ക്ലേശങ്ങൾ മറികടന്ന് കണ്ണന്റെ ഓട്ടോ ഫാസ്റ്റ്ട്രാക്കിൽ...

പതിനേഴുവർഷമായി പെട്ടി ഓട്ടോ ഓടിച്ചാണ് കണ്ണൻ കുടുംബം പുലർത്തുന്നത്. ഉച്ചകഴിയുന്നതുവരെ ജീവിതപ്രാരബ്ധങ്ങളെ ഓടിത്തോൽ പിച്ച് നാലുമണിയാകുമ്പോഴേയ്ക്കും കണ്ണൻ ഗ്രൗണ്ടിലെത്തും. അപ്പോഴേയ്ക്കും നാളത്തെ പ്രതീക്ഷകൾ കണ്ണനെ കാത്ത് അവിടെയുണ്ടാകും. കായികലോകത്തെ പുതുപിറവിക്കായി കാത്തിരിക്കുന്ന കുറേ കുരുന്നുകൾ...

ഓടിക്കുന്നത് ഓട്ടോയാണെങ്കിലും കണ്ണൻ പരിശീലിപ്പിച്ച കുട്ടികൾ സൂപ്പർ ഫാസ്റ്റിന്റെ വേഗത്തിലാണ് ഓടുന്നത്. തൃശൂർ ജില്ലയിലെ നാട്ടികയെന്ന കൊച്ചുഗ്രാമത്തിൽ തലയെടുപ്പോടെ നിൽക്കുന്ന സ്‌പോർട്‌സ് അക്കാദമിയുടെ താങ്ങും തണലുമാണ് ഈ കായികപ്രേമി. കുട്ടിക്കാലംതൊട്ടേ കായികരംഗത്തോടുള്ള താൽപര്യവും അമ്മാവനും കായികാധ്യാപകനുമായ പ്രസന്നൻ നൽകിയ പ്രചോദനവുമാണ് കണ്ണനെ പരിശീലകനിലേയ്ക്കു വഴിനടത്തിയത്. ഇന്ന് കണ്ണൻ പരിശീലിപ്പിച്ച പല വിദ്യാർത്ഥികളും രാജ്യത്തെ പ്രതിനിധീകരിച്ച് കടലുകൾ കടന്ന് മുന്നേറുകയാണ്.
തൃശൂർ ജില്ലയിലെ വലപ്പാട്ട് പെട്ടി ഓട്ടോ ഓടിച്ചും കടലിൽ മത്സ്യബന്ധനം നടത്തിയും ഉപജീവനം നടത്തുന്ന കണ്ണന്റെ ശിക്ഷണത്തിൽ ഒട്ടേറെ വിദ്യാർത്ഥികളാണ് പരിശീലനം തേടുന്നത്. പുലർച്ചെ അഞ്ചു മണി മുതൽ ഏഴര വരെ വലപ്പാട് ഗ്രൗണ്ടിലും വൈകീട്ട് ക്ലാസ് കഴിഞ്ഞാൽ നാലു മുതൽ ആറുവരെ സ്‌കൂൾ ഗ്രൗണ്ടിലുമാണ് കണ്ണന്റെ പരിശീലനകളരി.


വലപ്പാട് കടൽതീരത്തിനു സമീപം വിക്രഞ്ചേരി വേലായുധന്റേയും ശാന്തയുടെയും അഞ്ചു മക്കളിൽ നാലാമനാണ് കണ്ണൻ. നാട്ടിക ഗവൺമെന്റ് ഫിഷറീസ് സ്‌കൂളിലെ പഠനകാലത്ത് ഓട്ടമത്സരത്തിലും ഹൈജമ്പിലുമെല്ലാം പങ്കെടുത്തിരുന്നെങ്കിലും ശാസ്ത്രീയമായ ശിക്ഷണങ്ങളൊന്നും ഈ കായികപ്രേമിക്ക് ലഭിച്ചിരുന്നില്ല. പത്താം ക്ലാസിൽ പരാജയപ്പെട്ടതോടെ അച്ഛനോടൊപ്പം കടലിൽ മത്സ്യബന്ധനത്തിനു പോയിത്തുടങ്ങി. ഒഴിവുസമയം മറ്റു ജോലികളിലും മുഴുകി. നാട്ടിലെ ഗ്രാമീണ കായിക മത്സരങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു കണ്ണൻ. ഓട്ടത്തിലും ചാട്ടത്തിലുമെല്ലാം കണ്ണൻ ഒന്നാമനായി. കായികാധ്യാപകനായ അമ്മാവനിൽനിന്നും ലഭിച്ചിരുന്ന പരിശീലനമായിരുന്നു കൈമുതൽ. പിന്നീട് സ്‌പോർട്‌സ് മാഗസിനുകളിൽനിന്നും ഓൺലൈനിലൂടെയും ഈ രംഗത്തെ വിദഗ്ധരുടെ ഉപദേശങ്ങൾ തേടിയുമാണ് കണ്ണൻ തന്നിലെ പരിശീലകനെ വളർത്തിയെടുത്തത്.
