Sorry, you need to enable JavaScript to visit this website.

'അനന്യ' യിൽ ഇനി റോയ് സാറില്ല

വാർത്തകളുടെ ലോകത്ത് മൂല്യങ്ങളുടേയും സത്യസന്ധതയുടേയും പാത വെട്ടിത്തുറന്ന കെ.എം. റോയിയുടെ വിയോഗത്തോടെ, പോയ തലമുറയിലെ നിർഭയനായ ഒരു മാധ്യമപ്രതിഭയെയാണ് നഷ്ടമായത്. കെ.എം റോയ് എന്ന വ്യക്തിയുടേയും പത്രാധിപരുടേയും സംഭാവനകളെക്കുറിച്ച്, ശിഷ്യൻ കൂടിയായ സി.ഒ.ടി അസീസ് അനുസ്മരിക്കുന്നു...

കൊച്ചി കടവന്ത്രയിൽ കെ.പി. വള്ളോൻ റോഡിൽ സെന്റ് സെബാസ്റ്റ്യൻ ചർച്ചിനടുത്തുള്ള  'അനന്യ' യിൽ ഇനി റോയ് സാറില്ല. കഴിഞ്ഞ ദിവസം കൊച്ചിയിലെ  സിനിമ സംവിധായകനും എഴുത്തുകാരനുമായ സുഹൃത്ത് സൈനു പള്ളിത്താഴത്ത് അദ്ദേഹം രചിച്ച പുതിയ പുസ്തകം പ്രകാശനം ചെയ്യുന്നത് സംബന്ധിച്ച് സംസാരിച്ചിരുന്നു. സൈനു കണ്ടു വെച്ചിരുന്ന മുതിർന്ന രാഷ്ട്രീയക്കാരന്റെ പേരിന് പകരം നിർദേശിച്ചത് കൊച്ചിയിൽ തന്നെയുള്ള മാധ്യമ രംഗത്തെ ഗുരുനാഥനും വഴികാട്ടിയുമായ കെ.എം റോയിയെ ആയിരുന്നു. നിർദേശം രചയിതാവിനും ഏറെ ഇഷ്ടമായി. കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞതിനാൽ അടുത്ത വാരത്തിൽ കൊച്ചിയ്ക്ക് പോകാം, റോയ് സാറിനെ ചടങ്ങിലേക്ക് ക്ഷണിക്കുകയുമാവാം. ഇന്നലെ വൈകുന്നരം നാലിന് ജിദ്ദയിൽ നിന്ന് മലയാളം ന്യൂസ് എഡിറ്റർ മുസാഫിറിന്റെ ഫോണിലൂടെയാണ് ഇനിയൊരു കണ്ടുമുട്ടലിന് ഇടം നൽകാതെ റോയ് സാർ വിട വാങ്ങിയതറിഞ്ഞത്. വ്യക്തിപരമായി വേറെയും നഷ്ടമുണ്ട്. എന്റെ ആദ്യ പുസ്തകത്തിന് ആമുഖം അദ്ദേഹമെഴുതുമെന്നത് കെ.പി കുഞ്ഞിമൂസയോട് റോയ് സാർ പറഞ്ഞിരുന്നു. കെ.പി കുഞ്ഞിമൂസ, മലപ്പുറം പി. മൂസ എന്നീ ചെറുതും വലുതുമായ മൂസകളുടെ ഉറ്റമിത്രമായിരുന്നു റോയ്. 
