Sorry, you need to enable JavaScript to visit this website.

ഉൾക്കണ്ണിന്റെ വെളിച്ചത്തിൽ ഗീതയുടെ ജീവിതം

ഇച്ഛാശക്തിയുടെ കരുത്തിൽ ജീവിതസമരത്തിലേർപ്പെട്ട ഒറ്റപ്പാലം പനമണ്ണയിലെ ഗീതയെക്കുറിച്ച്

അകക്കണ്ണിന്റെ വെളിച്ചത്തിലാണ് ഗീത ജീവിതം മുന്നോട്ടു നയിക്കുന്നത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അപശകുനംപോലെയെത്തിയ രോഗം കാഴ്ചയുടെ ഇത്തിരിവെട്ടം കെടുത്തിയപ്പോൾ വീട്ടിൽ ഒതുങ്ങിയിരിക്കാൻ അവർ ഒരുക്കമായില്ല. പരിമിതികൾക്കു മുന്നിൽ തോറ്റുമടങ്ങാതെ കൂടുതൽ ഊർജസ്വലമായി മുന്നോട്ടു കുതിക്കുകയായിരുന്നു പൂരങ്ങളുടെ നാട്ടുകാരി.
പ്രതിസന്ധികളിൽ തളർന്നിരിക്കുന്നവർക്ക് ഒരു പാഠപുസ്തകമായി മാറുകയാണിവർ. കോവിഡ് ലോകത്തെ ഒന്നാകെ അടച്ചുപൂട്ടിയപ്പോൾ തന്റെ പോരായ്മകൾ മാറ്റിവച്ച് അവർ സംരംഭകയുടെ വേഷമണിഞ്ഞു. കാഴ്ചയുടെ പരിമിതിക്കുപുറമെ സാമ്പത്തികനിലയും താളംതെറ്റിയതോടെ പിടിച്ചുനിൽക്കാൻ വഴികളാലോചിക്കുകയായിരുന്നു. അയൽവീടുകളിൽനിന്നും പാൽ വാങ്ങി വെണ്ണ കടഞ്ഞെടുത്ത് നെയ്യുണ്ടാക്കി വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി വിതരണം ചെയ്യുകയാണ് ഈ വനിത. ഹോം ടു ഹോം എന്ന ബ്രാൻഡിൽ വിതരണം പുരോഗമിക്കുന്ന ഭക്ഷ്യവസ്തുക്കൾ കേരളത്തിൽ മാത്രമല്ല, അയൽരാജ്യങ്ങളിൽവരെ എത്തിക്കഴിഞ്ഞിരിക്കുന്നു.
പാലക്കാട് ജില്ലയിലെ പനമണ്ണയ്ക്കടുത്ത് കുറ്റിപ്പാലയിൽ ഉണ്ണികൃഷ്ണന്റെയും രാധയുടെയും മൂന്നു മക്കളിൽ മൂത്തവളാണ്് ഗീത. പനമണ്ണ സ്‌കൂളിൽ എട്ടാം ക്ലാസുവരെ മറ്റു കുട്ടികളെപ്പോലെ വർണങ്ങളുടെ ലോകം  ഗീതയ്ക്കും അന്യമായിരുന്നില്ല. എന്നാൽ ഇടയ്‌ക്കൊരു ദിവസം കാഴ്ച മങ്ങുന്നതുപോലെ അനുഭവപ്പെട്ടു. വൈകാതെ കാഴ്ച തീരെയില്ലാതെയായി. വിദഗ്ധ പരിശോധനയിലാണ് കണ്ണിലെ ഞരമ്പുകൾ ദ്രവിക്കുന്ന റെറ്റിനോപ്പതി പിഗ്‌മെന്റോസ് എന്ന രോഗമാണ് കണ്ണിനെ ബാധിച്ചിരിക്കുന്നതെന്നു മനസ്സിലായത്. ഗീതയുടെ ഇളയ രണ്ട് സഹോദരന്മാർക്കും ഇതേ രീതിയിൽ കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു. എങ്കിലും അവർക്ക് അവരുടെ കാര്യങ്ങൾ ചെയ്യുന്നതിൽ ബുദ്ധിമുട്ടില്ല.


