അപസർപ്പക കഥകളുടെ ആചാര്യൻ കോട്ടയം പുഷ്പനാഥ്‌

അക്കാലത്ത് രാവിലെ 7 മണി മുതൽ രാത്രി 11 - 12 വരെയൊക്കെ ഇടതടവില്ലാതെ എഴുതുമായിരുന്നു. ഒരു മുറിയിൽ മൂന്നു പേരെ ഇരുത്തി ഒരേ സമയം വ്യത്യസ്ത കുറ്റാന്വേഷണ നോവൽ ഭാഗങ്ങൾ അവർക്കു പറഞ്ഞു കൊടുത്ത് എഴുതിക്കുന്ന രീതിയും ഞാൻ പരീക്ഷിച്ചിട്ടുണ്ട്.  കാരണം വീടിന് വെളിയിൽ വാരികകളിൽ നിന്നുള്ള ആളുകൾ ആ ആഴ്ചത്തെ അവരുടെ നോവലിന്റെ അധ്യായം വാങ്ങാനായി  കാത്തു നിൽക്കുന്നുണ്ടാകും. അവരെ നിരാശപ്പെടുത്തി അയക്കാൻ ഞാനിഷ്ടപ്പെട്ടിരുന്നില്ല.  

അറുപതുകളുടെ അന്ത്യപാദത്തിലാണ്. കോട്ടയത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന മനോരാജ്യം വാരിക' അതിന്റെ പ്രചാരം ഇടിഞ്ഞ് ഒരു വലിയ പ്രതിസന്ധിയെ നേരിടുന്നകാലം. വാരിക അടച്ചു പൂട്ടേണ്ടി വരുമോ എന്നു പോലും മാനേജ്‌മെന്റ് ഭയന്നു. രക്ഷപ്പെടാൻ ഒറ്റവഴിയേ ഉള്ളൂ. വാരികയുടെ സർക്കുലേഷൻ വർധിപ്പിക്കുക. അതിനെന്തു ചെയ്യണം എന്നാലോചിച്ച് തലപുണ്ണാക്കി കൊണ്ടിരുന്ന മാനേജ്‌മെന്റിന് മുന്നിലേക്ക് അന്നത്തെ ജനകീയ എഴുത്തുകാരിൽ പ്രമുഖനായിരുന്ന കാനം ഇ.ജെ ഒരഭിപ്രായം വെച്ചു- വാരികയിൽ ഒരു കുറ്റാന്വേഷണ നോവൽ ആരംഭിച്ചാലോ? എന്നാൽ മാനേജ്‌മെന്റ് ആ അഭിപ്രായം ഒറ്റയടിക്ക് തള്ളിക്കളഞ്ഞു. പക്ഷെ, ഫലപ്രദമായ ഒരു പോംവഴി അവർക്ക് കണ്ടെത്താൻ കഴിഞ്ഞതുമില്ല. അതുകൊണ്ടു തന്നെ കാനത്തിന്റെ അഭിപ്രായം ഒരു പരീക്ഷണാർഥം സ്വീകരിക്കാൻ അവസാനം അവർ നിർബന്ധിതരായി.
അതെന്തായാലും, കുറ്റാന്വേഷണ എഴുത്തുകാരനെ തേടിപ്പിടിക്കേണ്ട ചുമതലയും അവർ കാനത്തിന്റെ തലയിൽ തന്നെ കെട്ടിവച്ചു. ധൈര്യപൂർവം അതേറ്റെടുക്കുമ്പോൾ അന്ന് കുട്ടനാട്ടിലെ ചമ്പക്കുളത്തുള്ള ബി കെ എം ബുക്ക് ഡിപ്പോ എന്ന പുസ്തക പ്രസാധകർ ഇറക്കിയിരുന്ന 'ഡിറ്റക്ടർ' മാസികയിൽ പതിവായി കുറ്റാന്വേഷണ കഥകൾ എഴുതിയിരുന്ന ഒരു