുടെ ക്വാട്ടയിൽ പ്രമോഷൻ കിട്ടിയവരിൽനിന്നുമായി എട്ട് പ്രോഗ്രാം എക്‌സിക്യൂട്ടീവുമാർ പുതുതായി ചേർന്നു. തിരുവനന്തപുരത്ത് പുതുതായി 1987 ൽ ചേർന്നവർ കെ.ആർ.ബീന, പി.ആർ.ശാരദ, ജയരാജ്, ജ്യോതിഷ് കുമാർ, ആനന്ദവർമ്മ, തോമസ് കുഞ്ഞുമ്മൻ, ഉണ്ണിക്കൃഷ്ണൻ നായർ, അരുണാചലം, ശിവാനന്ദൻ എന്നിവരായിരുന്നു. കെ.എസ്.ഉണ്ണി, പി.കെ.ശ്രീനിവാസൻ എന്നീ രണ്ട് അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർമാരും മാറ്റമായി വന്നു. മദിരാശിയിൽ ഞാൻ ഡെപ്യൂട്ടി ഡയറക്ടറായിരിക്കേ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടറായിരുന്ന സുശീലാ വിജയരാഘവന് സ്ഥാനക്കയറ്റം കിട്ടിയപ്പോൾ എന്റെ അഭ്യർത്ഥനപ്രകാരം അവരെ തിരുവനന്തപുരത്ത് നിയമിച്ചു. പ്രോഗ്രാം എക്‌സിക്യൂട്ടീവും പ്രൊഡ്യൂസറും ഒരേ പദവിയിലുളളവരാണ്. പരിപാടികളുടെ നിർമ്മാണത്തിന് അവർക്കെല്ലാം ഓരോ സഹായികളുണ്ട്: പ്രൊഡക്ഷൻ അസിസ്റ്റന്റ് എന്നാണ് തസ്തികയുടെ പേര്. യഥാർത്ഥത്തിൽ നിർമ്മാണ വിഭാഗത്തിന്റെ നട്ടെല്ല് അവരാണ്. ഏറ്റവും കൂടുതൽ ഓടിനടന്ന് ജോലികൾ ചെയ്യുന്നത് ആ തസ്തികയിലുളളവരാണ്. ദുഃഖകരമായ വസ്തുത ദൂരദർശനിൽ മർമ്മപ്രധാനമായ ജോലി ചെയ്യുന്ന അവർക്ക് വർഷങ്ങളേറെയായിട്ടും സ്ഥാനക്കയറ്റം കിട്ടിയിരുന്നില്ല! പ്രൊഡ്യൂസർമാരെ സഹായിക്കുന്നതിന് പുറമെ ചില മിടുക്കന്മാരും മിടുക്കികളും സ്വന്തമായി മികച്ച പരിപാടികൾ നിർമ്മിച്ച് തങ്ങളുടെ പ്രാഗത്ഭ്യം തെളിയിക്കാറുണ്ട്. വളരെക്കാലമായിട്ടും പ്രൊമോഷൻ കിട്ടാതെ മനസ്സുമടുത്ത് ചില സഹപ്രവർത്തകർ മദ്രാസിൽ സ്വയം പിരിഞ്ഞുപോയിട്ടുണ്ട്!
പുതുതായി പ്രൊഡക്ഷൻ അസിസ്റ്റന്റുമാരെ നിയമിക്കാനുളള അധികാരം ദൂരദർശൻ കേന്ദ്രത്തിന്റെ മേധാവിക്കാണ്. ഒഴിവുകൾ പരസ്യം ചെയ്തു. എട്ടു പുതിയ ഒഴിവുകൾക്ക് പുറമെ പഴയ രണ്ടെണ്ണം കൂടിയുണ്ടായിരുന്നു. പരസ്യത്തിന് ലഭിച്ച പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നു: ഏകദേശം 3000 അപേക്ഷകർ. നിയമനം ഉടനെ തന്നെ നടത്തണം. സംപ്രേഷണസമയം ഒന്നേകാൽ മണിക്കൂറിൽ നിന്ന് മൂന്ന് മണിക്കൂറെങ്കിലുമായി വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ഞായറാഴ്ച രാവിലെ ഒരു മണിക്കൂർ വേറെയും. താമസിക്കുന്നത്ര സമ്മർദ്ദങ്ങളുണ്ടാവും. ഇവരെയെല്ലാം പൂനെയിലെ ഫിലിം ആൻഡ് ടിവി ഇൻസ്റ്റിറ്റിയൂട്ടിലേക്ക് ഹ്രസ്വകാല പരിശീലനത്തിനയയ്ക്കണം, ഓരോ ബാച്ചുകളായി.