കാഴ്ച മങ്ങിയെങ്കിലും പഠനം ഉപേക്ഷിക്കാൻ ഗീത തയ്യാറായല്ല. അതേ സ്‌കൂളിൽതന്നെ പഠിച്ച് എസ്.എസ്.എൽ.സി പാസായി. സഹപാഠികളിൽനിന്നും വായിച്ചുകേട്ടും റെക്കാർഡ് ചെയ്തു കേട്ടുമാണ് പരീക്ഷയെഴുതിയത്. പ്ലസ് ടുവും ഇങ്ങനെത്തന്നെയാണ് പഠിച്ചെടുത്തത്.
ബ്‌ളൈൻഡ് സ്‌കൂളിൽ ചേർന്ന് എട്ടുമാസത്തെ ബ്രെയിലി ലിപി പഠനം പൂർത്തിയാക്കിയതിനുശേഷം ഗീത തൃശൂർ കേരള വർമ്മ കോളേജിൽ ബിരുദപഠനത്തിനു ചേർന്നു. പൊളിറ്റിക്‌സായിരുന്നു ഐഛികവിഷയമായി തിരഞ്ഞെടുത്തത്. കേരള വർമ്മയിലെ പഠനത്തിനിടയിലാണ് സീനിയർ വിദ്യാർത്ഥിയായ സലീഷുമായി അടുക്കുന്നത്. ബി.കോം വിദ്യാർത്ഥിയായിരുന്നു സലീഷ്. തന്റെ പോരായ്മകളെക്കുറിച്ച് ബോധ്യപ്പെടുത്തിയെങ്കിലും പിന്മാറാൻ സലീഷ് ഒരുക്കമായിരുന്നില്ല. ഇരുവീടുകളിലും എതിർപ്പിന്റെ സ്വരമുയർന്നിരുന്നെങ്കിലും ആത്മാർത്ഥ പ്രണയത്തിനു മുന്നിൽ ഇത്തരം അപസ്വരങ്ങൾ താനേ കെട്ടടങ്ങി. ബിരുദപഠനത്തിനുശേഷം ഇരുവരും വിവാഹിതരായി.


തൃശൂർ ടൗണിൽ ഫ്‌ളോറ റസ്‌റ്റോറന്റ് എന്ന പേരിൽ ഒരു ഹോട്ടൽ ആരംഭിച്ചു. ഗീതയും ഭർത്താവും ഇരുപതോളം ജോലിക്കാരും ചേർന്നായിരുന്നു ഹോട്ടൽ നടത്തിയിരുന്നത്. ജൈവ വിഭവങ്ങൾ മാത്രം വിളമ്പിയിരുന്ന ഭക്ഷണശാലയായിരുന്നു അത്. വിവിധതരം ജ്യൂസുകളും കൊഴുക്കട്ടയും ഗ്രീൻ ടീയും ഇലക്കറികളും വിവിധ ധാന്യങ്ങൾ പൊടിച്ചുണ്ടാക്കിയ അടയുമെല്ലാമായിരുന്നു പ്രധാന വിഭവങ്ങൾ. മെച്ചപ്പെട്ട സേവനം നടത്തുന്നതിനിടയിലായിരുന്നു ആ കെട്ടിടം പൊളിക്കേണ്ടിവന്നത്. അതോടെ ഹോട്ടൽ ബിസിനസിന് വിരാമമായി. അപ്പോഴേയ്ക്കും രണ്ടു മക്കളുമായി.
ഹോട്ടൽ ബിസിനസ് ഉപേക്ഷിച്ച് സലീഷ് മെഡിക്കൽ റെപ്രസന്ററ്റീവിന്റെ വേഷമണിഞ്ഞു. ഗീതയാകട്ടെ വീട്ടിൽ വെറുതെയിരിക്കേണ്ടെന്നു കരുതി കോഴികളെയും കാടകളെയുമെല്ലാം വളർത്താൻ തുടങ്ങി. ഇതിനിടയിൽ ലോക്ഡൗൺ വന്നതോടെ വിൽപന മുടങ്ങി. പോംവഴിയെന്നോണമാണ് കാടമുട്ട കൊണ്ട് അച്ചാറുണ്ടാക്കാം എന്ന ചിന്തയുദിച്ചത്. കൂടാതെ വെന്ത വെളിച്ചെണ്ണയുണ്ടാക്കി. തേങ്ങയും വെളുത്തുള്ളിയും ചേർന്ന ചമ്മന്തിപ്പൊടിയും മഞ്ഞൾ വെരുകിയതും ചെമ്മീൻപൊടിയുമെല്ലാമുണ്ടാക്കി വിപണനം ചെയ്തുതുടങ്ങി. വീട്ടിലിരുന്നുകൊണ്ട് ഇനിയുമെന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലാണ് നെയ്യ് വിപണിയിലേക്കും ചുവടുവച്ചത്. പുതിയ ഓരോ വിഭവങ്ങളും നിർമ്മിക്കുന്നതിനുമുൻപ് നന്നായി പഠിക്കും. മാത്രമല്ല,  സ്വന്തമായി ഉപയോഗിച്ചതിനുശേഷമാണ് ഓരോ ഭക്ഷണ പദാർത്ഥങ്ങളും വില്പനയ്ക്കു വയ്ക്കുന്നത്.
ഒറ്റപ്പാലത്തിനടുത്ത ഒരു ഗ്രാമത്തിലാണ് ജനിച്ചുവളർന്നത്. അവിടെ കൃഷിയും കന്നുകാലി വളർത്തലുമുണ്ടായിരുന്നു. കുട്ടിക്കാലംതൊട്ടേ പശുവിനെ വളർത്താനും കറവയുമെല്ലാം ഗീത വശമാക്കിയിരുന്നു. ആ ഇഷ്ടം മനസ്സിലുണ്ടായിരുന്നതുകൊണ്ട് നെയ്യ് നിർമ്മാണത്തിന് വലിയ മുന്നൊരുക്കമൊന്നും വേണ്ടിയിരുന്നില്ലെന്ന് ഗീത പറയുന്നു. അയൽവീടുകളിൽനിന്നും ശേഖരിക്കുന്ന പാൽ തൈരാക്കി, വെണ്ണ കടഞ്ഞെടുത്ത് ഉരുക്കി നെയ്യാക്കി മാറ്റുകയാണ് ചെയ്യുന്നത്. കാഴ്ചയുടെ പരിമിതികളുണ്ടെങ്കിലും ഈ ജോലിയെല്ലാം ഗീത ഒറ്റയ്ക്കു ചെയ്യും. തുടക്കത്തിൽ കുറച്ചുപേർ മാത്രമേ വാങ്ങാനുണ്ടായിരുന്നുള്ളുവെങ്കിലും അവരിൽനിന്നും കേട്ടറിഞ്ഞ് പലരും നെയ്യ് വാങ്ങാനെത്തിത്തുടങ്ങി. മാത്രമല്ല, വാട്ട്‌സ് അപ്പിലൂടെയും ഫേസ് ബുക്കിലൂടെയുമെല്ലാം വിപണനം നടക്കുന്നുണ്ട്. ഓർഡറുകൾ സ്വീകരിക്കാനും പണം വാങ്ങി സാധനങ്ങൾ കൊറിയറായി അയക്കാനുമെല്ലാം ഭർത്താവിന്റെയും മക്കളുടെയും സഹായം ലഭിക്കാറുണ്ട്.


