ഒന്നര ലക്ഷം കോടി മുടക്കി കേരളം ഇരുപത് വർഷത്തിനകം യാഥാർഥ്യമാക്കാൻ പോകുന്ന സെമി ഹൈസ്പീഡ് ട്രെയിനിന്റെ അത്രയും വേഗത്തിൽ ഓടുന്ന തീവണ്ടികൾ സംസ്ഥാനത്ത് ഇപ്പോഴുമുണ്ട്. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദിയിൽ രാവിലെ ആറേ കാലിന് കോഴിക്കോട്ടു നിന്ന് പുറപ്പെട്ടാൽ 9.30ന് എറണാകുളം നോർത്തിലെത്തും. അതു തന്നെ തിരൂർ, ഷൊർണൂർ, തൃശൂർ എന്നിവിടങ്ങളിൽ ഹാൾട്ട് ചെയ്തതിനാൽ. ഇതില്ലെങ്കിൽ ഉത്സാഹിച്ചാൽ രണ്ടര മണിക്കൂറിനകമെത്തും. തിരുവനന്തപുരം-മുംബൈ ലോകമാന്യ തിലക് എക്‌സ്പ്രസിലെ മടക്കയാത്ര പുറപ്പെട്ടത് സൗത്തിൽ നിന്ന് ഉച്ച 1.35ന്. ഷൊർണൂരിൽ അര മണിക്കൂറോളം നിർത്തിയിട്ട കുർളയും മൂന്നര മണിക്കൂർ കൊണ്ട് കോഴിക്കോട്ടെത്തി. റിപ്പോർട്ടർ ചാനലിൽ വ്യാഴാഴ്ച രാത്രി ചർച്ച ചെയ്തത് സെമി ഹൈസ്പീഡ് റെയിൽവേയുടെ ആവശ്യകത. എക്‌സ്പ്രസ് ഹൈവേ പദ്ധതിയുമായി മുന്നോട്ടു വന്ന മുൻ പൊതുമരാമത്ത് മന്ത്രി ഡോ. എം.കെ മുനീറുമുണ്ടായിരുന്നു പാനലിൽ. ഒരേയൊരു ട്രെയിനിന് പോകാൻ നിലവിലെ ബ്രോഡ് ഗേജ് പാത ഉപേക്ഷിച്ച് ഭീമമായ തുക മുടക്കി സ്റ്റാൻഡേർഡ് ഗേജ് പാത പണിയുന്നതിലെ മണ്ടത്തരം ചർച്ചാ വിഷയമായി. ഇത് പ്രായോഗികമല്ലെന്ന് കണ്ട് ഉമ്മൻചാണ്ടി സർക്കാർ ഉപേക്ഷിച്ചതാണെന്ന് മുനീർ വ്യക്തമാക്കി. അങ്ങനെയാണ് അന്നത്തെ സർക്കാർ സബ് അർബൻ റെയിൽവേയെ പറ്റി ആലോചിച്ചതെന്ന് മുനീർ വിശദീകരിച്ചു. അത് ശരിയാണ്. കേരളം പോലെ 500 കിലോ മീറ്ററിലേറെ ദൈർഘ്യമുള്ള പട്ടണ ശൃംഖലയ്ക്ക് ഏറ്റവും ചേരുക ഇത് തന്നെ.
