Sorry, you need to enable JavaScript to visit this website.

എൽസിയേയും എസിയേയും മറക്കാം 

എ.കെ ആന്റണി മുഖ്യമന്ത്രിയായ വേളയിലാണ് കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിയമനം പബ്ലിക് സർവീസ് കമ്മീഷന്  വിട്ടത്. അതേവരെ ബാങ്ക് ഭരിക്കുന്ന പാർട്ടിയ്ക്ക് ആരെ നിയമിക്കണമെന്ന് തീരുമാനിക്കാമായിരുന്നു. പി.എസ്.സിയെ നിയമന കാര്യം ഏൽപിച്ചപ്പോൾ ഏറ്റവും നഷ്ടം സംഭവിച്ചത് സി.പി.എമ്മിനാണ്. കോൺഗ്രസ്, മുസ്്‌ലിം ലീഗ്, സി.പി.ഐ കക്ഷികൾക്കും പരിഷ്‌കാരം അത്രയ്ക്കങ്ങ് രസിച്ചിട്ടുണ്ടാവില്ല. സി.പി.എം ബാങ്കുകളിൽ പോസ്റ്റുകൾ വിൽക്കാറില്ലായിരുന്നു. കച്ചവടത്തിന്റെ ഉസ്താദുമാർ ലീഗും കോൺഗ്രസും തന്നെ. എന്നു വെച്ച്് കമ്യൂണിസ്റ്റ്  സ്വാധീനമുള്ള  ബാങ്കിൽ മെറിറ്റ് കൊണ്ട്  ജോലി ലഭിക്കണമെന്നില്ല. പക്കാ പാർട്ടിക്കാരനാണെന്ന് ബോധ്യപ്പെട്ടാലേ പണി കിട്ടൂ. അതിന് പാർട്ടിയുടേതായ അന്വേഷണ സംവിധാനമുണ്ട്. ലോക്കൽ, ഏരിയ, ജില്ലാ കമ്മിറ്റികൾക്ക് കാൻഡിഡേറ്റിന്റെ കുടുംബ പശ്ചാത്തലം ബോധ്യപ്പെടണമായിരുന്നു. എൽ.സി, എ.സി, ഡി.സി അന്വഷണമില്ലാതെ പാർട്ടി അടുപ്പിക്കില്ല. എന്തിനേറെ പറയുന്നു, ദേവഗിരി കോളേജിൽ യൂനിയൻ തെരഞടുപ്പിൽ മത്സരിക്കണമെങ്കിൽ പോലും ദേവഗിരി ലോക്കൽ കമ്മിറ്റിയുടെ അംഗീകാരം നിർബന്ധമാണ്. ഇതെല്ലാം പണ്ട്. ഏത് ബൂർഷ്വാ പാർട്ടിയിൽ പ്രവർത്തിക്കുന്നവനും ഇപ്പോൾ സി.പി.എമ്മിലേക്ക് വരാം. അ്‌സംതൃപ്തരായെത്തുന്നവർക്ക് പ്രലോഭിപ്പിക്കുന്ന സ്ഥാനങ്ങളും ലഭിക്കും. 
മിഠായിത്തെരുവിലെ ടെക്സ്റ്റയിൽ ഷോപ്പിൽ മൂവായിരം രൂപയ്ക്ക് വിൽക്കാൻ വെച്ച ബ്രാൻഡഡ് ഷർട്ട് ഫഌപ്പ് കാർട്ട് അല്ലെങ്കിൽ ആമസോൺ വഴി ആയിരത്തിനും മറ്റും ലഭിക്കുന്നത് പോലൊരു ഏർപ്പാട്. മുത്തശ്ശി പാർട്ടിയിൽനിന്ന് മടുപ്പനുഭവപ്പെടുന്നവർക്ക് കേരളത്തിൽ ബി.ജെ.പിയല്ലാതെ ഒരു ഓപ്്ഷനുണ്ടായത് നന്നായി. ചൊവ്വാഴ്ച രാവിലെ  10.30ന് ന്യൂസ് ഫ്്ഌഷ് സസ്‌പെൻഷനിലുള്ള കെ.പി.സി. സി  സെക്രട്ടറി കെ.പി അനിൽകുമാർ കോൺഗ്രസ് വിടുന്നു. അര മണിക്കൂറിനകം അനിൽ തന്നെ ഇക്കാര്യം വാർത്താ സമ്മേളനം നടത്തി പ്രഖ്യാപിക്കുന്നു. അടുത്ത നിമിഷങ്ങളിൽ എ.കെ.ജി സെന്ററിൽ പോളിറ്റ് ബ്യൂറോ അംഗങ്ങൾ ചെങ്കൊടിയുമായി അനിലിനെ സ്വാഗതം ചെയ്യുന്നു. ഹരിയാനയിലെ ആയാറാമുകളൊക്കെ എത്ര ചെറുത്. 