പത്രക്കാരുടെ യൂനിയൻ നേതാവെന്നൊക്കെ കേട്ടിരുന്നുവെങ്കിലും റോയ് സാറുമായുള്ള ചങ്ങാത്തം തുടങ്ങുന്നത് 1990 ൽ കോഴിക്കോട് മംഗളം എഡിറ്റോറിയലിലേക്ക് 1990ൽ നടന്ന അഭിമുഖത്തോടെയാണ്. മൺമറഞ്ഞ വിഖ്യാത പത്രക്കാരൻ ടി. വേണുഗോപാൽ, മാനേജിംഗ് എഡിറ്റർ സാബു വർഗീസ്, ആർ. ഗോപീകൃഷ്ണൻ എന്നിവരായിരുന്നു പാനലിലെ മറ്റംഗങ്ങൾ. പിന്നീട് കോട്ടയം കുമരനെല്ലൂരിലെ കമ്യൂണിറ്റി ഹാളിലെ ട്രെയിനിംഗ് കാലത്ത് കൂടുതൽ അടുപ്പമായി. പത്രത്തിൽ നല്ല വാർത്ത കണ്ടാൽ  ഒരു പിശുക്കുമില്ലാതെ അനുമോദിച്ച് പ്രോത്സാഹിപ്പിക്കുമായിരുന്നു. ജിദ്ദ മലയാളം ന്യൂസിൽ ജോലി ചെയ്ത വേളയിലും റോയ് സാറിന്റെ കത്തുകൾ മുടങ്ങാതെ ലഭിക്കാറുണ്ടായിരുന്നു. എല്ലാ വെക്കേഷനിലും കടവന്ത്രയിലെത്താൻ ശ്രദ്ധിക്കാറുണ്ട്. മലയാളം ന്യൂസിൽ അദ്ദേഹം ഏറെക്കാലം വാരാന്ത്യകോളം ചെയ്തിരുന്നു.  നിർഭയൻ, പ്രശസ്തൻ, പ്രഗത്ഭൻ എന്നിങ്ങനെ ഏത് വിശേഷണവുമിണങ്ങുന്ന അദ്ദേഹത്തിന്റെ  എഴുത്തും പ്രസംഗവും ഒരേപോലെ ആകർഷകം. 
ആർകിടെക്റ്റായിരുന്ന കെ.ആർ. മാത്യുവിന്റേയും ലുദീനയുടേയും മകനായ റോയ്  1939 ൽ എറണാകുളത്ത് ജനിച്ചു. മഹാരാജാസ് കോളേജിൽ നിന്ന് ചരിത്രത്തിൽ എം.എ ബിരുദമെടുത്തു. കേരള പ്രകാശം, ദേശബന്ധു, കേരള ഭൂഷണം, ഇക്കണോമിക് ടൈംസ്, ദ ഹിന്ദു, യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യു.എൻ.ഐ)  തുടങ്ങിയ ഇംഗ്ലീഷ്, മലയാളം പത്രങ്ങളിലും വാർത്താ ഏജൻസികളിലും പ്രവർത്തിച്ചു. കേരള പത്രപ്രവർത്തക യൂനിയൻ പ്രസിഡന്റ്, അഖിലേന്ത്യാ പത്രപ്രവർത്തക ഫെഡറേഷൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. വാസ്തുശിൽപിയുടെ മകൻ പത്രക്കാരനായി തുടക്കം കുറിച്ചത്  കേരള പ്രകാശത്തിൽ. 1961 ൽ എറണാകുളത്ത് എം.എക്ക് പഠിക്കുന്ന കാലത്താണ് സബ് എഡിറ്ററായി ജോലി തുടങ്ങിയത്.  മത്തായി മാഞ്ഞൂരാന്റെ ഉടമസ്ഥതയിൽ കൊച്ചിയിൽ നിന്ന് പ്രസിദ്ധീകരിച്ച  പത്രത്തിൽ ശമ്പളം നാൽപത് രൂപ. പഠന ശേഷം ദേശബന്ധു, കേരള ഭൂഷണം എന്നീ പത്രങ്ങളിൽ ജോലി ചെയ്തു. ഇക്കണോമിക് ടൈംസ്, ഹിന്ദു, യു.എൻ.ഐ എന്നീ സ്ഥാപനങ്ങളിൽ റിപ്പോർട്ടറായി ജോലി ചെയ്ത റോയ് മംഗളം പത്രത്തിന്റെ ജനറൽ എഡിറ്റർ സ്ഥാനത്തു നിന്നാണ് വിരമിച്ചത്. ഭാര്യ: ലീല. മക്കൾ: സ്വപ്‌ന, മനു.
മകൻ  അഡ്വ: മനു റോയ് അടുത്തിട നടന്ന എറണാകുളം നിയമസഭ ഇലക്ഷനിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. 