നാട്ടിക ഗവൺമെന്റ് ഫിഷറീസ് എൽ.പി. സ്‌കൂളിലെ പ്രധാനാധ്യാപികയായിരുന്ന സൗദാമിനി ടീച്ചറാണ് സ്‌കൂളിലെ കുട്ടികൾക്ക് കായിക പരിശീലനത്തിനായി കണ്ണനെ ക്ഷണിച്ചത്. പതിനേഴാം വയസ്സിൽ പരിശീലകന്റെ കുപ്പായമണിഞ്ഞ് കുട്ടികളുടെ കണ്ണൻ മാഷായി. അൻപതു മീറ്റർ ഓട്ടം, ലോംഗ് ജമ്പ്, റിലേ, ബോൾ ത്രോ തുടങ്ങിയ ഇനങ്ങളിലായിരുന്നു പരിശീലനം നൽകിയത്. ആദ്യവർഷംതന്നെ സബ്ജില്ലാ തലത്തിൽ ഓവറോൾ കിരീടം സ്വന്തമാക്കി. ആറുവർഷം ഈ സ്ഥാനം നിലനിർത്തിപ്പോന്നു. വിദ്യാർത്ഥികൾ സമ്മാനിതരാകുമ്പോൾ ടീച്ചർ നൽകുന്ന ചെറിയ പുരസ്‌കാരങ്ങളാണ് പ്രചോദനമായത്.
ഏഴുവർഷത്തിനുശേഷമാണ് നാട്ടിക കെ.എം.യു.പി സ്‌കൂളിലേയ്ക്ക് പരിശീലകനായെത്തിയത്. വലപ്പാട് പഞ്ചായത്തിലെ മുൻ പ്രസിഡന്റായ തോമസ് മാസ്റ്ററായിരുന്നു സ്‌കൂൾ മാനേജർ. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് നാലുവർഷം ആ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. ചിട്ടയായ പരിശീലനത്തിലൂടെ വിദ്യാർത്ഥികളെ ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കാനും സമ്മാനം നേടാനും കഴിഞ്ഞത് അഭിമാനത്തോടെയാണ് ഈ കായികാധ്യാപകൻ ഓർക്കുന്നത്.
ഇതിനിടയിലാണ് കണ്ണൻ ജോലി തേടി വിദേശത്തേയ്ക്കു പോയത്. എന്നാൽ പതിനൊന്നുമാസത്തിനുശേഷം പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ചുപോന്നു. ഒരു പെട്ടി ഓട്ടോ സ്വന്തമാക്കി ഓടിച്ചുതുടങ്ങി. സിമന്റും എംസാൻഡും മെറ്റലുമെല്ലാം സൈറ്റുകളിൽ എത്തിക്കുകയായിരുന്നു പ്രധാന ജോലി.
ഇതിനിടയിലാണ് നാട്ടിക ഗവൺമെന്റ് ഫിഷറീസ് ഹൈസ്‌കൂളിലെ കായിക പരിശീലകന്റെ താൽക്കാലിക ചുമതല കണ്ണന് ലഭിച്ചത്. എന്നാൽ സ്ഥിരം കായികാധ്യാപകൻ ചുമതലയേറ്റതോടെ കണ്ണൻ പുറത്തായി. കുട്ടികളുടെ പ്രകടനം മോശമായതോടെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന കുട്ടികളെ കണ്ണൻ പരിശീലിപ്പിച്ചുതുടങ്ങി. വി.ഡി. അഞ്ജലിയും സ്‌നേഹ മനോഹരനും ടി.എസ്. അശ്വതിയുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു.


