ഭര്‍ത്താവ് മോചിപ്പിക്കുന്നില്ല; യു.എ.ഇ വനിത കണ്ടെത്തിയ മാര്‍ഗം വിചിത്രം

ദുബായ്- ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പിരിയുന്ന മുത്തലാഖ് സമ്പ്രദായം ഇന്ത്യയില്‍ ക്രിമിനല്‍ കുറ്റമാക്കുമ്പോള്‍ യു.എ.ഇയില്‍നിന്ന് കൗതുകമുണര്‍ത്തുന്ന മറ്റൊരു തലാഖ് വാര്‍ത്ത.
ഉറങ്ങുന്ന ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ എടുത്ത് അതില്‍നിന്ന് ഞാന്‍ നിന്നെ വിവാഹ മോചനം ചെയ്യുന്നുവെന്ന സന്ദേശമയച്ചാണ് യു.എ.ഇ വനിത വാര്‍ത്ത സൃഷ്ടിച്ചത്. ഭര്‍ത്താവിന്റെ പീഡനത്തില്‍നിന്ന് രക്ഷപ്പെടാന്‍ വിവാഹ മോചനത്തിനു ശ്രമിച്ചിട്ടും നടക്കാതായപ്പോഴാണത്രെ യുവതി അറ്റ കൈ പ്രയോഗം നടത്തിയത്.
ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് വിവാഹ മോചന സന്ദേശമയക്കുന്നവര്‍ക്ക് അത് താന്‍ അയച്ചതു തന്നെയാണെന്ന് തെളിയിക്കാനായാല്‍ യു.എ.ഇ നിയമം അനസുരിച്ച് സ്വീകാര്യമാണ്. ഇവിടെ ഭര്‍ത്താവ് അറിയാതെ ഭാര്യതന്നെയാണ് തനിക്കുള്ള വിവാഹ മോചന സന്ദേശം അയച്ചിരിക്കുന്നത്.
ബന്ധം വഷളായി മൂന്ന് വര്‍ഷമായിട്ടും ഭര്‍ത്താവ് ഒഴിവാക്കാത്തതിനെ തുടര്‍ന്നാണ് യുവതി സ്വയം അക്കാര്യം ചെയ്തത്. വിവാഹ ബന്ധം വേര്‍പെടുത്താന്‍ സ്ത്രീക്കു ഇസ്്‌ലാം അനുവാദം നല്‍കുന്നുണ്ടെങ്കിലും യുവതി ആ വഴി തേടാതെ എളുപ്പമാര്‍ഗം സ്വീകരിക്കുകയായിരുന്നു.
ഉറങ്ങുന്ന ഭര്‍ത്താവിന്റെ വിരല്‍ തുമ്പ് ഫോണില്‍ അമര്‍ത്തിയാണ് യുവതി ഫോണ്‍ അണ്‍ലോക്ക് ചെയ്തതെന്ന് അല്‍ അറബിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവാഹ മോചന സന്ദേശവുമായി യുവതി കോടതിയില്‍ എത്തിയപ്പോഴാണ് സംഗതി വെളിച്ചത്തായത്. ദുബായ് പെഴ്‌സണല്‍ സ്റ്റാറ്റസ് കോടതി കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ താന്‍ തന്നെയാണ് മെസേജ് അയച്ചതെന്ന് യുവതി സമ്മതിക്കുകയായിരുന്നു.
ഭാര്യയാണ് ചെയ്തതെന്ന് ബോധ്യമായെങ്കിലും ഉടന്‍ തന്നെ വിവാഹ മോചനം നല്‍കാതെ കോടതിയിലൂടെ വിവാഹ മോചന പ്രക്രിയ നീട്ടിക്കൊണ്ടുപോകാനാണ് ഭര്‍ത്താവിന്റെ തീരുമാനം.
വാട്ട്‌സാപ്പ്, എസ്.എം.എസ്, ഇ-മെയില്‍ തുടങ്ങിയവ രേഖാമൂലുള്ള  ആശയവിനിമയത്തിന് ധാരാളമായി ഉപയോഗിക്കുന്നതിനാല്‍ ഇതുവഴിയുള്ള വിവാഹ മോചനവും യു.എ.ഇയില്‍ സ്വീകാര്യമാണെന്ന് നിമയവിദഗ്ധന്‍ മുഹ്‌സിന്‍ അല്‍ഹൈസ് പറയുന്നു. എന്നാല്‍ ഇവ കോടതിയില്‍ സമര്‍പ്പിക്കുന്നതിനുമുമ്പ് പ്രിന്റെടുത്ത് തര്‍ജമ ചെയ്തിരിക്കണം. രേഖാമൂലമുള്ള എല്ലാ ആശയവിനിമയവും ദാബായ് കുടുംബ കോടതി തെളിവായി സ്വീകരിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. ശരീരിക പീഡനം ആരോപിക്കുമ്പോള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടോ സാക്ഷികളെയോ ഹാജരാക്കുന്നതു പോലെ തന്നെയാണ് ഇതും.
 

Latest News