മൂവായിരത്തിലേറെ അപേക്ഷകളും പ്രാഥമിക പരിശോധന നടത്തി, വേണ്ടത്ര യോഗ്യതകളില്ലാത്തവ തളളിക്കളയാൻ ഒരു മൂന്നംഗ സ്‌ക്രീനിംഗ് കമ്മിറ്റിയുണ്ടാക്കി. അവർ അരിച്ചുപെറുക്കിയിട്ടും അപേക്ഷകരുടെ സംഖ്യ 2500 ഓളം! അപേക്ഷകൾ ഓഫീസിൽ കിട്ടിയതുമുതൽ നിരന്തരമായി ഫോണിലും കത്തുകളിലൂടെയും സന്ദർശനങ്ങളിലൂടെയും ശുപാർശകളുടെ പ്രളയം! എല്ലാം വളരെ വേണ്ടപ്പെട്ട അത്യുന്നതങ്ങളിലിരിക്കുന്നവരിൽ നിന്ന്! ഓഫീസിൽ നിന്നുളള ചിലരുടെ സമ്മർദ്ദം വേറെ, അവരുടെ ബന്ധുക്കൾക്ക് വേണ്ടി! മാനദണ്ഡം മിടുക്കു തന്നെയെന്ന് ഞാൻ ദൃഢനിശ്ചയമെടുത്തു. അത് സുതാര്യമാവുകയും വേണം. പ്രാഥമികമായി ഒരു എഴുത്തുപരീക്ഷ നടത്തി, അതിൽ ഒരു പരിധിവരെ ഉയർന്ന മാർക്കുകൾ ഉളളവരെ അഭിമുഖത്തിന് വിളിച്ച് ഏറ്റവും യോഗ്യരായവരെ നിയമിക്കുകയെന്ന രീതി പിന്തുടരാമെന്ന് തീരുമാനിച്ചു. പരീക്ഷയുടെ നടത്തിപ്പും ചോദ്യം തയ്യാറാക്കലും ഞങ്ങളുടെ ഓഫീസിൽ നിന്നുളള ആരെയെങ്കിലും ബന്ധപ്പെടുത്തിയാൽ സംശയത്തിന്റെ നിഴൽ പതിയും. എനിക്കതിന് ധൈര്യമില്ല. ധർമ്മസങ്കടം! ഒടുവിൽ ആലോചിച്ച് ഒരു പരിഹാരം കണ്ടെത്തി; കേന്ദ്രഗവണ്മെന്റിന്റെ തന്നെ മറ്റൊരു സ്ഥാപനത്തെ ആശ്രയിക്കുക. യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ പോലെ നോൺഗസറ്റഡ് തസ്തികകളിലേക്ക് നിയമനം നടത്താൻ അധികാരമുളള സ്ഥാപനമാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ; അതിന് മേഖലാ സ്ഥാപനങ്ങളുണ്ട്. അക്കാലത്ത് ചെന്നൈയിലായിരുന്നു ദക്ഷിണ മേഖലാ ഓഫീസ്. ഡയറക്ടർ ജനറലിന്റെ സമ്മതമുണ്ടെങ്കിലേ എനിക്ക് അവരുമായി ബന്ധപ്പെടാനാവൂ. കത്തെഴുതിയാൽ വിവരം പുറത്തറിയാൻ സാധ്യതയുളളതിനാൽ ഞാൻ ഫോണിൽ അദ്ദേഹത്തോട് വിശദമായി സംസാരിച്ചു. ''നിങ്ങളുടെ അധികാരം മറ്റൊരു സ്ഥാപനത്തിന് നൽകുകയാണ് ചെയ്യുന്നത്. സാധാരണഗതിയിൽ ആരും അതിന് തുനിയുകയില്ല! അവരുമായി നേരിട്ട് സംസാരിച്ച്, മുഴുവൻ പങ്കാളിത്തത്തോടെ മുന്നോട്ട് പോവുക''- അദ്ദേഹം പച്ചക്കൊടി കാട്ടി.