2013ൽ എറണാകുളത്തു നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ വി.ഡി. അഞ്ജലി 1500, 3000 മീറ്ററുകളിൽ വെള്ളിമെഡൽ നേടിയതോടെ കണ്ണന്റെ രാശിയും തെളിയുകയായിരുന്നു. അതേവർഷം ജാർഖണ്ഡിൽ നടന്ന ദേശീയ മീറ്റിൽ 3000 മീറ്ററിൽ വെള്ളിയും 1500 മീറ്ററിൽ നാലാം സ്ഥാനവും അഞ്ജലി കരസ്ഥമാക്കിയതോടെ ഒട്ടേറെ വിദ്യാർത്ഥികൾ കണ്ണന്റെ പരിശീലനക്കളരിയിലെത്തി. അഞ്ജലിയുടെ നേട്ടത്തിൽ ആഹ്ലാദം പങ്കിട്ട നാട്ടുകാർ സമ്മാനിച്ച 70000 രൂപ ഉപയോഗിച്ച് പരിശീലനത്തിനാവശ്യമായ ഒരു ബെഡ് വാങ്ങുകയായിരുന്നു കണ്ണൻ.
ആത്മാർത്ഥസുഹൃത്തും തൃപ്രയാറിലെ ഓട്ടോ ഡ്രൈവറുമായ സോജൻ മകൾ ആൻസിയെയും കണ്ണന്റെ ശിക്ഷണത്തിൽ വിട്ടു. അതിനു ഫലമുണ്ടായി. ആ വർഷം നടന്ന സീനിയർ വിഭാഗം ലോംഗ് ജമ്പിൽ ആൻസി റെക്കാർഡ് തിരുത്തിക്കുറിക്കുകയായിരുന്നു.
കായിക കേരളത്തിനു പ്രതീക്ഷ നൽകുന്ന ഒട്ടേറെ കുട്ടികളെ വാർത്തെടുത്ത കണ്ണന്റെ പ്രവർത്തനത്തിൽ ആകൃഷ്ടരായവരാണ് നാട്ടിക സ്‌പോർട്‌സ് അക്കാദമിക്കു തുടക്കമിട്ടത്. നാട്ടിക ബീച്ച് റിസോർട്ട് ഉടമ മച്ചിങ്ങൽ ധനഞ്ജയന്റെ സഹായത്തോടെയാണ് ഗവൺമെന്റ് ഫിഷറീസ് സ്‌കൂൾ കേന്ദ്രമാക്കി ബി.കെ. ജനാർദ്ദനൻ ചെയർമാനായി 2014ൽ നാട്ടിക സ്‌പോർട്‌സ് അക്കാദമി രൂപമെടുക്കുന്നത്. തുടക്കത്തിൽ ഇരുപത്തെട്ട് കുട്ടികളെത്തിയെങ്കിലും അവരിൽനിന്നും പതിനേഴു പേരെ തിരഞ്ഞെടുക്കുകയായിരുന്നു. ആ വർഷം തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ അഞ്ജലി 100, 200, 400 മീറ്റർ ഓട്ടത്തിൽ സ്വർണം കരസ്ഥമാക്കി. അതുല്യയാകട്ടെ ഡിസ്‌കസ് ത്രോയിൽ സ്വർണവും ഷോട്ട്പുട്ടിൽ വെങ്കലവും നേടി. ആൻസി സോജൻ ലോംഗ്ജമ്പിൽ വെങ്കലവും കരസ്ഥമാക്കിക്കൊണ്ടായിരുന്നു നാട്ടിക സ്‌പോർട്ട്‌സ് അക്കാദമി വാർത്തയിൽ നിറഞ്ഞുനിന്നത്.
