Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുഖംമൂടികളില്ലാത്ത അക്ഷരങ്ങൾ

 

മുഖംമൂടികളില്ലാത്ത അക്ഷരങ്ങൾ

  • ബനസ്‌റീന തങ്കയത്തിൽ

തന്റേതായ ഇടങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോഴുണ്ടാകുന്ന സ്വാഭാവികമായ പ്രതികരണവും അത് നിർമ്മിക്കുന്ന ആത്മസംഘർഷം അസഹനീയമാവുമ്പോൾ ആവിഷ്‌കരിക്കപ്പെടുന്ന പ്രതികാരവുമാണ് പുതിയ കാലത്തിന്റെ സാധ്യതയും വെല്ലുവിളിയും. അങ്ങനെ നോക്കുമ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്ന കാലത്തിന്റെ രേഖപ്പെടുത്തലാണ് ഷാഹിന ഇ.കെയുടെ പുതിയ കഥാസമാഹാരം, ഫാന്റം ബാത്ത്. നിഗൂഢമായ പല ചുഴികൾ എഴുത്തിനിടയിൽ ഒളിപ്പിച്ചുവെച്ചിട്ടും വായനയെ ഒട്ടും സങ്കീർണ്ണമാക്കാതെ കൂടെക്കൊണ്ടുപോവുന്നു എന്നതാണ് കഥാകാരിയുടെ സവിശേഷത. വളച്ചുകെട്ടലുകളില്ലാതെ കാര്യം പറയുമ്പോഴും ഉള്ളുകീറുന്ന ചില കൊളുത്തുകൾ കഥക്കകത്ത് പതുങ്ങിനിൽക്കുന്നുണ്ട്. അതുണ്ടാക്കുന്ന സർഗാത്മകമായ പോറലാണ് ഷാഹിനയുടെ രചനകളെ കാലത്തെ അതിജീവിക്കാൻ കെൽപ്പുള്ളതാക്കി മാറ്റുന്നത്.