കഥാകാരനായിരുന്നു കാനത്തിന്റെ മനസ്സിൽ. പാശ്ചാത്യ സാഹിത്യ ലോകത്ത് ഏറെ വായനക്കാരെ നേടിയ കുറ്റാന്വേഷണ കഥകളുടെ ചുവടു പിടിച്ച് അയാളെഴുതുന്ന കഥകളുടെ ഇഞ്ചോടിഞ്ച് ആകാംക്ഷയും ആവേശവും ജനിപ്പിക്കുന്ന എഴുത്ത് രീതി ഒരു വായനക്കാരൻ എന്ന നിലയിൽ അദ്ദേഹത്തെ വല്ലാതെ ആകർഷിച്ചിരുന്നു.
ഡിറ്റക്ടർ മാസികയിൽനിന്നും വിലാസവും വാങ്ങി കാനം കഥാകാരനെ തേടിയിറങ്ങി. ആളെ കണ്ടപ്പോൾ ആദ്യം അമ്പരന്നു. ഒരു കൊച്ചു പയ്യൻ! ഇവനാണോ വായനക്കാരെ ആകാംക്ഷയുടെ കുന്തമുനയിൽ നിർത്തുന്ന കുറ്റാന്വേഷണ കഥകൾ എഴുതുന്നത് എന്ന് ഒരു നിമിഷം സംശയിക്കുകയും ചെയ്തു. അതെന്തായാലും സംശയവും അമ്പരപ്പും മാറ്റിവച്ച് ആവശ്യം അറിയിച്ചു - മനോരാജ്യം വാരികയിലേക്ക് ഒരു കുറ്റാന്വേഷണ നോവൽ വേണം. തരാം'-രണ്ടാമതൊന്നാലോചിക്കാതെ പയ്യന്റെ മറുപടി. എങ്കിൽ വാരികയിൽ അനൗൺസ് ചെയ്യാൻ ഒരാഴ്ചക്കകം നോവലിന്റെ പേര് തരണം എന്ന് കാനം ആവശ്യപ്പെട്ടു. അദ്ദേഹത്തെ അതിശയിപ്പിച്ചുകൊണ്ട് പയ്യന്റെ മറുപടി ഉടൻ വന്നു- എന്തിന് ഒരാഴ്ച കാത്തിരിക്കണം? പേര്, ഇതാ ഇപ്പോൾ തന്നെ പിടിച്ചോ -'ചുവന്ന മനുഷ്യൻ. പിന്നീടൊരു മൂന്നു മൂന്നര പതിറ്റാണ്ടു കാലം മലയാള കുറ്റാന്വേഷണ സാഹിത്യലോകത്തെ അടക്കിവാണ 'കോട്ടയം പുഷ്പനാഥ്' എന്ന എഴുത്തുകാരന്റെ താരോദയമായിരുന്നു അത്.
1968 ലാണ് മനോരാജ്യം വാരികയിൽ ചുവന്ന മനുഷ്യൻ പ്രസിദ്ധീകരിച്ചു വരുന്നത്. മലയാള കുറ്റാന്വേഷണ സാഹിത്യ ചരിത്രത്തിൽ അതൊരു നാഴികക്കല്ലായി മാറി. വായനക്കാർക്കത് ആഹ്ലാദവും വിസ്മയവും ജനിപ്പിക്കുന്ന പുതിയൊരു വായനാനുഭവമായി. ഓരോ ആഴ്ചയും വാരിക ഇറങ്ങുന്നതും കാത്ത് അവർ അക്ഷമരായി ഇരുന്നു. വാരിക വിപണിയിലെത്തുമ്പോഴേക്കും ചൂടപ്പം പോലെ വിറ്റഴിഞ്ഞു. വാരിക ആവശ്യാനുസരണം കിട്ടുന്നില്ലെന്ന പരാതി വായനക്കാരുടെ ഭാഗത്തു നിന്നുണ്ടായപ്പോൾ വാങ്ങുന്ന കോപ്പികളുടെ എണ്ണം കൂട്ടാൻ ഏജന്റുമാർ നിർബന്ധിതരായി. അതിന്റെ ഗുണം     മനോരാജ്യത്തിനുണ്ടായി. ചുരുങ്ങിയ ആഴ്ചകൾ കൊണ്ട് വാരികയുടെ വിൽപ്പന വാണം പോലെ കുതിച്ചുയർന്നു. പി. പുഷ്പനാഥൻ പിള്ള എന്ന കോട്ടയം പുഷ്പനാഥ് തന്റെ പ്രഥമ കുറ്റാന്വേഷണ നോവലിലൂടെ ഒരു വാരികയുടെ തലവര തന്നെ മാറ്റിയെഴുതുകയായിരുന്നു; ഒപ്പം മലയാളിയുടെ വായനാ ശീലത്തെയും.
ആദ്യ നോവൽ കോട്ടയം പുഷ്പനാഥ് എന്ന എഴുത്തുകാരന്റെ ജീവിതവും മാറ്റിമറിച്ചു. അദ്ദേഹത്തിന് പിന്നെ നിന്നു തിരിയാനാകാത്തവിധം തിരക്കിന്റെ നാളുകളായിരുന്നു. ചുവന്ന മനുഷ്യൻ പ്രസിദ്ധീകരണത്തിന്റെ പാതിവഴി പിന്നിടുമ്പോൾ തന്നെ മനോരാജ്യം അദ്ദേഹത്തിന് അടുത്ത നോവലിനുള്ള അഡ്വാൻസ് നൽകി. 'ഫറവോന്റെ മരണമുറി' എന്ന നോവലിന്റെ പരസ്യവുമായാണ് വാരികയുടെ തുടർലക്കങ്ങൾ വിപണിയിൽ പ്രത്യക്ഷപ്പെട്ടത്. താമസിയാതെ മനോരമ ആഴ്ചപ്പതിപ്പ് അദ്ദേഹത്തോട് ഒരു നോവൽ ആവശ്യപ്പെട്ടു. ''പാരലൽ റോഡ്' എന്ന നോവൽ അങ്ങനെ എഴുതിയതാണ്. തുടർന്ന് കാമ്പിശ്ശേരി കരുണാകരൻ പത്രാധിപരായിരുന്ന ജനയുഗം വാരികയും അദ്ദേഹത്തിന്റെ നോവൽ പ്രസിദ്ധീകരിച്ചു-ഡയൽ 00003. കേരളത്തിൽ അന്നുണ്ടായിരുന്ന ജനകീയ വാരികകളെല്ലാം തന്നെ കുറ്റാന്വേഷണ നോവലിനായി അദ്ദേഹത്തിന്റെ വീട്ടു പടിക്കൽ കാവൽ നിൽക്കുന്ന അതിശയകരമായ കാഴ്ചയാണ് പിന്നെ കണ്ടത്. കോട്ടയം പുഷ്പനാഥിന്റെ നോവലുകൾ ക്ക് വമ്പിച്ച വായനക്കാരുണ്ടെന്ന തിരിച്ചറിവായിരുന്നു അതിനു കാരണം.
മലയാളിയുടെ വായനാ സങ്കൽപ്പങ്ങളെ അടിമുടി പുതുക്കിപ്പണിത് കൊണ്ട് എഴുത്തു ലോകത്ത് വിസ്മയമായി കോട്ടയം പുഷ്പനാഥ് വളർന്നു. മനുഷ്യ മനസിന്റെ അതിരുകളില്ലാത്ത ആകാംക്ഷയ്ക്ക് അക്ഷരങ്ങളിലൂടെ അതിശയിപ്പിക്കുന്ന ആഖ്യാനം നൽകുക വഴി മലയാളികളുടെ ഒന്നിലധികം തലമുറകളെ വായനയോട് അതി ഗാഢമായി അടുപ്പിച്ചുനിർത്തിയ അദ്ദേഹം, തന്റെ രചനയെക്കുറിച്ച് മനസ്സ് തുറക്കുന്നു. 

