Sorry, you need to enable JavaScript to visit this website.

പ്രകൃതിദത്ത മെനുവുമായി, തീൻമേശകളിലേക്ക്...

ഇരുപത്തൊന്ന് രാജ്യങ്ങളിലായി വേൾഡ് മലയാളി ഹോം ഷെഫ് എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ ഇതിനകം 35,000 -ത്തിലധികം സജീവ ഫോളോവേഴ്‌സാണുള്ളത്. നല്ല ആഹാരമാണ് നല്ല സുഹൃത്ത് എന്ന ആശയവുമായി ഈ സ്‌നേഹക്കൂട്ടായ്മയുടെ ശിൽപിയും സാരഥിയും റസീലാ സുധീറാണ് ലോക്ഡൗൺ കാലത്ത് ഇങ്ങനെയൊരു ആശയത്തിന് രൂപം കൊടുക്കുന്നതും വലിയ ജനപ്രിയത നേടുന്ന കൂട്ടായ്മയായി ഇത് വളർന്നതും. 
പ്രകൃതിയെ അകമഴിഞ്ഞ് സ്‌നേഹിക്കുകയും പ്രകൃതിവിഭവങ്ങൾ അതിന്റെ തനിമയും പുതുമയും നഷ്ടപ്പെടുത്താത്ത വിധം ഉപയോഗിക്കുകയും ചെയ്യുകയെന്ന ആശയമാണ് ഇവിടെ സാക്ഷാൽക്കരിക്കപ്പെട്ടത്. ചിട്ടയായ ജീവിതചര്യ പരിശീലിച്ചാൽ മരുന്നുകളേയും ആശുപത്രികളേയും ആശ്രയിക്കാതെ ജീവിതം മുന്നോട്ടു കൊണ്ടു പോകാമെന്ന ആശയമാണ് വേൾഡ് മലയാളി ഹോം ഷെഫിലൂടെ സാർഥകമാക്കുന്നതെന്നും യു.എ.ഇയിലെ വനിതാ സംരംഭകയും സെലിബ്രിറ്റി ഷെഫുമായ റസീലാ സുധീർ, സ്വാനുഭവത്തിലൂടെ അടിവരയിടുന്നു. കേരളീയരുടെ പരമ്പരാഗത പാചകവിധിയിലേക്ക് മടങ്ങുകയെന്ന സന്ദേശവും ഈ കൂട്ടായ്മ പ്രചരിപ്പിക്കുന്നു. കലർപ്പേശാത്ത ഭക്ഷണം പുതുതലമുറയെ പരിചയപ്പെടുത്തുകയെന്നത് കൂടി ഇവരുടെ ലക്ഷ്യങ്ങളിൽപ്പെടുന്നു. 
നൂറ്റമ്പതിലധികം പാചകപരിപാടികളിൽ വിധികർത്താവായി പങ്കെടുത്തതിന്റെ അനുഭവം കൂടി റസീലയെ ഈ രംഗത്തേക്ക് ആകർഷിച്ചു. വിവിധ ഭക്ഷണ സംസ്‌കാരങ്ങൾ അടുത്തറിയാൻ നിരവധി രാജ്യങ്ങളിൽ പര്യടനം നടത്തിയിട്ടുണ്ട് ഇവർ. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്ത മേളം - മറക്കാത്ത സ്വാദ് എന്ന പാചക റിയാലിറ്റി ഷോയുടെ ഭാഗമായിരുന്ന റസീല, ഏഷ്യാനെറ്റിന്റെ പാചകപരിപാടികളിലും സാന്നിധ്യമായിരുന്നു. പ്രകൃതിദത്ത പാചകപരിപാടികൾക്കാണ്, നിരവധി ഭക്ഷണപ്രദർശനങ്ങളിലും മറ്റും പങ്കാളിയായിട്ടുള്ള റസീല പ്രാധാന്യം നൽകുന്നത്. ഈ അനുഭവങ്ങളാണ് വേൾഡ് മലയാളി ഹോം ഷെഫ് എന്ന ആശയത്തിലേക്ക് ഇവരെ നയിച്ചത്. 
ലുലു ഗ്രൂപ്പ് സ്‌പോൺസർ ചെയ്ത മലബാർ അടുക്കളയ്ക്കായുള്ള സൂപ്പർ ഷെഫ് പരിപാടി ലോകമെങ്ങുമുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിൽ സംഘടിപ്പിച്ചിരുന്ന പാചകമൽസരങ്ങളുടെ സംഘാടകയും പെർമനന്റ് ജഡ്ജും കൂടിയാണ് റസീല. നമ്മുടെ ഭക്ഷണരീതിയിൽ പ്രകൃതിയോടിണങ്ങുന്ന വിധം മാറ്റം വരുത്തി പോഷകാഹാര - ആരോഗ്യ സപ്ലിമെന്റ് എന്ന നിലയിൽ പുതിയ തീൻമേശയെ പരിചയപ്പെടുത്തുന്ന നവീനമായ പാചകവിധിക്കായുള്ള റെസീസ് എന്ന ബ്രാന്റിന്റെ ഉടമയും റസീലാ സുധീറാണ്.                                                    -എം

Latest News