പ്രായത്തിനതീതമായി എല്ലാ കാലങ്ങളിലും സ്ത്രീകൾ നേരിടേണ്ടി വരുന്ന മാറ്റമില്ലാത്ത ചില സമരമുഖങ്ങളുണ്ട്. അതിന്റെ തുടർച്ചയെന്നോണം എത്ര വലിച്ചെറിഞ്ഞാലും പൊയ്‌പ്പോവാത്ത എന്തെന്നറിയാത്ത ഒരു ഭയം എല്ലാ പെൺമനസ്സുകളിലും ഉൾച്ചേർന്നിരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പെൺസ്വത്വത്തിന്റെ അത്ര ചെറുതല്ലാത്ത വിഹ്വലതകൾ കഥയ്ക്കുള്ളിൽ പലയിടങ്ങളിയായി ചിതറിക്കിടക്കുന്നത് കാണാം. എന്നിട്ടും പെണ്ണെഴുത്ത് എന്ന ലേബലിനപ്പുറം ഷാഹിന ഈ.കെയുടെ കഥകൾ തീർത്തും മനുഷ്യപക്ഷ രചനയായി വായിക്കപ്പെടുന്നത് ഒരാളുടെ ആന്തരിക സ്വത്വവും അയാളുടെ സാമൂഹിക ജീവിതവും തമ്മിലുള്ള വൈരുദ്ധ്യം വല്ലാത്തൊരു മികവോടെ വരച്ചുകാട്ടുന്നതിനാൽ തന്നെയാണ്.
കഥകൾ നിശബ്ദമായി ചർച്ച ചെയ്യുന്ന മറ്റൊരു പരിസരം കൂടിയുണ്ട്. എല്ലാ കാലത്തുമുള്ള 'ന്യൂ ജനറേഷന്റെ' ഏറ്റവും പുതിയ ജീവിതക്കീറുകളാണത്. അതിന്റെ തള്ളിച്ചയിൽ പിന്നിലാക്കപ്പെട്ട പഴയ തലമുറകളുടെ ഒറ്റ നോട്ടത്തിൽ വികലമെന്ന് തോന്നിപ്പിക്കുന്ന എന്നാൽ അതേ സമയം കൃത്യവുമായ ചില ചിന്താഗതികളും അവതരിപ്പിക്കുന്നുണ്ട്. ഒന്ന് തെറ്റാണെന്നും മറ്റൊന്ന് ശരിയാണെന്നും പറഞ്ഞുറപ്പിക്കുന്നതിന് പകരം ഇരുപക്ഷത്തു നിന്നും നാവുയർത്തുന്ന കഥാകാരി തീരുമാനമെടുക്കുന്നതിനുള്ള മുഴുവൻ സ്വാതന്ത്ര്യവും വായനക്കാർക്ക് നൽകുന്നുണ്ട്. സകല സംഘർഷങ്ങൾക്കപ്പുറമുള്ള സമരസപ്പെടുത്തൽ സംഭവിക്കുന്നത് കഥയ്ക്ക് പുറത്താണ് എന്ന് സാരം.
മനുഷ്യനുള്ള ഇടങ്ങളിലൊക്കെ കാമവും കാമനകളും പ്രണയവും രതിയും കൂടെ പിറക്കുന്നുണ്ട്. അധികാരത്തിന്റെയും കീഴ്‌പ്പെടുത്തലിന്റെയും ഏറ്റവും ശക്തമായ ഉപാധിയെന്ന നിലയ്ക്ക് അതെക്കാലവും പ്രസക്തവുമാണ്. പ്രതികാരത്തിന്റെ തീവ്രതയും പരിഹാസത്തിന്റെ മൂർച്ചയും ചേർത്താണ് കഥാകാരി ജീവകാമനകളെ തന്റേതായ പുതുമയിലേക്ക് കഥാതന്ത്രമായി രൂപപ്പെടുത്തിയിട്ടുള്ളത്. വല്ലാത്തൊരു ഫ്‌ലെക്‌സിബിലിറ്റി ഭാഷയിൽ നിർമ്മിച്ചെടുക്കാൻ കഴിയുന്നതിനാൽ കൂടിയാവണം ഈയൊരു ആവിഷ്‌കരണം സഹൃദയർക്ക് അത്രമേൽ ഹൃദ്യമായിത്തീരുന്നത്.
മനുഷ്യനെന്ന നിലയ്ക്ക് അസ്തിത്വപരമായ സ്വാതന്ത്യത്തിലേക്ക് ഉൾവെളിച്ചം വീശുന്ന കഥകളാണ് 'ഫാന്റം ബാത്തിൽ' ഓരോന്നും. കഥാകാരി ഷാഹിന ഇ.കെയുടെ തന്നെ ഒരു പ്രയോഗം കടമെടുത്തു പറഞ്ഞാൽ 'അടഞ്ഞും തുറന്നും കിടക്കുന്ന ചില കാറ്റു ജാലകങ്ങൾ' പോലെ ഓരോ കഥയും നമ്മളെ പൊള്ളിക്കുകയും കൃത്യമതേയളവിൽ തണുപ്പിക്കുകയും ചെയ്യുന്നു. അത്രേം പരിചിതമായ ചുറ്റുപാടിൽ നിന്ന് കണ്ടെടുക്കുന്ന കാഴ്ചകളൊക്കെ കഥയായി, കഥാപാത്രങ്ങളിലായി കഥാകാരി വീണ്ടെടുക്കുമ്പോൾ വായന തീർത്തും സ്വാഭാവികമായ, എന്നാലത്രമേൽ സ്വകാര്യമായ ഒരനുഭവമായി തീരുന്നു. വായിച്ചാലും വായിച്ചാലും തീരാത്ത അനുഭൂതി ഓരോ കഥയും നമുക്കായി ബോധപൂർവ്വം ബാക്കിവെക്കുന്നു.