വായനക്കാരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന കുറ്റാന്വേഷണ കഥകൾ എഴുതിത്തുടങ്ങിയ പശ്ചാത്തലം? 

കോട്ടയം എം ഡി സെമിനാരി ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്താണ് ഞാൻ പാശ്ചാത്യകുറ്റാന്വേഷണ കൃതികൾ പ്രത്യേകിച്ചും ഷെർലക് ഹോംസ് കഥകളും മറ്റും വായിക്കുന്നത്. അന്ന് ഞങ്ങളെ പഠിപ്പിച്ചിരുന്ന ഐപ്പ് സാറുടെ പ്രേരണയിലായിരുന്നു അത്. ആ വായനയുടെ ബലത്തിൽ 12-ാം വയസിൽ ഞാൻ ആദ്യ കഥയെഴുതി-തിരമാല. ഒരു സാധാരണ കഥ. തുടർന്ന് കുറേ കഥകളെഴുതി പ്രസിദ്ധീകരിച്ചെങ്കിലും ഒന്നും എനിക്കു തന്നെ തൃപ്തികരങ്ങളായിരുന്നില്ല. വായനക്കാർക്കായി വ്യത്യസ്തവും പുതുമയുള്ളതുമായ എന്തെങ്കിലും എഴുതണമെന്ന ചിന്ത മനസിൽ കലശലായി. 'ഡിറ്റക്ടർ' മാസികയിൽ ചെറിയ കുറ്റാന്വേഷ കഥകൾ എഴുതിയപ്പോൾ അതിന് ധാരാളം വായനക്കാരെ കിട്ടി. അതോടെ ഇതാണ് എന്റെ മേഖല എന്നു ഞാനുറപ്പിക്കുകയായിരുന്നു.

മലയാളികളുടെ വായനാ സംസ്‌കാരത്തിൽ വിപ്ലവകരമായ മാറ്റത്തിന്റെ വിത്തു വിതച്ച ചുവന്ന മനുഷ്യൻ എന്ന നോവലിന്റെ പിറവിക്കു പിന്നിലെ പ്രചോദനം എന്തായിരുന്നു?

സാഹചര്യങ്ങളുടെ സമ്മർദ്ദമാണ് എഴുതാൻ എനിക്കെന്നും പ്രചോദനം. ആരെങ്കിലും നിർബന്ധിച്ചില്ലെങ്കിൽ ഞാനൊന്നും എഴുതാറില്ല. വിദേശ പത്രങ്ങളിലും ശാസ്ത്ര മാസികകളിലും മറ്റും ബ്രെയിൻ ട്രാൻസ്പ്ലാന്റേഷനെ കുറിച്ച് വാർത്തകൾ വരുന്ന കാലം. ശാസ്ത്രം, മനുഷ്യ പുരോഗതിക്കായി നടത്തുന്ന കണ്ടുപിടുത്തങ്ങൾ കുറ്റവാസനയുള്ള ബുദ്ധിരാക്ഷസന്മാരുടെ കൈകളിലകപ്പെട്ടാൽ എന്തു സംഭവിക്കുമെന്ന സാധ്യത മുൻനിർത്തി ഒരു നോവലിന്റെ പ്ലോട്ട് ചുവന്ന മനുഷ്യൻ എന്ന പേരിൽ മനസിലങ്ങനെ രൂപം കൊണ്ടുവന്നിരുന്നു. അപ്പൊഴാണ് മനോരാജ്യം വാരികയ്ക്കു വേണ്ടി നോവലിസ്റ്റ് കാനം ഒരു കുറ്റാന്വേഷണ നോവൽ ആവശ്യപ്പെടുന്നത്. ചുവന്ന മനുഷ്യൻ എന്ന പേര് പെട്ടെന്ന് അദ്ദേഹത്തിന് നൽകാനും തുടർന്ന് നോവൽ എഴുതാനും തുടങ്ങുന്നത് അങ്ങനെയാണ്. ആദ്യം, മൂന്ന് അധ്യായങ്ങൾ മാത്രമാണ് എഴുതി കൊടുത്തത്. ബാക്കി അധ്യായങ്ങൾ ആഴ്ചയിൽ എഴുതി ന ൽകുകയായിരുന്നു. കൂട്ടത്തിൽ പറയട്ടെ, മുഴുവനായും എഴുതിതീർത്ത ഒരു നോവൽ ഒരിക്കലും ഒരു വാരികയ്ക്കും ഞാൻ നൽകിയിട്ടില്ല. ആദ്യം പേര് പറഞ്ഞു കൊടുക്കും. പിന്നെ ആഴ്ചയിൽ ഒന്നോ രണ്ടോ അധ്യായങ്ങളായി എഴുതി കൊടുക്കുകയാണ് പതിവ്.

