Sorry, you need to enable JavaScript to visit this website.

ഇംഗ്ലണ്ട് കുപ്പത്തൊട്ടിയില്‍ തള്ളിയെന്ന്  പാക്കിസ്ഥാന്‍, നഷ്ടപരിഹാരം തേടും

ലാഹോര്‍ - ന്യൂസിലാന്റിനു പിന്നാലെ ഇംഗ്ലണ്ടും പര്യടനത്തില്‍ നിന്ന് പിന്മാറിയതോടെ രോഷാകുലമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. പാശ്ചാത്യ ലോബിക്കെതിരെ കളിക്കളത്തില്‍ മറുപടി നല്‍കുമെന്നും ഇനി പാക്കിസ്ഥാന്‍ സ്വന്തം താല്‍പര്യം മാത്രമേ മാനിക്കൂ എന്നും പി.സി.ബി ചെയര്‍മാന്‍ റമീസ് രാജ പ്രഖ്യാപിച്ചു. പാക്കിസ്ഥാനെ ഉപയോഗിച്ച ശേഷം കുപ്പയില്‍ തള്ളിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ന്യൂസിലാന്റ് പുരുഷ ടീമും ഇംഗ്ലണ്ടിന്റെ പുരുഷ, വനിതാ ടീമുകളും ഒരാഴ്ചക്കിടയില്‍ പിന്മാറിയതോടെ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. 
ന്യൂസിലാന്റ് പിന്മാറിയതോടെ ഇംഗ്ലണ്ടും അതേ വഴി സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചതായിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ബോര്‍ഡ് പറഞ്ഞ കാരണം പാക്കിസ്ഥാനെ ഞെട്ടിച്ചു. കോവിഡ് ജൈവകവചത്തിന്റെ മുരടിപ്പ് കാരണമാണ് പിന്മാറുന്നതെന്നായിരുന്നു ഇ.സി.ബിയുടെ ന്യായീകരണം. കോവിഡ് കാലത്ത് രണ്ടു തവണ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ടീമാണ് പാക്കിസ്ഥാന്‍. ആദ്യത്തേത് ബ്രിട്ടനില്‍ കോവിഡ് അതിരൂക്ഷമായി പടരുന്ന കാലത്തായിരുന്നു. ഇ.സി.ബിയെ കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയ പര്യടനമായിരുന്നു അത്. ന്യൂസിലാന്റ്, വെസ്റ്റിന്‍ഡീസ് പര്യടനങ്ങളും നടത്തിയിരുന്നു പാക്കിസ്ഥാന്‍. ഇപ്പോള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നുവെന്ന വികാരമാണ് പാക്കിസ്ഥാന്. പാശ്ചാത്യ ലോബി എപ്പോഴും പരസ്പരം താങ്ങുന്നവരാണെന്ന് റമീസ് ആരോപിച്ചു. എന്താണ് സുരക്ഷാ ഭീഷണി എന്നു പോലും പറയാതെയാണ് ന്യൂസിലാന്റ് ടീം രക്ഷപ്പെട്ടത്. ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ ന്യായീകരണമാണ്. ഇവരൊക്കെ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമ്പോള്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തണം. ഞങ്ങള്‍ അവിടേക്കു പോകുമ്പോള്‍ കഠിനമായ ക്വാരന്റൈന്‍ നിയമങ്ങള്‍ പാലിക്കണം. ഇതൊരു പാഠമാണ്. ഒരു കാര്യം മാത്രം പറയാം, ഞങ്ങള്‍ ക്രിക്കറ്റ് കളി നിര്‍ത്താന്‍ പോവുന്നില്ല. വെസ്റ്റിന്‍ഡീസും ഓസ്‌ട്രേലിയയുമൊക്കെ ഇതേ വഴി സ്വീകരിക്കാന്‍ പോവുകയാണെന്ന് അറിയാം. ആരോടാണ് ഞങ്ങള്‍ പരാതി പറയുക -റമീസ് ചോദിച്ചു. 
രണ്ട് പരമ്പരകള്‍ ഉപേക്ഷിക്കേണ്ടി വന്നതോടെ പി.സി.ബിക്ക് 180 കോടിയോളം രൂപയുടെ നഷ്ടമുണ്ടാവാമെന്നാണ് കണക്കാക്കുന്നത്. ന്യൂസിലാന്റിനോട് നഷ്ടപരിഹാരം തേടാനുള്ള നടപടികള്‍ പി.സി.ബി ആലോചിക്കുന്നുണ്ട്.

Latest News