ഫാന്റം ബാത്ത് (കഥകൾ)
ഷാഹിന ഇ.കെ
ഗ്രീൻ ബുക്ക്‌സ് ,തൃശ്ശൂർ.
വില 95 രൂപ



 

ഹൃദയബന്ധങ്ങളിലേക്ക് തുറക്കുന്ന ജാലകം

  • സഹ്‌ല ബിൻത് സലാം

സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകൾ കൊണ്ട് സോഷ്യൽ മീഡിയയിലൂടെ മലയാളിമനസ്സിൽ ചെറുതല്ലാത്തൊരു സ്ഥാനം നേടിയെടുത്ത കോഴിക്കോട് സ്വദേശി നജീബ് മൂടാടിയുടെ പ്രഥമ പുസ്തകമാണ് 'പരദേശിയുടെ ജാലകം'.
102 പേജുകളിലായി ഇരുപത് കുറിപ്പുകളടങ്ങിയ ഈ ഗ്രന്ഥം ഒറ്റവാക്യത്തിൽ ആയുസ്സിലെ വസന്തങ്ങൾ മുഴുവനും നാടും വീടും വിട്ടു മറുനാട്ടിൽ കഴിച്ചു കൂട്ടിയവൻറെ ഇട്ടാവട്ടത്തിലുള്ള ജീവിതത്തിൽ നിന്നും വായനക്കാരൻറെ മുൻപിലേക്ക് തുറന്നു വെച്ചൊരു ജാലകമാണ്.
പ്രവാസക്കുറിപ്പുകൾ എന്നു പുറം ചട്ടയിൽ തന്നെ വിശേഷിപ്പിക്കപ്പെട്ട പുസ്തകത്തിലെ ഓർമ്മകളൊക്കെയും കടുകട്ടി സാഹിത്യത്തിൻെറ അതിപ്രസരമില്ലാതെ തന്നെ വായനക്കാരനിലേക്കാഴ്ന്നിറങ്ങുന്ന ഓരോ വേരുകളാണ് .
പല കുറിപ്പുകളും നെഞ്ചിലേൽപ്പിക്കുന്ന പൊള്ളൽ മിഴികളിലേക്കു കൂടി ചൂട് പകരുന്നുണ്ട്. കഴിഞ്ഞു പോയ ഒരു കാലഘട്ടത്തിൻറെ തന്നെ ഓർമ്മപ്പെടുത്തലുകളാവുന്ന പലയിടങ്ങളിലും പതിറ്റാണ്ടുകളായി ജീവിതം കടലിനക്കരെ ഉരുക്കിത്തീർക്കുന്ന പ്രിയപ്പെട്ടവരൊക്കെയും അറിയാതെ നമ്മളിൽ അനുസ്മരിക്കപ്പെടുന്നു.
അതല്ലെങ്കിൽ നോമ്പ് കാലത്തെ നാടോർമ്മകളിൽ സ്വയം മറന്നു വെക്കുന്ന, ഉമ്മയുടെയും പ്രിയപ്പെട്ടവരുടെയും അസാന്നിധ്യങ്ങളിൽ നിശബ്ദരായി നോവുന്ന ഓരോ പ്രവാസിയുടെയും മുഖം വായനക്കാരൻറെ മനസിൽ ആ നേരം തെളിയുന്നു.