കേരളത്തിലെ ജനകീയ വാരികകൾ അവയുടെ സുവർണകാലം ആ ഘോഷിച്ചിരുന്ന ഒരു വേളയിൽ താങ്കളുടെ നോവലുകൾ അവയിലെല്ലാം അവിഭാജ്യ ഘടകമായിരുന്നു. ആഴ്ചതോറും പല വാരികകളിലും എഴുതേണ്ടി വരുമ്പോൾ എഴുതുന്നതെന്തായാലും അതിന്റെ ഗുണമേൻമയിൽ അത്രമേൽ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നോ?

എന്റെ എഴുത്തിന്റെ ഒരു പൂക്കാലത്ത് ആഴ്ചയിൽ പതിനൊന്ന് വാരികകൾക്കു വരെ നോവലുകൾ എഴുതിയിരുന്നു. കോട്ടയം പുഷ്പനാഥ് എന്ന പേര് കൂടാതെ തൈമൂർ എന്ന തൂലികാ നാമത്തിലും ചില വാരികകളിൽ എനിക്ക് എഴുതേണ്ടി വന്നിട്ടുണ്ട്. അന്ന് ഞാൻ ഭൂമിശാസ്ത്രവും സാമൂഹ്യ പാഠവും പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു. എഴുത്തിന്റെ സമ്മർദ്ദം ഏറിവരി കയും ഏറ്റെടുത്ത എഴുത്തു പണികൾ കൃത്യസമയത്തിന് തീർത്തു നൽകാൻ കഴിയില്ലെന്നു ബോധ്യമാവുകയും ചെയ്തപ്പോൾ ഞാൻ ജോലിയിൽ നി ന്നും വോളന്ററി റിട്ടയർമെന്റ് എടുത്തു. അക്കാലത്ത് രാവിലെ 7 മണി മുതൽ രാത്രി 11 - 12 വരെയൊക്കെ ഇടതടവില്ലാതെ എഴുതുമായിരുന്നു. ഒരു മുറിയിൽ മൂന്നു പേരെ ഇരുത്തി ഒരേ സമയം വ്യത്യസ്ത കുറ്റാന്വേഷണ നോവ ൽ ഭാഗങ്ങൾ അവർക്കു പറഞ്ഞു കൊടുത്ത് എഴുതിക്കുന്ന രീതിയും ഞാൻ പരീക്ഷിച്ചിട്ടുണ്ട്. കാരണം വീടിന് വെളിയിൽ വാരികകളിൽ നിന്നുള്ള ആളുകൾ ആ ആഴ്ചത്തെ അവരുടെ നോവലിന്റെ അദ്ധ്യായം വാങ്ങാനായി കാ ത്തു നിൽക്കുന്നുണ്ടാകും. അവരെ നിരാശപ്പെടുത്തി അയക്കാൻ ഞാനിഷ്ടപ്പെട്ടിരുന്നില്ല. എഴുതാമെന്നേറ്റ എല്ലാ വാരികകൾക്കും വേണ്ടി ആഴ്ചയിൽ ഞാൻ മുടങ്ങാതെ നോവലിന്റെ അധ്യായങ്ങൾ നൽകിയിട്ടുണ്ട്. ഞാൻ ഒരിക്കലും ചതിക്കില്ല എന്ന ഉറപ്പായിരുന്നു പ്രസിദ്ധീകരണങ്ങൾ എന്റെ മേൽ വെച്ചു പുലർത്തിയ വിശ്വാസം.
അതേസമയം പ്രതിഫലം എത്രവേണമെങ്കിലും തരാം എന്നു പറഞ്ഞു വന്നവരുണ്ട്. മുഴുവൻ തുകയും അഡ്വാൻസ് നൽകാൻ തയ്യാറായവരുണ്ട്. എന്നിട്ടും നോവൽ നൽകാനാകില്ലെന്നു പറഞ്ഞ് പലരേയും ഞാൻ മടക്കി. ആ വകയിൽ കുറേപേർ എന്റെ ശത്രുക്കളുമായി. എങ്കിലും അതൊക്കെ ചെയ്തത് എഴുത്തിന്റെ ഗുണമേൻമയിൽ ആവുന്നത്ര ശ്രദ്ധിക്കാൻ തന്നെയാണ്. എന്റെ എഴുത്തിന്റെ ഗുണമേൻമയിൽ കുറവു വന്നിട്ടുണ്ടെങ്കിൽ അത് അന്നത്തെ പ്രസിദ്ധീകരണങ്ങൾ നൽകിയ അതിശക്തമായ സമ്മർദ്ദം കൊണ്ടായിരുന്നു എന്നാണ് എനിക്കിപ്പോൾ തോന്നുന്നത്.

