കഴിഞ്ഞ നൂറ്റാണ്ടിലെ അവസാന പാദം വരെ ആരും കരുതിയിരുന്നില്ല ബർലിൻ മതിലിന്റെ തകർച്ച. 1989ൽ അത് സംഭവിച്ചു. രണ്ട് ജർമനികളും ഒന്നായി. മതിലനപ്പുറത്തെ സോഷ്യലിസ്റ്റ് ജർമനിയിൽ നിന്ന് മുതലാളിത്ത ജർമനിയിലേക്ക് ജനം പ്രവഹിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. കിഴക്കൻ യൂറോപ്പിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞു വീശുകയായിരുന്നു. പോളണ്ടിൽ ഒരു വർഷം മുമ്പ് പ്രകടമായതിന്റെ തുടർച്ചയായിരുന്നു അത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പോളണ്ടിൽ പ്രതിപക്ഷ പാർട്ടിയായ സോളിഡാരിറ്റി അധികാരത്തിലേറി. ബൾഗേറിയ, ചെക്കോസ്ലോവാക്യ എന്നീ രാജ്യങ്ങൾ കടന്ന് റുമേനിയ വരെ വിപ്ലവ സുനാമി ആഞ്ഞു വീശി. റുമേനിയയിലെ കമ്യൂണിസ്റ്റ് സ്വേഛാധിപതി ചെഷസ്‌ക്യുവിന്റെ പത്‌നിയുടെ ആഡംബര ജീവിത ഭ്രമം ബൂർഷ്വാ മാധ്യമങ്ങൾ വാർത്തയാക്കി.
കിഴക്കൻ യൂറോപ്പിലെ മാറ്റത്തിന്റെ തുടർച്ചയാണ് രണ്ട് വർഷത്തിന് ശേഷം യു.എസ്.എസ്.ആറിന്റെ തിരോധാനത്തിന് വഴിയൊരുക്കിയത്. 1988 മുതലിങ്ങോട്ടുള്ള വർഷങ്ങളിൽ ഇതെല്ലാം കോഴിക്കോട്ടിരുന്ന് സായാഹ്ന പത്രത്തിന്റെ ലീഡാക്കിയ ഒരു പത്രാധിപരുണ്ടായിരുന്നു. ഇന്നത്തെ പോലെ ഇന്റർനെറ്റും ദൃശ്യ മാധ്യമങ്ങളുമില്ലാത്ത കാലത്ത് അന്താരാഷ്ട്ര സംഭവങ്ങൾ നിരീക്ഷിച്ച് വാർത്തയാക്കുകയെന്നത് സാഹസികമായിരുന്നു. ഉറക്കമിളച്ചിരുന്ന് ബി.ബി.സി കേട്ട് എല്ലാം സ്റ്റോറിയാക്കുന്ന വിംസി എന്ന വി.എം ബാലചന്ദ്രന് ഇതൊന്നും വലിയ കാര്യമായിരുന്നില്ല. മാതൃഭൂമിയിൽ ഡെപ്യൂട്ടി എഡിറ്റായി പിരിഞ്ഞ അദ്ദേഹം കാലിക്കറ്റ് ടൈംസിൽ എഴുതുന്നതിന് വായനക്കാർ ഏറെയായിരുന്നു. പാളയത്തേയും വലിയങ്ങാടിയിലേയും ചുമട്ടു തൊഴിലാളികൾ ഒരു കോപ്പി പത്തും ഇരുപതും പേർ കൈമാറി വായിക്കുന്നത് കണ്ടിട്ടുണ്ട്. പത്രങ്ങളുടെ സ്വാധീനം അത്രയ്‌ക്കേറെയായിരുന്നു. ലോകത്തെ കീഴ്‌മേൽ മറിച്ച ഇന്റർനെറ്റ് യുഗം വന്നിട്ടും പരിക്കേൽക്കാതെ മുന്നേറിയതാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾ. കൂപ്പർ, ഹെലികോപ്റ്റർ, മില്യൻ ദിർഹംസ് എന്നൊക്കെ കേൾക്കുമ്പോൾ വിംസിയുടെ ജേണലിസം ഓർക്കാതിരിക്കുന്നതെങ്ങിനെ?
