അഫ്ഗാന്‍ ക്രിക്കറ്റ് ചീഫിനെ താലിബാന്‍ പുറത്താക്കി

കാബൂള്‍ - അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ ഹാമിദ് ഷിന്‍വാരിയെ താലിബാന്‍ ഗവണ്‍മെന്റ് നീക്കി. ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന ഹഖാനി ഗ്രൂപ്പിലെ നസീബുല്ല ഹഖാനിയാണ് പകരം നിയമിക്കപ്പെട്ടത്. ക്രിക്കറ്റിനെക്കുറിച്ച് നല്ല ബോധ്യമുള്ള, മാസ്‌റ്റേഴ്‌സ് ബിരുദമുള്ളയാളാണ് നസീബുല്ലയെന്ന് ബോര്‍ഡ് അറിയിച്ചു. 
പുതിയ ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനിയുടെ സഹോദരനും മുതിര്‍ന്ന താലിബാന്‍ നേതാവുമായ അനസ് ഹഖാനി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആസ്ഥാനത്ത് വന്ന് തന്റെ കാലാവധി അവസാനിച്ചതായി അറിയിക്കുകയായിരുന്നുവെന്ന് ഷിന്‍വാരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഔദ്യോഗിക ഉത്തരവിനായി ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. സുതാര്യമായ പ്രക്രിയയിലൂടെയാണ് ഈ പദവിയിലെത്തിയത്. ഇപ്പോള്‍ എന്തിനാണ് നീക്കം ചെയ്തതെന്ന് വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാന്‍ ബോര്‍ഡിന്റെ ഫെയ്‌സ്ബുക്ക് പേജ് പിന്നീട് ഡിആക്ടിവേറ്റ് ചെയ്യപ്പെട്ടു. 

Latest News