കോട്ടയം പുഷ്പനാഥിന്റെ നോവൽ ഇല്ലെങ്കിൽ വാരിക മാർക്കറ്റിൽ ചെലവാകില്ലെന്നൊരു വിശ്വാസം ഒരു കാലത്ത് ജനകീയ വാരികകൾക്ക് വച്ചു പുലർത്തിയിരുന്നതായി കേട്ടിട്ടുണ്ട്. ശരിയാണോ?

അതെനിക്കറിയില്ല. എന്നാൽ ഒരനുഭവം പറയാം. എഴുപതുകളുടെ മധ്യത്തിൽ ഏതാനും പേർ ചേർന്ന് കോട്ടയത്തുനിന്നും ഒരു വാരിക ആരംഭിക്കാൻ തീരുമാനിച്ചു. അന്നത്തെ പ്രമുഖ എഴുത്തുകാരെയൊക്കെ കണ്ട് വാ രികയിലേക്കുള്ള നോവലുകളും മറ്റും ഏർപ്പാടാക്കി. അവസാനമാണ് എന്റടുക്കൽ വരുന്നതും ഒരു കുറ്റാന്വേഷണ നോവൽ ആവശ്യപ്പെടുന്നതും. തിരക്കിന്റെ ത്രിശങ്കുവിലായിരുന്നു അന്നു ഞാൻ. അവർക്കായി ഒരു പുതിയ നോവൽ എഴുതി നൽകാൻ എനിക്ക് കഴിയുമായിരുന്നില്ല. താങ്കളുടെ നോവൽ കൂടി കിട്ടിയാലെ ഉദ്ദേശിക്കുന്ന ലാഭത്തിൽ വാരിക നടത്തിക്കൊണ്ടു പോകാനാകൂ എന്നും സഹായിച്ചില്ലെങ്കിൽ സംരംഭം തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്നും അവർ പറഞ്ഞു. അങ്ങനെ ചെയ്താൽ അവർക്കുണ്ടാകുന്ന ഭീമമായ സാമ്പത്തിക നഷ്ടം എന്തായിരിക്കുമെന്ന് എനിക്കൂഹിക്കാമായിരുന്നു. എങ്കിലും അവരെ ഒഴിവാക്കാനായി ഒരു മൂന്നു മാസം കഴിയട്ടെ എന്നു ഞാൻ പറഞ്ഞു. അവർ ഒഴിഞ്ഞു പോയില്ലെന്നു മാത്രമല്ല മൂന്നു മാസം കഴിഞ്ഞ് പിടിച്ച പിടിയാലേ എന്റെ നോവലിന്റെ ആദ്യ അധ്യായവും എഴുതി വാങ്ങിയിട്ടാണ് വാരിക ആരംഭിച്ചത്.

നോവലുകൾക്കുള്ള ആശയങ്ങൾ എങ്ങനെയൊക്കെയാണ് കണ്ടെത്തുന്നത്?

