Sorry, you need to enable JavaScript to visit this website.

ഒരു ഏറനാടൻ വീരഗാഥ

ഏറനാട്ടിലെ വിപ്ലവചരിത്രങ്ങളിലെ മങ്ങിത്തുടങ്ങിയ ഒരേടിന് മിഴിവേകുകയാണ് ഹംസ ആലുങ്ങൽ,‘ഇങ്ക്വിലാബ്' എന്ന നോവലിൽ.നോവലിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഇങ്ക്വിലാബ് ആദ്യ നോവലാണ്. ഒരു കഥ നല്ല രീതിയിൽ പറഞ്ഞുകൊണ്ട് അതിന് തുടക്കം കുറിച്ചു. അത് വായനക്കാർ ഏറ്റുവാങ്ങിയെന്നതിന് തെളിവാണ് ഇത്ര പെട്ടെന്നു തന്നെ നോവലിന്റെ നാലാം പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നു എന്നുള്ളത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബാലാരിഷ്ടതയുടെ കാലഘട്ടത്തിൽ അതിജീവനത്തിനായി നടത്തിയ ചില ഉശിരൻ സമരങ്ങളും അതിന് മുമ്പിൽനിന്നു പടനയിച്ച വിപ്ലവകാരികളും സർഗാത്മകസാഹിത്യത്തിന് മുമ്പും വിഷയമായിട്ടുണ്ട്. അത്തരത്തിലുള്ള ഒരുസമര നായകന്റേയും വിപ്ലവകാരിയുടേയും ചരിത്രമാണ് ‘ഇങ്ക്വിലാബ്' അനാവരണം ചെയ്യുന്നത്.
പത്തൊൻപത്, ഇരുപത് നൂറ്റാണ്ടുകളിൽ കേരളത്തിൽ നിലനിന്നിരുന്ന ജന്മിവാഴ്ചയുടേയും സാമൂഹിക സംഘർഷങ്ങളുടേയും ഒരുചിത്രം ഈ നോവലിൽ നിന്നും നമുക്ക് കിട്ടും. പരിയങ്ങാട് ദേശത്തെ തുറക്കൽ തറവാടും അവിടെ വാണരുളിയിരുന്ന തങ്ങൻമാരും ഒരു ജനതയുടെ ഭാഗധേയം നിർണയിച്ചുപോന്നിരുന്നു. അതിൽ മൂന്നാം തലമുറയിൽപെട്ട ആളാണ് ഉമറലി തങ്ങൾ. 
ആധ്യാത്മികമായും ഭരണപരമായും ഒരു ദേശത്തെ ജനങ്ങളുടെ അവസാന അത്താണിയായിരുന്ന തുറക്കൽ തറവാട് ഉമറലി തങ്ങളുടെ കാലമായപ്പോഴേക്കും തനി ഫ്യൂഡൽ സ്വഭാവം കൈവരിച്ച് നാട്ടുകാരെ ചൂഷണം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നിരുന്നു. അനാഥത്വം പേറുന്ന ഈ ജനസമൂഹത്തിലേക്കാണ് പുത്തൻ പ്രതീക്ഷകളുമായി കമ്യൂണിസ്റ്റ് പ്രസ്ഥാനം കടന്നുവരുന്നത്. അതിന്റെ നേതാവായി ആണൊരുത്തനും!
അബൂബക്കർ എന്ന കുഞ്ഞിപ്പ. അടുപ്പക്കാർ അങ്ങനെയാണ് അയാളെ വിളിക്കുന്നത്. പഴയ പട്ടാളക്കാരൻ. വ്യവസ്ഥാപിത നായകസങ്കൽപ്പങ്ങൾക്കെല്ലാം ഇണങ്ങുന്ന രൂപവും ഭാവവും! കുഞ്ഞിപ്പ ഒരു നാടിന്റെ രക്ഷകനായി അവതരിക്കുകയായിരുന്നു.
