Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

23 സന്തോഷ് ട്രോഫി മത്സരങ്ങള്‍, പയ്യനാടിന് ആഘോഷ ദിനങ്ങള്‍

തിരുവനന്തപുരം- ഇത്തവണത്തെ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിന് കേരളം വേദിയാകുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.     
75-ാമത് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് അടുത്ത വര്‍ഷം ആദ്യമാണ് നടക്കുക. ഫൈനല്‍ ഉള്‍പ്പെടെ 23 മത്സരങ്ങള്‍ ഉണ്ടാവും. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍ ഫൈനല്‍ നടക്കും. വനിതാ അന്താരാഷ്ട്ര സീനിയര്‍ ടൂര്‍ണമെന്റില്‍ ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ടീമും പങ്കെടുക്കും. ഏഴു മത്സരങ്ങളാണ് ഉണ്ടാവുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ പങ്കെടുക്കുന്ന ദേശീയ സബ് ജൂനിയര്‍, ജൂനിയര്‍ ടൂര്‍ണമെന്റുകളില്‍ ഏകദേശം 40 മത്സരങ്ങള്‍ വീതം ഉണ്ടാകും. ഇത് സംബന്ധിച്ച് അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷനുമായി (എഐഎഫ്എഫ്) ധാരണയായതായി മന്ത്രി അറിയിച്ചു.
ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ടിന് കേരളം വേദിയാകും. ലോക വനിതാ ഫുട്‌ബോളിലെ നാലു പ്രമുഖ രാജ്യങ്ങള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബറില്‍ കൊച്ചിയില്‍ നടത്തും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ദേശീയ  ജൂനിയര്‍, സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പുകളും കേരളത്തില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. വെസ്റ്റിന്‍ഡീസുമായുള്ള ട്വന്റി ട്വന്റി മത്സരങ്ങളിലൊന്ന് കേരളത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അനുവദിക്കുമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. 
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ അണ്ടര്‍ 16 ടീമിന്റെ ക്യാമ്പ് കേരളത്തില്‍ നടത്താന്‍ എഐ എഫ്എഫ് തയ്യാറാണ്. ആഴ്ചയില്‍ ഒരു ദിവസം, പ്രാദേശിക ടീമുകള്‍ക്ക് ദേശീയ ടീമുമായി മത്സരിക്കാനും അവസരം നല്‍കും. ദേശീയ വനിതാ സീനിയര്‍ ടീം ക്യാമ്പും കേരളത്തില്‍ നടക്കും.
പ്രാദേശികതലം മുതല്‍ സംസ്ഥാനതലം വരെ ബേബി ലീഗും ജൂനിയര്‍, സീനിയര്‍ ലീഗുകളും സംഘടിപ്പിക്കാന്‍ എഐഎഫ് എഫ് പിന്തുണ നല്‍കും. ബംഗാളില്‍ ഈ പദ്ധതി ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ ജേതാക്കളാകുന്ന ടീമുകള്‍ ജില്ലാ തലത്തില്‍ മത്സരിക്കും. അവിടെ ജേതാക്കളാകുന്ന 14 ടീമുകള്‍ സംസ്ഥാനതലത്തില്‍ മത്സരിക്കും. എഐഎഫ്എഫ് ആയിരിക്കും ഈ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുക.
ഫുട്‌ബോള്‍ കോച്ചുമാര്‍ക്ക് പരിശീലനം നല്‍കാനുള്ള പരിശീലന ക്ലാസുകള്‍ക്ക് എഐഎഫ്എഫ് മുന്‍കൈയെടുക്കും. കോച്ചിങ്ങ് ലൈസന്‍സുകള്‍ ലഭിക്കാന്‍ പരിശീലകരെ പ്രാപ്തരാക്കുന്നതാകും ഈ ക്ലാസുകള്‍. ദേശീയ പരിശീലകരുടെ സേവനം ഉള്‍പ്പെടെ ഈ ക്ലാസുകളില്‍ എഐഎഫ്എഫ് വാഗ്ദാനം ചെയ്തിട്ടുണ്ട്. റഫറിമാര്‍ക്കുള്ള പരിശീലനത്തിനും സഹകരണം ലഭ്യമാക്കും. 
തൃശൂരും കോഴിക്കോടും റീജിയണല്‍ കായിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതോടെ കൂടുതല്‍ കായിക താരങ്ങള്‍ക്ക് നിയമനം നല്‍കാനാവും. കായിക യുവജന കാര്യ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, എഐഎഫ്എഫ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് യാദവ്, സ്‌കൗട്ടിങ്ങ് വിഭാഗം ഡയറക്ടര്‍ വിക്രം, കെഎഫ്എ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം റെജിനോള്‍ഡ് വര്‍ഗീസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Latest News