'പണം സമ്പാദിക്കുന്നതിനേക്കാൾ പാട് അതു സൂക്ഷിക്കാനാണെന്ന പഴമൊഴി സുഹൃദ്ബന്ധത്തിന്റെ കാര്യത്തിലും പ്രസക്തമാണ്. സുഹൃത്തുക്കളെ സമ്പാദിക്കാൻ കഴിഞ്ഞെന്നു വന്നേക്കാം. പക്ഷേ, ആ സൗഹൃദം നിലനിർത്തിക്കൊണ്ടു പോകാനാണ് പാട്' -കെ.എം. റോയ് രചിച്ച് നാഷണൽ ബുക്ക് സ്റ്റാൾ പ്രസിദ്ധീകരിച്ച മരിച്ചവരുടെ ഓർമക്ക് എന്ന കൃതിയുടെ ആമുഖം തുടങ്ങുന്നതിങ്ങനെ. എന്റെ ഏറ്റവും വലിയ സമ്പാദ്യം സുഹൃദ്‌വലയമാണ്. വളരെ വലിയ സുഹൃദ്‌വലയമുണ്ട്. വഴിയോരത്തെ തൊഴിലാളികൾ മുതൽ അധികാരത്തിന്റെ മട്ടുപ്പാവിൽ ഉലാത്തുന്നവർ വരെയും. നീതിന്യായ പീഠങ്ങളിൽ ഉപവിഷ്ടരായിരിക്കുന്നവർ മുതൽ അരങ്ങിലെ ആട്ടക്കാർ വരെയുള്ള സുഹൃത്തുക്കൾ-അദ്ദേഹം പറയാറുണ്ട്. 
കെ.എം റോയ് അമേരിക്ക, കാനഡ, ചൈന, സോവിയറ്റ് യൂനിയൻ, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, പോളണ്ട്, ചെക്കോസ്ലോവാക്യ, ബൾഗേറിയ, സ്വിറ്റ്‌സർലന്റ്, ബെൽജിയം, തായ്‌ലന്റ്, കൊറിയ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച് പ്രസംഗങ്ങൾ നടത്തുകയും പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.  
മൂന്നു നോവലുകൾ, മൂന്ന് ലേഖന സമാഹാരങ്ങൾ, രണ്ടു യാത്രാ വിവരണങ്ങൾ, ഒരു ജീവചരിത്രം, എന്നിവ പ്രസിദ്ധീകരിച്ചു. കൂറ കപ്പലിൽ പോയത് പോലെയല്ല റോയിയുടെ വിദേശ പര്യടനങ്ങൾ. സന്ദർശിച്ചിടങ്ങളിൽ നിന്ന് ശേഖരിച്ച അറിവുകൾ അനുവാചകർക്ക് പകർന്നു കൊടുക്കുന്നതോടെയേ ദൗത്യം പൂർണമാവുന്നുള്ളൂ. ഒഴുക്കിനെതിരെ നീന്താൻ താൽപര്യം കാണിക്കാറുള്ള റോയിയുടെ ചുമതലയിൽ മലയാള പത്രം പ്രസിദ്ധീകൃതമായതു മുതൽ പല  പരീക്ഷണങ്ങൾക്കും പത്രം വേദിയായി. അമേരിക്ക സന്ദർശിച്ച റോയ് വാഷിംഗ്ടൺ പോസ്റ്റ് പത്രം ആത്മഹത്യ വാർത്തകൾ പ്രസിദ്ധീകരിക്കാറില്ലെന്ന് മനസ്സിലാക്കി. ദാരിദ്ര്യം, മാറാരോഗം, പ്രേമനൈരാശ്യം, കടബാധ്യത എന്നീ കാരണങ്ങളാലാണ് മിക്കവാറും ആത്മഹത്യകൾ. ആത്മഹത്യ സംഭവിച്ചു കഴിഞ്ഞാൽ കുടുംബത്തിനാണ് മാനഹാനി. ഇതു കണക്കിലെടുത്താണ് വാർത്ത നൽകേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഇതേ വീക്ഷണം റോയ് കേരളത്തിലും നടപ്പാക്കി. കോട്ടയത്ത് മംഗളം പത്രത്തിന്റെ ജനറൽ എഡിറ്ററായി സേവനമനുഷ്ഠിച്ച വേളയിൽ  പത്രസ്വാതന്ത്ര്യം പരമാവധി അനുഭവിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ഏത് വീക്ഷണമവതരിപ്പിക്കാനും ആരെയും വിമർശിക്കാനും അനുവാദമുണ്ടായിരുന്നു. മുഖ്യ പത്രാധിപർ പരേതനായ എം.സി. വർഗീസിന്റെ ശക്തമായ പിന്തുണയോട് കൂടി അഭയക്കേസിലെ ദുരൂഹതകൾ അനാവരണം ചെയ്യാനായത് മലയാള പത്രപ്രവർത്തനത്തിലെ അപൂർവ നേട്ടങ്ങളിലൊന്നാണ്. മലയാള ദിനപത്രങ്ങൾ അറച്ചുനിന്ന വേളയിൽ സിസ്റ്റർ അഭയക്കേസിലെ ഉള്ളുകള്ളികൾ പുറത്തുകൊണ്ടു വരാൻ വഴിയൊരുക്കിയത് ഇത്തരമൊരു എഡിറ്റോറിയൽ പോളിസിയാണ്. കത്തോലിക്കാ സഭയെ വിമർശിക്കുന്നതിലെ അപകടം ചൂണ്ടിക്കാട്ടിയ പത്രാധിപ സമിതിയിലെ മുതിർന്ന  അംഗത്തോട് കത്തോലിക്കരുടെ കാര്യമോർത്ത് താങ്കൾ വേവലാതിപ്പെടേണ്ട. ഇക്കാര്യമെല്ലാം പോപ്പ് ശ്രദ്ധിച്ചുകൊള്ളുമെന്നായിരുന്നു കെ.എം റോയ് നൽകിയ ചുട്ട മറുപടി.    
ലളിത ഭാഷയിൽ റോയ് എഴുതുന്നതിന് ലോകമെങ്ങും വായനക്കാരുണ്ടായിരുന്നു.  അമേരിക്കൻ മലയാളികൾ പ്രസിദ്ധീകരിക്കുന്ന പ്രതിവാര പത്രമായ മലയാള പത്രത്തിന്റെ ടെലിവിഷൻ പരസ്യത്തിൽ അവരുടെ മികവുകളിലൊന്നായി എടുത്തു പറയുന്നത് കെ.എം. റോയിയുടെ കോളമുണ്ടെന്നായിരുന്നു. സമീപം നിഘണ്ടുവോ ശബ്ദതാരാവലിയോ  കരുതിവെക്കാതെ ലേഖനങ്ങൾ വായിക്കാനാവരുതെന്ന് വാശി പിടിക്കുന്ന എഴുത്തുകാരിൽ നിന്ന് റോയിയെ  വ്യത്യസ്തനാക്കുന്നത് സാധാരണക്കാർക്ക് പോലും മനസ്സിലാവുന്ന ശൈലിയാണ്. മംഗളം വാരികയിലെ പംക്തിയായ ഇരുളും വെളിച്ചവും പുസ്തക രൂപത്തിൽ കറന്റ് ബുക്‌സ്  പ്രസിദ്ധീകരിച്ചതിന് നിരവധി എഡിഷനുകൾ പുറത്തിറങ്ങിയെന്നത് ശൈലിയുടെ ജനപ്രീതിയിലേക്ക് വിരൽ ചൂണ്ടുന്നു. ഭൂഖണ്ഡങ്ങൾ സന്ദർശിച്ച് സമാഹരിച്ച അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വിവരിക്കുന്ന സംഭവങ്ങൾ അനുവാചകരുടെ ജീവിതവുമായി വളരെ ബന്ധപ്പെട്ടതുമായിരിക്കും.  