അനീതിയേയും അത്യാചാരങ്ങളെയും ചോദ്യം ചെയ്തുകൊണ്ട് കുഞ്ഞിപ്പ വേഗം നാട്ടുകാരുടെ ഇഷ്ടതോഴനായി മാറുന്നു. കൂട്ടിന് ഹൈദ്രുവും അജയനും മുഹമ്മദുമുണ്ട്. എല്ലാവരും തീവ്ര കമ്മ്യൂണിസ്റ്റുകൾ. തടിമിടുക്കും കാര്യശേഷിയും ലോകവിവരവും ഒത്തുചേർന്നയാളാണ് കുഞ്ഞിപ്പ. ഉമറലി തങ്ങളുടെ ഗുണ്ടകളെ കായികമായി നേരിടുന്നതും, നാട്ടിൽ നടപ്പുദീനം(കോളറ)പടർന്നുപിടിച്ചപ്പോൾ ആളുകളെ ശുശ്രൂഷിക്കുന്നതും മൃതദേഹങ്ങൾ മറവുചെയ്യുന്നതുമെല്ലാം കുഞ്ഞിപ്പയുടെ നേതൃത്വത്തിൽ തന്നെ. അങ്ങനെ പാർട്ടിയുടെ ആശയങ്ങൾക്കും രീതികൾക്കും ഏറനാട് താലൂക്കിൽ ആഴത്തിൽ വേരോട്ടമുണ്ടാക്കാൻ അയാൾക്കു കഴിയുന്നു.
ഉമറലി തങ്ങളുടെ മരുമകളാണ് ഷംസിയ. പരിയങ്ങാട്ടുനിന്നും ആദ്യമായി ഡോക്ടറാകാൻ പോകുന്ന മിടുക്കി. അതിലുപരി കുഞ്ഞിപ്പയെ പ്രാണനാഥനായി മനസ്സിൽ കൊണ്ടുനടക്കുന്നവൾ. മധുമലയിലെ മണ്ണ് ഖനനം, പരിയങ്ങാട് കോവിലകത്തെ കൃഷ്ണൻ നമ്പൂതിരിയുടെ കുടിയാൻ രാമന്റെ കുടിയിറക്ക് പ്രശ്നം, ഉമറലി തങ്ങളുടെ ഉടമസ്ഥതയിലുള്ള ബീഡി ക്കമ്പനിയിലെ പണിമുടക്ക് സമരം, തുടങ്ങിയ പ്രശ്നങ്ങളിൽ നായകത്വം വഹിച്ച് പോലീസിന്റെ വേട്ടയാടൽ നേരിടുന്ന സമയമായിരുന്നു കുഞ്ഞിപ്പയ്ക്കത്. ആയിടക്കാണ് ഉമറലി തങ്ങളുടെ രണ്ട് ഗുണ്ടകൾ -പക്കറും, ഗോപാലനും കൊല്ലപ്പെടുന്നത്.
 ഉമറലി തങ്ങളുടെ വീടാക്രമിക്കാനുള്ള ശ്രമത്തിൽ അജയൻ പോലീസിന്റെ വെടിയേറ്റ് മരിക്കുന്നു. പോലീസിന്റെ കൈയ്യിൽ നിന്നും രക്ഷപ്പെടുത്താനായി ഷംസിയ കുഞ്ഞിപ്പയെ ഉമറലി തങ്ങളുടെ വീട്ടിനുള്ളിലെ അറയ്ക്കകത്തെ മച്ചിനുമുകളിൽ ഒളിപ്പിക്കുന്നു. ഷംസിയായുടെ പെരുമാറ്റത്തിൽ ഉമറലിതങ്ങൾ സംശയാലുവാകുകയും കുഞ്ഞിപ്പയുടെ ഒളിവുജീവിതം അസാധ്യമായിതീരുകയും ചെയ്യുന്നതോടെ അയാൾ തിരോധാനം ചെയ്യുന്നു.  ഡോക്ടർ പഠനം പൂർത്തിയാക്കിയ ഷംസിയ പാവപ്പെട്ടവരുടെ കണ്ണിലുണ്ണിയായ ഡോക്ടർ ബീവിയായി തീരുന്നു. അവളെക്കുറിച്ച് കുഞ്ഞിപ്പ കാത്തുസൂക്ഷിച്ച സ്വപ്‌നം അങ്ങനെ സാക്ഷാത്കരിക്കപ്പെടുന്നു.