കൊച്ചി യാത്രയിലെ അനുഭവം പറയാം. കോവിഡ് കാലത്തെ ട്രെയിൻ യാത്രയിൽ ഭക്ഷണം കിട്ടിക്കൊള്ളണമെന്നില്ല. പാൻട്രി കാറുകളുണ്ടെങ്കിലും പ്രാതൽ കൊണ്ട് ആരും വന്നില്ല. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പോലെ സാധാരണ ജീവിതം തെക്കോട്ട് സജീവമായിട്ടില്ല. ജനശതാബ്ദി 9.30ന് നോർത്തിലെത്തിയപ്പോൾ നല്ല വിശപ്പ്. ഒന്നാം പ്ലാറ്റുഫോമിലെ ഫുഡ് പ്ലാസയിൽ കയറി. ഫേവറിറ്റ് ഐറ്റമായ ഇഡ്‌ലി തീർന്നു. എന്തെങ്കിലും കഴിക്കാമെന്ന് വെച്ച് അപ്പവും മുട്ടക്കറിയും ഓർഡർ ചെയ്തു. റിസ്‌കെടുക്കേണ്ടല്ലോയെന്ന് കരുതി ഫുഡിനോട് ചേരിചേരാ നയം നടപ്പാക്കി. ഇറച്ചിക്കറിയിൽ പുഴുങ്ങിയ മുട്ട. തൊട്ടു തൊട്ടില്ല രീതിയിൽ അപ്പം കഴിച്ചു. മുട്ട പരീക്ഷിച്ചില്ല. എല്ലാം നിരീക്ഷിച്ച് വെയിറ്റർ അടുത്തു തന്നെ നിൽപ്പുണ്ടായിരുന്നു. അയാളുടെ ശ്രദ്ധയിൽപെടാതെ കൗണ്ടറിൽ ചെന്ന് പണം കൊടുത്തു പോകാൻ ശ്രമിച്ചതായിരുന്നു. കാഷ്യറോട് ഒരു സെറ്റ് അപ്പവും മുട്ടക്കറിയും ചായയുമെന്ന് വിശദമായി പറഞ്ഞു. അതിനിടയ്ക്ക് മറ്റേ കക്ഷി ചാടി ഇടപെട്ടു. മുട്ട തീരെ കഴിച്ചിട്ടില്ല. അപ്പവും പേരിനേ ഭക്ഷിച്ചിട്ടുള്ളു. കാഷ്യറുടെ ഇൻസ്റ്റന്റ് വിധി. കഴിക്കാത്ത ഫുഡിന് പണം വാങ്ങില്ലെന്ന ശക്തമായ നിലപാട്. വല്ലാതെ നിർബന്ധിച്ചപ്പോൾ ഇരുപത് രൂപ മാത്രം വാങ്ങി. കൊച്ചി കോഴിക്കോടായി മാറിയോ? വാസ്തവത്തിൽ കേന്ദ്ര സർക്കാരിന് എത്ര വലിയ തുക കൊടുത്താവും ഈ ഹോട്ടലുകാരൻ കെട്ടിടം വാടകയ്‌ക്കെടുത്ത് ഭോജനശാല നടത്തുന്നത്?
*** *** ***
ഓണം ബംപർ ലോട്ടറി നറുക്കെടുപ്പുമായി ബന്ധപ്പെട്ട് വലിയ അഭ്യൂഹങ്ങളാണ് കഴിഞ്ഞ ദിവസം നിലനിന്നിരുന്നത്. സുഹൃത്ത് വഴി ടിക്കറ്റ് എടുത്ത പ്രവാസിയായ സൈതലവി തനിക്കാണ് പ്രൈസ് എന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയതോടെ മാധ്യമങ്ങളിലൊക്കെ അത് വലിയ വാർത്തയാവുകയും ചെയ്തു. 12 കോടിയുടെ യഥാർത്ഥ ഭാഗ്യശാലി തൃപ്പൂണിത്തുറക്കാരൻ ജയപാലൻ എന്ന ഓട്ടോ ഡ്രൈവറായിരുന്നു. ടിക്കറ്റ് എടുക്കാൻ താൻ പൈസ അയച്ച് നൽകിയ സുഹൃത്ത് അഹമ്മദ് തന്നെ പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്ന് സൈതലവി പിന്നീട് വ്യക്തമാക്കി. ഇവിടെ ആരാണ് തെറ്റുകാരൻ? സെയ്തലവി അല്ല. വാട്‌സാപ്പിൽ തനിക്ക് കിട്ടിയ ചിത്രത്തിലെ ഭാഗ്യക്കുറി ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് തെറ്റിദ്ധരിക്കപ്പെട്ട സെയ്തലവി ഒരു പാവം ഇര മാത്രമാണ്. താൻ കബളിക്കപ്പെട്ടുവെന്നറിയാത്തതിനാലാവാം ആ പാവം താനാണ് സമ്മാനർഹൻ എന്ന അവകാശവാദം ഉന്നയിച്ചത്. ആ അവകാശവാദം