എറണാകുളം പ്രസ്‌ക്ലബ്ബിലെ മീറ്റ് ദ കാൻഡിഡേറ്റ് പരിപാടി. പിൻനിരയിൽ മധ്യത്തിൽ കെ.എം. റോയ്  (ഫയൽ)

തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള വാഗ്ദാനങ്ങളുമായി ഇരുമുന്നണികളും സമീപിക്കാറുണ്ടായിരുന്നു. എല്ലാം സ്‌നേഹപൂർവം  നിരസിക്കുന്നു. 1996 നു ശേഷം ഇടതുമുന്നണിയും വലതുമുന്നണിയും എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാൻ പലവുരു സമീപിച്ചിട്ടുണ്ടെന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തി. കൊച്ചി നഗരസഭയിലേക്ക് റോയ് സ്വതന്ത്രനായി മത്സരിച്ച് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പോർട്ട് ട്രസ്റ്റ് വാർഡിലായിരുന്നു ഇലക്ഷൻ വിജയം. ഇരു മുന്നണികളുടേയും സ്ഥാനാർഥികളെ പിന്നിലാക്കിയായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. ഹിന്ദിയിലും ഭംഗിയായി പ്രസംഗിക്കാൻ കഴിയുന്ന റോയിക്ക് തുണയായത് ഈ ഡിവിഷനിൽ എഴുപത് ശതമാനത്തോളം വരുന്ന ഉത്തരേന്ത്യൻ വോട്ടർമാരായിരുന്നു. സഹോദരൻ അയ്യപ്പൻ അവാർഡ്, മുട്ടത്തു വർക്കി അവാർഡ്, ശിവറാം അവാർഡ്, റഹീം മേച്ചേരി അവാർഡ്, അമേരിക്കയിലെ ഫൊക്കാന അവാർഡ്, കേസരി പുരസ്‌കാരം, അഖിലേന്ത്യാ കാതലിക് യൂനിയൻ അവാർഡ്, പ്രഥമ സി.പി. ശ്രീധരൻ മാധ്യമ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ തേടിയെത്തി. അയോധ്യയിൽ ബാബ്‌രി മസ്ജിദ് തകർക്കപ്പെട്ട വേളയിൽ ശക്തമായ മുഖപ്രസംഗമെഴുതിയ റോയിക്ക് 1993 ലെ മുട്ടത്തു വർക്കി ഫൗണ്ടേഷൻ പുരസ്‌കാരവും ലഭിച്ചു. 
കേരളത്തിലെ സി.പി.എം മറ്റേതൊരു രാഷ്ട്രീയ കക്ഷിയേയും പോലെയായിരിക്കുന്നു. ഇ.കെ. ഇമ്പിച്ചിബാവയെ പോലുള്ള മഹാന്മാരായ നേതാക്കന്മാർ പാർട്ടിയെ നയിച്ച ഒരു കാലമുണ്ടായിരുന്നു. ദൽഹിയിൽ നിന്ന് കേരളത്തിലേക്ക് ഇമ്പിച്ചിബാവക്കൊപ്പം സെക്കന്റ് ക്ലാസ് തീവണ്ടിയിൽ യാത്ര ചെയ്തത്  അപൂർവ അനുഭവമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിക്കാറുണ്ട്. 