ഏറനാടിന്റെ വിപ്ലവനായകന്റെ ചരിത്രം ചടുലമായിത്തന്നെയാണ് നോവലിസ്റ്റ് പറഞ്ഞുപോകുന്നത്. അതിനിടയിൽ നിരവധി കഥാപാത്രങ്ങൾ നമുക്കുമുന്നിലൂടെ മിന്നിമറഞ്ഞുപോകുന്നു. പരിയങ്ങാട്ടെ പെൺപുലി കുഞ്ഞായിശയാണ് അതിലൊരാൾ. വാണിജ്യസിനിമകളിലെ സങ്കേതങ്ങൾ സമൃദ്ധമായി ഉപയോഗിക്കുന്നുണ്ട് നോവലിസ്റ്റ്. നായകന്റെ രംഗപ്രവേശനം തന്നെ നോക്കാം. ഉമറലി തങ്ങളുടെ ഗുണ്ടകളിലൊരാളായ ഗോപാലന് കുഞ്ഞായിശയിൽ ഒരു കണ്ണുണ്ട്. തന്റേടിയായ കുഞ്ഞായിശയുടെ അടുത്ത് അയാളുടെ ഇംഗിതം ചെലവായില്ല.
പകമൂത്ത ഗോപാലൻ ഒരുദിവസം പരിയങ്ങാട് ചന്തയിൽവെച്ച് കുഞ്ഞായിശയെ അപമാനിക്കാൻ നോക്കുന്നു. ആളുകൾ ഭയചകിതരായി മാറിനിൽക്കുന്നു. നിസ്സഹായയായ കുഞ്ഞായിശയെ സഹായിക്കാനാരുമില്ല. ഈ സന്ദിഗ്ധ ഘട്ടത്തിലാണ് തീക്കാറ്റുപോലെ കുഞ്ഞിപ്പയുടെ രംഗപ്രവേശനം. ഗോപാലനെ അടിച്ചു വീഴ്ത്തി കുഞ്ഞിപ്പ അവളെ രക്ഷിക്കുന്നു. ഏതൊരു നായകനിൽനിന്നും സിനിമാപ്രേക്ഷകർ പ്രതീക്ഷിക്കുന്ന മാസ് എൻട്രി.
റിയലിസ്റ്റ് നോവലുകളുടെ സങ്കേതമാണ് കഥപറച്ചിലിന് നോവലിസ്റ്റ് അവലംബിക്കുന്നത്. 
കാലത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനൊപ്പിച്ച് കഥാഗതിയിലും കഥാപാത്രങ്ങളിലും മാറ്റങ്ങൾ ഉണ്ടാകുന്നു. തുടക്കം, ക്ലൈമാക്സ്, പരിണാമഗുപ്തി എന്നീ ത്രയങ്ങൾ ചേരുംപടി ചേർത്താണ് കഥ പറച്ചിൽ. ഒരു കഥ - അത് എത്ര നന്നായി പറഞ്ഞാലും നല്ല നോവലായി തീരണമെന്നില്ല. എന്നാൽ നല്ല രീതിയിൽ കഥ പറഞ്ഞിട്ടുണ്ട് ഇങ്ക്വിലാബിൽ. ലളിതവുമാണ് അത്. ഈ ലാളിത്യം സാധാരണ വായനക്കാരെ ആകർഷിക്കും.

ഇങ്ക്വിലാബ്
നോവൽ
ഹംസ ആലുങ്ങൽ
പേരക്ക ബുക്സ്
നാലാം പതിപ്പ്
250 രൂപ 

Latest News