വായിക്കുന്ന വരികളൊക്കെയും ഭാവനയുടെ കലർപ്പില്ലാത്ത, ഒരിക്കലൊരാൾ കണ്ടു തീർത്ത ജീവിതങ്ങളുടെയും, ജീവിച്ചു തീർത്ത നാളുകളുടെയും നേർസാക്ഷ്യങ്ങൾ മാത്രമാണെന്ന തിരിച്ചറിവ് ഞെട്ടിച്ചു കൊണ്ടേയിരുന്നു.
പുസ്തകമടച്ചു വെച്ചു കഴിഞ്ഞും മനസ്സിനെ വല്ലാതെ വേട്ടയാടുന്ന നോവുകളിലൊന്നാണ്'മരുഭൂമിയിലെ അമ്മക്കിളി'. പറക്കമുറ്റാത്ത തന്റെ മക്കളെ അവരെ ഭയപ്പെടുത്തുന്ന പിതാവിന്റെയടുക്കൽ തനിച്ചാക്കി ജീവിതം കെട്ടിപ്പടുക്കാൻ കടൽ താണ്ടേണ്ടിവന്ന ഒരമ്മ തീർക്കുന്ന വിങ്ങൽ.
പ്രവാസിക്കൊപ്പം ഉരുകിത്തീരുന്ന അവന്റെ പ്രിയതമയെയും അവളുടെ പോരാട്ടങ്ങളെയും കൂടിയാണ് എഴുത്തുകാരൻ വരികളിൽ കാരുണ്യത്തോടെ വരച്ചു വെച്ചിരിക്കുന്നത്. ഗൾഫുകാരൻെറ ഭാര്യയെന്ന ഓമനപ്പേരിനു ചുവട്ടിലുള്ള അവളുടെ അതിജീവനങ്ങളെയും , ശബ്ദത്തിലൂടെ പോലും ഹൃദയം തുറന്ന ഒന്നു സംസാരിക്കാനാവാതിരുന്ന കാലത്ത് വർഷങ്ങളോളം ഇരുകരകളിൽ കിനാവുകൾ നെയ്തു കഴിഞ്ഞു കൂടിയ രണ്ടു യൗവനങ്ങളുടെ കാത്തിരിപ്പിൻെറ തീവ്രത വിരഹമിറ്റുന്ന ഒരു പ്രണയകവിതയുടെ മനോഹാരിതയോടെയാണ് പകർത്തിവെക്കപ്പെട്ടത്.
ഓർമ്മപ്പഴക്കങ്ങളൊക്കെയും പറഞ്ഞു കഴിഞ്ഞ് കാഴ്ചകൾ മറച്ചുകൊണ്ട് ആ ജാലകം അടക്കപ്പെടുന്നത് പുതിയ കാലത്തെ പ്രവാസത്തിലും ഒറ്റപ്പെട്ടു പോയ രണ്ടു വയസ്സൻ ജന്മങ്ങളെക്കുറിച്ചു പറഞ്ഞു മുറിവേൽപിച്ചു കൊണ്ടാണ്. കുറച്ച് നേരത്തേക്കെങ്കിലും കടലിനക്കരെയും ഇക്കരെയുമായി നാടു വിട്ട് അന്നം തേടിപ്പോയവൻെറ ജീവിതം കണ്ട് അനാഥമായൊരു മരുഭൂമിയുടെ ഓരത്ത് നമ്മൾ തനിച്ചാവുന്നു. വായനക്കൊടുവിൽ കൂടെയിങ്ങിറങ്ങിപ്പോരുന്ന ഒരുപാട് മുഖങ്ങളുള്ള ഈ പുസ്തകം പ്രവാസം കൊണ്ടു പട്ടിണി മാറ്റപ്പെട്ട , ഊട്ടി വളർത്തപ്പെട്ട ഓരോ മലയാളിയും വായിച്ചു കൊള്ളട്ടെ.