കേരളം പശ്ചിമ ഘട്ടത്തിനുമപ്പുറം പടർന്നു പന്തലിക്കുകയാണ്. മിക്ക ചാനലുകളിലും അന്തിചർച്ചയും കൂടിയായപ്പോൾ കാണികൾക്ക് തൃപ്തിയായി. കോൺഗ്രസ് വിട്ട് എത്തിയ കെ പി അനിൽകുമാർ സിപിഎമ്മിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുകയാണ്. കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായാണ് സിപിഎമ്മിലെ ആദ്യ ചുമതല. സിപിഎമ്മിലേക്ക് എത്തി തൊട്ടടുത്ത ദിവസം തന്നെയാണ് കെ പി അനിൽകുമാറിന് ആദ്യ ചുമതല നൽകിയിരിക്കുന്നത്. ജനുവരി 10 മുതൽ 12 വരെയാണ് കോഴിക്കോട് ജില്ലാ സമ്മേളനം. എളമരം കരിം, ടി പി രാമകൃഷ്ണൻ, മുഹമ്മദ് റിയാസ് തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് അനിൽകുമാറിന് ആദ്യ ചുമതല നൽകിയത്. കോയിബിരിയാണിയും ചട്ടിപ്പത്തിരിയുമൊക്കെയായി സമ്മേളനം പൊടിപൊടിക്കാം. 
*** *** ***
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ എഴുപത്തിയൊന്നാം പിറന്നാൾ ശനിയാഴ്ച ഗംഭീരമായി ആഘോഷിച്ചു. ന്യൂയോർക്കിലെ വിദേശികളോട് മോഡിയുടെ ചിത്രം കാണിച്ച് ഇതാരെന്ന് ചോദിച്ചാണ് യുട്യൂബർ ജന്മദിനമാഘോഷിച്ചത്. കാനഡ, സ്‌പെയിൻ, ഫലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ളവരെല്ലാം  പ്രധാനമന്ത്രിയെ തിരിച്ചറിയുന്നുണ്ട്. മോഡിയുടെ ഏറ്റവും വലിയ പ്ലസ് പോയന്റും അതു തന്നെ. ഇന്ത്യയെ ലോകത്തിന് മുമ്പിൽ നന്നായി അവതരിപ്പിക്കാനായി. രണ്ടു വർഷം മഹാമാരിയുടെ കാലമൊഴിച്ചാൽ ഇന്ത്യയെന്ന ബ്രാൻഡിന് ഏറ്റവും അനുകൂല സന്ദർഭമായിരുന്നു. കോവിഡ് കാലത്ത് ലോകത്തെ സ്വാധീനിച്ച വ്യക്തികളായി ടൈം മാഗസിൻ തെരഞ്ഞെടുത്ത നൂറ് പേരിൽ മോഡിയും മമതയും താലിബാൻ നേതാവുമുണ്ട്.  ആകാശവാണി, ദൂരദർശൻ ദേശീയ, പ്രാദേശിക വാർത്താ ബുള്ളറ്റിനുകളുടെയെല്ലാം മുഖ്യ തലവാചകങ്ങളിൽ മോഡിയുടെ പിറന്നാൾ സ്ഥാനം പിടിച്ചു. ഇന്ദിരാഗാന്ധിയുടെ കാലത്ത് പോലും സർക്കാർ ഉടമസ്ഥതയിലുള്ള നിലയങ്ങൾ ഇത്രയും പ്രോപ്പഗൻഡ നടത്തിയിരുന്നില്ല. 