*** *** ***
പ്രബുദ്ധ കേരളത്തിൽ ഒരു മന്ത്രിപ്പണി ഒഴിവ് വന്നിട്ട് കുറച്ചു കാലമായി. ഷുവർ ഇന്റർവ്യൂ കാർഡ് അയച്ച് തെരഞ്ഞെടുത്ത് ആൾ രാജി വെച്ചൊഴിഞ്ഞു. ചാൻസ് കാർഡ് പല കേന്ദ്രങ്ങളിലേക്കും അയച്ചു തുടങ്ങിയതാണ്. ഗതാഗത സംവിധാനത്തിന്റെ സാരഥിയാവാൻ ആരുമില്ലാതെ പോകുന്നത് കഷ്ടമല്ലേ? കല്യാണം മുടക്കികൾ നാട്ടിൽ പലേടത്തും ശല്യമാവാറുണ്ട്. അതേ പോലെയാണ് ആരെങ്കിലും മന്ത്രിയായി സംസ്ഥാനം പുരോഗമിച്ചോട്ടെ എന്ന് കരുതുമ്പോൾ അത് മുടക്കാനെത്തുന്ന ദുഷ്ടന്മാർ. കോവൂരിലെ കുഞ്ഞിമോൻ എല്ലാം ഉപേക്ഷിച്ച് പിന്മാറുമെന്ന് കരുതി ചരട് വലിച്ചവരെ നിരാശപ്പെടുത്തുന്ന വിധത്തിലാണ് അദ്ദേഹത്തിന്റെ പെർഫോമൻസ്. ഒറ്റ എം.എൽ.എയെ ഉള്ളുവെങ്കിലും ആർ.എസ്.പി കോ.കു വിഭാഗത്തെ കഴിവതും വേഗം എൽ.ഡി.എഫിൽ എടുപ്പിക്കാനാണ് പരിപാടി. എന്നിട്ട് ചുവപ്പ് കൊടിയുള്ള തനി ഇടതുപക്ഷ പാർട്ടിയായ റവല്യുഷണറി പാർട്ടിയ്ക്ക് മന്ത്രി സ്ഥാനം ആവശ്യപ്പെടും. വളരെ നല്ല ആലോചനകൾ. നടക്കട്ടെ. കാൽ നൂറ്റാണ്ടായി എൽ.ഡി.എഫിൽ കയറിക്കൂടാൻ കാത്തിരിക്കുന്ന ഐ.എൻ.എൽ പുഴ മെലിഞ്ഞത് പോലെയായത് കാണാൻ ഇവിടെയാരുമില്ലാതായല്ലോ. കുട്ടനാട് എംഎൽ.എ മന്ത്രിസ്ഥാനം രാജി വെച്ചപ്പോൾ കൊടുത്ത ഒരു ഓഫറുണ്ട്. ആരാണ് ആദ്യം ക്ലീനാവുന്നത് അയാൾക്ക് മന്ത്രി പണി. ഫോൺ കെണിയിൽ കുടങ്ങി സ്ഥാനം ഒഴിഞ്ഞു പോയ ശശീന്ദ്രനും തോമസ് ചാണ്ടിയ്ക്കും ഒരേ പോലെ സാധ്യത. ചാണ്ടി അറിഞ്ഞു കൊണ്ട് കൈയേറിയതല്ലെന്ന ന്യൂസ് കണ്ട് ആശ്വസിച്ചിരുക്കുമ്പോഴതാ കോടതി പരിസരത്ത് പുത്തൻ വെളിപ്പെടുത്തൽ. പൂച്ചക്കുഞ്ഞിനെ പോലെ പതുങ്ങി എത്തിയാണ് മാധ്യമ പ്രവർത്തക ഓർത്തെടുത്ത് കാര്യങ്ങൾ പറഞ്ഞത്.
എ.കെ ശശീന്ദ്രനെതിരെ പരാതിയില്ല. മന്ത്രിയായിരിക്കെ ഓഫീസിൽ വച്ച് തന്നോട് ആരും മോശമായി പെരുമാറിയിട്ടില്ലെന്നും യുവതി കോടതിയിൽ പറഞ്ഞു. ഫോണിലൂടെ അശ്ലീല സംഭാഷണം ഉണ്ടായെങ്കിലും അത് ശശീന്ദ്രനാണോ എന്നുറപ്പില്ലെന്നും യുവതി പറഞ്ഞു. ഫോൺകെണി വിവാദവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിലെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജി മാധ്യമ പ്രവർത്തക പിൻവലിച്ചിരുന്നു. കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട ഒരു വാർത്തയിൽ പ്രതികരണം തേടിയെത്തിയ ചാനൽ പ്രവർത്തകയായ തന്നോട് മന്ത്രിയായിരുന്ന ശശീന്ദ്രൻ മോശമായി പെരുമാറിയെന്നും അശ്ലീല പദപ്രയോഗം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി. പിന്നീട് ഫോൺ വിളിച്ചും മോശമായി സംസാരിച്ചെന്ന് ആരോപിച്ചിരുന്നു. തിരുവനന്തപുരം സി.ജെ.എം കോടതിയിൽ യുവതി നൽകിയ പരാതിയിലാണ് കേസെടുത്തത്. ഈ കേസിൽ വിധി വന്നതോടെ ട്രാൻസ്‌പോർട്ടിന് കോഴിക്കോട് ജില്ലയിൽ നിന്ന് മന്ത്രിയുണ്ടാവുമെന്ന് സ്വപ്‌നം കണ്ടിരിക്കാം. ബാലുശ്ശേരി-തിരുവനന്തപുരം മിന്നൽ സർവീസ് വരട്ടെ.