2015 ൽ കോഴിക്കോട്ടു നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ അതുല്യ ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലും റെക്കോർഡോടെ സ്വർണം കരസ്ഥമാക്കുകയായിരുന്നു. അഞ്ജലി ജാവലിൻ ത്രോയിൽ വെള്ളിയും നേടി. ദേശീയ മീറ്റിലും അതുല്യ ഡിസ്‌കസ് ത്രോയിൽ സ്വർണവും ഷോട്ട്പുട്ടിൽ വെള്ളിയും കൈപ്പിടിയിലാക്കി. അഞ്ജലിയാകട്ടെ റിലേയിൽ സ്വർണവും ഇരുനൂറു മീറ്ററിൽ വെള്ളിയും നൂറു മീറ്ററിൽ വെങ്കലവും കരസ്ഥമാക്കുകയായിരുന്നു.
2016ൽ തേഞ്ഞിപ്പലത്തു നടന്ന സംസ്ഥാന മീറ്റിൽ നാട്ടിക അക്കാദമി അഞ്ച് സ്വർണവും രണ്ടു വെള്ളിയും നേടി. ആൻസി സോജൻ ലോംഗ്ജമ്പിലും ഇരുനൂറ് മീറ്ററിലും സ്വർണം നേടിയപ്പോൾ അഞ്ജലി ജാവലിനിൽ സ്വർണം നേടി. അതുല്യയാകട്ടെ ഹാമർ ത്രോയിലും ഡിസ്‌കസ് ത്രോയിലും സ്വർണവും ഷോട്ട്പുട്ടിൽ വെങ്കലവും നേടി. സുഫ്‌ന ജാസ്മിൻ പോൾവോൾട്ടിലാണ് വെങ്കലം നേടിയത്. കണ്ണന്റെ ഓട്ടോയിലായിരുന്നു അന്ന് കുട്ടികൾ മീറ്റിനെത്തിയത്.


ആ വർഷംതന്നെ ഗുജറാത്തിലെ വഡോദരയിൽ നടന്ന ദേശീയ മീറ്റിൽ ആൻസി ലോംഗ്ജമ്പിലും റിലേയിലും സ്വർണവും 200 മീറ്റിൽ വെങ്കലവും കരസ്ഥമാക്കി. അതുല്യയാകട്ടെ ഡിസ്‌കസിലും വെങ്കലം നേടി.
നാട്ടിക സ്‌പോർട്ട്‌സ് അക്കാദമി കണ്ണന്റെ പരിശീലനത്തിൻകീഴിൽ മെഡലുകൾ വാരിക്കൂട്ടിയപ്പോൾ അയൽജില്ലകളിൽനിന്നുപോലും വിദ്യാർത്ഥികൾ പരിശീലനത്തിനെത്തി. ഇടുക്കിയിൽനിന്ന് മൂന്നുപേരും കൊല്ലത്തുനിന്നും വയനാടുനിന്നും കോട്ടയത്തുനിന്നും കാസർകോട്ടുനിന്നും എറണാകുളത്തുനിന്നും ഒരാൾ വീതവും നാട്ടികയിലെത്തി. എന്നാൽ ഹോസ്റ്റൽ സൗകര്യമില്ലാത്തതിനാൽ ഒരു വീടിന്റെ മുകൾനിലയിൽ പേയിംഗ് ഗസ്റ്റായി താമസിച്ചാണ് പരിശീലനം തേടുന്നത്.
2018 നാട്ടിക അക്കാദമി സുവർണ്ണനേട്ടങ്ങൾ കൈവരിച്ച വർഷമായിരുന്നു. ആ വർഷം ജാർഖണ്ഡിൽ നടന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ നൂറുമീറ്റർ റിലേ, 200 മീറ്റർ ഓട്ടം, ലോംഗ്ജമ്പ് എന്നിവയിൽ ആൻസി സോജൻ സ്വർണമെഡൽ കരസ്ഥമാക്കിയിരുന്നു. 2019ൽ പഞ്ചാബിലെ സിംഗുരു ദേശീയ സ്‌കൂൾ ചാമ്പ്യൻഷിപ്പിലും നാലു സ്വർണമെഡലുകൾ നേടി. 2021ൽ അസമിലെ ഗുവാഹതിയിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ അണ്ടർ 21 കാറ്റഗറിയിൽ 6.36 മീറ്റർ ചാടി റെക്കോർഡോടെയാണ് ആൻസി സുവർണനേട്ടം കൈവരിച്ചത്.
