ബംഗളൂരു - രണ്ടു ദിവസത്തെ ഐ.പി.എൽ ലേലം കഴിഞ്ഞപ്പോൾ പല പ്രമുഖ കളിക്കാർക്കും ടീമുകളിൽ ഇടം കിട്ടിയില്ല. ഐ.പി.എൽ ചരിത്രത്തിലെ മികച്ച ബൗളറായി അറിയപ്പെടുന്ന ലസിത് മലിംഗ, കഴിഞ്ഞ സീസണിൽ രണ്ട് സെഞ്ചുറിയടിച്ച ഹാശിം അംല, ഇന്ത്യൻ കളിക്കാരായ ഇശാന്ത് ശർമ, ഇർഫാൻ പഠാൻ എന്നിവരൊക്കെ എടുക്കാചരക്കായി.
എന്നാൽ രണ്ടു പേരുടെ ലേലം ഏറെ കൗതുകം പരത്തി. ഒന്ന്, ആര്യമാൻ ബിർളയാണ്. ബിസിനസ് കുലപതിയും ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാനുമായ കുമാരമംഗലം ബിർളയുടെ മകൻ. രണ്ടാമത്തേത് മായാങ്ക് ദാഗറാണ്. മുൻ ഇന്ത്യൻ ഓപണർ വീരേന്ദർ സെവാഗിന്റെ അനന്തരവൻ. ആര്യമാനെ രാജസ്ഥാൻ റോയൽസ് ടീമിലെടുത്തത് 30 ലക്ഷം രൂപക്കാണ്. അടിസ്ഥാന തുകയെക്കാൾ 10 ലക്ഷം കൂടുതൽ. മായാങ്കിനെ പഞ്ചാബ് കിംഗ്‌സ് ഇലവൻ ലേലത്തിൽ പിടിച്ചത് 20 ലക്ഷം രൂപക്കും. അടിസ്ഥാന തുകക്ക്. പഞ്ചാബ് ടീമിന്റെ ക്രിക്കറ്റ് ഡയരക്ടർ കൂടിയാണ് സെവാഗ്.
ഇരുപതുകാരനായ ആര്യമാന് മധ്യപ്രദേശിനുവേണ്ടി ഒരു മത്സരം കളിച്ച പരിചയമേയുള്ളൂ. രണ്ട് ഇന്നിംഗ്‌സിലായി 22 റൺസാണ് സമ്പാദ്യം. ഇരുപത്തൊന്നുകാരനായ മായാങ്കിനെ ആദ്യ ലേലത്തിൽ ആരും പരിഗണിച്ചിരുന്നില്ല. രണ്ടാമതും പരിഗണനക്ക് വന്നപ്പോൾ പഞ്ചാബ് ടീമിലെത്തി. ഏറ്റവും അവസാനം ലേലത്തിനു വന്നതും മായാങ്കായിരുന്നു. ആര്യമാനെ അപേക്ഷിച്ച് മത്സര പരിചയമുണ്ട് മായാങ്കിന്. മുൻ ഇന്ത്യ അണ്ടർ-19 കളിക്കാരനാണ്. ഹിമാചൽപ്രദേശിനു വേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നത്. 13 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. വെറും 20.8 ആണ് സ്‌ട്രൈക്ക് റൈറ്റ്. 12 വിക്കറ്റെടുത്തിട്ടുണ്ട്.
വലിയ കഴിവില്ലാത്ത, എന്നാൽ പ്രശസ്തരുടെ മക്കളായ കളിക്കാർ ഐ.പി.എൽ ടീമുകളിലെത്തുന്നത് ഇതാദ്യമല്ല. മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവിനെ മുമ്പ് ദൽഹി ഡെയർഡെവിൾസ് ടീമിലുൾപെടുത്തിയിരുന്നു. ഒരിക്കൽപോലും തേജസ്വിക്ക് കളത്തിലിറങ്ങാനായില്ലെന്നത് വേറെ കാര്യം.
ഏറെ ശ്രദ്ധിക്കപ്പെട്ട ലേലം അഫ്ഗാനിസ്ഥാന്റെ പതിനാറുകാരൻ മുജീബ് സദ്‌റാന്റേതാണ്. ഐ.പി.എൽ ടീമിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് മുജീബ്. നേപ്പാളിന്റെ പതിനേഴുകാരൻ സ്പിന്നർ സന്ദീപ് ലാമിചാനെ ദൽഹി ഡെയർഡെവിൾസ് ടീമിലുണ്ട്.
ഏറ്റവും കുറഞ്ഞ കളിക്കാരുള്ള ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. 19 കളിക്കാരെ ടീമിലെടുക്കുമ്പോഴേക്കും അവർക്ക് ചെലവഴിക്കാവുന്ന പണത്തിന്റെ പരിധി (80 കോടി രൂപ) കഴിഞ്ഞു. അതേസമയം 25 കളിക്കാരെ ടീമിലുൾപെടുത്തിയശേഷവും ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ കൈയിൽ ഏഴ് കോടിയോളം രൂപ ബാക്കിയുണ്ടായിരുന്നു. മഹേന്ദ്ര ധോണിയെ ലേലത്തിനു മുമ്പെ ക്യാപ്റ്റനായി നിലനിർത്തിയ അവർ മറ്റൊരു കളിക്കാരനും വലിയ തുക വലിച്ചെറിഞ്ഞില്ല. കേദാർ ജാദവിനാണ് കൂടുതൽ തുക നൽകിയത്, 7.8 കോടി രൂപ.
ഇരുപത്താറുകാരനായ ജയ്‌ദേവ് ഉനാദ്കാത്താണ് ലേലത്തിൽ പോയ ഏറ്റവും വിലപിടിപ്പുള്ള ഇന്ത്യൻ താരം.
ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരയിൽ മാൻ ഓഫ് ദ സീരീസായിരുന്നു ഉനാദ്കാത്. എന്നാൽ ഇന്ത്യൻ കുപ്പായമിടാത്തവരിൽ ഏറ്റവുമധികം തുക കിട്ടിയത് ക്രുനാൽ പാണ്ഡ്യക്കാണ് -മുംബൈ ഇന്ത്യൻസ് ക്രുനാലിനെ ടീമിലെടുത്തത് 8.8 കോടി രൂപക്കാണ്. ക്രുനാലിന്റെ സഹോദരനും ഇന്ത്യൻ ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യയെ നേരത്തെ മുംബൈ നിലനിർത്തിയിരുന്നു, 11 കോടി രൂപക്ക്. ഇന്റർനാഷനൽ അല്ലാത്ത വിദേശ കളിക്കാരിൽ ഏറ്റവുമധികം തുക കിട്ടിയത് ട്രിനിഡാഡ് ഓൾറൗണ്ടർ ജോഫ്ര ആർചർക്കാണ്. രാജസ്ഥാൻ റോയൽസ് നൽകിയത് 7.2 കോടി രൂപ. അതീവ പെയ്‌സും ഒന്നാന്തരം ഫീൽഡിംഗും വഴി ഓസ്‌ട്രേലിയൻ ബിഗ്ബാഷിൽ ശ്രദ്ധാകേന്ദ്രമാണ് ഇരുപത്തിരണ്ടുകാരൻ.