*** *** ***
പത്രക്കാരുടെ സാന്നിധ്യം ആവശ്യമില്ലാത്ത ഇടത്തേക്ക് ഇരച്ചു കയറിയപ്പോൾ കടക്ക് പുറത്ത് എന്ന് മുഖ്യമന്ത്രി പറഞ്ഞത് ലൈവായി നിലനിർത്താനാണ് മാധ്യമങ്ങൾക്ക് താൽപര്യം. ഇത്തരം കമാന്റുകൾ അത്യാവശ്യമായി വരുന്ന സാഹചര്യങ്ങൾ ഏറിവരികയാണ്. തൃശൂരിൽ നടി ഭാവനയും നവീനും വിവാഹിതരായപ്പോൾ ക്ഷണിക്കാതെ എത്തിയ വീഡിയോ ക്യാമറകളും സ്റ്റിൽ ക്യാമറകളും അലോസരം സൃഷ്ടിച്ചു. കല്യാണം ക്യാമറയിൽ പകർത്താനെത്തിയവരെ നിരാശരാക്കാതെ ഭാവനയും നവീനും ഫോട്ടോഗ്രാഫർക്ക് മുന്നിൽ കുറച്ച് നേരം നിന്നു. മൈക്കുമായി എത്തിയ മാധ്യമ പ്രവർത്തകരോട് നിസ്സംഗതയോടെ ഭാവന 'നന്ദി' എന്ന് മാത്രം പറഞ്ഞു. നവീൻ ഒന്നും മിണ്ടിയതുമില്ല. സ്വകാര്യമായി നടത്തിയ ചടങ്ങിൽ ചാനൽ ക്യാമറകളും ഫോട്ടോഗ്രാഫർമാരും ഇടിച്ചു കയറിയതിന്റെ അസ്വസ്ഥത ഇരുവരുടെയും മുഖത്ത് പ്രകടമായിരുന്നു.
തിരുവമ്പാടി ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹത്തിനു ശേഷം നടി ഭാവനയും ഭർത്താവ് നവീനും മാധ്യമങ്ങളെ കണ്ടു. ലളിതമായ ചടങ്ങിൽ ഇരുവരുടെയും കുടുംബത്തിലെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ലുലു കൺവൻഷൻ സെന്ററിൽ നടക്കാനിരിക്കുന്ന റിസപ്ഷനിൽ സിനിമാ മേഖലയിലെ പല പ്രമുഖരേയും ക്ഷണിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ലൈവ് കമന്ററി നൽകുന്ന കാര്യത്തിൽ മാതൃഭൂമി ന്യൂസ്, മനോരമ, ഏഷ്യാനെറ്റ് എന്നീ ചാനലുകൾ കാര്യമായി മത്സരിച്ചു.
ഇതേ വാരത്തിൽ തമിഴ് ചാനലുകളിലും ഒരു വിവാഹ വാർത്ത സ്ഥാനം പിടിച്ചു.
താരപരിവേഷമില്ലാതെ സൂര്യയും കുടുംബവും ജോലിക്കാരന്റെ വിവാഹത്തിൽ പങ്കെടുത്തതാണ് അയലത്ത് വാർത്തയായത്. സൂപ്പർ ഹീറോ ആണെങ്കിലും സാധാരണക്കാരിൽ സാധാരണക്കാരനായാണ് സൂര്യ ചടങ്ങുകളിലെത്തുക. സൂപ്പർ ഹീറോ എന്നതിനൊപ്പം മാന്യനും, മാതൃകയായ കുടുംബ നാഥൻ എന്ന നിലയിലും സൂര്യയെ ഫാൻസിന് അറിയാം. സൂര്യയാണ് വരന് താലി കൈമാറിയത്. വിവാഹത്തിനുള്ള സാമ്പത്തിക സഹായം നൽകിയതും സൂര്യയും കുടുംബവുമായിരുന്നു.