കോവിഡ് ഭീഷണിമൂലം ഒട്ടേറെ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയും ഇവർക്കുണ്ടായി. 2020ൽ ചൈനയിലെ വുഹാനിൽ നടക്കേണ്ടിയിരുന്ന ഇൻഡോർ ഏഷ്യൻ മീറ്റിലും ബീച്ച് അത്‌ലറ്റിക്‌സിലും ആൻസി അർഹത നേടിയിരുന്നെങ്കിലും കോവിഡ് മൂലം മീറ്റ് ഒഴിവാക്കുകയായിരുന്നു. വേൾഡ് കോളേജ് അത്‌ലറ്റിക്‌സ് മീറ്റിനും അഞ്ജലിയും ആൻസിയും അർഹത നേടിയിരുന്നു. കെനിയയിലെ നെയ്‌റോബിയിൽ ഓഗസ്റ്റ് 18ന് നടന്ന അണ്ടർ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ആൻ റോസ് ടോമി അർഹത നേടിയിരുന്നെങ്കിലും കോവിഡ് ബാധിച്ചതോടെ ആ മോഹവും അസ്ഥാനത്തായി.
നാട്ടിക സ്‌പോർട്ട്‌സ് അക്കാദമി മെഡലുകൾ വാരിക്കൂട്ടുമ്പോഴും ഒട്ടേറെ പരിമിതികൾ അവരെ അലട്ടുന്നുണ്ട്. സ്വന്തമായി ഒരു സിന്തറ്റിക് ട്രാക്ക് എന്ന സ്വപ്‌നം ഇനിയും പൂവണിയാനുണ്ട്. നാലു കിലോമീറ്റർ അകലെയുള്ള വലപ്പാട് സ്‌കൂൾ ഗ്രൗണ്ടിൽ തന്റെ ഓട്ടോറിക്ഷയിലാണ് വിദ്യാർത്ഥികളെ കൊണ്ടുവരുന്നത്.


2022 - ലെ കോമൺവെൽത്ത് ഗെയിംസും ഏഷ്യൻ ഗെയിംസും 2024ലെ പാരീസ് ഒളിമ്പിക്‌സുമെല്ലാം മെഡൽ സ്വപ്‌നങ്ങളുമായി കണ്ണനും ശിഷ്യരും പ്രതീക്ഷയോടെയാണ് കാണുന്നത്. സെന്റ് തോമസ് കോളേജ് വിദ്യാർത്ഥികളായ ആൻസിയിലും അഞ്ജലിയിലും ആൻറോസിലുമാണ് കണ്ണൻ ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്.
ഇരുപത്തിനാലു വിദ്യാർത്ഥികൾ കണ്ണനു കീഴിൽ ഇപ്പോൾ പരിശീലനം നടത്തുന്നുണ്ട്. മണപ്പുറം ഫൗണ്ടേഷൻ കഴിഞ്ഞ വർഷം നൽകിയ പത്തുലക്ഷം രൂപയായിരുന്നു അക്കാദമിയുടെ കരുത്ത്. നാട്ടിക പഞ്ചായത്തും സാമ്പത്തിക സഹായം നൽകിയിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നാലഞ്ചു മീറ്റുകൾക്ക് പോയതോടെ കിട്ടിയതെല്ലാം തീർന്നു. നിലവിൽ ആരുടെയും സാമ്പത്തിക സഹായമില്ലെന്നതാണ് സത്യം.
പതിനേഴുവർഷമായി പെട്ടി ഓട്ടോ ഓടിച്ചാണ് കണ്ണൻ കുടുംബം പുലർത്തുന്നത്. ഉച്ചകഴിയുന്നതുവരെ ജീവിതപ്രാരബ്ധങ്ങളെ ഓടിത്തോൽപിച്ച് നാലുമണിയാകുമ്പോഴേയ്ക്കും കണ്ണൻ ഗ്രൗണ്ടിലെത്തും. അപ്പോഴേയ്ക്കും നാളത്തെ പ്രതീക്ഷകൾ കണ്ണനെ കാത്ത് അവിടെയുണ്ടാകും. കായികലോകത്തെ പുതുപിറവിക്കായി കാത്തിരിക്കുന്ന കുറേ കുരുന്നുകൾ...

Latest News