അപ്പാടെ വിഴുങ്ങിയ മാധ്യമക്കാർ നേരെ 'കോടീശ്വര'ന്റെ നാട്ടിലെ വീട്ടിലെത്തി ആ വീട്ടിലെ പാവം മനുഷ്യരെ മൊത്തം ക്യാമറാക്കണ്ണിലൂടെ പരസ്യപ്പെടുത്തി. കാള പെറ്റെന്നു കേൾക്കുമ്പോഴേ കയറെടുക്കുന്ന രീതി. റേറ്റിംഗ് മുഖ്യ ഐറ്റമാകുമ്പോൾ എക്‌സ്‌ക്ലൂസീവ് കപ്പ് നേടുക എന്നതാണല്ലോ അജണ്ട. ബമ്പർ പോലുള്ള ലോട്ടറികളുടെ നറുക്കെടുപ്പിന് ശേഷം വിജയികളെ തേടിയുള്ള മാധ്യമങ്ങളുടെ പരക്കം പാച്ചിൽ പ്രശ്‌നമായത് ഇതാദ്യമല്ല. വ്യക്തിയുടെ വികാരവിചാരങ്ങൾ, സ്വപ്‌നങ്ങൾ, വ്യവഹാരങ്ങൾ എന്നിവ സ്വകാര്യതയ്ക്കുള്ള അവകാശത്തിൽ അടങ്ങിയിട്ടുണ്ട്. ഇവയൊന്നും കണക്കിലെടുക്കാതെ വിജയിയെ എത്രയും പെട്ടന്ന് പുറംലോകത്തിന് പരിചയപ്പെടുത്താനായി മാധ്യമങ്ങൾ കാട്ടുന്ന അമിതമായ വ്യഗ്രത വ്യക്തിയുടെ സ്വകാര്യത എന്ന അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണ്. കൊച്ചി മരട് സ്വദേശിയായ ജയപാലനായിരുന്നു ഒന്നാം സമ്മാനം എന്നറിഞ്ഞതോടെ സെയ്തലവിയെ വിട്ട് മാധ്യമങ്ങൾ ജയപാലന്റെ വീട്ടിലേക്ക് കുതിച്ചു. അദ്ദേഹത്തെ 'ഏറ്റവും ആദ്യം' തങ്ങളുടെ മാധ്യമത്തിലൂടെ പരിചയപ്പെടുത്തിയ സന്തോഷത്തിൽ. മാതൃഭൂമിയിലെ റിപ്പോർട്ടർ കാനറ ബാങ്ക് തൃപ്പുണിത്തുറ ശാഖയിൽ ടിക്കറ്റ് നിക്ഷേപിച്ചതിന്റെ രേഖയുമുൾപ്പെടുത്തി. ബഹളങ്ങൾ കെട്ടടങ്ങിയപ്പോൾ വിവാദത്തിൽ ഏറ്റവും നേട്ടം കേരള സർക്കാരിനാണ്. കേരള ഭാഗ്യക്കുറിയുടെ ക്രെഡിബിലിറ്റി കുതിച്ചുയർന്നു. പണമില്ലാതെ പ്രയാസപ്പെടുന്ന കേരള സർക്കാരിന് ഓണം ബമ്പറിൽ നിന്ന് മാത്രം മുപ്പത് കോടിയുടെ നേട്ടമുണ്ടായി.
*** *** ***
പ്രമുഖ ചാനലിൽ സന്ധ്യാ സമയത്ത് ഒരു തുടരൻ മെഗാ പരമ്പര നടക്കുന്നു. നായിക (അതോ വില്ലത്തിയോ?) കുറച്ചു പ്രകോപനപരമായ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. കോർപറേറ്റ് അവിഹിതമാണല്ലോ സീരിയലുകളുടെ പ്രധാന വിഷയം. നീണ്ടു നീണ്ടു പോകുന്ന ഇവയുടെ ഒരു ഗുണം ചാനലുകാർ പരസ്യത്തിനായി ബുദ്ധിമുട്ടേണ്ടി വരില്ലെന്നതാണ്. മുപ്പത് കൊല്ലം മുമ്പ് വന്ന ഐ.വി ശശി സിനിമയായ അക്ഷരത്തെറ്റിനോട് സാമ്യമുള്ള കഥയാണെന്ന് കരുതാം. ഏതായാലും ട്രാപ്പിൽ പെട്ടെന്ന് വീഴാൻ നമ്മുടെ ഹീറോ തയാറല്ല. വയറിന് നല്ല സുഖമില്ലെന്ന് പറഞ്ഞ് അദ്ദേഹം ടോയ്‌ലറ്റിലേക്ക് രക്ഷപ്പെട്ടു. പിശാചിന്റെ ദുർബോധനത്തിൽ നിന്ന് ആശ്വാസം തേടിയെത്തിയ അദ്ദേഹത്തിന്റെ മനോമുകരത്തിൽ തെളിഞ്ഞു വന്നത് ഭാര്യയുടേയും മക്കളുടേയും ചിത്രങ്ങൾ. ജാരിയെ വിശ്വസിപ്പിക്കാൻ ക്ലോസറ്റിന്റെ ഫ്ളാഷ് ബട്ടണമർത്തിയാണ് ഒച്ചയുണ്ടാക്കിയത്. എത്ര തങ്കപ്പെട്ട മനുഷ്യൻ?