*** *** ***
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈയിടെ ഏറ്റവും മോശം മാധ്യമങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ടെലിവിഷൻ കാണുകയും പത്രം വായിക്കുകയും ചെയ്യുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട മാധ്യമങ്ങളായ സിഎൻഎൻ, വാഷിംഗ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ് എന്നിവയാണ് ട്രംപേട്ടന് ഏറ്റവും കെട്ടതാവുക എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിന്റെ ചൂട് മാറുന്നതിന് മുമ്പ് ട്രംപിന് പണി കിട്ടി.
ഡൊണാൾഡ് ട്രംപ് അധികാരത്തിലേറി ഒരു വർഷം പൂർത്തിയാകുമ്പോൾ അമേരിക്ക സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. ഡെമോക്രാറ്റുകൾ സഹായിച്ച് പ്രശ്‌നത്തിന് താൽക്കാലിക പരിഹാരമായെങ്കിലും സമ്പദ്ഘടനയ്ക്ക് ഭീഷണി വിട്ടു മാറുന്നില്ല. അഞ്ച് വർഷത്തിനിടെ അഞ്ച് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് അമേരിക്കൻ ഖജനാവ് പൂട്ടേണ്ടി വരുന്നത്. ബരാക്ക് ഒബാമ അമേരിക്കൻ പ്രസിഡന്റ് ആയിരുന്നപ്പോൾ, 2013 ൽ സമാനമായ രീതിയിൽ ട്രഷറി പൂട്ടിയിടേണ്ടി വന്നിരുന്നു. അന്ന് 16 ദിവസമായിരുന്നു ട്രഷറി പൂട്ടിയിട്ടത്‌യു.എസ് ഡോളറിനെന്ത് സംഭവിച്ചാലും അതിന്റെ പ്രത്യാഘാതം ലോകം മുഴുവൻ അനുഭവിക്കേണ്ടി വരും. വികസന കാര്യത്തിൽ ട്രംപ് പിന്തുടരുന്നത് മോഡിയുടെ പാതയാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതെല്ലാം ഓർത്തു വെച്ച് ട്രോളുന്നവർക്ക് ഇതൊരു പണിയായി.
സിനിമയിൽ ഫോക്കസ് ഇല്ലാതായിപ്പോയി എന്നു തോന്നിയ കാലഘട്ടമുണ്ടായിരുന്നു. അത് എനിയ്‌ക്കൊരു പേഴ്‌സണൽ ലൈഫ് ഇല്ലാത്തതിനാലാണ് ഇതെന്ന തോന്നലുണ്ടായി. മുഴുവൻ സമയം സിനിമയുടെ തിരക്കിലായിരുന്നു. 2013 ൽ 13 സിനിമകൾ ചെയ്തു. നസ്രിയ എന്റെ ജീവിതത്തിലേക്ക് വന്നപ്പോൾ എല്ലാം ബാലൻസ് ആയി. താൽപര്യമില്ലെങ്കിൽ ആർക്കു വേണ്ടിയാണെങ്കിൽ പോലും സിനിമ ചെയ്യേണ്ടെന്ന് നസ്രിയ പറയും. അതാണ് അവളുടെ ഗുണം. നിരവധി വലിയ പ്രോജക്ടുകൾ ഇങ്ങനെ ഞാൻ വേണ്ടെന്നു വച്ചിട്ടുണ്ട്. ഇഷ്ടമല്ലെങ്കിൽ ചെയ്യണ്ട, പക്ഷേ അത് ആ സിനിമയുടെ സംവിധായകനോട് തുറന്നുപറയണമെന്ന് നസ്രിയ പറയും.
