ഒമാനില്‍ 10 പ്രൊഫഷനുകളില്‍ ആറു മാസത്തേക്ക് വിസാ വിലക്ക്

മസ്‌ക്കത്ത്- ഒമാനില്‍ പത്ത് തൊഴില്‍മേഖലകളില്‍ വിദേശികളെ ജോലിക്കെടുക്കുന്നതിന് വിലക്ക്. ഐടി, സെയില്‍സ്, മാര്‍ക്കറ്റിങ്, അഡ്മിനിസ്ട്രേഷന്‍, എച്ച്.ആര്‍, ഇന്‍ഷുറന്‍സ്, മീഡിയ, എയര്‍പോര്‍ട്ട്, എന്‍ജിനീയറിങ്, ടെക്നിക്കല്‍ എന്നീ പ്രൊഫഷനുകളിലെ പലതരം ജോലികള്‍ക്കാണ് ആറു മാസത്തേക്ക് പ്രവാസികള്‍ക്ക് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വെച്ചത്.
 
മാനവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ഈ കാലയളവില്‍ സ്വകാര്യ കമ്പനികള്‍ക്ക് ഈ 10 വിഭാഗങ്ങളിലും പ്രവാസികളെ പുതുതായി ജോലിക്കെടുക്കാന്‍ സാധിക്കില്ല. അതേസമയം ഈ ഉത്തരവിറങ്ങുന്നതിനു മുമ്പുള്ള റിക്രൂട്ട്മെന്റ് ലൈസന്‍സുകള്‍ക്ക് അതിന്റെ കാലാവധി പൂര്‍ത്തിയാകുന്നതു വരെ സാധുതയുണ്ടാകും.
 
വിസാ വിലക്ക് നിലനില്‍ക്കുന്ന ആറു മാസത്തിനിടെ വിസാ കാലാവധി തീരുന്ന പ്രവാസികളുടെ കാര്യത്തില്‍ അവ്യക്തതയുണ്ട്. തങ്ങളുടെ വിസ പുതുക്കാനാകുമോ എന്നതു സംബന്ധിച്ച് അനിശ്ചിതത്വമുണ്ടെന്ന് പ്രവാസി പ്രതിനിധികള്‍ പറയുന്നു.
ഒമാന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ അവസരം സൃഷ്ടിക്കാനുള്ള സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായാണിത്. ഇത് ഇന്ത്യക്കാരടക്കമുള്ള വിദേശികളെ ബാധിക്കും. ഒമാനി പ്രൊഫഷനലുകളെ കണ്ടെത്തുന്നതില്‍ കമ്പനികള്‍ പലപ്പോഴും ശ്രദ്ധപതിപ്പിക്കാറില്ല. ഇതു വഴി കമ്പനികള്‍ ഒമാനി പ്രൊഫഷണലുകളെ കണ്ടെത്താന്‍ ശ്രമിക്കുമെന്നാണ് പ്രതീക്ഷ- ഒമാന്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ചീഫ് ഇക്കണൊമിസ്്റ്റ് ഫാബിയോ സ്‌കാചിവില്ലാനി പറഞ്ഞു.
ആവശ്യത്തിന് ഒമാനികളെ ജോലിക്കെടുക്കാന്‍ ഈ ആറുമാസം മതിയാവില്ല. എങ്കിലും ഈ ഉത്തരവ് ഫലം ചെയ്യുന്നുണ്ടോ എന്നറിയാന്‍ ഈ കാലയളവ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ വിപണിയിലെ വിടവുകളും പോരായ്മകളും കണ്ടെത്താനും ഇതു സഹായിക്കും. നിലവിലെ എണ്ണ വിലയില്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുകയാണെങ്കില്‍ ഇത്തരമൊരു വിസാ വിലക്കിന്റെ ആവശ്യം വരില്ലെന്നും ഒമാനികള്‍ക്കും പ്രവാസികള്‍ക്കും ഒരു പോലെ തൊഴിലവസരങ്ങളുണ്ടാകുമെന്നും സ്‌കാചിവില്ലാനി പറയുന്നു.
 
 
 

Latest News