പരദേശിയുടെ ജാലകം
നജീബ് മൂടാടി
പെൻഡുലം ബുക്‌സ്


 


മഞ്ഞുതുള്ളിയിലെ മഹാപ്രപഞ്ചം 

  • കബീർ മുഹ്‌സിൻ 

ഊഷരമായ മരുഭൂമിയിൽ പതിറ്റാണ്ടുകളുടെ ഇടവേളകളിൽ പെയ്യുന്ന ഒറ്റത്തുള്ളി മഴയെക്കുറിച്ച് 'മരുമരങ്ങൾ'എന്ന പുസ്തകത്തിൽ മുസഫർ അഹമ്മദ് മനോഹരമായി
വിവരിക്കുന്നുണ്ട്.
മരുഭൂമിയുടെ ആത്മാവറിഞ്ഞ നാടോടികളായ ബദവികൾക്ക് ഈ ഒറ്റത്തുള്ളി മഴയെക്കുറിച്ച് അറിവുണ്ടാകും. അഗാധമായ ധ്യാനത്തിലെന്നവണ്ണം അടർന്ന് പൊടിഞ്ഞ് വീഴാറായ ഖാഫ് മരത്തിൽ ആ ഒറ്റത്തുള്ളി മഴയിൽ ജീവന്റെ തുടിപ്പ് തളിരിലയായ് വിരിയുമത്രേ. ഒരർത്ഥത്തിൽ ഖാഫ് മരം പ്രവാസിയുടെ പ്രതീകമാണ്. വർഷങ്ങൾക്കിടയിൽ വീണുകിട്ടുന്ന അവധികൾക്ക് വേണ്ട് കാത്തിരിക്കുന്ന , അതുകോണ്ട് അതിജീവനത്തിനു ശക്തി നേടുന്നവൻ കൂടിയാണു പ്രവാസി. മരുക്കടലിൽ വഴിതെറ്റി ദാഹിച്ച് വലഞ്ഞവനു ജീവജലം ഇറ്റിറ്റായി മാത്രമേ കൊടുക്കാവൂ, അല്ലെങ്കിൽ വായ പൊള്ളുമത്രേ.അരുവി മോങ്ങം എഴുതിയ 'ഒരിറ്റ്' എന്ന കവിതാ സമാഹാരം ഒറ്റത്തുള്ളി മഴപോലെ, ദാഹിച്ച് വലഞ്ഞവനു വായിലേക്ക് ഇറ്റു വീഴുന്ന ജീവജലമായി 'ഒരിറ്റാ'യി നമ്മിലേക്കെത്തുകയാണ്. 
മറവികൾ ആഘോഷമാക്കുന്ന കാലത്ത് ഓർത്തെടുക്കുക എന്നത് ഒരേസമയം പ്രതിരോധവും പ്രതിഷേധവുമാണ്. അഗാധമായ ഓർമ്മകൾകൊണ്ട്, അനാഥമായിരുന്ന ബാല്യത്തെയും അരക്ഷിതമായിരുന്ന കൗമാരത്തേയും പ്രവാസത്തിന്റെ തീക്ഷണതയിൽ നിന്ന് അരുവി ഓർത്തെടുക്കുന്നു. ഒറ്റയിരുപ്പിൽ വായിച്ച് തീർക്കാവുന്ന തൊണ്ണൂറ്റിയെട്ട് കുഞ്ഞു കവിതകളുടെ സമാഹാരമാണു ' ഒരിറ്റ് '. മൂടു പിഞ്ഞിയ ട്രൗസറും ഓട്ടക്കീശയും കുഴഞ്ഞു വീഴാതിരിക്കാൻ മുറുക്കിയുടുത്ത മുണ്ടും തുപ്പൽ വിഴുങ്ങുന്ന മുത്തശ്ശിയും ജീവിക്കാനുള്ള മരം ചുറ്റലുമൊക്കെ വായനക്കാരനെ ചിന്തിപ്പിക്കും. ജീവിതവും പ്രണയവും മരണവും മാനവികതയും പ്രകൃതിയുമൊക്കെ വിഷയീഭവിക്കുന്ന കവിതകളിൽനിന്ന് ഇറ്റു വീഴുന്ന ദാർശനികതയും ജീവിതവീക്ഷണവും നോവായും ആക്ഷേപഹാസ്യം ചെറു ചിരിയായും വായനക്കാരനിൽ പടർന്ന് കയറും.

'ഭരണിയിലേക്കു നോക്കി 
കണ്ണു തുടക്കുന്നു
തുള വീണക്കുപ്പായക്കീശ
തപ്പിയൊരു ബാലൻ'( മിഠായി )

'മുറുക്കിയുടുത്തത് 
അഴിഞ്ഞു ചാടാതിരിക്കാനല്ല
കുഴഞ്ഞു വീഴാതിരിക്കാനാണ് ' (വിശപ്പ്)

'കുറിപ്പു വന്നു 
നിറയുന്ന കണ്ണുകൾ 
ക്ലാസിനു പുറത്തേക്ക്' (ഫീസ് )
തുടങ്ങിയ കവിതകൾ ബാല്യത്തിൽ താൻ കടന്നുപോയ ദാരിദ്ര്യത്തിന്റെ ഓർമ്മകളിൽ തട്ടി ഇറ്റുവീഴുന്ന വരികൾ തന്നെയാവണം. എന്നാൽ ആ അനുഭവങ്ങൾക്ക് നൈതികതയുടേയും ജൈവികതയുടേയും അടിത്തറയുണ്ടായിരുന്നെന്നും പുതു തലമുറക്ക് അവയൊക്കെ നഷ്ടപ്പെടുന്നുവോ എന്ന ആശങ്കയാണു
'ഒറ്റക്ക് കല്ലെടുക്കുന്നുണ്ട്
മുറ്റത്തൊരു തുമ്പി
ചൂണ്ടു വിരൽ
തോണ്ടിയെടുക്കുന്നുണ്ട്
ടബിലൊരു ബാല്യം' (ന്യൂ ജെൻ)