അക്കാലത്ത് ചെന്നൈ സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ മേധാവി പിന്നീട് കേരള ചീഫ് സെക്രട്ടറിയായി വിരമിച്ച നീലാ ഗംഗാധരനായിരുന്നു. അവർക്ക് എന്റെ അപേക്ഷയിൽ മതിപ്പ് തോന്നി. അവരുടെ പ്രവർത്തനരീതിയും സഹകരണവും സുമനസ്സും വളരെ സന്തോഷപ്രദമായിരുന്നു. എഴുത്തുപരീക്ഷ നടത്താനും ഉത്തരക്കടലാസുകൾക്ക് മാർക്കിടാനും അവർ തയ്യാറായി. പക്ഷെ ഞങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ തയ്യാറാക്കുന്നത് ഞങ്ങൾ തന്നെയാവണം. അതിനുളള വൈദഗ്ധ്യം അവർക്ക് പെട്ടെന്ന് കണ്ടെത്താനാവില്ല.
ചെന്നൈ ദൂരദർശനിൽ എന്റെ വളരെ നല്ല സുഹൃത്തും സഹപ്രവർത്തകനും പിന്നീട് തിരുവനന്തപുരം കേന്ദ്രത്തിന്റെ ഡയറക്ടറുമായ ആർ. മഹാദേവനെ ചോദ്യങ്ങളുടെ കാര്യം ഏല്പിച്ചു. മഹാദേവൻ രഹസ്യസ്വഭാവം കൃത്യമായി പാലിച്ചു. പരീക്ഷ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സ്തുത്യർഹമായി നടത്തി. മാർക്ക് ഷീറ്റുകൾ എന്നെ ഏൽപിച്ചു. പരീക്ഷ നടക്കുന്ന ദിവസം രാവിലെ ദൽഹിയിൽ നിന്നൊരു ടെലിഫോൺ: എത്ര ഒഴിവുകളുണ്ട്? പറയുന്ന പേരുകൾ എഴുതിയെടുക്കാമോ? എന്നൊക്കെ ചോദ്യങ്ങൾ. ഒഴിവുകളും അതിനായി പരീക്ഷ നടത്തുന്ന കാര്യവും പറഞ്ഞു. ഒടുവിൽ പറഞ്ഞ പേരുകാർക്ക് ചോദ്യങ്ങൾ നേരത്തേ കൊടുത്തേക്കുക. ഒരു ഉൾനാടൻ ഗ്രാമപ്രദേശത്തുകാരനായ ഞാൻ ജോലിയിലെത്തിയത് സ്വന്തം കഴിവുകൾ കൊണ്ടുമാത്രമാണെന്നും കഴിവുളളവരെ സുതാര്യമായ രീതിയിൽ മാത്രമേ ജോലിക്കെടുക്കൂ എന്നും സ്വാധീനത്തിന് വഴങ്ങുകയില്ലെന്നും ഖണ്ഡിതമായി പറഞ്ഞു. പിന്നീട് ഇന്റർവ്യൂ നടത്തുന്ന ദിവസവും അതിലുൾപ്പെട്ടവരുടെ പേരുകളിൽ ചിലത് പറഞ്ഞുവെങ്കിലും മാനമണ്ഡം മെറിറ്റ് തന്നെയായിരിക്കുമെന്ന് സൂചിപ്പിച്ചു. പരീക്ഷ നടന്ന ദിവസത്തെ ശുപാർശയിലുൾപ്പെട്ടവർക്ക് 20% ൽ കുറഞ്ഞ മാർക്കുകളാണ് കിട്ടിയതെന്ന് വ്യക്തമായി ഓർക്കുന്നുണ്ട്.