പത്രവാർത്തകൾ...വിദേശ ശാസ്ത്ര മാസികകളിലും മറ്റും വരുന്ന ലേഖനങ്ങൾ...പൊലീസ് കേസ് ഡയറികൾ തുടങ്ങിയവ അതിനെന്നെ സഹായിക്കുന്നു. മനുഷ്യാവയവങ്ങളും മറ്റും വിദേശത്തേക്കു കയറ്റി അയക്കുന്ന ഒരു ഗൂഢസംഘം അറസ്റ്റിലായ പത്രവാർത്തയിൽനിന്നാണ് 'ഡെഡ് ലോക്ക്' എന്ന നോവൽ ജനിക്കുന്നത്. ബ്രെയിൻ ട്രാൻസ്പ്ലാന്റേഷനെ കുറിച്ച് ഒരു വിദേശ ശാസ്ത്ര മാസികയിൽ വന്ന കുറിപ്പാണ് 'ചുവന്ന മനുഷ്യൻ' എന്ന കൃതിക്കാധാരം. വർഷങ്ങൾക്കു മുമ്പ് അത്‌ലാന്റിക്ക് സമുദ്രത്തിലെ 'ബർമുഡാ ട്രയാങ്കിളിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത പത്രമാധ്യമങ്ങളിൽ നിറഞ്ഞപ്പോഴാണ് അതേ പേരിൽ ഒരു നോവൽ എഴുതിയത്. കാനഡയിൽ, സർക്കാരിനെ കബളിപ്പിച്ച് ഒരു കൂട്ടം ആളുകൾ സ്വന്തമായി സ്വർണഖനി 
നടത്തി, സ്വർണം വിദേശത്തേക്കു കള്ളക്കടത്തു നടത്തിയ വാർത്തയിൽനിന്നാണ് 'ലൂസിഫർ' എന്ന നോവൽ ഉണ്ടായത്. ഈജിപ്തിലെ ഫറവോ ചക്രവർത്തിമാർ മരിച്ച് മമ്മികളായി പിരമിഡിൽ അടക്കം ചെയ്യുന്ന കാലത്ത് സ്വർണവും വജ്രവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും തങ്ങൾക്കൊപ്പം അടക്കം ചെയ്യണമെന്ന് ശഠിച്ചിരുന്നു. പിരമിഡിനകത്തെ ഈ വിലപിടിപ്പുള്ള വസ്തുക്കൾ കളവു ചെയ്യുന്ന അധോലോക സംഘങ്ങൾ കയ്‌റോയിൽ സജീവമായി ഉണ്ടെന്നറിഞ്ഞപ്പോൾ ആ പശ്ചാത്തലത്തിലാണ് 'ഫറവോന്റെ മരണമുറി' എഴുതിയത്. ഒരാശയം മനസിൽ വീണു കിട്ടിയാൽ പിന്നെ എഴുത്ത് എനിക്ക് എളുപ്പമാണ്. വായനക്കാരന്റെ ജിജ്ഞാസയെ പരമാവധി ജ്വലിപ്പിക്കും വിധം സംഭവങ്ങളെ ഒന്നിനു പിറകെ ഒന്നായി കണ്ണികോർത്ത്, നോവൽ അവസാനിക്കുന്നതിനു തൊട്ടു മുമ്പു മാത്രം സസ്‌പെൻസ് വെളിവാക്കി വായനക്കാരെ അമ്പരപ്പിക്കുന്ന കുറ്റാന്വേഷണ നോവലുകളുടെ പൊതുതന്ത്രം തന്നെയാണ് ഞാനും കൈക്കൊണ്ടത്.
    
കുറ്റാന്വഷണ കൃതികൾ വായനക്കാർക്കോ സാഹിത്യത്തിനോ സമൂഹത്തിനോ ഒരു ഗുണവും ചെയ്യുന്നില്ല എന്ന നിലപാടിനോട് എങ്ങനെ പ്രതികരിക്കുന്നു?