'സദ്ദാം വന്നിട്ടും 
ഉണ്ണാത്ത കുട്ടി
ഗദ്ദാമ വന്നപ്പോൾ
വാ തുറന്നു' (പരിചരണം)
തുടങ്ങിയ കവിതകൾ പങ്കുവെയ്ക്കുന്നത്. അതോടൊപ്പം മാറിയ കാലത്തിൽ നമ്മിലേറിയ കോലത്തിന്റെ പരിഹാസ്യത പല കവിതകളിലും ചിതറിത്തെറിച്ചുകിടക്കുന്നത് കാണാം. ജീവിതവും പ്രണയവും അതിജീവനവും അരുവിയുടെ കുഞ്ഞു കവിതകളിൽ ആഴത്തിലുള്ള ദാർശനിക ചിന്തയായ് തെളിഞ്ഞൊഴുകുന്നു. പല കവിതകളിലും മരണം നിഴലായ് കടന്നു വരുന്നു. മരണമെന്ന മഹാ സത്യത്തിന്റെ വഴികളും രീതികളും അജ്ഞാതമെന്നപോലെ കവിതകളിലും മരണം കടന്നുവരുന്നു. 'മരണം വന്ന് ജപ്തി ചെയ്യുന്നതിനു മുമ്പ് ജീവിതം കൊണ്ട് അടച്ചു തീർക്കേണ്ട കടമാണ്'(ജനനം) 

'മുത്തഛനോടൊപ്പം
വിതുമ്പുന്നുണ്ട്
മുറ്റത്തൊരു മാവ് '(ആയുസ്)

'അക്കരേക്ക് മാത്രം
ആളെയെടുക്കുന്നു
മരണക്കടവിലൊരു തോണി' (കടവ്)
എന്നിങ്ങനെ മരണമെന്ന ആത്യന്തിക സത്യത്തിന്റെ വിവിധ തലങ്ങളെ ദൃശ്യവൽക്കരിക്കുന്ന മാന്ത്രികത കാണാം.
ഉമ്മയെന്ന വിസ്മയത്തിനു പ്രതിഫലം മക്കൾ മറവികൊണ്ട് തിരിച്ചടക്കുമ്പോൾ 'റബ്ബേ ഇതെന്തൊരു ദുനിയാവ് ' എന്ന പ്രാർത്ഥന ചുടുനിശ്വാസമായ് ഉയർന്ന് 'ഉത്തരമില്ലാത്ത ആത്മഗതമായ് ' വായനക്കാരനിൽ വന്നു പതിക്കുന്നു.
കവിതയുടെ ഓരോ തുള്ളിക്ക് ചുറ്റുമുണ്ട് ഓരോ സാംസ്‌കാരിക പരിസരമെന്ന പി. സുരേന്ദ്രൻ മാഷിന്റെ വാക്കുകൾ അർത്ഥവത്താവുകയാണിവിടെ. തെളിഞ്ഞ അരുവിപോലെ വായനക്കാരന്റെ മനസുകളെ നനയിക്കുന്ന ഓരോ കവിതയുടേയും ആത്മാവറിഞ്ഞ് വരകൾ കൊണ്ട് ജീവനേകിയ വിനീഷ് മുദ്രികയുടെ ചിത്രങ്ങൾ ഈ പുസ്തകത്തിന്റെ അലങ്കാരമാണെന്ന് നിസ്സംശയം പറയാം.

ഒരിറ്റ് 
അരുവി മോങ്ങം
ഡെസ്റ്റിനി ബുക്‌സ്

Latest News