Sorry, you need to enable JavaScript to visit this website.

മെസ്സിക്കു ശേഷം  ബാഴ്‌സക്ക് ആദ്യ തോല്‍വി

ബാഴ്‌സലോണ - ലിയണല്‍ മെസ്സി യുഗത്തിനു ശേഷവും സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ പിടിച്ചുനിന്ന ബാഴ്‌സലോണക്ക് യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ കളിയില്‍ തിരിച്ചടി. മുന്‍ ചാമ്പ്യന്മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക് നൗകാമ്പില്‍ 3-0 ന് ബാഴ്‌സലോണയെ തകര്‍ത്തു. തോമസ് മുള്ളര്‍ ആദ്യ ഗോളടിച്ചു. റോബര്‍ട് ലെവന്‍ഡോവ്‌സ്‌കി രണ്ടെണ്ണം നേടി. 
മുപ്പത്തിനാലാം മിനിറ്റിലാണ് എതിരാളികളുടെ തട്ടകത്തില്‍ ബയേണ്‍ സ്‌കോറിംഗ് തുടങ്ങിയത്. ബാഴ്‌സലോണക്കെതിരെ മുള്ളറുടെ ഏഴാം ഗോളാണ് ഇത്. 2020 ല്‍ മെസ്സിയുള്‍പ്പെട്ട ബാഴ്‌സലോണയെ ബയേണ്‍ 8-2 ന് തരിപ്പണമാക്കിയപ്പോള്‍ രണ്ടു ഗോള്‍ മുള്ളറുടെ ബൂട്ടില്‍ നിന്നായിരുന്നു. ഇത്തവണ തുടക്കം മുതല്‍ പ്രതിരോധം ശക്തമാക്കി ഗോള്‍വല കാത്തതിനാലാണ് മറ്റൊരു നാണംകെട്ട തോല്‍വി ഒഴിവായത്. ബയേണിന്റെ പൂര്‍ണ ആധിപത്യം വ്യക്തമാക്കുന്നതല്ല 3-0 ജയം. പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രമായിരുന്നു ബാഴ്‌സലോണ. 56, 85 മിനിറ്റുകളിലായിരുന്നു ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളുകള്‍. രണ്ടു തവണയും പോസ്റ്റിനിടിച്ച് മടങ്ങിവന്ന പന്തുകള്‍ ലെവന്‍ഡോവ്‌സ്‌കി വലയിലെത്തിക്കുകയായിരുന്നു.
 

Latest News