കുറ്റാന്വേഷണ കൃതികളും സാഹിത്യത്തിന്റെ ഭാഗം തന്നെയാണ് എന്നാണെന്റെ അഭിപ്രായം. പാശ്ചാത്യ രാജ്യത്തൊക്കെ അത് അങ്ങനെയാണ്. വായനക്കാർക്ക് ആഹ്‌ളാദവും സംതൃപ്തിയും നൽകുന്ന വിനോദോപാധി എന്ന നിലയിൽ വായനയെ നോക്കിക്കാണുന്ന ഒരാളാണു ഞാൻ. മലയാളത്തിൽ, കുറ്റാന്വേഷണ സാഹിത്യത്തിന്റെ ഒരു വസന്തകാലം എന്റെ നോവലുകളിലൂടെയാണ് ആരംഭിക്കുന്നത്. ആ സാഹിത്യ ശാഖയെ ജനകീയവൽക്കരിച്ചതിലും എനിക്കൊരു വലിയ പങ്കുണ്ട്. വായനക്കാരും വാരികകളും എന്റെ നോവലുകളെ അപസർപ്പക നോവലെന്നും ഡിറ്റക്ടീവ് നോവലെന്നും മനോധർമം പോലെ വിളിക്കാൻ തുടങ്ങി. അതെന്തായാലും അവയ്ക്ക് അനേകം വായനക്കാരെ ആകർഷിക്കാൻ കഴിഞ്ഞു എന്നത് ഒരു യാഥാർഥ്യമായിരുന്നു. 
ഇനി മറ്റൊരു കാര്യം പറയാം. കേരളത്തിൽ മഹത്തായ സാക്ഷരത സംരംഭത്തെ അതിന്റെ ആരംഭകാലത്ത് പരിപോഷിപ്പിക്കാൻ ഞാനുൾപ്പടെയുള്ള ജനകീയ എഴുത്തുകാർ നൽകിയ സംഭാവനകളെ ആർക്കാണു തള്ളിക്കളയാനാവുക? അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിച്ച നവസാക്ഷരർ ഞങ്ങളുടെ കൃതികളെ ആവേശപൂർവം ആദ്യവായനയുടെ കളരിയായി കണ്ട്, അവയിലൂടെ വായനയുടെ മറ്റു മേഖലകളിലേക്ക് കയറിപോകുകയാണ് ചെയ്തത്. ഒന്നിലധികം തലമുറകളെ അങ്ങിനെ വായനാ സംസ്‌കാരത്തിലേക്കു നയിക്കാ ൻ ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. അതൊന്നും സമൂഹത്തിന് ഗുണം ചെയ്തില്ല എന്നു പറയുന്നത് സത്യത്തിനു നിരക്കുന്നതല്ല എന്നോർക്കുക.
    
എഴുത്തുകാരൻ എന്ന നിലയിൽ അർഹിക്കുന്ന അംഗീകാരങ്ങൾ കിട്ടിയോ?

സ്വകാര്യ-സർക്കാർ തലത്തിലുള്ള അവാർഡുകളാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവയൊന്നും കിട്ടിയിട്ടില്ല. കുറ്റാന്വേഷണകഥകൾക്ക് ഇവിടെ അവാർഡ് ഏർപ്പെടുത്തിയിട്ടില്ലല്ലോ. എഴുതി തുടങ്ങിയ കാലത്തും പിന്നീടും ഇപ്പൊഴും ഇതെന്നെ വേവലാതിപ്പെടുത്തിയ കാര്യമല്ല. 300 -ലേറെ കുറ്റാന്വേഷണ നോവലുകൾ ഞാനെഴുതിയിട്ടുണ്ട്. അവയിൽ പലതും തമിഴ്, കന്നഡ, തെലുഗ്, ഗുജറാത്തി, ഹിന്ദി ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി. ആദ്യ നോവലായ ചുവന്ന മനുഷ്യനു ശേഷം ഇന്നോളം എന്റെ കൃതികൾ പ്രസിദ്ധീകരിക്കാൻ ഒരു പ്രസാധകനെയോ പ്രസിദ്ധീകരണത്തെയോ എനിക്ക് തേടി പോകേണ്ടി വന്നിട്ടില്ല. അവരെല്ലാം എന്നെ തേടി വരികയായിരുന്നു. പല പ്രസിദ്ധീകരണങ്ങളും അവരുടെ വിശേഷാൽപ്രതികൾക്കു വേണ്ടി ഇപ്പൊഴും എന്റെ കുറ്റാന്വേഷണ കഥകൾ ആവശ്യപ്പെടുന്നു. എനിക്ക് എന്റേതായ വായനക്കാർ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. അവർക്കു വേണ്ടി എഴുതുക എന്ന ലഹരി അനുഭവിക്കുമ്പോൾ അംഗീകാരങ്ങളെ കുറിച്ച് ഞാൻ ആലോചിക്കുന്നതേയില്ല. അല്ലെങ്കിൽ ഇതൊക്കെ തന്നെയാണ് എനിക്ക് വലിയ അംഗീകാരങ്ങൾ. അതിൽ ഞാൻ സംതൃപ്തനുമാണ്.


 

Latest News