പരീക്ഷയിൽ നിശ്ചിത മാർക്ക് കിട്ടിയവരിൽ, ഒരൊഴിവിന് എട്ട് പേർ എന്ന തോതിൽ ഇന്റർവ്യൂവിന് വിളിപ്പിച്ചു. ഏകദേശം നൂറോളം പേരെയാണ് വിളിച്ചത്. ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്ന കമ്മിറ്റിയിലേക്ക് നീലാ ഗംഗാധരനെ ക്ഷണിച്ചുവെങ്കിലും അവർ ഒഴിഞ്ഞുമാറി. വിദഗ്ധരായി എം.ടി.വാസുദേവൻ നായരെയും ഒ.എൻ.വിയെയും അക്കാലത്ത് സംസ്ഥാന ഫിലിം ഡവലപ്‌മെന്റ് കോർപറേഷൻ മാനേജിംഗ് ഡയറക്ടറായിരുന്ന ഭരത്ഭൂഷണിനെയും കവിയും എഴുത്തുകാരനുമായ കെ.ജയകുമാറിനെയും പങ്കെടുപ്പിച്ചു. ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനും മറ്റ് സഹായങ്ങൾക്കുമായി അക്കാലത്തെ സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ചട്ടങ്ങളും നിയമങ്ങളുമെല്ലാമറിയുന്ന വി.എച്ച്.എസ്.അയ്യരെ നിയോഗിച്ചു. ഇന്റർവ്യൂവിന് തൊട്ടുമുമ്പുളള ദിവസങ്ങളിലും ശുപാർശകളുടെ മഹാപ്രളയം തന്നെയുണ്ടായി. ദൽഹിയിൽ നിന്ന് നിർദ്ദേശിക്കപ്പെട്ട ലിസ്റ്റ് വേറെയും! ഇന്റർവ്യൂ വെറും വെളളപൂശലാണെന്നും വേണ്ടപ്പെട്ടവരെ നേരത്തെ നിയമിച്ചിട്ടുണ്ടെന്നും ഒരു പത്രത്തിൽ വാർത്തയും വന്നിരുന്നു.
അസ്വാരസ്യമുളവാക്കിയ ഒരു സംഭവം ഇന്റർവ്യൂവിനിടയിൽ നടന്നു. ഓരോരുത്തരും അഭിമുഖം കഴിഞ്ഞ് പുറത്ത് പോയി അടുത്തയാളുടെ ഊഴത്തിനായി ഞങ്ങൾ കാത്തിരിക്കുമ്പോൾ പെട്ടെന്നൊരു യുവാവ് മുറിക്കുളളിൽ അലറിക്കൊണ്ട് കടന്നുവന്ന്, ഭരത്ഭൂഷന്റെ അടുത്തുചെന്ന് ആക്രോശിച്ചു, ''മിസ്റ്റർ എം.ടി.വാസുദേവൻ നായർ, നിങ്ങളെങ്ങനെ ഈ അതിക്രമത്തിൽ പങ്കാളിയായി? ഇത് വെറുമൊരു പ്രഹസനമാണ്. തെമ്മാടിത്തമാണ്. നിങ്ങൾക്ക് വേണ്ടപ്പെട്ടവരെ തെരഞ്ഞെടുത്തുകഴിഞ്ഞു- ഇനിയിത് നിർത്തണം....'' അയാൾക്ക് നിൽപുറക്കുന്നുണ്ടായിരുന്നില്ല. കാലുകൾ ഇടറി ശരീരം ആടിക്കൊണ്ടിരുന്നു. എങ്ങനെയോ അയാളെ പുറത്തേക്ക് പറഞ്ഞയച്ചു. അത് കാര്യമായെടുക്കേണ്ടതില്ലെന്നും ബോധത്തോടെയല്ല അയാളങ്ങനെ ചെയ്തതെന്നും തീരുമാനിച്ചു.
ഇന്റർവ്യൂ വളരെ വൈകുന്നതുവരെ തുടർന്നു. ഒടുവിൽ ലിസ്റ്റ് തയ്യാറായി; നിലവിലുളള ഒഴിവുകൾ നികത്തി പിന്നീട് വരുന്നവയിൽ നിയമനത്തിന് മൂന്ന് പേരെ വെയ്റ്റിംഗ് ലിസ്റ്റിലും പെടുത്തി. തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം തന്നെ മിടുക്കും കഴിവും കൊണ്ടും മാത്രമാണ് ലിസ്റ്റിൽ ഉൾപ്പെട്ടത്. (അവരിൽ മിക്കവർക്കും ശുപാർശക്കാരുണ്ടായിരുന്നുവെന്നത് വേറെ കാര്യം!) ദൂരദർശൻ കേന്ദ്രത്തിൽ നിന്ന് അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലെ ജി. ചന്ദ്രനും എം.എൻ.ഉണ്ണിയുമുണ്ടായിരുന്നു. മറ്റുളളവരുടെ പേരുകളിൽ സേതുമാധവൻ, രാജേന്ദ്രൻപിളള, ശ്രീകുമാർ കക്കാട്, കെ.എസ്.രാജശേഖരൻ, ഇലിയാസ് ജോൺ, മുരളിമേനോൻ (താമസിയാതെ രണ്ടുപേരും ജോലി വിട്ടു), ദേവകുമാർ, കണ്ണൻ, ഹരികുമാർ, മോഹൻ കുമാർ തുടങ്ങിയ പേരുകൾ ഓർമ്മയിലുണ്ട്.