അത്രയും സപ്പോർട്ട് നൽകുന്ന ഒരാൾ വീട്ടിലുള്ളപ്പോൾ എന്റെ ജോലി വളരെ എളുപ്പമാകുന്നു. നസ്രിയ അത് എൻജോയ് ചെയ്യുന്നില്ലെങ്കിൽ സിനിമ ചെയ്യേണ്ടെന്ന് ഞാൻ പറയുമായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ജോലി ചെയ്യാൻ അവൾക്കും ഇഷ്ടമാണ്. എനിക്കും എന്റെ കുടുംബത്തിനും എല്ലാം തന്നത് സിനിമയാണ്. അതുകൊണ്ട് തന്നെ ജീവിതകാലം മുഴുവൻ ഈ പ്രൊഫഷനോട് ഞാൻ കടപ്പെട്ടിരിക്കും. ഞാൻ അമേരിക്കയിൽ നിന്ന് പഠിത്തം നിർത്തി ഇവിടെ വന്നത് സിനിമ ചെയ്യാനല്ല. എന്റെ ഗ്രാൻഡ് മദറിന്റെ അടക്കിന് വേണ്ടി എത്തിയതാണ്. പിന്നെ ഇവിടെ നിന്നു. ചിലപ്പോൾ ഞാൻ ഇനിയും പോകുമായിരിക്കും. ഒട്ടും പ്രൊഫഷനൽ അല്ല ഞാൻ. കാർബൺ സിനിമയുടെ ഷൂട്ടിങിനിടെ തന്നെ വേണു ചേട്ടനെ വിളിച്ച് ഷൂട്ട് ഒന്നുമാറ്റിവെക്കാമോ എന്നു ചോദിക്കുമായിരുന്നു. പ്രൊഫഷനലായി ജോലി ചെയ്യാൻ അറിയില്ല. ചെയ്യുന്ന കാര്യം ഇഷ്ടപ്പെട്ട് ചെയ്യുന്നു.
*** *** ***
കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണൂർ മോഡൽ ആവിഷ്‌കരിക്കുന്ന 'ഈട' എന്ന സിനിമയ്ക്കു കണ്ണൂരിൽ അപ്രഖ്യാപിത വിലക്ക്. ഇടതുരാഷ്ട്രീയത്തെ ചോദ്യംചെയ്യുന്നെന്ന വിമർശനമുയർത്തി െസെബർ ലോകത്തും ആക്രമണം. സംഘപരിവാർ സംഘടനകളുടെ എതിർപ്പിനെത്തുടർന്നു വിവാദത്തിലായ ബോളിവുഡ് സിനിമ 'പദ്മാവതി'യുടെ റിലീസിങ്ങിനു സംരക്ഷണം നൽകുമെന്നു വ്യക്തമാക്കിയ ഡി.െവെ.എഫ്.ഐ. അണികളിൽനിന്നാണ് ബി. അജിത്കുമാർ സംവിധാനം ചെയ്ത 'ഈട'യ്ക്ക് എതിർപ്പുകളേറെയെന്നതാണ് വിചിത്രം. മുമ്പ് അരുൺ കുമാർ അരവിന്ദിന്റെ സംവിധാനത്തിലിറങ്ങിയ 'ലെഫ്റ്റ് െറെറ്റ് ലെഫ്റ്റി'നും സമാനമായ എതിർപ്പു നേരിടേണ്ടിവന്നിരുന്നു.
ജീവിച്ചിരിക്കുന്നവരുമായി സാദൃശ്യമുണ്ടെന്നുകാട്ടിയായിരുന്നു 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി'നു വിലക്കെങ്കിൽ സംഘപരിവാർ വലതുപക്ഷത്തോട് മൃദു സമീപനം സ്വീകരിക്കുന്നെന്ന വിമർശനമാണ് ''ഈട''യ്‌ക്കെതിരേ ഉയർത്തുന്നത്. ആദ്യം മികച്ച സിനിമയെന്നു സി.പി.എം. മുഖപത്രത്തിന്റെ ഓൺെലെനിൽ ആസ്വാദനക്കുറിപ്പുവന്നതിനുശേഷമാണ് കണ്ണൂരിൽ ഇവിടെ എന്ന് അർഥമുള്ള 'ഈട'യ്‌ക്കെതിരേ സഖാക്കൾ കൂട്ടത്തോടെ രംഗത്തെത്തിയത്. അതിഭാവുകത്വമോ വികലമായ ജ്ഞാനമോ മുഴച്ചുനിൽക്കാതെ ഈട തുറന്നുവയ്ക്കുന്നത് മറ്റൊരു മുഖമാണ് എന്നായിരുന്നു ആദ്യത്തെ പുകഴ്ത്തൽ. പാർട്ടിക്കെതിരേ വിമർശനത്തിന്റെ സാധ്യതകൾ തുറന്നുവയ്ക്കുന്ന ചിത്രം ജനശ്രദ്ധയാകർഷിച്ചു തുടങ്ങിയതോടെ നിലപാട് മാറ്റുകയായിരുന്നു.