നാല് ടച്ചില്‍ സൂപ്പര്‍ ഗോള്‍

യൂഡിനെ - തുടര്‍ച്ചയായ നാലാമത്തെ മത്സരവും ജയിച്ച നാപ്പോളി ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനത്ത്. യൂഡിനീസിനെ അവര്‍ 4-0 ന് തോല്‍പിച്ചു. നിലവിലെ ചാമ്പ്യന്മാരായ ഇന്റര്‍ മിലാനും എ.സി മിലാനും രണ്ടു പോയന്റ് പിന്നിലാണ്. 
നാലു ഗോളുകളില്‍ സെറ്റ് പീസില്‍ നിന്നുള്ള രണ്ടാമത്തെ ഗോളായിരുന്നു ഏറ്റവും മനോഹരം. നാല് കളിക്കാരുടെ നാല് ടച്ചിനൊവിലായിരുന്നു ഗോള്‍. ലോറന്‍സൊ ഇന്‍സിനെ ഫ്രീകിക്ക് നേരെ ഫാബിയന്‍ റൂയിസിന് തട്ടിക്കൊടുത്തു. റൂയിസ് അത് വിദൂര പോസ്റ്റിലേക്കുയര്‍ത്തി. ഓടിയെത്തിയ ഖാലിദു കൂലിബാലി അത് ക്രോസ് ചെയ്തു. ഹെഡറിലൂടെ അമീര്‍ റഹമാനി പന്ത് വലയിലെത്തിച്ചു. 
മറ്റു ഗോളുകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു. വിക്ടര്‍ ഒസിംഹനാണ് ആദ്യ ഗോളടിച്ചത്. മാരിയൊ റൂയിയുടെ ത്രൂബോള്‍ ഇന്‍സിനെ ലോബ് ചെയ്തത് കിടിലന്‍ ഷോട്ടോടെ ഒസിംഹന്‍ വലയിട്ടു കുലുക്കുകയായിരുന്നു. ഇടവേളക്കു ശേഷം ഫ്രീകിക്കില്‍ നിന്ന് കൂലിബാലി പറത്തിയ വെടിയുണ്ട മൂന്നാം ഗോളായി. നാലാം ഗോള്‍ പകരക്കാരന്‍ ഹിര്‍വിംഗ് ലൊസാനോയുടെ വകയായിരുന്നു. കളി തീരാന്‍ ആറ് മിനിറ്റ് ശേഷിക്കെ ലൊസാനെ പന്ത് വലയിലേക്ക് വളച്ചുവിടുകയായിരുന്നു. 

Latest News