ഉന്നത വിദ്യാഭ്യാസമന്ത്രി പ്രൊഫ. ബിന്ദുവും മുൻമന്ത്രി തോമസ് ഐസക്കുമെല്ലാം ഗീതയുടെ പരിശ്രമത്തിന് പിന്തുണയുമായി വീട്ടിലെത്തിയിരുന്നു. സംരംഭം വികസിപ്പിക്കുന്നതിനുള്ള ഉപദേശങ്ങളും അവർ നൽകി. തൃശൂർ അമല ആശുപത്രിക്കടുത്ത് വാടക വീട്ടിൽ കഴിയുന്ന ഗീതയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം നൽകിയാണ് മന്ത്രി ബിന്ദുവും മടങ്ങിയത്. കേരള വർമ്മ കോളേജിൽ ഗീതയുടെ അധ്യാപിക കൂടിയായിരുന്നു മന്ത്രി. വീടിനോടു ചേർന്ന് ഒരു വർക്ക് ഷെഡ്്് നിർമ്മിച്ച് സംരംഭം വികസിപ്പിക്കാനും അതിനായി കുടുംബശ്രീയിൽ അംഗത്വം ഉറപ്പാക്കാനും വേണ്ട നിർദ്ദേശമാണ് ഐസക് നൽകിയത്.
ഓർഡർ പ്രകാരമാണ് ഭക്ഷണ വസ്തുക്കൾ തയ്യാറാക്കുന്നത്. കൂടുതൽ ആളുകൾ എത്തിത്തുടങ്ങിയതോടെ കൊറിയർ സർവീസ് വഴി വീടുകളിലെത്തിക്കാനും സൗകര്യമൊരുക്കി. ഗൾഫിലേക്ക്്് മടങ്ങുന്നവരും ഇവിടത്തെ അച്ചാറുകൾ തേടിയെത്താറുണ്ട്. കഴിഞ്ഞ ദിവസം മസ്‌ക്കത്തിലേക്കും റഷ്യയിലേക്കുമെല്ലാം സാധനങ്ങൾ കൊണ്ടുപോയിരുന്നു.
പാലിൽനിന്നും നേരിട്ടെടുക്കുന്ന നെയ്യാണ് വിപണിയിലെത്തിക്കുന്നത്. തൈര് ഒരു ദിവസം മുഴുവൻ ഇളകാതെ സൂക്ഷിച്ചാൽ മാത്രമേ വെണ്ണ രൂപപ്പെട്ടുവരികയുള്ളു. തൈരിൽനിന്നും കടഞ്ഞെടുക്കുന്ന വെണ്ണയാണെങ്കിൽ നിറവ്യത്യാസവും രുചിവ്യത്യാസവുമുണ്ടാകും. വിപണിവിലയേക്കാൾ അല്പം കൂടുതലാണ് വില. എങ്കിലും എല്ലാം വിറ്റുപോകുന്നുണ്ട്. ഒരു ദിവസം ഇരുപത്തിനാല് ലിറ്റർ പാലിൽനിന്നാണ് വെണ്ണയുണ്ടാക്കുന്നത്. ഒരു ലിറ്റർ വെണ്ണയിൽനിന്നും 900 ഗ്രാം നെയ്യാണ് ലഭിക്കുക.
കാഴ്ചയുടെ പരിമിതി ദൈനംദിന ജീവിതത്തിൽ പ്രതിസന്ധി സൃഷ്ടിക്കാറില്ലെന്നാണ് ഗീതയുടെ വെളിപ്പെടുത്തൽ. ഭർത്താവിന്റെ സ്‌നേഹവും കരുതലുമാണ് തനിക്ക് കരുത്ത് പകരുന്നതെന്നും അവർ പറയുന്നു. മക്കളെ പഠിപ്പിക്കാനും അവർ മുൻപന്തിയിലുണ്ട്. പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുലത്തിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൻ ഗസലും ശ്രീശാരദാ സ്‌കൂളിൽ അഞ്ചാം ക്ലാസുകാരിയായ ഗയയും അമ്മയുടെ പ്രവർത്തനങ്ങളിൽ തുണയായി കൂടെയുണ്ട്.


ഗീതയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി അയൽക്കാരും നെയ്യുണ്ടാക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു. അവർക്കെല്ലാം വേണ്ട നിർദ്ദേശങ്ങൾ നൽകാൻ ഗീത മുൻപന്തിയിലുണ്ട്.
സോഷ്യൽ മീഡിയ വഴിയുള്ള വിപണനത്തിന് നല്ല പിന്തുണയാണുള്ളതെന്നും ഗീത പറയുന്നു. നല്ല സാധനങ്ങൾ ആവശ്യമുള്ളവർ ഏറെയുണ്ട്. എന്നാൽ 
അവരെ കണ്ടെത്താൻ കഴിയുന്നില്ലെന്നതാണ് പ്രധാന പോരായ്മ. അവരിലേക്ക് നമുക്ക് എത്താൻ കഴിഞ്ഞാൽ പദ്ധതി വിജയത്തിലെത്തിക്കാൻ കഴിയും.
പുതിയ തലമുറയിലെ കുട്ടികളും ഇത്തരം പദ്ധതികളിലേക്ക് കടന്നുവരണമെന്നാണ് ഗീതയ്ക്ക്്് പറയാനുള്ളത്. ''ഞങ്ങൾ എന്തു ബിസിനസ് ചെയ്യണം എന്ന ആശങ്കയാണ് പലർക്കും. നമുക്ക് നന്നായി ചെയ്യാൻ കഴിയുന്നതും മുതൽമുടക്കായി ഏറെ പണം ആവശ്യമില്ലാത്തതുമായ ബിസിനസാണ് നല്ലത്. ചെറിയ രീതിയിലുള്ള ബിസിനസാണ് ആദ്യം തുടങ്ങേണ്ടത്. അതിൽനിന്നുള്ള വരുമാനംകൊണ്ടുതന്നെ അത് വികസിപ്പിച്ചെടുത്തുകൊണ്ടായിരിക്കണം ഓരോ ബിസിനസും ആസൂത്രണം ചെയ്യേണ്ടത്. ഏറെ പണം മുടക്കി ബിസിനസ് തുടങ്ങി ഒടുവിൽ അത് നിലനിർത്താൻ കഴിയാത്ത അവസ്ഥയിലാണ് പലരും. പ്രതിസന്ധികളിൽ തളരാതെ മുന്നേറാനുള്ള പരിശ്രമമാണ് വേണ്ടത്. വെറുതെയിരിക്കാതെ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക.'' ഗീത പറയുന്നു.
''ബിസിനസ് വിപുലപ്പെടുത്തുകയാണ് ഇനിയുള്ള ലക്ഷ്യം. കേരളത്തിനു പുറത്തേക്ക് ഓർഡറുകൾ ലഭിക്കുന്നുണ്ട്. കോയമ്പത്തൂരിലേക്കും മറ്റും ഈയിടെ ഓർഡറുകൾ ലഭിച്ചിരുന്നു. അങ്ങനെ കൂടുതൽ ഇടങ്ങളിൽ ഹോം ടു ഹോം ഭക്ഷണവസ്തുക്കൾ എത്തിക്കുകയെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.''- ഗീത പറഞ്ഞുനിർത്തി.

Latest News