എല്ലാ ഇന്ത്യക്കാരും പ്രാധാന്യമുള്ളവരാണെന്നും എല്ലാ ഇന്ത്യക്കാരും വിഐപികളാണെന്നും പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ്.  2017 ഏപ്രിൽ 19നാണ് ട്വിറ്ററിലൂടെ ഇത്തരം ഒരു പ്രതികരണം നരേന്ദ്ര മോഡി നടത്തിയിരുന്നത്. വിഐപികൾ, ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നത് നിർത്തലാക്കിയ തീരുമാനത്തെ കുറിച്ചായിരുന്നു  പ്രതികരണം.  2017 മെയ് ഒന്ന് മുതലാണ് ചുവപ്പ് ബീക്കൺ ലൈറ്റിന് കേന്ദ്ര സർക്കാർ റെഡ് സിഗ്നൽ ഉയർത്തിയിരുന്നത്. ഇതോടെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, മറ്റു ജഡ്ജിമാർ, ലോക്സഭാ സ്പീക്കർ, കേന്ദ്ര സംസ്ഥാന മന്ത്രിമാർ, ഗവർണ്ണർമാർ എന്നിങ്ങനെ സകല വിഐപികൾക്കും നിരോധനം ബാധകമായിരിക്കുകയാണ്. പോലീസിനും മറ്റ് സേനാ വിഭാഗങ്ങൾക്കും ഫയർഫോഴ്സിനും ആംബുലൻസിനും മാത്രമാണ് നിലവിൽ ബീക്കൺ ലൈറ്റ് ഉപയോഗിക്കാൻ അർഹതയുള്ളത്. അതിനിടയ്ക്കാണ് സുരേഷ് ഗോപി സല്യൂട്ടും അന്വേഷിച്ച് നടക്കുന്നത്. 
*** *** ***
അടുത്തിടെ ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച സീരിയലിനുള്ള പുരസ്‌കാരം മാത്രം ഇല്ലായിരുന്നു. ഇതിന് കാരണമായി പറഞ്ഞത് അവാർഡ് നൽകാൻ പറ്റുന്ന നിലവാരമുള്ള സീരിയലുകളൊന്നും ഇല്ലെന്നായിരുന്നു. ജൂറിയുടെ ഈ പരാമർശം വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കി. സീരിയൽ രംഗത്തുള്ളവരെല്ലാം വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തി വരികയും ചെയ്തു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഹരീഷ് പേരടി, നിഷ സാരംഗ്, ബീന ആന്റണി, ശ്രീജിത്ത് പണിക്കർ എന്നിങ്ങനെയുള്ളവർ സീരിയലുകളെ കുറിച്ച് പ്രതികരിച്ചിരിക്കുന്നു. ‘നല്ലതും മോശവും എന്നത് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. വിലയിരുത്താനായി മുന്നിലെത്തിയ സീരിയലുകളെ മാത്രം നോക്കി അടച്ചാക്ഷേപിക്കുന്ന രീതി ശരിയല്ല. നമ്മുടെ വീടുകളിൽ സാധാരണക്കാരായ മനുഷ്യർ ഇരുന്ന് കാണുന്നത് കൊണ്ട് കിട്ടുന്ന ചെറിയ പ്രതിഫലത്തിൽ നിന്നാണ് ഇത്തരമൊരു കലാരൂപം നിർമ്മിക്കുന്നത്. പ്രേക്ഷകരുടെ അഭിപ്രായത്തിന് അനുസരിച്ചാണ് എല്ലാ സീരിയലുകളും മുന്നോട്ട് പോകുന്നത്. ഈ സീരിയലുകൾ കണ്ടിട്ട് എത്ര കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്നാണ് ഹരീഷ് പേരടിയുടെ ചോദ്യം. 
മോശമെന്ന് പറഞ്ഞ് അടച്ചാക്ഷേപിക്കാനുള്ളതൊന്നും സീരിയലുകളിൽ ഇല്ലെന്നാണ് നടി ബീന ആന്റണി പറയുന്നത്. കുടുംബത്തിന് ഉള്ളിലിരുന്ന് കാണുന്നവ ആയതിനാൽ അതിന്റേതായ മാന്യത പുലർത്തിയാണ് സീരിയലുകൾ സ്‌ക്രീനിലെത്തുന്നത്. സീരിയൽ ഒരു എന്റർടെയിൻമെന്റ് പ്രോഗ്രാം മാത്രമാണ്. ഒരു ചർച്ചയിൽ വന്നത് പോലെ സർക്കാർ ഒരു നിബന്ധന വയ്ക്കട്ടേ. അതായത് എല്ലാ ചാനലിലും ഒരു സ്ലോട്ട് അമ്പത് എപ്പിസോഡുകൾ മാത്രമുള്ള ചെറിയ പരമ്പരകൾക്ക് വേണ്ടി മാറ്റിവെക്കുക. അതിന് അവാർഡ് കൊടുക്കുക. മെഗാ സീരിയലിന്റെ അവസാനം എങ്ങനെയാണ് എന്ന് പോലും പലപ്പോഴും പറയാനാവില്ല. കഥകൾ പോലും ആഴ്ചകളിൽ മാറാറുണ്ട്. അതെല്ലാം കണക്കാക്കി എങ്ങനെയാണ് അവാർഡ് നൽകുക എന്നും ബീന ചോദിക്കുന്നു.