*** *** ***
സോഷ്യൽ മീഡിയയിലൂടെ തുടർച്ചയായി വർഗീയ പരാമർശങ്ങൾ നടത്തുന്ന യൂട്യൂബ് ചാനൽ നമോ ടിവിക്കെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വെള്ളത്തിൽ തീപിടിപ്പിച്ച് കേരളത്തിലെ സമാധാനന്തരീക്ഷം തകർക്കാനാണ് ശ്രമമെന്നും കേരളം ഒരിക്കലും കേൾക്കാത്ത വാക്കുകളാണ് നമോ ടിവിയിലൂടെ കേൾക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ സമൂഹ്യാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ എന്തും പറയാം എന്ന സാഹചര്യമാണുള്ളത്. വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. സർക്കാർ കയ്യും കെട്ടി നോക്കി നിൽക്കുകയാണെന്ന് വി.ഡി സതീശൻ ആരോപിച്ചു. വ്യാജ അക്കൗണ്ടുകളിലൂടെയുള്ള ദുഷ്പ്രചാരണങ്ങളാണ് കാര്യങ്ങൾ വഷളാക്കുന്നതും വർഗീയ വിദ്വേഷം വർദ്ധിക്കുന്നതും. പത്ര മാധ്യമങ്ങൾ ഈ വിഷയത്തെ ഗൗരവമായി കണ്ടിട്ടാണ് പെരുമാറുന്നത്. പക്ഷേ, സോഷ്യൽ മീഡിയയിൽ ആ നിയന്ത്രണമില്ല. ഇതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നത്. എന്തും പറയാമെന്ന അവസ്ഥയാണ് സോഷ്യൽ മീഡിയയിലുള്ളത്. സൈബർ സെല്ലിന്റെ ചുമതലയുള്ള മനോജ് എബ്രഹാമിന് ആ വീഡിയോ അയച്ചു കൊടുത്തു. നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയുമില്ല. നമോ ടിവിയുടേത് പുതിയ കാര്യമല്ല. കുറേ മുമ്പും ആക്ഷേപമുയർന്നപ്പോൽ സർക്കാർ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. രാംജിറാവു സ്പീക്കിംഗിലെ നിങ്ങളിനിയും പുറപ്പെട്ടില്ലേ എന്നു ചോദിച്ച മാതിരിയാണ് പോലീസ് ഇപെടലിന് വേണ്ടിയുള്ള കാത്തിരിപ്പ്.
*** *** ***
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷംന കാസിം. അമൃതാ ടിവിയിലെ സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ തുടക്കമിട്ട താരം തെന്നിന്ത്യയിലെ ശ്രദ്ധേയായ അഭിനേത്രികളിൽ ഒരാളാണ്. ജയലളിതയുടെ ബയോപിക്കായ തലൈവിയാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. തലൈവിയിൽ എത്തിയതിനെ കുറിച്ചും ഇടക്കാലത്ത് ഒരു വിവാഹ ആലോചനയുമായി ബന്ധപ്പെട്ട് തനിക്ക് ജീവിതത്തിൽ നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ചും ഷംന കാസിം അഭിമുഖത്തിൽ തുറന്ന് പറഞ്ഞു.
ഞാൻ മാത്രമല്ല അവരുടെ തട്ടിപ്പിന് ഇരയായതെന്ന കാര്യം വ്യക്തമാണ്. എന്നിലേക്ക് എത്തുന്നതിന് മുമ്പ് ഇതുപോലെ ഏതെങ്കിലും സെലിബ്രിറ്റീസിനെ ഇവർ ഇങ്ങനെ ചെയ്തുകാണും. അവരത് പുറത്ത് പറയാൻ തയ്യാറാവാതിരുന്നതാവാമെന്നും ഷംന കാസിം പറയുന്നു. ഇപ്പോൾ കല്യാണത്തെ കുറിച്ചൊന്നും ഒരുപാട് ആലോചിക്കുന്നില്ല. സമയത്ത് അത് നടക്കും എന്നതാണ്. എനിക്ക് അതേകുറിച്ച് ഒരു ധൃതിയില്ല. വീട്ടുകാർക്കാണ് ധൃതി.