ഇന്ത്യയിലെ തലയെടുപ്പുള്ള പത്രങ്ങളിലൊന്നായ ദ ഹിന്ദുവിൽ നിന്ന് രാജിവെച്ചിറങ്ങേണ്ടി വന്ന സാഹചര്യം ശ്രദ്ധേയമാണ്.  മാതൃഭൂമിയിൽ ബചാവത് വേജ് ബോർഡ് ശുപാർശകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ വേളയിലാണ് പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റിനെ കുറിച്ച് മദ്രാസിലെ ഹിന്ദു ഓഫീസിൽ പരാതി ചെല്ലുന്നത്. മാനേജ്‌മെന്റിനും പത്രാധിപ സമിതിക്കും റോയിയുടെ റിപ്പോർട്ടിംഗിനെ കുറിച്ച് മതിപ്പായിരുന്നു. പരാതി ഏശിയില്ല. ആഗോളവൽക്കരണത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുന്ന നേതാക്കന്മാരുൾപ്പെടെ ഉന്നതങ്ങളിൽ പിടിപാടുള്ളവർ യൂനിയൻ നേതാവായ റോയിയെ ഒരു പാഠം പഠിപ്പിക്കാനുറച്ച് കരുക്കൾ നീക്കിക്കൊണ്ടേയിരുന്നു. ഇവരുടെ നിരന്തര ശ്രമങ്ങൾ ഫലം കണ്ടപ്പോൾ കോട്ടയത്തേക്ക് സ്ഥലംമാറ്റപ്പെടുകയായിരുന്നു. ഒട്ടുമാലോചിക്കാതെ ഹിന്ദു മാനേജ്‌മെന്റിന് രാജിക്കത്ത് അയച്ചുകൊടുക്കുകയുണ്ടായി. യൂനിയൻ പ്രവർത്തനങ്ങളും മാനേജ്‌മെന്റ് താൽപര്യങ്ങളും ഏറ്റുമുട്ടിയതിനെ തുടർന്നാണ് യു.എൻ.ഐ ലേഖകന്റെ ജോലിയും ഉപേക്ഷിക്കേണ്ടി വന്നത്. 
കെ.എം. റോയ് നേതൃത്വത്തിലുണ്ടായിരുന്ന കാലം കേരള പത്രപ്രവർത്തക യൂനിയന്റെ സുവർണ കാലമായിരുന്നു. രണ്ടു തവണ കെ.യു.ഡബ്ല്യൂ.ജെ സെക്രട്ടറിയായ റോയ് 1984 മുതൽ നാല് വർഷം ഐ.എഫ്.ഡബ്ല്യൂ.ജെ സെക്രട്ടറി ജനറലായിരുന്നു. 
അക്രഡിറ്റേഷൻ കമ്മിറ്റി, ഹൗസിംഗ് കമ്മിറ്റി തുടങ്ങിയ സുപ്രധാന യോഗങ്ങൾ രണ്ടോ മൂന്നോ മിനിറ്റുകൾ കൊണ്ട് ചേർന്നു പിരിയുന്നിടത്ത് വരെയെത്തിയിരിക്കുന്നുവെന്ന് അദ്ദേഹം  ചൂണ്ടിക്കാട്ടി.  കേരള പത്രപ്രവർത്തക യൂനിയൻ നേതൃസ്ഥാനത്തിരിക്കുന്നവർക്ക് പത്ര മാനേജ്‌മെന്റുകളെ കുറിച്ചോ, സർക്കാരിന്റെ നിലപാടിനെ പറ്റിയോ യാതൊരു പരാതിയുമില്ലെന്നായിരിക്കുന്നു. 
മംഗളം വാരിക പ്രചാരത്തിൽ റെക്കോർഡ് സൃഷ്ടിച്ച ഇന്ത്യൻ പ്രസിദ്ധീകരണമാണ്. പതിനഞ്ച് ലക്ഷം കോപ്പികൾ ഓരോ ആഴ്ചയിലും വിൽപനയായത് എൺപതുകളിൽ. മാധ്യമ രംഗത്തെ പ്രവണതകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന റോയി വായനയിലെ ട്രെൻഡുകൾ മാറിവരുമെന്ന അഭിപ്രായക്കാരനായിരുന്നു. പൾപ്പ് മാഗസിനെന്ന്  വിശേഷിപ്പിക്കുന്ന ഇത്തരം പ്രസിദ്ധീകരണങ്ങൾക്ക് കുറച്ചു കാലം വായനക്കാരെ ആകർഷിക്കാനാവും. ഇതേ  സ്‌പെയിസ്  ദൃശ്യമാധ്യമങ്ങളിലെ കണ്ണീർ പരമ്പരകൾ അപഹരിക്കുമെന്ന് നേരത്തേ പ്രവചിക്കാനും അദ്ദേഹത്തിനായി.  കേരളത്തിലെ മിക്കവാറും മാധ്യമ സ്ഥാപനങ്ങളിലെല്ലാം റോയ് സാറിന്റെ ശിഷ്യന്മാരുണ്ട്. 

Latest News