സീരിയലുകൾ മോശമാണെന്ന് നിരന്തരം പറയുമ്പോൾ അത് സമൂഹത്തിൽ ഇല്ലാതാവുകയാണ് ചെയ്യുന്നതെന്നാണ് നിഷ സാരംഗ് പറയുന്നത്. അതിന് പകരം തെറ്റ് കുറ്റങ്ങൾ കണ്ടെത്തി തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകാനുള്ള പ്രോത്സാഹനമാണ് നൽകേണ്ടത്. ഞാനടക്കം ഒരുപാട് ആളുകളുടെ ചോറാണ് ഇത്. കൊള്ളില്ല, മോശമാണ് എന്ന് ആവർത്തിച്ച് പറയുമ്പോൾ ഒരു കലയാണ് ഇല്ലാതാകുന്നതെന്ന് നിഷ പറയുന്നു. ജൂറിയുടെ മുന്നിലെത്തിയ സീരിയലുകൾ ഏതൊക്കെയാണെന്ന് അറിയില്ല. തെറ്റുകളുണ്ടാവും. അതിനർഥം എല്ലാം മോശമാണെന്നും നിലവാരം ഇല്ലാത്തതാണെന്നും അല്ല. നൂറ് കണക്കിന് ആളുകൾ ജോലി ചെയ്ത് ജീവിക്കുന്നുണ്ട് ഇതിൽ. ഈ മേഖല തകരാതെ നോക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും നിഷ സൂചിപ്പിച്ചു.
സീരിയലുകൾ മുഴുവൻ സ്ത്രീ വിരുദ്ധമാണ് എന്ന ആക്ഷേപം കുറെ കാലമായി കേൾക്കുന്നതാണ്. പക്ഷേ, സമൂഹത്തിൽ നിലനിൽക്കുന്ന അത്രയും സ്ത്രീ വിരുദ്ധത സീരിയലുകളിൽ ഇല്ലെന്നും പറയാം. നായികയ്ക്ക് എതിരെ നിൽക്കുന്ന നെഗറ്റീവായ സ്ത്രീകഥാപാത്രങ്ങൾ എങ്ങനെയാണ് സ്ത്രീവിരുദ്ധതയാവുന്നത്. ഒരു സ്ത്രീയ്ക്കെതിരെ നിൽക്കുന്നത് സ്ത്രീ തന്നെയാണ് എന്നത് മാത്രമാണ് അത്തരം കഥാപാത്രങ്ങൾ ഉദ്ദേശിക്കുന്നത്. നമ്മുടെ നാട്ടിൽ എത്രയോ സംഭവങ്ങൾ അങ്ങനെ നടക്കുന്നുണ്ട്. അതൊക്കെ സീരിയൽ കാണിച്ചിട്ടാണോ ഉണ്ടാകുന്നത്. സീരിയൽ കണ്ടിട്ട് മാത്രം വഴി തെറ്റുന്നു എന്ന പൊതുബോധം ഉണ്ടാക്കാനാണ് ഇത്തരം അഭിപ്രായങ്ങളിലൂടെ ശ്രമിക്കുന്നതെന്നാണ് സംവിധായകൻ ശ്രീജിത്ത് പാലേരി പറയുന്നത്. സീരിയലിന് ഒരുപാട് പരിമിതികളുണ്ട്. ചെറിയ മുതൽമുടക്കിലാണ് പല സീരിയലുകളും എടുക്കുന്നത്. രണ്ട് മണിക്കൂറുള്ള സിനിമ മൂന്ന് കോടി രൂപയ്ക്കാണ് നിർമ്മിക്കുന്നത്. സീരിയലുകൾ അങ്ങനെ നിർമ്മിക്കാൻ പറ്റുന്നവ അല്ലല്ലോ എന്നും സംവിധായകൻ ചോദിക്കുന്നു.