കേരളത്തിന് ഒരു ആശ്വാസ വാർത്തയുണ്ട്. സബീന ജയേഷ് എന്ന പേര് ഔദ്യോഗികമായി മാറ്റിയതായി നടി ലക്ഷ്മിപ്രിയ അറിയിച്ചു. നീണ്ട 18 വർഷം സബീന ആയിരുന്നുവെന്നും ഇപ്പോൾ ലക്ഷ്മിപ്രിയ ആണെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു. ഹിന്ദു ആയാലും മുസ്‌ലിം ആയാലും ഞാൻ ഞാനായിരിക്കുമെന്നും ലക്ഷ്മിയുടെ കുറിപ്പിൽ പറയുന്നു. ഗസറ്റിൽ വിജ്ഞാപനം ചെയ്താണ് മാറ്റം.
*** *** ***
മീഡിയ ബ്രോഡ്കാസ്റ്റിംഗ് രംഗത്തെ ഭീമന്മാരായ സീ എന്റർടെയിൻമെന്റും സോണി പിക്‌ച്ചേഴ്‌സ് ഇന്ത്യയും ലയിക്കുന്നു.ലയനത്തിന് സീ എന്റർടൈമെന്റ് ലിമിറ്റഡ് ബോർഡ് അനുമതി നൽകി. ഇതോടെ ഓഹരിവിപണിയിൽ സീയുടെ ഓഹരിവില 20 ശതമാനത്തോളം ഉയർന്നു.
ലയനത്തിന് 90 ദിവസത്തെ ഇടവേള ലഭിക്കും. ലയനത്തിനുശേഷം പുനീത് ഗോയങ്ക കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാകും. ലയനപ്രകാരം സീയിലെ ഓഹരി ഉടമകൾക്ക് 47.07 ശതമാനം ഓഹരി പങ്കാളിത്തമാകും ഉണ്ടാകുക. ബാക്കി ഓഹരികൾ സോണി ഇന്ത്യയ്ക്ക് ലഭിക്കും. ഇന്ത്യയ്ക്കകത്താണ് സീയുടെ ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങൾ ലഭ്യമെങ്കിൽ ആഗോളതലത്തിൽ സാന്നിധ്യമുള്ള മീഡിയാ വമ്പനാണ് സോണി.
*** *** ***
ഏകദേശം മൂന്ന് ദശകങ്ങൾക്കപ്പുറം മാധ്യമ രംഗത്ത് വനിതാ സാന്നിധ്യം തീരെ ശുഷ്‌കമായിരുന്നു. മാതൃഭൂമിയിലോ, ഇന്ത്യൻ എക്‌സപ്രസിലോ, കന്യകയിലോ വനിതയിലോ ഒക്കെയാണ് സ്ത്രീകളുണ്ടായിരുന്നത്. കോഴിക്കോട്ട് റിപ്പോർട്ടിംഗിൽ മാതൃഭൂമിയിൽ ഒരു പെൺകുട്ടിയാണുണ്ടായിരുന്നത്. ഡ്യൂട്ടി ടൈമുമായി യോജിച്ചു പോകാനാവാത്തതിനാൽ വനിതാ ഹോസ്റ്റലിലൊന്നും പ്രവേശനം ലഭിക്കാതെ പോയ ആ കുട്ടി താമസിച്ചത് ചാലപ്പുറത്തെ വൃദ്ധസദനത്തിലായിരുന്നു.
ജേണലിസം കോഴ്‌സുകൾ വ്യാപകമാവുകയും അവസരങ്ങളുടെ അക്ഷയഖനിയായി ടിവി ചാനലുകൾ രംഗത്തെത്തിയതോടെ വനിതാ മാധ്യമ പ്രവർത്തകർ പെരുകി. മലയാളത്തിലെ ചില ന്യൂസ് ചാനലുകളിൽ പ്രധാന സ്ഥാനങ്ങളലങ്കരിക്കുന്നതും പെൺകുട്ടികളാണ്. ഇവർക്ക് വേതന തുല്യതയും മറ്റു സൗകര്യങ്ങളും ഉറപ്പ് വരുത്തേണ്ടത് മാനേജ്‌മെന്റുകളുടെ കടമയാണ്.