കൂട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഒരാളുടെ നിയമന ഉത്തരവിനെക്കുറിച്ച് ഒട്ടേറെ ഓർമ്മപ്പെടുത്തലുകൾ (ആഴ്ചയിൽ ഒരിക്കലെങ്കിലും) വന്നത് പ്രത്യേകം ഓർമ്മയുണ്ട്: അതിൽ രണ്ടുപേർ സാധാരണഗതിയിൽ അത്തരം ശുപാർശകൾക്ക് മുതിരാത്തവരാണ്. ഒന്ന് എനിക്ക് വളരെക്കാലമായി നല്ല അടുപ്പമുണ്ടായിരുന്ന പരേതനായ മലയാളത്തിലെ ഏറ്റവും ബൃഹത്തായ നോവലടക്കമുളളവ രചിച്ച് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വലിയ കണിശക്കാരനായ വ്യക്തി. മറ്റൊരാൾ അക്കാലത്ത് കേന്ദ്രമന്ത്രിയും പിന്നീട് അത്യുന്നതപദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയും. മൂന്നാമതൊരാൾ അക്കാലത്തെ വളരെ അടുത്ത സുഹൃത്തായിരുന്ന കവി, കുടുംബവുമായും നല്ല സൗഹൃദം. നിരന്തരമായ ഓർമ്മപ്പെടുത്തലുകൾ ഉണ്ടായെങ്കിലും നിയമന ഉത്തരവ് എല്ലാ ചട്ടങ്ങളും പാലിച്ചേ അയച്ചിരുന്നുളളു. നിയമിക്കപ്പെട്ടയാൾ പിന്നീട് തന്റെ പ്രതിഭയും മിടുക്കും പരിപാടികളിലൂടെ പ്രകടമാക്കി. തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം തന്നെ അവരുടെ കഴിവുകൾ മികവോടെ പരിപാടികളുടെ നിർമ്മാണത്തിൽ കാണിച്ചു, ചിലർ അവർ സഹായികളായിരുന്ന പ്രൊഡ്യൂസർമാരെക്കാൾ മിടുക്കന്മാരായിരുന്നുവെന്ന് തെളിയിച്ചു.
സന്ധ്യയോടെ സെലക്ഷൻ പ്രക്രിയ കഴിഞ്ഞശേഷം, ഞാൻ ഭദ്രമായി സൂക്ഷിച്ചിരുന്ന ശുപാർശക്കത്തുകളുടെ കെട്ട് പുറത്തെടുത്ത്, സെലക്ഷൻ കമ്മിറ്റിക്കാരെ കാണിച്ചു. ഒ.എൻ.വി കുറച്ചുനേരം അവയെല്ലാം മറിച്ചുനോക്കി നിർദ്ദേശിച്ചു, ''ഇനിയിതെല്ലാം നശിപ്പിച്ചുകളയുക. നമ്മുടെ ലിസ്റ്റിൽ ഇവരിലാരെങ്കിലുമുണ്ടെങ്കിൽ അതങ്ങനെ തന്നെയിരിക്കട്ടെ!'' കത്തുകളോരോന്നായി അപ്പോൾ തന്നെ കീറിക്കളഞ്ഞു.
ഈ നിയമനങ്ങളെക്കുറിച്ച് എനിക്കിപ്പോഴും ഒരു ഖേദം മനസ്സിലുണ്ട്. നിയമനപ്രക്രിയയിലുടനീളം സഹായിച്ചിരുന്ന അന്നത്തെ പ്രഗത്ഭനായ സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ മകൾക്ക് നിയമനം നൽകാൻ കഴിഞ്ഞില്ല. ആ കൂട്ടത്തിൽ നിയമിതരായവരിൽ എല്ലാവരും അടുത്തകാലത്ത് സർവീസിൽനിന്ന് വിരമിച്ചു.