*** *** ***
യൂട്യൂബിൽ നിന്ന് റോയൽറ്റിയായി പ്രതിമാസം നാല് ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ലെക്ചറിങ് വീഡിയോയിൽ നിന്നാണ് ഇത്രയും പണം ലഭിക്കുന്നതെന്നും കോവിഡ് കാലത്ത് വരുമാനം വർധിച്ചെന്നും അദ്ദേഹം പറഞ്ഞു. മുംബൈ-ദില്ലി എക്‌സ്പ്രസ് വേ നിർമാണം വിലയിരുത്താൻ എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഞാൻ ഷെഫ് ആയി മാറി. വീട്ടിൽ ഞാൻ പാചകം തുടങ്ങിയതോടെ വീഡിയോ കോൺഫറൻസിലൂടെ ക്ലാസെടുത്ത് തുടങ്ങി. വിദേശ യൂണിവേഴ്‌സിറ്റികളിലെ വിദ്യാർത്ഥികൾക്കുൾപ്പെടെ ഓൺലൈൻ വഴി 950 ലെക്ചറുകൾ നടത്തി. ഇതെല്ലാം യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. പിന്നീട് കാഴ്ചക്കാർ വർധിച്ചതോടെ റോയൽറ്റിയായി നാല് ലക്ഷം കിട്ടിത്തുടങ്ങി. ഇന്ത്യയിൽ നന്നായി ജോലി ചെയ്യുന്നവർക്ക് അഭിനന്ദനം കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എത്ര നല്ല തിരിച്ചറിവ് ?
*** *** ***
റംപൂട്ടാൻ പഴങ്ങളുമായെത്തുന്ന വണ്ടി കാണുമ്പോൾ ജനം ഓടി രക്ഷപ്പെടുന്ന കാഴ്ച കോഴിക്കോട്ടും പരിസരങ്ങളിലുമുണ്ടായിരുന്നു. രണ്ടാഴ്ച  മുമ്പെ നിപ ഭീതി പടർന്നു പിടിച്ചപ്പോഴാണിത്. പേരക്ക പോലും വാങ്ങാൻ ആളുകൾ മടിച്ചു. പാവം കൈവണ്ടിക്കാർ പട്ടിണിയിലുമായി. ഇപ്പോൾ എല്ലാം സാധാരണ നില കൈവരിച്ചിട്ടുണ്ട്. ചേന്ദമംഗലൂരിനടുത്ത പാഴൂരിലെ ബാലന്റെ മരണം വേദനിപ്പിക്കുന്നതാണ്. നിപ ഭീതി വീണ്ടുമെന്നറിഞ്ഞ് ഉടൻ ആരോഗ്യ മന്ത്രി വീണ ജോർജ് സ്ഥലത്തെത്തി ക്യാമ്പ്  ചെയ്ത് സ്ഥിതിഗതികൾ നിയന്ത്രിച്ചു. മികച്ച പെർഫോമൻസിനെ ആരും കാര്യമായി പ്രശംസിച്ചു കണ്ടില്ല. അവർക്കെതിരെ കുപ്രചാരണം നടത്തിയ രണ്ട് മാധ്യമ സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി വരുന്നുവെന്നും ശ്രുതിയുണ്ട്. 
*** *** ***
ശ്രീകണ്ഠൻ നായരുടെ അവതരണ രീതി മലയാള ന്യൂസ് ചാനലകുളെ മാറ്റിമറിച്ചിട്ടുണ്ട്്. 100 വാർത്തകൾ പോലെ മറ്റു പ്രോഗ്രാമുകളിലും മാറ്റം കണ്ടു. ഏഷ്യാനെറ്റ്് ന്യൂസിലെ നമസ്‌തേ റേഡിയോ ന്യൂസ് പോലെ വൺവേ കമ്യൂണിക്കേഷനല്ല ഇപ്പോൾ.  
കഴിഞ്ഞ ആഴ്ച ഒരു പ്രേക്ഷകൻ റെയിൽവേ യാത്ര പഴയത് പോലെ റിസർവേഷനില്ലാതെ ആകാത്തതെന്ത്  കൊണ്ടെന്ന ചോദ്യത്തിന് ന്യൂസ് റീഡർ കൃത്യമായ മറുപടി നൽകി. മറ്റൊരു പ്രേക്ഷകന് അറിയേണ്ടിയിരുന്നത് പോലീസ് പിടിച്ചെടുക്കുന്ന മയക്കുമരുന്നിന് എന്ത് സംഭവിക്കുന്നുവെന്നാണ്. അതിനുള്ള ഉത്തരം മലപ്പുറത്ത് സംഭവിക്കുകയും ചെയ്തു. 40 ലക്ഷം രൂപ വിപണിയിൽ വിലയുള്ള മാരക മയക്കുമരുന്ന് സഹിതം പിടിച്ചെടുത്ത വാഹനം പോലീസ് തിരിച്ചു കൊടുത്തു. മയക്കുമരുന്ന് ഇടനിലക്കാരെ ക്ഷണിച്ചു വരുത്തി ഒരു ലക്ഷത്തി ചില്ലാനത്തിന് വിറ്റു കാശാക്കുകയും ചെയ്തു. നിർമലാജിയുടെ ഭാഷയിൽ പറഞ്ഞാൽ മോണിറ്റൈസേഷൻ.  

Latest News